Image

പറമ്പിക്കുളത്തിന്റെ പച്ചപ്പില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 70: ജോര്‍ജ്‌ തുമ്പയില്‍)

Published on 20 June, 2015
പറമ്പിക്കുളത്തിന്റെ പച്ചപ്പില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 70: ജോര്‍ജ്‌ തുമ്പയില്‍)
സംഗതി കേരളത്തിലാണെങ്കിലും കേരളത്തില്‍ കൂടി അവിടേക്ക്‌ പോകാന്‍ യാതൊരു വഴിയുമില്ല. അങ്ങനെയുള്ള മനോഹരമായ ഈ സ്ഥലത്ത്‌ എത്തണമെങ്കില്‍ തമിഴന്റെ കാലുപിടിക്കണം. അതാണ്‌ പറമ്പിക്കുളം. എന്നാല്‍, പറമ്പിക്കുളത്ത്‌ എത്തുന്നവര്‍ക്കായി കേരള വിനോദസഞ്ചാരവകുപ്പ്‌ തൂണക്കടവില്‍ താമസമടക്കമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാടാക്കിയിട്ടുണ്ട്‌. തിരക്കുള്ള സീസണുകളില്‍ മുന്‍കൂട്ടി അറിയിച്ച്‌ സൗകര്യങ്ങള്‍ ഉറപ്പാക്കണമെന്നുമാത്രം. കുടുംബത്തോടൊപ്പം അവധിക്കാലത്ത്‌ ഒരു യാത്ര കൊതിക്കുന്നവര്‍ക്ക്‌ നല്ല ഇടമാണ്‌ പറമ്പിക്കുളം. 285 ചതുരശ്ര കിലോമീറ്റര്‍ ചുറ്റളവില്‍ പരന്നുകിടക്കുന്ന നിബിഡവനമാണ്‌ പറമ്പിക്കുളം. പാലക്കാട്‌ ടൗണില്‍ നിന്ന്‌ പൊള്ളാച്ചി വഴി 90 കിലോമീറ്റര്‍ യാത്ര ചെയ്യണം ഇവിടെ എത്താന്‍.

അങ്ങനെ ഒരു അവധിക്കാലത്തായിരുന്നു എന്റെ പറമ്പിക്കുളം യാത്ര. പാലക്കാട്‌ തങ്ങേണ്ടി വന്നപ്പോള്‍ അവിടെ വരെ ഒന്നു പോയി നോക്കാമെന്നു വിചാരിച്ചു ബസില്‍ കയറിയാണ്‌. പ്രത്യേകിച്ച്‌ ഒരുക്കങ്ങളൊന്നുമുണ്ടായിരുന്നില്ല. പൊള്ളാച്ചിയില്‍ നിന്നും തമിഴ്‌നാട്‌ ട്രാന്‍സ്‌പോര്‍ട്ട്‌ കോര്‍പ്പറേഷന്‍ വക ഒരു ബസായിരുന്നു അത്‌. ഏതോ വിദൂരഗ്രാമത്തിലേക്ക്‌ പോകുന്നതു പോലെയാണ്‌ അതിലെ അന്തരീക്ഷം. നിറയെ കുട്ടയും വട്ടിയുമൊക്കെ. കുറെ ദൂരം തമിഴ്‌ ഗ്രാമങ്ങളിലൂടെയാണ്‌ ബസ്‌ പോയിക്കൊണ്ടിരുന്നത്‌. മലകളും, കുന്നുകളും, ചുരങ്ങളും, ഹെയര്‍ പിന്‍ വളവുകളുമൊക്കെ പിന്നിട്ട്‌ പറമ്പിക്കുത്തേക്ക്‌ കടക്കുന്നതിനുമുമ്പ്‌ തമിഴര്‍ നിര്‍മ്മിച്ച ആനമലൈ വൈല്‍ഡ്‌ ലൈഫ്‌ സാഞ്ച്വറി കാണാം. അതിനടുത്താണ്‌ ടോപ്‌സ്ലിപ്‌ എന്ന്‌ പറയുന്ന സ്ഥലം. അവിടെ താമസിക്കാനും, ട്രക്കിങ്‌, ജീപ്പ്‌ സവാരി ഒക്കെ ഉണ്ട്‌. ഇവിടെ നിന്ന്‌ കേരളത്തിന്റെ സ്വന്തം പറമ്പിക്കുളത്ത്‌ എത്താന്‍ വീണ്ടും യാത്ര ചെയ്യണം. ബസില്‍ കയറിയിട്ട്‌ മൂന്നു മൂന്നര മണിക്കൂര്‍ കഴിഞ്ഞിട്ടുണ്ടാവണം. ഏതാണ്ട്‌ ഉച്ചയോടെ ആനപ്പാടി എന്ന സ്ഥലത്ത്‌ എത്തി വണ്ടി നിര്‍ത്തി. ഇവിടെ ടൂറിസ്റ്റുകള്‍ക്ക്‌ താമസിക്കാനായി കോട്ടേജുകളും ഡോര്‍മിറ്ററി സൗകര്യങ്ങളുമൊക്കെയുണ്ട്‌. ബോര്‍ഡുകള്‍ ഒക്കെയും മലയാളത്തില്‍. ഇതാണ്‌ കേരളത്തിന്റെ സ്വന്തം പറമ്പിക്കുളം. സങ്കേതത്തിനകത്തുള്ള ഒരു ചെറിയ കടയില്‍ നിന്ന്‌ ഭക്ഷണം കഴിച്ചു. ചെറിയ കടയായിരുന്നെങ്കിലും രാവിലെ പാലക്കാട്‌ നിന്ന്‌ കഴിച്ച പ്രാതലിനേക്കാള്‍ എന്തുകൊണ്ടും രുചികരമായിരുന്നു എന്ന്‌ പറയാതെ വയ്യ.

തുണക്കടവ്‌ അണക്കെട്ട്‌ കാണാന്‍ ഇവിടെ നിന്നും അധികദൂരമില്ല. നല്ല ഭംഗിയുള്ള ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കാനായി ഒരു ട്രീ ഹട്ട്‌ നിര്‍മ്മിച്ചിട്ടുണ്ട്‌. ടൂറിസ്റ്റുകള്‍ക്കു അതില്‍ താമസിക്കണമെങ്കില്‍ മുന്‌കൂട്ടി ബുക്ക്‌ ചെയ്യണം. നിലാവുള്ള രാത്രികളില്‍ ഇവിടുത്തെ താമസം അവിസ്‌മരണീയമായിരിക്കുമെന്ന്‌ അവിടെയുണ്ടായിരുന്നു വേലന്‍ എന്ന കെയര്‍ടേക്കര്‍ പറഞ്ഞു. ആദ്യമായാണ്‌ ഇവിടെ വരുന്നതെന്നു പറഞ്ഞപ്പോള്‍ അയാള്‍ ഒരു കാഴ്‌ച കാട്ടി തന്നു. കണ്ണിമാറ തേക്ക്‌. അതായത്‌ ലോകത്തിലെ ഏറ്റവും വലിയ തേക്ക്‌ മരം. അത്ഭുതപ്പെട്ടു പോയി. മാനം മുട്ടെ വളര്‍ന്നു നില്‍ക്കുകയാണത്‌. തേക്ക്‌ മരത്തിനു ചുറ്റും കരിങ്കല്‍ത്തറ കെട്ടി സംരക്ഷിച്ചിട്ടുണ്ട്‌. കാപ്പി ചെടികള്‍ക്കിടയിലായിട്ടാണ്‌ ഇത്‌ സ്ഥിതി ചെയ്യുന്നത്‌. അവിടെ നിന്ന്‌ കുറച്ച്‌ ചിത്രങ്ങളെടുത്തു. കുറെ കിളികളും മലയണ്ണാനുമൊക്കെ അതിന്റെ മൂട്ടില്‍ നിന്നും ഓടിയകലന്നതു കണ്ടു. നാല്‍പത്‌ മീറ്ററോളം ഉയരവും 7 മീറ്ററില്‍ അധികം വണ്ണവുമുള്ള ഈ മരമുത്തശ്ശിക്ക്‌ നാനൂറ്റി അന്‍പതിലധികം വയസ്സ്‌ കണക്കാക്കപ്പെടുന്നു. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ ജീവനുള്ള തേക്ക്‌ മരമാണിത്‌.

ഈ മരത്തെ പറ്റി ആദിവാസികള്‍ക്കിടയില്‍ ഒരു രസകരമായ കഥയുണ്ടെന്ന്‌ വേലന്‍ പറഞ്ഞു. ഒരിക്കല്‍ ഇത്‌ മുറിക്കുവാന്‍ ഒരു ശ്രമം നടത്തി. മരത്തിലെ മുറിവില്‍ നിന്ന്‌ രക്തം ഒഴുകി. അതോടെ അതിനെ മുറിക്കാന്‍ ആരും ധൈര്യപ്പെട്ടില്ല. അന്നുമുതല്‍ അതിനെ കന്യമരം എന്ന്‌ വിളിക്കാന്‍ തുടങ്ങി, അതില്‍ നിന്നാണ്‌ കണ്ണിമാറ തേക്ക്‌ എന്ന പേര്‌ ഉണ്ടായത്‌.

പറമ്പിക്കുളം ഡാം സൈറ്റ്‌ സന്ദര്‍ശിച്ചിട്ട്‌ മടങ്ങാമെന്നു തീരുമാനിച്ചു. പറമ്പിക്കുളത്ത്‌ എല്ലാ തരം മൃഗങ്ങളുമുണ്ട്‌. സിംഹമില്ല, ബാക്കിയെല്ലാമുണ്ട്‌. അതും യഥേഷ്‌ടം. എന്നാല്‍ കാട്ടിലേക്ക്‌ കടക്കാന്‍ എനിക്ക്‌ പദ്ധതിയുണ്ടായിരുന്നില്ല. പോകുന്ന വഴിയില്‍ മാനിനേയും, കേഴയേയുമൊക്കെ കണ്ടു. മടക്കയാത്രയില്‍ മേഞ്ഞുനടക്കുന്ന നടക്കുന്ന കാട്ടുപോത്തിനെ ഞാന്‍ ക്യാമറയിലാക്കി. എന്നെ കടന്നു പോയ ഒരു കൂട്ടം ചെറുപ്പക്കാര്‍ കാട്ടിലെ യാത്രയ്‌ക്കിടയില്‍ തങ്ങള്‍ പുള്ളിപ്പുലിയെ കണ്ടെന്നും പേടിച്ചു പോയെന്നുമൊക്കെ പറഞ്ഞു. പറമ്പിക്കുളം സിറ്റിയില്‍ നിന്നും തടാകക്കരയിലേക്ക്‌ അധികദൂരമല്ല. ഇവിടെ ഇപ്പോള്‍ ബാംബൂ ബോട്ടിങ്‌ ആരംഭിച്ചിട്ടുണ്ട്‌. പുറമേ, സ്‌പീഡ്‌ ബോട്ടിലും കയറാം. അന്തരീക്ഷം മൂടിക്കെട്ടി നില്‍ക്കുകയാണ്‌. മഞ്ഞും ചെറു തണുപ്പും ചുറ്റും കൂടി നില്‍ക്കുന്നു.ചെറിയ മഴ ഇടവിട്ട്‌ പെയ്യുന്നുണ്ട്‌ എങ്കിലും അതൊന്നും സഞ്ചാരികളെ അലട്ടുന്നതേയില്ല. പ്രകൃതിയുടെ പച്ചപ്പും കുളിര്‍മയും മനസിനും ശരീരത്തിനും ഒരു പ്രത്യേക ഉന്മേഷം പകര്‍ന്നു തന്നു. മീനുകള്‍ക്ക്‌ പുറമേ ആനകള്‍ വരെ നീന്തി നടക്കുന്ന ഈ തടാകക്കരയില്‍ നിന്നാല്‍ ആരുമൊരു കവിത എഴുതി പോകുമെന്നു തോന്നി. അത്രയ്‌ക്ക്‌ മനോഹരമെന്നേ പറയേണ്ടു. ഞാന്‍ തനിച്ചുള്ള യാത്രയായതിനാല്‍ ചില ചിത്രങ്ങളെടുത്തു മടങ്ങാന്‍ തീരുമാനിച്ചു. മടക്കയാത്രയ്‌ക്കുള്ള ബസ്‌ അധികം വൈകാതെ പുറപ്പെടും. ഇടക്കുള്ള ചെറിയ ദ്വീപുകള്‍ ചുറ്റി ബോട്ടുകള്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു.

ഉച്ചക്ക്‌ ശേഷം ഇക്കോ ടൂറിസത്തിന്റെ വാനില്‍ സവാരിക്കിറങ്ങാനുള്ള സൗകര്യവും ഇവിടെയുണ്ട്‌. ഒരാള്‍ക്ക്‌ 200 രൂപയാണ്‌ ഫീസ്‌. അത്‌ ശരിക്കും നല്ലൊരു യാത്ര തന്നെയാവും. എന്നാല്‍ ഞാനതിന്‌ മെനക്കെട്ടില്ല. വലിയ തയ്യാറെടുപ്പുകള്‍ കൂടാതെയുള്ള യാത്രയായിരുന്നതിനാല്‍ ഞാന്‍ തിരിച്ചു പോകാന്‍ തീരുമാനിച്ചു. പറമ്പിക്കുളം വൈല്‍ഡ്‌ ലൈഫ്‌ ബോര്‍ഡിന്റെ ചുവട്ടില്‍ നിന്ന്‌ ചിത്രമെടുത്തു കൊണ്ടിരുന്നപ്പോള്‍ ഒരു കാര്യം പിടികിട്ടി. സൈലന്റ്‌ വാലിയുടെ ലോഗോയില്‍ സിംഹവാലന്‍ കുരങ്ങിനെ കാണാന്‍ പറ്റുന്നതു പോലെ പറമ്പിക്കുളത്തിന്റെ ലോഗോയില്‍ ഒരു കാട്ടുപോത്തിനെ കാണാം. എന്നാല്‍ നമ്മള്‍ ബൈസന്‍ എന്ന്‌ വിളിക്കുന്ന മൃഗമല്ല ഇതെന്നും, ഇത്‌ ഇന്ത്യയില്‍ മാത്രം കണ്ടുവരുന്ന `പശുവിന്റെ വര്‍ഗത്തില്‍ വരുന്ന ഒന്നാണെന്നും`, ഇതിനെ ഇന്ത്യന്‍ ഗോര്‍ എന്നാണ്‌ വിളിക്കാറ്‌ എന്നും അവിടെ വിശദീകരണം നല്‍കിയിട്ടുണ്ട്‌. ഗുഡ്‌ !. ഇല്ലെങ്കില്‍ കാഴ്‌ചക്കാര്‍ തെറ്റിദ്ധരിച്ചേനെ. ബൈസനെയും, ഇന്ത്യന്‍ ഗോറിനെയും തമ്മില്‍ കണ്ടാല്‍ തിരിച്ചറിയാനായി ഒരു സൂത്രവും അവിടെ കൊടുത്തിട്ടുണ്ട്‌, ഇന്ത്യന്‍ ഗോര്‍ കാലില്‍ വൈറ്റ്‌ സോക്‌സ്‌ ഇട്ടിരിക്കുമത്രേ. അതു കൊള്ളാം...

തിരിച്ചു പൊള്ളാച്ചിയിലേക്കുള്ള ബസില്‍ സാമാന്യം നല്ല തിരിക്കുണ്ടായിരുന്നു. എനിക്ക്‌ ഒരു സൈഡ്‌ സീറ്റ്‌ തന്നെ കിട്ടി. ബസ്‌ പുറപ്പെട്ടു കിലോമീറ്ററുകള്‍ക്കുള്ളില്‍ റോഡ്‌ സൈഡില്‍ ആനക്കൂട്ടത്തെ കണ്ടു. കാട്ടുപോത്തിന്‍ പറ്റവും മൈലും മാന്‍ക്കൂട്ടവും റോഡ്‌ മുറിച്ച്‌ ഓടുന്നത്‌ കണ്ടു. ഡ്രൈവര്‍ അതൊന്നും ശ്രദ്ധിക്കുന്നതേയില്ല. അയാള്‍ ആരോടോ വര്‍ത്തമാനമൊക്കെ പറഞ്ഞ്‌ വളയം പിടിക്കുന്നു. ആനകളുടെ താവളം എന്നതിനു ഉപരി കാട്ടുപോത്ത്‌, മ്ലാവ്‌, വരയാട്‌, മുതല എന്നിവയും ചുരുക്കം കടുവകള്‍, പുള്ളിപ്പുലികള്‍ എന്നിവയും ഈ വന്യജീവി സംരക്ഷണകേന്ദ്രത്തില്‍ ഉണ്ട്‌. ഞാന്‍ ക്യാമറ പുറത്തെടുത്ത്‌ ആവേശത്തോടെ ക്ലിക്ക്‌ ചെയ്‌തു കൊണ്ടേയിരുന്നു. ഭൂമിയിലെ ഏറ്റവും മനോഹമായ ഇടമാണ്‌ ഇതെന്ന്‌ തന്നെ മനസ്സില്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു..


(തുടരും)
പറമ്പിക്കുളത്തിന്റെ പച്ചപ്പില്‍ (പ്രകൃതിയുടെ നിഴലുകള്‍ തേടി- 70: ജോര്‍ജ്‌ തുമ്പയില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക