Image

സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം!

ബി.എം സുഹറ Published on 08 January, 2012
സന്മനസ്സുള്ളവര്‍ക്ക്‌ സമാധാനം!
നല്ല ഭാര്യ, നല്ല കുടുംബിനി എന്നൊക്കെ അറിയപ്പെടാന്‍ മനസ്സറിഞ്ഞ്‌ ആഗ്രഹിക്കുന്നവരാണ്‌ കേരളത്തിലെ സ്‌ത്രീകളില്‍ ഏറിയപങ്കും. അതിനുവേണ്ടി എന്ത്‌ ത്യാഗം സഹിക്കാനും അവര്‍ ഒരുക്കവുമാണ്‌. രാവിലെ എഴുന്നേറ്റ്‌ സുബഹി നമസ്‌കാരവും ഖുര്‍ആന്‍ പാരായണവും കഴിഞ്ഞ്‌ കുടുംബത്തിനകത്തെ ജോലികള്‍ ചെയ്യുന്നത്‌ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം ഇബാദത്താണ്‌. പുണ്യം നേടാനുള്ള ഉപാധിയാണ്‌. അത്തരം സ്‌ത്രീകളാണ്‌ അല്ലാഹുവിന്‌ പ്രിയപ്പെട്ടവര്‍. അവര്‍ക്കുള്ളതാണ്‌ സ്വര്‍ഗരാജ്യം എന്നാണ്‌ ചെറുപ്പം മുതല്‍ ഞങ്ങളെ പഠിപ്പിക്കുന്നത്‌. നല്ല ഭാര്യയായി, മകളായി, സഹോദരിയായി, മരുമകളായി ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ ജീവിക്കാന്‍ മറന്നുപോയ സ്‌ത്രീകളെക്കുറിച്ചും കേട്ടിട്ടുണ്ട്‌. എന്നാല്‍, നല്ല ഭാര്യയായി ജീവിക്കാന്‍ സ്വന്തം ഭര്‍ത്താവിനെ പങ്കുവെക്കാന്‍ തയാറായ ഒരു സ്‌ത്രീയെ അവിചാരിതമായി പരിചയപ്പെട്ടപ്പോള്‍ ഞാന്‍ കുറച്ചൊന്നുമല്ല അമ്പരന്നത്‌.

ഒരു സ്വകാര്യ ആശുപത്രിയിലെ ഓപറേഷന്‍ തിയറ്ററിന്‍െറ മുന്നിലെ വരാന്തയില്‍വെച്ചാണ്‌ ഞാന്‍ ആ സ്‌ത്രീയെ പരിചയപ്പെട്ടത്‌. എന്‍െറ ബന്ധുവിന്‍െറ മകളെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സാധാരണ പ്രസവമാണെന്നാണ്‌ ആദ്യം പറഞ്ഞതെങ്കിലും അമിത രക്തസ്രാവം കാരണം ഉടന്‍ സിസേറിയന്‍ വേണമെന്ന്‌ ഡോക്ടര്‍ പറഞ്ഞതോടെ എന്‍െറ ബന്ധുക്കള്‍ ഡോക്ടറെ മാത്രമല്ല എന്നെയും പഴിക്കാന്‍ തുടങ്ങി. കാരണം, ഡോക്ടര്‍ എന്‍െറ അടുത്ത സുഹൃത്താണ്‌. ഓപറേഷന്‍ വേണമെന്ന്‌ പറയുന്നതുവരെ ഡോക്ടറെക്കുറിച്ച്‌ നല്ല അഭിപ്രായമായിരുന്നു. നിവൃത്തിയില്ലാത്തതുകൊണ്ടാണ്‌ സിസേറിയനെന്ന്‌ അവര്‍ എന്നോട്‌ പറഞ്ഞു. അക്കാര്യം ബന്ധുക്കളെ പറഞ്ഞ്‌ ബോധ്യപ്പെടുത്താനാവാതെ ഞാനാകെ അസ്വസ്ഥയായി. ആശുപത്രിയുടെ ഇരുണ്ട വരാന്തയില്‍ ഇരിക്കാന്‍പോലും ഇടമില്ലാതെ വിഷമിക്കുന്നതിനിടയിലാണ്‌ ഒരു സ്‌ത്രീ എന്നെ തോണ്ടിവിളിച്ചത്‌. തടിച്ച്‌ വെളുത്ത്‌ കാച്ചിയും കുപ്പായവും തട്ടവുമിട്ട്‌, കഴുത്തിലും കൈയിലും കാതിലും നിറയെ ആഭരണങ്ങളണിഞ്ഞ പ്രൗഢയായ ഒരു സ്‌ത്രീ.

ഓപ്പറസനാ...?

അവര്‍ അലിവോടെ ചോദിച്ചു.

ഞാന്‍ വെറുതെ തലയാട്ടി.

പേറാ...?

സംസാരിക്കാന്‍ ഒട്ടും താല്‍പര്യമില്ലാത്തതിനാല്‍ ഞാന്‍ വെറുതെ മൂളി.

ഇപ്പം എല്ലാരിക്കും ഓപ്പറസന്‍ തന്നെ. പള്ളേലുള്ളപ്പം തടിയനങ്ങൂലാ. തടിയനങ്ങി പണിയെടുത്താ പേറ്‌ ഇതാന്ന്‌ പറയുമ്പം കഴിയും. എന്നാ ഇപ്പളത്തെ ബാല്യക്കാരത്തികള്‌ തടിയനങ്ങി ഒന്നും ചെയ്യൂലാ. എന്നിട്ട്‌ കുറ്റം ഡോക്ടര്‍മാരിക്കും.

എന്‍െറ ബന്ധുക്കളുടെ സംസാരം അവര്‍ കേട്ടിട്ടുണ്ടാകുമെന്ന്‌ എനിക്ക്‌ മനസ്സിലായി.

മോളാ തിയറ്ററിലുള്ളത്‌? സംഭാഷണം വഴിതിരിക്കാനായി ഞാന്‍ ചോദിച്ചു.

അല്ല ചക്കളത്തിയാ. മൂപ്പരെ മൂന്നാമത്തെ കെട്ടാ. എന്‍െറ മംഗലം കയിഞ്ഞ്‌ രണ്ടു കൊല്ലമായിട്ടും പെറാഞ്ഞപ്പളാ രണ്ടാമത്‌ കെട്ടിയത്‌. ഓക്കും മക്കളുണ്ടായില്ല. മൂന്നാമത്തോളെ മംഗലം കഴിച്ചിട്ട്‌ രണ്ടാംകൊല്ലമാ. ഓളൊരു ബെളഞ്ഞ ബിത്താ. കെട്ടിക്കൊണ്ടെന്നത്‌ മുതല്‍ ഡോക്ടറും മരുന്നും തന്നെ. ഇതാ ഇപ്പം പള്ളേലുമായി. മൂപ്പരെ ആശ അല്ലാഹു നെറവേറ്റിക്കൊടുത്തെന്നേ ഞാന്‍ പറയൂ. ഒരു കുഞ്ഞിക്കാല്‌ കാണാന്‍ മൂപ്പരിക്ക്‌ അത്തരക്കും പൂതിയേനും. റബ്ബേ. നീ മുസീബത്തൊന്നും കൂടാതെ രണ്ടും രണ്ടുപാത്രത്തിലാക്കിത്തരണേ...

ആ സ്‌ത്രീ നിര്‍ത്താതെ പറഞ്ഞുകൊണ്ടിരുന്നു. അവരുടെ കഥകേട്ട്‌ അവരുടെ മുഖത്തേക്ക്‌ ഉറ്റുനോക്കിക്കൊണ്ട്‌ ഞാന്‍ നിന്നു. ഭര്‍ത്താവിന്‍െറ സപത്‌നിയുടെ സുഖപ്രസവത്തിനുവേണ്ടി പ്രാര്‍ഥിക്കുന്ന സ്‌ത്രീ. എനിക്ക്‌ തികച്ചും അദ്‌ഭുതം തന്നെയായിരുന്നു. ഇവരിതെങ്ങനെ സഹിക്കുന്നു?

നിങ്ങള്‍ മൂന്നുപേരും ഒരേ വീട്ടിലാണോ താമസം?

ചോദിച്ചപ്പോള്‍ തൊണ്ടയിടറി.

ആ മോളേ. വേറെ താമസിക്കാന്‍ എവള്‌ കൊറേ മെനക്കെട്ടതാ. പക്കേങ്കില്‌ അയിനൊന്നും മൂപ്പരെ കിട്ടൂലാ. രണ്ടാമതും കെട്ടിയപ്പം എന്‍െറ മൊയി കിട്ടാന്‍ എന്‍െറ ആങ്ങളമാര്‌ പഠിച്ചപണി പതിനെട്ടും നോക്കിയതാ. മൂപ്പരനങ്ങീലാ. പിരിശംകൊണ്ടോ അരിശംകൊണ്ടോന്ന്‌ എനക്കിപ്പളും തിരിഞ്ഞിക്കില്ല. എല്ലാം മുകളിലിരിക്കുന്നവന്‍െറ ബേണ്ടുക എന്ന്‌ സമാധാനിക്കാം. മൂപ്പരിക്കൊരു കുഞ്ഞനുണ്ടാകണമെന്ന്‌ ഞാനും കരളുരുകി തേടിയതാ... അല്ല കേട്ടു.

ഇതാസ്‌പത്രിയാ. നാവൊന്നടക്ക്‌.

കനത്ത സ്വരംകേട്ട്‌ ഞെട്ടിത്തിരിഞ്ഞുനോക്കി. പട്ടുകുപ്പായവും ചുവന്നകര മുണ്ടുമൊക്കെയായി ഒരഴകിയ മധ്യവയസ്‌കന്‍. മുഖത്ത്‌ അരിശം കത്തിയാളുന്നുണ്ടായിരുന്നു. അയാളെ കണ്ടും പാവം ഉമ്മ ചുണ്ടില്‍ പ്‌ളാസ്റ്ററൊട്ടിച്ചപോലെ ഒഴിഞ്ഞ കസേരയില്‍ചെന്നിരുന്നു. എന്‍െറ ബന്ധുവിന്‍െറ ഓപറേഷന്‍ കഴിഞ്ഞെന്നറിഞ്ഞതുകൊണ്ട്‌ തിടുക്കത്തില്‍ സ്ഥലംവിടുന്നതിനിടയില്‍ തല്‍ക്കാലം ഞാനാ സ്‌ത്രീയെ മറന്നു. എങ്കിലും, അവരുടെ മുഖം ഏറെക്കാലം എന്നെ വല്ലാതെ അലോസരപ്പെടുത്തി. ഒരു കുഞ്ഞിനുവേണ്ടിയാണെങ്കില്‍പോലും സ്വന്തം ഭര്‍ത്താവിനെ പങ്കുവെക്കാന്‍ തയാറായ ആ സ്‌ത്രീ ത്യാഗത്തിന്‍െറ അടയാളമായാണ്‌ എനിക്ക്‌ തോന്നിയത്‌. മുസ്ലിം സ്‌ത്രീകള്‍ക്ക്‌ എക്കാലത്തും ഭീഷണിയായ തലാഖിനെക്കുറിച്ചും ഭര്‍ത്താവിനെ പങ്കിടേണ്ടിവരുമ്പോള്‍ അവരനുഭവിക്കുന്ന വേദനയെക്കുറിച്ചും അവരുടെ നിസ്സഹായതയെക്കുറിച്ചും ഓര്‍ത്ത്‌ ഞാന്‍ ഇടക്ക്‌ വ്യാകുലപ്പെടാറുണ്ട്‌.

ഇന്നും സമൂഹത്തില്‍ ബഹുഭാര്യത്വം നിലനില്‍ക്കുന്നു എന്നത്‌ വേദനിപ്പിക്കുന്ന സത്യമാണ്‌. നിയമസാധുത്വം ഉണ്ടെന്നതിനാല്‍ ബഹുഭാര്യത്വം മുസ്ലിം സ്‌ത്രീകളെ സംബന്ധിച്ച്‌ അന്നുമിന്നും പേടിസ്വപ്‌നംതന്നെ. വിവാഹമോചനവും പുനര്‍വിവാഹവും പറയുന്നതുപോലെ എളുപ്പമല്‌ളെന്ന്‌ ഖുര്‍ആന്‍ അര്‍ഥമറിഞ്ഞ്‌ വായിക്കുന്ന ഏതൊരാള്‍ക്കും മനസ്സിലാവും. മാനസികമായും ശാരീരികമായും സാമ്പത്തികമായും ഭാര്യമാരോട്‌ തുല്യനീതി കാണിക്കാന്‍ സാധിക്കുമെന്നുറപ്പുണ്ടെങ്കിലേ ഒന്നിലധികം സ്‌ത്രീകളെ വിവാഹം കഴിക്കാവൂ എന്ന്‌ ഖുര്‍ആന്‍ അടിവരയിട്ട്‌ പറയുന്നുമുണ്ട്‌. ഖുര്‍ആന്‍ അനുശാസിക്കുന്ന രീതിയില്‍ ഒരു പുരുഷന്‌ ഒന്നിലധികം സ്‌ത്രീകളെ തുല്യനീതിയോടെ പുലര്‍ത്തിപ്പോറ്റുക അത്ര എളുപ്പമല്ല. അക്കാലത്ത്‌ അശരണകളായ സ്‌ത്രീകളുടെ രക്ഷക്കായാണ്‌ അനേകം ഉപാധികളോടെ ബഹുഭാര്യത്വം അനുവദിച്ചത്‌. ഇന്ന്‌ ആ നിയമം സ്‌ത്രീകളെ പീഡിപ്പിക്കാനുള്ള പഴുതായി മാറിക്കൊണ്ടിരിക്കുകയാണ്‌. അതിന്‌ അറുതിവരുത്തേണ്ടത്‌ സന്മനസ്സുള്ള പുരുഷന്മാരാണ്‌.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക