Image

നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും

ബഷീര്‍ അഹമ്മദ്‌ Published on 01 July, 2015
നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
കോഴിക്കോട് : ചെടി പോലെ തോന്നിക്കുന്ന ഗോര്‍ഗോണിയ എന്ന കടല്‍ജീവി, കേരളത്തില്‍ കാണപ്പെടുന്ന ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭീമന്‍ ശലഭങ്ങള്‍, മലപ്പുറം നിലമ്പൂരില്‍ കാണപ്പെടുന്ന കേരളത്തിലെ തന്നെ ഒരു മീറ്ററോളം നീളമുള്ള ഏറ്റവും വലിയ ഭീമന്‍ മണ്ണിര, പറക്കുന്ന ഓന്ത്, ഇന്ത്യയിലെ വലിയ, ചെറിയ തവളകള്‍..... എന്നിങ്ങനെ നീളുന്ന ഇന്ത്യയിലെ ജന്തുവൈവിധ്യങ്ങള്‍. നിങ്ങള്‍ കണ്ടിട്ടില്ലാത്ത, അറിയാത്ത ജന്തുവിസ്മയങ്ങളുള്ളത് കേരളത്തിലെ പ്രധാന ശാസ്ത്രകേന്ദ്രമായ പ്ലാനിറ്റോറിയത്തിനു സമീപമുള്ള സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലാണ്. ജാഫര്‍ഖാന്‍ കോളനി റോഡിലുള്ള ഈ കേന്ദ്രത്തില്‍ ജന്തുവൈവിധ്യങ്ങളുടെ വലിയൊരു കലവറയാണ് വിജ്ഞാനകുതുകികള്‍ക്കായ് തുറന്നിട്ടിരിക്കുന്നത്. നൂറാം വാര്‍ഷികത്തിന്റെ നിറവില്‍ എത്തി നില്‍ക്കുന്ന സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ വളര്‍ച്ചയില്‍ വലിയൊരു പങ്ക് തന്നെ 16 പ്രാദേശിക കേന്ദ്രങ്ങളിലൊന്നായ കോഴിക്കോട് മേഖലാകേന്ദ്രത്തിനുണ്ട്.

ഗുജറാത്ത് മുതല്‍ കന്യാകുമാരി വരെ പരന്നു കിടക്കുന്ന പശ്ചിമഘടച്ചിലെ ജന്തുവൈവിധ്യത്തെപ്പറ്റി പൊതുജനങ്ങള്‍ക്ക് കൂടുതല്‍ അറിയാനും മനസിലാക്കാനുമുള്ള വാതായനങ്ങളാണ് സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ തുറന്നിടുന്നത്. കൊടുമുടികളില്‍ തുടങ്ങി ആഴക്കടലിനടിയില്‍ വരെയുള്ള ജന്തുക്കളുടെ പഠനങ്ങള്‍ ഇവിടെ നടക്കുന്നു. കൂടാതെ ജന്തുവൈവിധ്യങ്ങളുടെ സാമ്പിളുകളും വിവരങ്ങളും സൂക്ഷിക്കുന്നുമുണ്ടിവിടെ. വനം പരിസ്ഥിതി മന്ത്രാലയത്തിനു കീഴിലുള്ള ഈ ഗവേഷണ സ്ഥാപനത്തില്‍ പത്തിലേറെ വിദ്യാര്‍ത്ഥികളാണ് ഗവേഷണം നടത്തുന്നത്. ഇതിനായി പശ്ചിമഘട്ടത്തിലെ ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള ആധികാരിക ശാസ്ത്രഗ്രന്ഥങ്ങളും ശാസ്ത്രപ്രസിദ്ധീകരണങ്ങളും ഉണ്ടിവിടെ.

1916 ല്‍ കൊല്‍ക്കത്ത ആസ്ഥാനമായി ആരംഭിച്ച സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ 1980 ലാണ് കോഴിക്കോട് കേന്ദ്രം തുടങ്ങുന്നത്. തുടര്‍ന്ന് ആനിഹാള്‍ റോഡിലെ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചെങ്കിലും 2008 ല്‍ ജാഫര്‍ഖാന്‍ കോളനി റോഡില്‍ സ്വന്തമായ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ലോകത്തിലെ 34 ഹോട്ട്‌സ്‌പോട്ടുകളില്‍ ഒന്നായ പശ്ചിമഘട്ടത്തിലെ ജന്തുജാലങ്ങളും പോസ്റ്ററുകളുമാണ് മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വ്യത്യസ്തയിനം തുമ്പികള്‍, പാമ്പുകള്‍, മത്സ്യങ്ങള്‍, ഡാര്‍ക്ക് ബഌ ടൈഗര്‍, പാരിസ് പീക്കോക്ക് തുടങ്ങി വ്യത്യസ്തയിനം ചിത്രശലഭങ്ങള്‍, ഒച്ചുകള്‍, ചിലന്തികള്‍, പക്ഷികള്‍, തീരദേശചിപ്പികള്‍, ശരീരാവശിഷ്ടം കൊണ്ട് നിര്‍മ്മിതമായ ലക്ഷദ്വീപ്-ആന്‍ഡമാനിലെ പവിഴപ്പുറ്റുകള്‍, തേങ്ങാക്കള്ളന്‍ ഞണ്ട്, തുടങ്ങി പ്രകൃതിയില്‍ പൊതുവായി കാണുന്നതും കാണപ്പെടാത്തതുമായ ജന്തുവിസ്മയങ്ങളുടെ വലിയ ലോകമാണ് തുറന്നിരിക്കുന്നത്. കൊമ്പന്‍ സ്രാവിന്റെ ഈര്‍ച്ചവാള്‍ പോലുള്ള കൊമ്പും നക്ഷത്രമത്സ്യവും ഇവിടുത്തെ പ്രദര്‍ശനത്തിലുണ്ട്. പശ്ചിമഘട്ടത്തില്‍ നിന്നും കണ്ടെത്തിയ 250 ഓളം സ്പീഷിസുകളും ഇവിടെയുണ്ട്. അഞ്ച് ശാസ്ത്രജ്ഞരുള്ള ഇവിടെ ഡോ.പി.എം.സുരേഷനാണ് ഓഫീസര്‍ ഇന്‍ ചാര്‍ജ്. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ തുറന്നു പ്രവര്‍ത്തിക്കും. പ്രവേശനം സൗജന്യമാണ്.

നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് 35-ാം വര്‍ഷത്തിലേക്ക് കടക്കുന്ന കോഴിക്കോട് മേഖലാകേന്ദ്രവും ജൂലൈ ഒന്നു മുതല്‍ ഒരു വര്‍ഷം നീളുന്ന ആഘോഷപരിപാടികള്‍ക്ക് തുടക്കമിടുന്നു. സ്‌ക്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായ് മത്സരങ്ങള്‍, പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍ എന്നിവയും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കായ് ശില്പശാലയും പൊതുജനങ്ങള്‍ക്കായ് ബോധവല്‍ക്കരണ പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും. ജൂലൈ ഒന്നിന് സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ കോഴിക്കോട് മേഖലാകേന്ദ്രത്തില്‍ നിന്ന് ആരംഭിക്കുന്ന കൂട്ടയോട്ടം കലക്ടര്‍ എന്‍ പ്രശാന്ത് ഫഌഗ് ഓഫ് ചെയ്യും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം ഉച്ചയ്ക്ക് രണ്ടിന് മേയര്‍ എ.കെ.പ്രമേജം നിര്‍വ്വഹിച്ചു. കേരളത്തിലെ പ്രമുഖ ശാസ്ത്രജ്ഞരും ചടങ്ങില്‍ സംബന്ധിക്കും.

ഫോട്ടോ/റിപ്പോര്‍ട്ട്: ബഷീര്‍ അഹമ്മദ്‌

നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
നൂറിന്റെ നിറവില്‍ സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ: ആഘോഷങ്ങള്‍ക്കൊരുങ്ങി കോഴിക്കോടും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക