Image

കൗമാരസന്ധ്യകള്‍ (നോവല്‍-2: കാരൂര്‍ സോമന്‍)

Published on 30 June, 2015
കൗമാരസന്ധ്യകള്‍ (നോവല്‍-2: കാരൂര്‍ സോമന്‍)
അധ്യായം 2

സിന്ദൂരപ്പൂക്കള്‍


ബസ്സിന്‌ പിന്നാലെ ഓടുമ്പോള്‍ കാലുകള്‍ക്ക്‌ വേഗം പോരെന്ന്‌ ആനന്ദിനു തോന്നി.
കണ്‍മുന്നില്‍ നിന്ന്‌ ബസ്സ്‌ അപ്രത്യക്ഷമായി. ശരീരമാകെ വിയര്‍ത്തൊലിച്ചു.
സ്‌കൂളില്‍ താമസിച്ചെത്തുന്നതിന്‌ അടി ഉറപ്പ്‌. അവന്‌ കരച്ചില്‍ വന്നു. കണ്ണീര്‍ തുളുമ്പി നില്‍ക്കുമ്പോഴും മനസ്സു മുഴുവന്‍ രോഗത്തില്‍ കഴിയുന്ന അമ്മയുടെ ഹൃദയത്തുടിപ്പുകളായിരുന്നു. സ്‌കൂള്‍ ബസ്സില്‍ പോയാല്‍ മാസം തോറും അതിനുള്ള തുക കൊടുക്കണം. അവന്‍ നടന്നുകൊണ്ടിരിക്കെ കാലിലേക്ക്‌ നോക്കി. കാലില്‍ ചെരുപ്പുകളില്ല. കൂടെ പഠിക്കുന്ന എല്ലാ കുട്ടികള്‍ക്കും ചെരിപ്പുണ്ട്‌. നല്ല ഉടുപ്പില്ല, ബാഗ്‌ ഇല്ല, നല്ല പേന ഇല്ല, പുതിയ പുസ്‌തകങ്ങളില്ല. എല്ലാത്തിനും പൈസ വേണം. തനിക്ക്‌ അത്‌ ഇല്ല, തന്നെ സഹായിക്കാനും ആരുമില്ല. എല്ലാ ചിലവുകളും ചുരുക്കുന്നത്‌ അമ്മയുടെ ചികിത്സാ ചിലവിനാണ്‌.
തനിക്കൊപ്പം അച്ഛനുണ്ടായിരുന്നെങ്കില്‍. അച്ഛന്‍ എവിടെയാണ്‌? അച്ഛനെ കണ്ട ഓര്‍മ്മയില്ല. എത്രയോ വര്‍ഷങ്ങളായി മനസ്സു കൊണ്ടും കണ്ണുകള്‍ കൊണ്ടും അച്ഛനെ തിരയുന്നു. ആള്‍ക്കൂട്ടം കാണുമ്പോള്‍, അതിനിടയിലെങ്ങാനും തന്റെ അച്ഛനുണ്ടോയെന്ന്‌ ആര്‍ത്തിയോടെ നോക്കും. ഇല്ല, എവിടെയും തന്റെ അച്ഛനില്ല.
നീണ്ട വര്‍ഷങ്ങളായി അച്ഛനെപ്പറ്റി ആര്‍ക്കും യാതൊരു വിവരവുമില്ല. മരിച്ചെങ്കില്‍ ആരെങ്കിലും മുഖേന അറിയുമായിരുന്നു. എന്നെങ്കിലുമൊരിക്കല്‍ അച്ഛന്‍ മടങ്ങി വരുമെന്നുള്ള പ്രതീക്ഷയും മനസ്സിലുണ്ട്‌. മഴ പെയ്‌തു കിടന്ന വഴികളില്‍ വെളിച്ചം ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. മരമുകളില്‍ കിളികള്‍ കളാകളാശബ്‌ദം പുറപ്പെടുവിക്കുന്നു.
ആനന്ദിന്‌ ഇപ്പോള്‍ പ്രായം പതിനാല്‌. ഏഴാമത്തെ വയസ്സു മുതല്‍ ജീവിതത്തിന്റെ കയ്‌പുനീര്‍ അറിഞ്ഞു തുടങ്ങിയതാണ്‌. മനസ്സ്‌ സന്തോഷമില്ലാതെ അലഞ്ഞു തിരിഞ്ഞു. മറ്റുള്ളവരുടെ മുന്നില്‍ സന്തോഷമില്ലെങ്കിലും സന്തോഷവാനായി, പുഞ്ചിരിയില്ലെങ്കിലും പുഞ്ചിരിക്കുന്നവനായി. പ്രാരാബ്‌ധങ്ങളുടെ നടുക്കടലില്‍ നിന്ന്‌ ആനന്ദ്‌ ജീവിക്കാനായി തുഴയുകയാണ്‌. എല്ലാം പിടിച്ചടക്കണമെന്ന മോഹത്തോടെ, ആഗ്രഹങ്ങളുടെ വേലിയേറ്റത്തില്‍ ഒന്നും കൈവിട്ടു പോകാതിരിക്കാനുള്ള അധ്വാനം. എല്ലാവരും ഉറങ്ങുമ്പോള്‍ അവന്‍ ഉണര്‍ന്നിരുന്നു. എല്ലാവരും വിശ്രമിക്കുമ്പോള്‍ അവന്‍ ജോലിയെടുത്തു. പണമുണ്ടാക്കണം, അതു മാത്രമായിരുന്നു ലക്ഷ്യം. നഷ്‌ടപ്പെട്ടതൊക്കെ പിടിച്ചടക്കം. എന്നാല്‍ നഷ്‌ടബാല്യങ്ങള്‍ തിരിച്ചുപിടിക്കാനാകുമോ? ഓര്‍ക്കുമ്പോള്‍ ആനന്ദിന്‌ കണ്ണീര്‍ വരും.
രാവിലെ തുടങ്ങുന്ന ജോലി. അഞ്ച്‌ മണിക്ക്‌ റബര്‍ വെട്ടാരംഭിക്കും. സമയം കിട്ടുമ്പോള്‍ സ്വന്തമായി കവിതകള്‍ എഴുതി. ഒഴിവ്‌ സമയങ്ങളില്‍ അതിനു സംഗീതം പകര്‍ന്നു. മൂളിപ്പാട്ടുകളായി അത്‌ നിറഞ്ഞു. കൂടുതലും ഹൃദയത്തിലുണരുന്ന ദുഃഖമായിരുന്നു. മരങ്ങളും കിളികളും കാറ്റും അവനൊപ്പം മൂകമായി ആ വിലാപഗാനം പങ്കു വച്ചു.
വല്യമ്മയുടെ മകനാണ്‌ അവനോളം പ്രായമുള്ള സൂരജ്‌.
കൗമാരത്തിന്റെ മഹത്വം ആസ്വദിച്ചാണ്‌ അവന്‍ വളരുന്നത്‌. അവനിപ്പോള്‍ ഗാഢനിദ്രയിലാണ്‌. വീട്ടില്‍ ആരുംതന്നെ ഉണര്‍ന്നിട്ടില്ല. റബര്‍ വെട്ടണം, ഷീറ്റ്‌ അടിക്കണം, തൊഴുത്തില്‍ ചാണകം വാരണം, വെള്ളം കോരണം, തുണികള്‍ കഴുകണം, സ്‌കൂളില്‍ പോകണം- ആനന്ദിന്റെ ക്ലാസ്സില്‍ ഇങ്ങനെയൊരു ജീവിതക്രമം അവനു മാത്രമേ ഉണ്ടായിരുന്നുള്ളു. ലോകത്തില്‍ താന്‍ മാത്രമായിരിക്കും ഇങ്ങനെയൊരു കുട്ടിയെന്ന്‌ അവനു തോന്നി.
സ്‌കൂള്‍ ബസ്സില്‍ യാത്ര ചെയ്യാന്‍ സൂരജ്‌ സമ്മതിക്കില്ല. അതവനു കുറച്ചിലാണത്രേ.
നിത്യരോഗിയാണ്‌ അമ്മ. പ്രഷറും, ഷുഗറും ആസ്‌തമയുടെ ശല്യവും, ഇടയ്‌ക്കിടെ വിട്ടുമാറാത്ത ചുമയും കാലിനു വേദനയും എല്ലാം അവരെ ബാധിച്ചിരുന്നു. പരാശ്രയമില്ലാതെ ജീവിക്കുന്നുവെന്നു മാത്രം. ആരും നോക്കാനില്ല അമ്മയെ, അതാണ്‌ ആനന്ദിനെ ഏറെ വേദനിപ്പക്കുന്നത്‌. കന്യാസ്‌ത്രീകള്‍ നടത്തുന്ന ഒരു ഹെര്‍മിറ്റേജിലാണ്‌ അമ്മ ഇപ്പോള്‍. അവരുടെ ശുശ്രുഷചിലവൊന്നും വഹിക്കാന്‍ ആരുമില്ല. അവിടെ ആക്കിയപ്പോള്‍ ആദ്യത്തെ അഞ്ച്‌ വര്‍ഷത്തേക്കുള്ള തുക അച്ഛന്‍ അടച്ചിരുന്നുവത്രേ. പിന്നീട്‌ അച്ഛനെക്കുറിച്ച്‌ ഒരു വിവരവുമില്ല. കഴിഞ്ഞ കുറെ നാളുകളായി അമ്മയെ കാണാന്‍ ചെല്ലുമ്പോള്‍ കാശിന്റെ കാര്യമാണ്‌ സിസ്റ്റര്‍മാര്‍ ആനന്ദിനെ ഓര്‍മ്മിപ്പിക്കുന്നത്‌.
ജോലി ചെയ്‌തു മിച്ചം പിടിക്കുന്നതില്‍ കുറേശ്ശേ അവന്‍ കൊടുക്കാറുണ്ട്‌. അതൊന്നുമാകില്ലെന്ന്‌ അവനറിയാം. അവന്റെ കാര്യങ്ങള്‍ അറിയാവുന്നതു കൊണ്ടാവും സിസ്റ്റര്‍മാര്‍ അവനെ ബുദ്ധിമുട്ടിക്കാറില്ല. അമ്മയെ അവര്‍ കാര്യമായി തന്നെ നോക്കുന്നുണ്ടെന്ന്‌ അവനറിയാം. വല്ലപ്പോഴും ആനന്ദിനു വല്യമ്മ കൊടുക്കുന്ന കാശൊക്കെ കൊച്ചു പെട്ടിയില്‍ അവന്‍ ഭദ്രമായി സൂക്ഷിച്ചു വയ്‌ക്കും. സൂരജിന്‌ ഫീസും പോക്കറ്റ്‌ മണിയുമൊക്കെ കൊടുക്കാറുണ്ടെങ്കിലും ആനന്ദിന്‌ അതൊന്നും നല്‍കാറില്ല. സ്വന്തമായി അധ്വാനിച്ചുണ്ടാക്കണമെന്ന്‌ ആനന്ദിനോടു അവര്‍ പറയുമ്പോള്‍ അവന്റെ കണ്ണുകള്‍ നിറയും.
സൂര്യവെളിച്ചം നിറഞ്ഞു തുടങ്ങി.
അവന്‍ പാല്‍ തൊട്ടിയുമായി റബര്‍ ഷീറ്റടിക്കുന്ന മുറിയിലെത്തി. ക്ഷീണം തോന്നിയപ്പോള്‍ കിണറ്റില്‍ നിന്ന്‌ കുറെ വെള്ളം കോരി കുടിച്ചു. നെറ്റിയിലും മുഖത്തും പൊടിഞ്ഞ വിയര്‍പ്പ്‌ തുടച്ചു. അവനൊപ്പം എപ്പോഴും കിട്ടു എന്നൊരു നായ്‌ക്കുട്ടിയുമുണ്ടാകും. വീട്ടിലുള്ളവരേക്കാള്‍ കിട്ടു അവനെ സ്‌നേഹിച്ചു.
അമ്മയ്‌ക്ക്‌ അസുഖം ബാധിച്ചതോടെ, അമ്മയുടെ ജ്യേഷ്‌ഠത്തി സരളയെ വിവാഹം കഴിക്കാമെന്നു ആനന്ദിന്റെ അച്ഛന്‍ വാക്കു കൊടുത്തിരുന്നു. പഠിക്കാനുള്ള സൗകര്യാര്‍ത്ഥം ആനന്ദ്‌ താമസിച്ചിരുന്നത്‌ സരളയുടെ കുടുംബ വീട്ടില്‍ നിന്നാണ്‌. സരളയുടെ ഭര്‍ത്താവ്‌ അവരെ നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. അവരുടെ മകന്‍ സൂരജിനൊപ്പമാണ്‌ ആനന്ദും പഠിച്ചിരുന്നത്‌. സൂരജ്‌ ആവട്ടെ ആനന്ദിനേക്കാള്‍ മൂത്തതായിരുന്നു. എന്നിട്ടും കുടുംബവീട്ടിലെ ജോലികളെല്ലാം ആനന്ദിനെകൊണ്ടാണ്‌ ചെയ്യിപ്പിച്ചിരുന്നത്‌. സൂരജ്‌ ഒന്നും ചെയ്യില്ല. സമയം കിട്ടുമ്പോഴൊക്കെ അവനെ ഉപദ്രവിക്കും. എന്നിട്ടും ആന്ദ്‌ എല്ലാം കൃത്യമായി ചെയ്‌തു. ആരോടും ഒന്നും പരാതി പറഞ്ഞില്ല. സഹിക്കാന്‍ വയ്യാതെയാവുമ്പോള്‍ ഒറ്റയ്‌ക്ക്‌ ദൂരെ പോയിരുന്നു കരഞ്ഞു.
ആനന്ദിന്റെ അച്ഛന്‍ മോഹന്‍ അമേരിക്കയില്‍ പോയിട്ട്‌ എട്ട്‌ വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ആദ്യത്തെ ആറുമാസം വീട്ടില്‍ ബന്ധപ്പെട്ടെങ്കിലും പിന്നീടങ്ങോട്ട്‌ സരളയ്‌ക്ക്‌ ആശ്വാസം കണ്ടെത്താനാകാത്ത ദിനങ്ങളായിരുന്നു. വിവാഹം കഴിക്കാമെന്ന്‌ വാക്ക്‌ പറഞ്ഞ്‌ പോയതാണ്‌. രണ്ട്‌ വര്‍ഷത്തോളം കാത്തിരുന്നു. മകന്‍ ആനന്ദിനെ സ്വന്തം മകനെപ്പോലെ ശുശ്രൂഷിച്ചു. ഇന്ന്‌ മോഹന്റെ പേര്‌ കേള്‍ക്കുന്നതുപോലും സരളയ്‌ക്ക്‌ വെറുപ്പാണ്‌. മോഹനോടുള്ള പകയും വെറുപ്പും അവരിന്ന്‌ ആനന്ദിനോട്‌ തീര്‍ക്കുന്നു. ഒരു ദിവസം സരള പൊട്ടിത്തെറിച്ചുകൊണ്ട്‌ ആനന്ദിനോട്‌ പറഞ്ഞു.
``നിന്റെ തന്ത ഒരു വഞ്ചകനാ. അയാള്‍ ചത്തോ ജീവനോടുണ്ടോ എന്നുപോലുമറിയില്ല. എന്റെ ജീവിതം തകര്‍ത്ത ചതിയനാണ്‌ അയാള്‍. അയാള്‍ എവിടെയായിരുന്നാലും നരകിച്ചേ ചാവൂ..'' സ്വന്തം അച്ഛനെയാണ്‌ ശപിക്കുന്നത്‌. അതു കേള്‍ക്കുമ്പോള്‍ ആനന്ദിന്‌ കരച്ചില്‍ വരും. തന്നെ എന്തു വേണ മെങ്കിലും പറഞ്ഞോട്ടെ, അച്ഛനെ പറയാതിരുന്നാല്‍ മതിയായിരുന്നുവെന്നു അവനു തോന്നും.
ഞായറാഴ്‌ചകളില്‍ അമ്മയെ കാണാന്‍ പോകുമ്പോഴാണ്‌ അവന്‌ അല്‍പ്പം ആശ്വാസം തോന്നുന്നത്‌. അമ്മ സംസാരിക്കാറില്ല. എങ്കിലും അവര്‍ക്കൊപ്പമിരിക്കുമ്പോള്‍ അതവന്‌ സ്വര്‍ഗ്ഗീയ നിമിഷങ്ങളാണ്‌. എല്ലാം ദിവസവും അമ്മയെ കാണാന്‍ മനസ്സ്‌ വെമ്പും. എന്നാല്‍ ഞായറാഴ്‌ച മാത്രമാണ്‌ വല്യമ്മ അതിനു അനുവദിച്ചിരിക്കുന്നത്‌.
സ്‌കൂളില്‍ നിന്ന്‌ വരുന്ന വഴിയരികില്‍ ഒരമ്പലവും പള്ളിയുമുണ്ട്‌. അമ്മയുടെ അസുഖം മാറണേയെന്നു നിറ കണ്ണുകളോടെ പ്രാര്‍ത്ഥിക്കും. തന്റെ നിസ്സഹായതയോര്‍ക്കുമ്പോള്‍ ലോകത്ത്‌ ആര്‍ക്കുമിങ്ങനെയൊരു അവസ്ഥ കൊടുക്കരുതേയെന്നാവും അവന്റെ പ്രാര്‍ത്ഥനകള്‍. അമ്മയോടു ചേര്‍ന്നിരിക്കുന്ന ഉണ്ണിയേശുവിന്റെ രൂപം കാണുമ്പോള്‍ അവന്‍ തന്നെത്തന്നെ ഓര്‍ക്കും.
സരളുടെ വീട്ടില്‍ അടുക്കളയില്‍ സഹായിക്കാന്‍ അടുെത്തൊരു വീട്ടില്‍ നിന്നും മിനി എന്നൊരു സ്‌ത്രീ എത്തുമായിരുന്നു. മിനിക്ക്‌ എന്നും ആനന്ദിനോട്‌ സഹതാപമായിരുന്നു. രാവിലെ വീട്ടിലെത്തിയ മിനി റബര്‍ പുരയ്‌ക്കുള്ളില്‍ ഷീറ്റടിക്കുന്ന ആനന്ദിനെ നോക്കി. അല്‌പനേരം നോക്കി നിന്നപ്പോള്‍ അവര്‍ക്ക്‌ മനസ്സലിവ്‌ തോന്നി.
മിനി അവന്റെയടുത്തേക്ക്‌ ചെന്ന്‌ സ്‌നേഹത്തോടെ വിളിച്ചു.
``മോനേ ക്ഷീണിച്ചോടാ? നീയിങ്ങോട്ടു മാറ്‌ ഇനി ഞാന്‍ കറക്കിത്തരാം.''
ആനന്ദിന്‌ ആശ്വാസം തോന്നി, എങ്കിലും അവന്‌ പേടിയായിരുന്നു.
``വേണ്ട മിനിച്ചേച്ചീ, വല്യമ്മ കണ്ടാല്‍ വഴക്ക്‌ പറയും.''
``അതിന്‌ വല്യമ്മ എഴുന്നേറ്റില്ലല്ലോ.''
ചെറു പുഞ്ചിരിയോടെ ആനന്ദ്‌ മാറി നിന്നു.
കൊച്ചുകുട്ടിയെങ്കിലും അവന്റെ കഠിനാധ്വാനത്തില്‍ മിനിക്ക്‌ നൂറു നാവായിരുന്നു. മെഷീനിന്റെ വളയത്തില്‍ അവള്‍ക്കും അത്ര പരിചയമില്ലായിരുന്നു. അതിനാല്‍ ഏറെ ശക്തി എടുക്കേണ്ടി വന്നു. പല ദിവസങ്ങളിലും ആനന്ദിനെ സരള കാണാതെ സഹായിക്കാറുണ്ട്‌. അടുക്കളയില്‍ നിന്നു വല്ലപ്പോഴും ആരുമറിയാതെ ഭക്ഷണവും നല്‍കും.
രാവിലെ കോഡ്‌ലെസ്‌ ഫോണുമായി പുറത്തിറങ്ങിയ സരള ബെഡ്‌കോഫിക്ക്‌ വേണ്ടി മിനിയെ വിളിച്ചെങ്കിലും ആരും വിളികേട്ടില്ല. അവര്‍ ദേഷ്യത്തോടെ മുറ്റത്തിറങ്ങി നോക്കിയപ്പോള്‍ റബര്‍പുരയില്‍ ആരോ നില്‌ക്കുന്നതാണ്‌ കണ്ടത്‌. ആനന്ദിനെ സഹായിക്കുന്ന മിനിയെ കണ്ടപ്പോള്‍ ഞരമ്പുകളില്‍ ദേഷ്യം ഇരച്ചു കയറി.
``എടീ മിനീ.'' അവള്‍ ഞെട്ടിത്തിരിഞ്ഞു നോക്കി.
രാവിലത്തെ കാപ്പി കിട്ടാത്ത ദേഷ്യത്താല്‍ സരള നിന്നു വിറക്കുകയായിരുന്നു.
``നിന്നോടാരാടി പറഞ്ഞേ ഈ മൂശേട്ടയെ സഹായിക്കാന്‍. പോയി കാപ്പിയെടുക്കടീ. ഒരു സഹായിക്കാന്‍ വന്നിരിക്കുന്നു. എന്നു തൊടങ്ങിയെടീ ഈ അലവലാതിയോട്‌ ഈ ഒലിപ്പീര്‌... '' പെട്ടന്നവള്‍ എന്തു പറയണമെന്നറിയാതെ നിന്നു. ആനന്ദിന്റെയുള്ളിലും ചെറിയൊരു വിറയലുണ്ടായി.
``ഞാ..ന്‌...ഒന്ന്‌ നോക്കീയതാ. പക്ഷെ ഭയങ്കര ബലം വേണം.''
മിനി രക്ഷപ്പെടാനായി പറഞ്ഞു.
``നീ കൂടുതല്‍ ബലം പിടിക്കാതെ അടുക്കളേലോട്ട്‌ ചെല്ലാന്‍ നോക്കടീ.. ഏല്‌പിച്ച ജോലി നീയങ്ങ്‌ ചെയ്‌താല്‍ മതി.''
മിനി വേഗം അടുക്കളയിലേക്കു നടന്നു. ആനന്ദിനെ അവര്‍ വല്ലതും ചെയ്യുമോയെന്നായിരുന്നു അവളുടെ പേടി. സരള ആനന്ദിനെയും കുറെ വഴക്കു പറഞ്ഞു.
``ഷീറ്റടിച്ചിട്ട്‌ വേഗം പോയി പാല്‌ വാങ്ങിക്കൊണ്ടു വാടാ.''
ആനന്ദ്‌ വിധേയത്തോടെ തല കുലുക്കി. തൊഴുത്തില്‍ ഒരു പശുവുണ്ട്‌. പക്ഷേ അതിനെ കറക്കാറായിട്ടില്ല. മുറ്റത്തെ അയയില്‍ ഷീറ്റുകള്‍ വിരിച്ചിട്ട്‌ ആനന്ദ്‌ അടുക്കളയില്‍ ഓടിചെന്നു. മിനി അവിടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അവളവനെ സഹതാപത്തോടെ നോക്കി. മൊന്തയുമായി ആനന്ദ്‌ രണ്ട്‌ വീടുകള്‍ക്കപ്പുറം പാല്‍ വാങ്ങാനായി പോയി. അവനൊപ്പം വീട്ടിലെ നായയുണ്ടായിരുന്നു. മുറിക്കുള്ളില്‍ ചൂടുള്ള ചായയും കുടിച്ച്‌ സരള ആര്‍ക്കോ ഫോണ്‍ ചെയ്‌തുകൊണ്ടിരുന്നു. ആനന്ദ്‌ പശുവിന്‌ പുറത്ത്‌ കെട്ടിയിട്ട്‌ തൊഴുത്തിലെ ചാണകം ഒരു റബര്‍ കൊട്ടയില്‍ ചുമന്ന്‌ റബറുകളുടെ ഇടയില്‍ കൊണ്ടിട്ടു. രാവിലത്തെ കുളിരിളം കാറ്റം അവനില്‍ സംഗീതമുണര്‍ത്തിക്കൊണ്ടിരുന്നു.
വീട്ടിലെ നായ്‌ക്കൊപ്പം വീട്ടിലെ എല്ലാ മരങ്ങളും പിടഞ്ഞാറെ കായലും അവന്റെ ബാല്യകാല സുഹൃത്തുക്കളാണ്‌. കായലിലേക്ക്‌ പടര്‍ന്നു നില്‌ക്കുന്ന വഞ്ചപ്പടര്‍പ്പുകള്‍ പര്‍വ്വതനിരകളെപ്പോലെ തോന്നിക്കും. അതിനടുത്തിരുന്നാല്‍ എന്തെന്നില്ലാത്ത ശാന്തി മനസ്സിനെ നിറയ്‌ക്കുന്നു. അവിടെയിരുന്നാണ്‌ അമ്മ കൊടുത്ത വയലിനും ഗിറ്റാറുമൊക്കെ അവന്‍ വായിക്കുന്നത്‌. ആ ദിനം അവന്‌ ഒരിക്കലും മറക്കാനാവുന്നതല്ല. അമ്മ നല്‌കിയ സമ്മാനം. അമ്മയുടെ അനുഗ്രഹം നിറഞ്ഞ വയലിനാണതും. എന്റെ ഗാനത്തിന്‌ ഈണവും സംഗീതവും നല്‌കുന്നത്‌ ഈ വയലിനാണ്‌. എന്നത്തേതുപോലെ ഇന്നും അവന്‍ വയലിനുമായി അവിടെ പോയിരുന്ന്‌ വായിച്ചു. അതിന്റെ സ്വരവും പാടിയ പാട്ടും അന്തരീക്ഷത്തില്‍ കതിര്‌ പൊങ്ങിയപ്പോള്‍ പതിനാറ്‌ വയസ്സുകാരന്‍ സൂരജ്‌ വീടിന്റെ പടിഞ്ഞാറ്‌ ഭാഗത്ത്‌ പല്ല്‌ തേച്ച്‌ നില്‌ക്കയായിരുന്നു. സൂരജ്‌ പതുങ്ങി പതുങ്ങി അവന്റെ അടുത്തേക്ക്‌ നടന്നു. പിറകില്‍ ചെന്നിട്ട്‌ ഉച്ചത്തില്‍ പറഞ്ഞു.
``നിറുത്തെട! കറുമ്പാ നിന്റെ ഒരു പാട്ടും കോപ്പും.''
ആനന്ദിന്റെ തല തിരിഞ്ഞു.
പാട്ടു നിന്നു.
നിരാശയോടെ നോക്കി.
പച്ചപ്പാര്‍ന്ന മരങ്ങള്‍, പുല്ലുകള്‍, പക്ഷികള്‍, അവന്റെ പാട്ടില്‍ ലയിച്ചിരിക്കുകയായിരുന്നു.
കാറ്റിലാടി കളിച്ച ഇലകള്‍ നിശ്ചലമായി.
സൂരജിനെ നിരാശയോടെ നോക്കി.
കാറ്റ്‌ ഭയന്നോടി.
അവരുടെയിടയില്‍ വണ്ടുകള്‍ മൂളി പറന്നു.
കിളികള്‍ പറന്നകന്നു.
കായലിന്റെ മറുകരയില്‍ പുകപടലങ്ങള്‍ പോലെ അവ്യക്തമായ കാഴ്‌ചകള്‍.
സരള വീട്ടില്‍ മകന്‍ സൂരജിനെ കാത്തിരുന്നു.
ആനന്ദ്‌ കായലില്‍ കുളിക്കാനായി പോയി. കായല്‍ക്കരയില്‍ വയലിന്‍ വെച്ചിട്ടവന്‍ നീന്തുകയും കുളിക്കുകയും ചെയ്‌തു. സൂരജിന്റെ വാക്കുകള്‍ അവന്റെ ഹൃദയത്തിന്‌മേല്‍ ഒരു മുറിവുണ്ടാക്കിയിരുന്നു. ജേഷ്‌ഠന്‌ എന്നെ ഇഷ്‌ടമല്ലെന്നറിയാം. എന്റെ കറുത്ത നിറം, കാണാന്‍ കൊള്ളാത്ത മുഖം, അച്ഛനും അമ്മയുമുണ്ടെങ്കിലും ഒരാനാഥന്‍. ആരും എന്റെ ബാല്യം അപഹരിച്ചുവെന്ന്‌ ഞാന്‍ പറയില്ല. ഒരു നല്ല കുട്ടിയായി ജീവിക്കാനാണ്‌ ആഗ്രഹം. ഇനിയും ധാരാളം പഠിക്കണം. ഇന്ന്‌ പഠിച്ചാലെ നാളെ സമ്പാദിക്കാനാകൂ. കായലിലൂടെ തോണികള്‍ സഞ്ചരിച്ചു. കുളിച്ച്‌ കരയില്‍ കയറി തോര്‍ത്തുകൊണ്ട്‌ ശരീരമെല്ലാം തുടച്ച്‌ ഊരിയിട്ടിരുന്ന നിക്കറും ഉടുപ്പും എടുത്തിട്ടു. വയലിനുമായി വീട്ടിലെത്തി. സ്‌കൂളിലേക്ക്‌ കൊണ്ടുപോകാനുള്ള പുസ്‌തകങ്ങള്‍ ചെറിയൊരു ബാഗിലാക്കി വച്ചു. പെട്ടിക്കുള്ളിലിരുന്ന പണം എണ്ണിനോക്കി ഉടുപ്പിന്റെ പോക്കറ്റില്‍ വച്ചു. ഇന്ന്‌ ഫീസ്‌ കൊടുക്കാനുള്ളതാണ്‌. സൂരജിനുള്ള ഫീസ്‌ സരള എണ്ണിക്കൊടുത്തു. അവന്റെ മറ്റ്‌ ചിലവിനായി മറ്റൊരു തുകയും കൊടുത്തു. ആഹാരം കഴിച്ചുകൊണ്ടിരുന്ന വരാന്തിയിലിരുന്ന്‌ അവന്‍ ദോശയും ചമ്മന്തിയും കഴിച്ചു. സൂരജ്‌ തീന്‍മേശയിലിരുന്നും ആഹാരം കഴിച്ചു. ആരും കാണാതെ ഒരു ദോശയും ചമ്മന്തിയും അവന്‍ കിട്ടുവിനും കൊടുത്തു. അവന്‍ മിനിച്ചേച്ചിയോടു ചോദിച്ചു.
``ചേച്ചീ, ചാണകം നാറുന്നുണ്ടോ? എന്റെ അടുത്തിരിക്കുന്ന ചെറുക്കന്‍ പറയുന്നത്‌ എന്നെ ചാണകം നാറുന്നൂന്നാ.'' മിനി മണപ്പിച്ചു നോക്കി.
``ശരിയാ മോനെ. ഒരിച്ചിരിയുണ്ട്‌. എന്നാ കാര്യമെന്നറിയാമോ. ചാണകം വാരിയാല്‍ സോപ്പിട്ട്‌ കുളിക്കണം. ഇന്നുതന്നെ ഒരു സോപ്പ്‌ വാങ്ങ്‌. അവന്‍ തലയാട്ടിയെങ്കിലും കണ്ണുകളില്‍ നിരാശ നിറഞ്ഞു. കവിളുകള്‍ ചുവന്നു. സോപ്പു വാങ്ങാന്‍ കാശില്ലല്ലോ. മനസ്സ്‌ ദീനമായി. പെട്ടന്ന്‌ ഉച്ചയ്‌ക്ക്‌ ഉണ്ണാനുള്ള ചോറു പാത്രം മിനി നല്‌കി. അവന്‍ മിനിയോട്‌ പറഞ്ഞിറങ്ങി. കിട്ടു അവനൊപ്പം വാലാട്ടി ഗേറ്റുവരെ ചെന്നു. അവനോടും യാത്ര പറഞ്ഞു. വളരെ വേഗത്തില്‍ നടന്നും ഓടിയും മുന്നോട്ടു പോയി. മൂന്ന്‌ മൈല്‍ ദൂരമുണ്ട്‌ സ്‌കൂളിന്‌.

(തുടരും.....)
കൗമാരസന്ധ്യകള്‍ (നോവല്‍-2: കാരൂര്‍ സോമന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക