Image

കൗമാരസന്ധ്യകള്‍ ((നോവല്‍: ഭാഗം-1: കാരൂര്‍സോമന്‍)

Published on 22 June, 2015
കൗമാരസന്ധ്യകള്‍ ((നോവല്‍: ഭാഗം-1: കാരൂര്‍സോമന്‍)
ആകാശമേഘങ്ങള്‍

ജോണ്‍.എഫ്‌. കെന്നഡി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്‌.

ഇരുണ്ട വെളിച്ചത്തെ തണുപ്പു പുതപ്പിക്കുന്നു.

ഇട്ടിരിക്കുന്ന വസ്‌ത്രങ്ങള്‍ക്കൊന്നും തന്നെ തണുപ്പിനെ പ്രതിരോധിക്കാന്‍ കഴിയുന്നില്ല.

ന്യൂയോര്‍ക്കിലേക്ക്‌ വന്നിറങ്ങുമ്പോള്‍ കണ്ട പ്രകാശപൂരിതമായ ആകാശക്കാഴ്‌ചയില്‍ ലോവര്‍ മാന്‍ഹാട്ടന്‍ തിളങ്ങി നിന്നു. അതിന്‌ ഏദന്‍തോട്ടത്തിന്റെ പ്രതീതിയുണ്ടായിരുന്നു. ഒരു ചിത്രകാരന്‍ കോരിയിട്ടതു പോലെ വാരിക്കൊഴിച്ചിട്ട നിയോണ്‍ബള്‍ബുകളുടെ വെളിച്ചത്തില്‍ ന്യൂയോര്‍ക്ക്‌ നഗരം ചിന്നിനിന്നു.

ആനന്ദിന്‌ എല്ലാം പുതുമയായിരുന്നു.

ജെറ്റ്‌ബ്ലൂ എയര്‍വേസിന്റെ ഏറോബ്രിഡ്‌ജ്‌ വഴി എമിഗ്രേഷന്‍ ക്ലിയറന്‍സിലേക്ക്‌ ഇറങ്ങുമ്പോള്‍ അവന്‍ ഓമനയെ ചേര്‍ത്തു പിടിച്ചു. ആദ്യമായി അമേരിക്കയിലേക്ക്‌ വരികയാണ്‌. ഇവിടെ വിവിധ സ്റ്റേജുകളില്‍ മ്യൂസിക്കല്‍ പ്രോഗ്രാം അവതരിപ്പിക്കണം. മലയാളികളുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ്‌ യുവഗായകന്‍ ആനന്ദും ഒപ്പമുള്ള ട്രൂപ്പും യുഎസില്‍ എത്തിയിരിക്കുന്നത്‌. ന്യൂവാര്‍ക്ക്‌, ന്യൂയോര്‍ക്ക്‌, ന്യൂജേഴ്‌സി എന്നിവിടങ്ങളിലൊക്കെയും പരിപാടികള്‍. തിരക്കാര്‍ന്ന ഷെഡ്യൂളാണ്‌. കാലാവസ്ഥ പ്രശ്‌നമുണ്ടാക്കുമോ എന്ന സംശയമുണ്ടായിരുന്നു. എന്നിട്ടും യാത്ര പുറപ്പെടുകയായിരുന്നു.

ക്ലിയറന്‍സിനും ബാഗേജിങ്ങിനും സമയമെടുക്കും. പിന്നെ അല്‍പ്പം ഷോപ്പിങ്ങുമുണ്ട്‌. ലോഞ്ചില്‍ ഇരുന്നപ്പോള്‍ തണുപ്പിന്‌ അല്‍പ്പം കുറവു വന്നെന്നു തോന്നി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ അവിടെ കാത്തിരിപ്പുണ്ടായിരുന്നു. ചിലര്‍ പത്രം വായിക്കുന്നു. മറ്റു ചിലര്‍ ഫോണ്‍ ചെയ്യുന്നു. പിന്നെയും ചിലര്‍ സംഗീതമാസ്വദിക്കുന്നു. ആരും വെറുതെ ഇരിക്കുന്നില്ല. ദീര്‍ഘയാത്രയുടെ ക്ഷീണമുണ്ട്‌.

കൂടെയുണ്ടായിരുന്നവര്‍ ഓരോ കാര്യങ്ങള്‍ക്കായി മാറിയപ്പോള്‍ ഓമനയും ആനന്ദും തനിച്ചായി. ആനന്ദ്‌ അവളുടെ കൈയില്‍ മുറുകെ പിടിച്ചു. അവന്‍ ഓരോ നിമിഷവും ഓര്‍മ്മിക്കുകയായിരുന്നു. ഇവിടെ എവിടെയോ തന്റെ അച്ഛനുണ്ട്‌. അച്ഛനെ തേടി ഒരു മകന്റെ യാത്ര ഇതാ ഈ ഭൂഖണ്‌ഡത്തിലും എത്തിയിരിക്കുന്നു. തളര്‍ന്നു കിടക്കുന്ന അമ്മയ്‌ക്ക്‌ പോരുമ്പോള്‍ കൊടുത്തിരുന്ന വാക്കാണ്‌, ജീവിച്ചിരിപ്പുണ്ടെങ്കില്‍ തിരികെ വരുമ്പോള്‍ അച്ഛനും ഒപ്പം വരുമെന്ന്‌. പറഞ്ഞത്‌ അമ്മ മനസ്സിലാക്കിയോ എന്തോ? അതു തന്റെ ജീവിതലക്ഷ്യമാണ്‌. സംഗീതം പോലെ ജീവിതത്തിന്റെ ചിരന്തനമായ അന്വേഷണം. എവിടെയാണ്‌ തന്റെ അച്ഛന്‍?

ക്ലിയറന്‍സിന്‌ അധികം സമയമെടുത്തില്ല.

ഓമനയുടെ ആന്റി ജെസ്സിയും അങ്കിള്‍ പാപ്പച്ചനും എയര്‍പോര്‍ട്ടിലെ വിസിറ്റേഴ്‌സ്‌ ഗ്യാലറയില്‍ കാത്ത്‌ നില്‌പുണ്ടായിരുന്നു. പുറത്ത്‌ കൊടും തണുപ്പ്‌ സിരകളില്‍ ആഴ്‌ന്നിറങ്ങി. പെണ്‍കുട്ടികള്‍ ജെസ്സിയുടെ കാറിലും ആണ്‍കുട്ടികള്‍ പാപ്പച്ചന്റെ കാറിലുമായി വീട്ടിലേയ്‌ക്ക്‌ തിരിച്ചു. കാറിനുള്ളിലെ ചൂടുള്ള കാറ്റ്‌ ഒരാശ്വാസമായി. പുറത്തെ കാഴ്‌ചകളെല്ലാം തന്നെ മോര്‍ച്ചറിയിലെ ഫ്രീസറുകള്‍ പോലെ വെളുത്തു വിറങ്ങലിച്ചു നില്‍ക്കുന്നു. തണുത്തു മരവിച്ച ശവങ്ങള്‍പോലെ മഞ്ഞില്‍ മരങ്ങള്‍ മരവിച്ചു നിന്നു. ഇലയില്ല. പൂവില്ല. മരങ്ങളില്‍ ഒരിലപോലും കാണാനായില്ല. തണുപ്പില്‍ നഗ്നരായി മരങ്ങള്‍ നെടുവീര്‍പ്പിടുന്നു. ഒരു പക്ഷിയെപോലും കാണാനില്ല. ഈ തണുപ്പിലും അര്‍ദ്ധനഗ്നരായ സ്‌ത്രീകള്‍ വഴിയിലൂടെ നടക്കുന്നത്‌ സൂക്ഷിച്ചു നോക്കി. അവസാനമില്ലാത്ത വഴികളിലൂടെ യാത്ര തുടര്‍ന്നു. എങ്ങും മഞ്ഞ്‌ മലകള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അരുവികള്‍ പലഭാഗങ്ങളില്‍ നിന്ന്‌ ഒഴുകിയെത്തി നദിയില്‍ പതിക്കുന്നതുപോലെ പ്രധാനവീഥിയില്‍നിന്ന്‌ കാടുകള്‍ അരുവികളായി ഒഴുകുന്നു.

വലിയൊരു വീടിന്റെ മുറത്ത്‌ കാര്‍ നിന്നു.

എല്ലാവരും പുറത്തിറങ്ങി.

കാറിന്റെ ഡിക്കിയില്‍ നിന്നു പിയാനോ, വയലിന്‍, ഗിത്താര്‍ മുതലായ വാദ്യോപകരണങ്ങള്‍ പുറത്തെടുത്തു വീടിനുള്ളിലേയ്‌ക്കു നടന്നു. മുറ്റമാകെ പച്ചപ്പുല്ലുവിരിച്ചിരിക്കുന്നു. ആ മുറ്റം കണ്ടപ്പോള്‍ ഓമന ഓര്‍മ്മിച്ചത്‌ നാട്ടിലെ വീട്ടുമുറ്റമായിരുന്നു. ഇവിടെ ഈ കൊടും തണുപ്പിലും പുല്ലുകളെല്ലാം തന്നെ തഴച്ചു ഒരു കൂസലുമില്ലാതെ നില്‍ക്കുന്നു. മുറ്റത്തെ ക്രിസ്‌മസ്സ്‌ മരവും തണുപ്പിനെ ഭയക്കാതെ തഴച്ചു വളരുന്നു. ഇടയ്‌ക്കവള്‍ ആനന്ദിനെ ഉറ്റു നോക്കി.

ആനന്ദ്‌ എല്ലാം ആസ്വദിച്ചു കാണുകയായിരുന്നു. കമ്പിളി സ്വെറ്റര്‍ ഇട്ടതുകൊണ്ട്‌ തണുപ്പില്ലായിരിക്കും.

വീടുകള്‍ക്കൊന്നും മട്ടുപ്പാവുകളില്ലെന്ന്‌ ആനന്ദ്‌ മനസ്സിലാക്കി. മുറിക്കുള്ളില്‍ നല്ല ചൂട്‌. വിലപിടിപ്പുള്ള സോഫകള്‍, അടുക്കും ചിട്ടയോടും വൃത്തിയോടും കൂടിയുള്ള അലങ്കാരങ്ങള്‍. മുറിക്കുള്ളിലെ ചിത്രങ്ങളെല്ലാം തന്നെ ആകര്‍ഷകമായ സ്ഥലത്ത്‌ സ്ഥാനം പിടിച്ചിരിക്കുന്നു. എല്ലാവര്‍ക്കും നല്ല യാത്രാക്ഷീണമുണ്ടായിരുന്നു. എങ്കിലും പരസ്‌പരമുള്ള അപരിചിതത്വം മാറ്റാനുള്ള ശ്രമത്തിലായിരുന്നു എല്ലാവരും.

പാപ്പച്ചന്‍ സ്വയം പരിചയപ്പെടുത്തി, ഒപ്പം ഭാര്യ ജെസ്സിയെയും. ഓമന കൂടെ വന്നവരെ പരിചയപ്പെടുത്തി. ഇത്‌ സിബി, രാജീവ്‌, ആനന്ദ്‌. ആ കൂട്ടത്തില്‍ പാപ്പച്ചന്‍ മറ്റൊരു സന്തോഷവും അവരുമായി പങ്ക്‌ വച്ചു. കഴിഞ്ഞ എട്ടുവര്‍ഷമായി ഞങ്ങള്‍ക്ക്‌ കുട്ടികളില്ലായിരുന്നു. ഇപ്പോള്‍ ജെസ്സി നാല്‌ മാസം ഗര്‍ഭിണിയാണ്‌. ജെസ്സിയുടെ മുഖം സന്തോഷംകൊണ്ട്‌ ചുമന്നു. വരാനിരിക്കുന്നത്‌ വസന്തം വിരിയുന്ന ദിനങ്ങളാണ്‌. ഒരമ്മയാവുക എന്നും ആനന്ദമാണ്‌. ആ കുഞ്ഞിനെ താലോചിച്ച്‌ ചുംബിക്കുകയെന്നത്‌ എന്തൊരു ആനന്ദമാണ്‌. ഏതൊരു സ്‌ത്രീയും കൊതിച്ചു പോകുന്ന നിമിഷം. എന്നാല്‍ പ്രസവവേദനയെക്കുറിച്ച്‌ മറ്റുള്ളവരില്‍ നിന്ന്‌ കേട്ടപ്പോള്‍ ജെസ്സിയുടെ മനസ്സ്‌ മടിച്ചിരുന്നു. വേദനയെക്കുറിച്ച്‌ ഓര്‍ക്കാനെ വയ്യ. എങ്കിലും അമ്മയാകുന്നുവെന്നറിഞ്ഞപ്പോള്‍, മറ്റുള്ളവരുടെ കണ്‍ഗ്രാജുലേഷന്‍സ്‌ കിട്ടിയപ്പോള്‍ ജെസ്സിയുടെ അടിവയറ്റില്‍ ഒരു ഉള്‍പ്പുളകമുണ്ടായി. ഓമന ജെസ്സിയെ കെട്ടിപിടിക്കുകയും അവളുടെ വയറ്റില്‍ സ്‌നേഹരൂപത്തില്‍ മൃദുവായി തലോടുകയും ചെയ്‌തു.

ചേട്ടത്തിയുടെ മകള്‍ ഓമന പാട്ടുകാരിയാണെന്നറിഞ്ഞപ്പോള്‍ അവര്‍ക്കൊരു അവസരമൊരുക്കാന്‍ അമേരിക്കയിലെ പല സിറ്റികളിലും ബിസിനസ്സുള്ള പാപ്പച്ചനും തീരുമാനിക്കുകയായിരുന്നു. ന്യൂയോര്‍ക്ക്‌, ചിക്കാഗോ, ഫ്‌ളോറിഡ, ന്യുജെഴ്‌സി സിറ്റികളിലാണ്‌ സംഗീത സന്ധ്യ. സ്‌പോണ്‍സര്‍ ചെയ്‌തിരിക്കുന്നതും പാപ്പച്ചന്റെയും മറ്റു ചില കമ്പനികളുമാണ്‌. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ്‌ ഈ സംഗീതവിരുന്നിനൊപ്പം കഥാപ്രസംഗവും, നൃത്തവും അരങ്ങേറുന്നത്‌. കഥ പറയുന്നത്‌ ആനന്ദും നൃത്തം കാഴ്‌ചവയ്‌ക്കുന്നത്‌ സിബിയും ഓമനയുമാണ്‌. അവര്‍ സുരക്ഷിതമായി യുഎസില്‍ എത്തിയ വിവരം പാപ്പന്‍ ഓമനയുടെ അമ്മ ഏലിയാമ്മയെ ഫോണില്‍ അറിയിച്ചു.

ജെസ്സി അവര്‍ക്ക്‌ ചായയും പലഹാരങ്ങളും എടുത്തു വച്ചു.

ചായ കുടിച്ചുകൊണ്ടിരിക്കെ ആനന്ദിനെ ഓമന നോക്കി.

ജീവിതകാലം മുഴുവന്‍ അവനൊപ്പമിരിക്കാന്‍ മനസ്സ്‌ കൊതിച്ചു.

അതോര്‍മ്മിക്കവേ മുഖത്ത്‌ ഒരു മന്ദഹാസം വിരിഞ്ഞു.

എന്തിനാണ്‌ തന്റെ മനസ്സ്‌ എപ്പോഴും അവനെപ്പറ്റി മന്ത്രിക്കുന്നത്‌.

ഹൃദയത്തില്‍ ചെറുപ്പം മുതലേ പ്രതിഷ്‌ഠിച്ചിരിക്കുന്നത്‌ അവന്റെ മുഖമാണ്‌.

അതൊരു സാന്ത്വനമായി, പ്രണയമായി തന്റെ മുമ്പില്‍ അലയടിക്കുന്നു.

ഇത്‌ പവിത്രമായ പ്രണയമാണ്‌. ഒന്നും മോഹിക്കാതെ, ഒന്നും സ്വന്തമാക്കണമെന്ന ആഗ്രഹമില്ലാത്ത പ്രണയം. ആ പ്രണയം മനസ്സിനെ സുഗന്ധപൂരിതമാക്കുന്നു. ഓരോ ദിവസവും ആ സുഗന്ധം തന്റെ ഹൃദയത്തെ നിറയ്‌ക്കുകയാണ്‌. ഇപ്പോള്‍ മനസ്സിന്‌ ആഘാതമേല്‍പ്പിക്കുന്നതും ഈ പ്രണയമാണ്‌. വെറും പത്തൊമ്പത്‌ വയസ്സല്ലേ ആയിട്ടുള്ളു. പ്രായത്തെ പിച്ചിച്ചീന്തിയെറിയാന്‍ പറ്റില്ലല്ലോ. എന്തൊക്കെ പറഞ്ഞാലും ഈ പ്രായം പെണ്‍കുട്ടികള്‍ക്കു നിറമാധുരത്തിനൊപ്പം മുള്ളും നിറഞ്ഞതാണ്‌. ഇപ്പോഴുള്ള കോളേജ്‌ പഠനം ഒന്ന്‌ കഴിഞ്ഞ്‌ കിട്ടിയാല്‍ മതിയായിരുനനു. ആ നിമിഷങ്ങള്‍ക്കായി കാത്ത്‌ കഴിയുകയാണ്‌. അതിനിടയിലാണ്‌ അവിചാരിതമായി ഇപ്പോള്‍ ഈ യുഎസ്‌ യാത്ര.

കാപ്പി കുടി കഴിഞ്ഞയുടന്‍ നാലു സ്ഥലങ്ങളില്‍ നടത്താനിരിക്കുന്ന പ്രോഗ്രാമിന്റെ ചാര്‍ട്ടുകളും ബ്രോഷറുകളും പാപ്പച്ചന്‍ അവര്‍ക്കു വിതരണം ചെയ്‌തു. എല്ലാവരും ഒന്നിച്ചിരുന്ന്‌ കാര്യങ്ങള്‍ വിശദമായി സംസാരിച്ചു. ഇടയ്‌ക്ക്‌ ആനന്ദ്‌ എഴുന്നേറ്റു പോയി. അവന്റെ മനസ്സിലാകെ ഒരു കൊടുങ്കാറ്റായിരുന്നു. ഒന്നിലും അവനു ശ്രദ്ധിക്കാന്‍ പറ്റുന്നില്ല. ഉള്ളിലെ സംഘര്‍ഷം മുഴുവന്‍ അച്ഛനെക്കുറിച്ചേര്‍ത്താണ്‌. നീണ്ട വര്‍ഷങ്ങളായി അച്ഛനെ തേടിയുള്ള യാത്രയാണ്‌. ഓരോ ആള്‍ക്കൂട്ടത്തിലും അച്ഛനെ തിരയുകയായിരുന്നു ഇതുവരെ. കുരിരുട്ടിലൂടെ ഓടുമ്പോള്‍ പോലും മനസ്സില്‍ അച്ഛന്‍ എന്ന ഒറ്റമുഖം നിറഞ്ഞു നിന്നു. ദുരിതപൂര്‍ണ്ണമായ ജീവിതത്തിനു കാരണക്കാരനായിട്ടു കൂടി അവന്‍ അച്ഛനെ സ്‌നേഹിച്ചു.

ആനന്ദ്‌ അച്ഛനെക്കുറിച്ചു തന്നെ ആലോചിക്കുകയായിരുന്നു.

എല്ലാവരും വര്‍ത്തമാനം പറഞ്ഞിരിക്കുന്നിടത്തു നിന്ന്‌ ആനന്ദ്‌ എണ്ണീറ്റു മാറുന്നതു കണ്ടപ്പോള്‍ ഓമനയ്‌ക്കു ആശങ്കയായി. ഇവനെന്തു പറ്റി? അവന്റെ മനസ്സ്‌ അസ്വസ്ഥമാണെന്നു ഓമനയ്‌ക്ക്‌ അറിയാമായിരുന്നു. ഏറെ നിര്‍ബന്ധിച്ചിട്ടാണ്‌ അവന്‍ യുഎസിലേക്ക്‌ വരാന്‍ തീരുമാനിച്ചത്‌. അവന്റെ അച്ഛന്‍ ഇവിടെ എവിടെയോ ഉണ്ട്‌. കണ്ടെത്താന്‍ കഴിയുമോ? കഴിയണം. അതിനായാണ്‌ നാലുനേരവും താനും പ്രാര്‍ത്ഥിക്കുന്നത്‌. അവന്റെ സന്തോഷമാണ്‌ തന്റെയും സന്തോഷം. അത്‌ ഈശ്വരന്‍ തിരിച്ചറിയുന്നുണ്ടാകണം.

അവള്‍ ആനന്ദിന്റെ പിന്നാലെ ചെന്ന്‌ ചോദിച്ചു.

``നിനക്കെന്താടാ ഒരു സന്തോഷമില്ലാത്തത്‌? തണുപ്പ്‌ പിടിച്ചില്ലേ, വേണമെങ്കില്‍ ആന്റിയോട്‌ പറഞ്ഞ്‌ ഹീറ്റര്‍ കൂട്ടാന്‍ പറയാം?''

``വേണ്ട ഓമനേ, ഈ മുറിയില്‍ ആവശ്യത്തിനുള്ള ചൂടുണ്ട്‌.'

മറുപടി പറയാന്‍ മുഖം തിരിക്കവേ അവന്റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നതവള്‍ കണ്ടു.

ഒരു നിമിഷം ഓമനയുടെ കണ്ണുകളുമായി ആനന്ദിന്റെ കണ്ണുകള്‍ ഇടഞ്ഞു.

അവന്റെ വിഷാദം നിറഞ്ഞ കണ്ണുകളില്‍ മഞ്ഞുതുള്ളിപോലെ അവള്‍ അലിഞ്ഞു ചേര്‍ന്നു.

മഞ്ഞില്‍ വിരിഞ്ഞ ഒരു പൂവായി താനും മാറുകയാണെന്ന്‌ അവള്‍ക്ക്‌ തോന്നി.

അച്ഛനെ ഒരു നോക്കു കാണാനാണ്‌ ആനന്ദ്‌ ഇത്ര കഷ്‌ടപ്പെട്ട്‌ എത്തിയിരിക്കുന്നത്‌. ഇവിടെ എവിടെയാണെന്നു പോലും യാതൊരു നിശ്ചയമില്ല. ജീവനോടെയുണ്ടോ എന്നുമറിയില്ല. എന്നിട്ടും, പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്‌. കാണാന്‍ കഴിയുമായിരിക്കും. അവനെ ആശ്വസിപ്പിക്കാനെന്ന വിധം ഓമന പറഞ്ഞു,

`നീ വാ, നമുക്ക്‌ അങ്കിളുമായി ഒരു കാര്യം സംസാരിക്കാനുണ്ട്‌.'

ഓമനയ്‌ക്കൊപ്പം ആനന്ദ്‌ അവര്‍ക്കിടയിലേക്കു ചെന്നു.

പാപ്പച്ചന്‍ ആരുമായോ പ്രോഗ്രാമിനെപ്പറ്റി ഫോണില്‍ സംസാരിക്കുകയായിരുന്നു. അകത്തേ മുറിയില്‍ ആന്റിയും മമ്മിയുമായി മൊബൈലില്‍ സംസാരിക്കുന്നത്‌ പുറത്ത്‌ കേള്‍ക്കാം. പാപ്പച്ചന്‍ ഫോണ്‍ വെച്ചുക ഴിഞ്ഞപ്പോള്‍ ഓമന ആനന്ദിനെക്കുറിച്ചുള്ള കാര്യങ്ങള്‍ ലഘുവായി വിവരിച്ചു. പാപ്പച്ചനോട്‌ ഓമനയുടെ അമ്മ ഏലിയാമ്മയും കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടായിരുന്നു. അതു കൊണ്ടു കൂടിയാണ്‌ പല പരിപാടികളിലും ആനന്ദിനെ കേന്ദ്രീകരിച്ച്‌ നോട്ടീസുകള്‍ പുറത്തിറക്കിയതും.

`ആനന്ദ്‌ ധൈര്യമായിരിക്കൂ. അച്ഛനെ കണ്ടെത്താന്‍ നമുക്ക്‌ ശ്രമിക്കാം. അച്ഛന്റെ ഫോട്ടോ കൈയ്യിലുണ്ടോ?'

`ഉവ്വ്‌.' അവന്‍ മറുപടി കൊടുത്തു.

`എങ്കില്‍ അതെന്റെ കൈയില്‍ തന്നേക്കൂ, ഇവിടെയുള്ള മലയാളികളൊക്കെയായി എനിക്ക്‌ അത്യാവശ്യം നല്ല ബന്ധമുണ്ട്‌. ലീഗല്‍ സിറ്റിസണ്‍സിനെയൊക്കെ എനിക്കറിയാം, ഇല്ലീഗലായിട്ടാണെങ്കില്‍ നമുക്കല്‍പ്പം ബുദ്ധിമുട്ടേണ്ടി വരും. എന്തായാലും, യു ഡോണ്ട്‌ വറി. വിഷമിച്ച്‌ പ്രോഗ്രാം കുളമാക്കണ്ട. അത്‌ അതിന്റെ വഴിക്ക്‌ നീങ്ങട്ടെ. വീ വില്‍ ട്രൈ അവര്‍ ബെസ്റ്റ്‌.'

ആനന്ദിന്‌ അതു കേട്ടപ്പോള്‍ ആശ്വാസമാണ്‌ തോന്നിയത്‌. ഇങ്ങനെയും ആളുകളുണ്ടോ. പാപ്പച്ചന്‌ തന്നെ സഹായിച്ചിട്ട്‌ പ്രത്യേകിച്ച്‌ ഒരു കാര്യവുമില്ലെന്ന്‌ അവനറിയാം. എന്നിട്ടും സഹായിക്കുന്നു. സഹായിച്ചില്ലെങ്കില്‍ പോലും നല്ല വാക്കുകള്‍ കൊണ്ട്‌ സഹായവാഗ്‌ദാനം നത്തുന്നു.

പെട്ടിക്കുള്ളില്‍ അച്ഛന്റെ പഴയ ഒരു ഫോട്ടോ ഇരിപ്പുണ്ട്‌. ഏകദേശം പത്തുവര്‍ഷത്തിനു മേല്‍ പഴക്കമുള്ളത്‌. ഇപ്പോഴും അങ്ങനെ തന്നെയാവുമോ? മുഖഭാവത്തിന്‌ വലിയ മാറ്റമൊന്നും കാലം ഏല്‍പ്പിച്ചുണ്ടാവില്ല, ഓര്‍മ്മകള്‍ക്കൊഴികെ.

മുറിക്കുള്ളിലെത്തി പെട്ടി തുറന്ന്‌ ഫോട്ടോയെടുത്ത്‌ ആനന്ദ്‌ താഴേയ്‌ക്ക്‌ ഓടുകയായിരുന്നു.

ഫോട്ടോ കൊടുക്കുമ്പോള്‍ അവന്റെ തോളില്‍ കൈവെച്ചിട്ട്‌ പാപ്പച്ചന്‍ പറഞ്ഞു.

`ഈ ഫോട്ടോ കണ്ടിട്ട്‌ ആളെ എനിക്ക്‌ പരിചയമില്ല, അതായത്‌, ഇവിടെയുണ്ടെങ്കിലും ഇല്ലീഗല്‍ എന്‍ട്രിയാണെന്നുറപ്പ്‌. ഇല്ലെങ്കില്‍ എനിക്ക്‌ മുഖപരിചയം കണ്ടേനെ. എന്തായാലും നമുക്ക്‌ ഒരു കാര്യം ചെയ്യാം. മലയാളികള്‍ക്കിടയില്‍ സര്‍ക്കുലേറ്റ്‌ ചെയ്യപ്പെടുന്ന മീഡിയകള്‍ ഉണ്ടല്ലോ. അതു വഴിയൊന്ന്‌ ട്രൈ ചെയ്യാം. നമ്മുടെ പ്രോഗ്രാമിനെക്കുറിച്ച്‌ വിശദീകരിക്കാന്‍ അവരെ ഞാന്‍ നാളെ കാണുന്നുമുണ്ട്‌. അപ്പോള്‍ ഇക്കാര്യം പറയാം. ഫോട്ടോയും വാര്‍ത്തയും പത്രത്തില്‍ വരുന്നതോടെ കാര്യങ്ങള്‍ ഈസിയാവും. പിന്നെ, ഇന്നുവരെ എന്റെ മൊബൈയില്‍ നമ്പര്‍ പത്രക്കാര്‍ക്കു ഞാന്‍ കൊടുത്തിട്ടില്ല. ആനന്ദിനായി അതും കൊടുക്കാം. എന്താ പോരായോ?'

ആനന്ദിന്റെ മുഖം സന്തോഷത്താല്‍ വിടര്‍ന്നു.

പാപ്പച്ചന്‍ കാണാതെ ഓമന അവന്റെ കൈവിരലുകളില്‍ കൈകോര്‍ത്തു പിടിച്ചു അമര്‍ത്തി.

ഒരു കുളിര്‍മഴ നനഞ്ഞതു പോലെ ആനന്ദിനു തോന്നി. മനസ്സിന്റെ വ്യഥ കുറഞ്ഞു. എങ്ങനെ തന്റെ അച്ഛനെ കണ്ടെത്തുമെന്ന്‌ മനസ്സുകൊണ്ട്‌ വ്യാകുലപ്പെട്ടിരിക്കുകയായിരുന്നു. ഇപ്പോഴിതാ ഒരു വഴി തുറന്നു കിട്ടിയിരിക്കുന്നു. കൂടെയുണ്ടായിരുന്നവരെല്ലാം ഉറങ്ങാന്‍ കിടന്നിരിക്കുന്നു. ഓമനയോടും പാപ്പച്ചനോടും ആന്റിയോടും ബൈ പറഞ്ഞ്‌ ആനന്ദ്‌ മുറിയിലേക്കു പോയി.

മുറിയുടെ ജനാലയ്‌ക്കിട്ടിരുന്ന കര്‍ട്ടന്‍ മാറ്റി നോക്കി. ജനാലയിലുടെ റോഡരികില്‍ വരിവരിയായി നില്‍ക്കുന്ന മരങ്ങള്‍ കാണാം. അതിനപ്പുറത്ത്‌ റോഡിലൂടെ പാഞ്ഞു പോകുന്ന കാറുകളുടെ വെളിച്ചം ഒരു അവ്യക്ത ചിത്രമായി മാറുന്നു. തണുപ്പിന്‌ മുന്‍പ്‌ ഇലകളെ പ്രസവിച്ച്‌ വളര്‍ത്തിയ മരങ്ങള്‍ ചെറുകാറ്റില്‍ ഇളകിയാടുന്നു. ഇപ്പോള്‍ എല്ലാം നഷ്‌ടപ്പെട്ടവരെപോലെ ഇലകള്‍ കൊഴിഞ്ഞ്‌ നില്‌ക്കുന്നു.

അതിനോടൊപ്പം സുഖവും ദുഃഖവും പങ്കിടാന്‍ ഒരു ചെറു കാറ്റുപോലുമില്ല.

മഞ്ഞില്‍ നില്‌ക്കുന്ന എല്ലും കോലുമായ മരങ്ങള്‍ എന്തൊക്കെ ആഗ്രഹിക്കുന്നുണ്ടാകും.

വീണ്ടും സൂര്യനെ പ്രണയിക്കാന്‍, ഇല മുകുളങ്ങള്‍ക്ക്‌ ജന്മം കൊടുക്കാന്‍

പൂത്തുലഞ്ഞ്‌ ഫലം കൊടുക്കാന്‍

അടുത്ത തലമുറയെ വാര്‍ത്തെടുക്കാന്‍

തന്റെ മനസ്സും ഈ പച്ചിലയില്ലാത്ത മരത്തെപ്പോലെയാണെന്ന്‌ അവന്‌ തോന്നി.

തന്റെ അച്ഛനെ കണ്ടെത്തിയാല്‍ പൂക്കള്‍ നിറഞ്ഞൊരു മനസ്സ്‌ തനിക്കുമുണ്ടാകില്ലേ? ഓരോന്ന്‌ ഓര്‍ക്കവേ ആനന്ദിന്റെ മിഴികളില്‍ വീണ്ടും അശ്രുകണങ്ങള്‍ തെളിഞ്ഞു.

തന്റെ അമ്മയുടെ കൈ പിടിച്ച്‌ നടക്കാന്‍ അച്ഛന്‍ ഉണ്ടാകുമോ?

മനസ്സ്‌ പെട്ടെന്ന്‌ ചഞ്ചലമായി.

ആ ഒരു ദിനം വരുമോ?

പുറത്ത്‌ മഞ്ഞ്‌ കൂടി വന്നു.

എത്ര ശ്രമിച്ചിട്ടും മനസ്സിനെ പിടിച്ചു നിര്‍ത്താന്‍ കഴിയുന്നില്ല. തനിക്ക്‌ എന്താണ്‌ സംഭവിക്കുന്നത്‌. അവന്‌ പെട്ടെന്ന്‌ അകാരണമായ പേടി തോന്നി.

അത്‌ മനസ്സിനെ മൂടിപ്പുതച്ചു. ജനാല അടച്ച്‌ കിടക്കയില്‍ വന്നു കിടന്നു.

മൂടല്‍ മഞ്ഞ്‌ താഴ്‌വാരങ്ങളിലേയ്‌ക്ക്‌ ഒഴുകിയിറങ്ങിയിരുന്നു.

ആനന്ദ്‌ അറിയാതെ ഓര്‍മ്മകളിലൂടെ ഉറക്കത്തിലേക്ക്‌ വഴുതി.

(തുടരും....)

കൗമാരസന്ധ്യകള്‍ ((നോവല്‍: ഭാഗം-1: കാരൂര്‍സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക