Image

അവനോട്‌ അടക്കം പറഞ്ഞത്‌ (കവിത: ബിന്ദു ടിജി)

Published on 11 July, 2015
അവനോട്‌ അടക്കം പറഞ്ഞത്‌ (കവിത: ബിന്ദു ടിജി)
അവന്‍ കല്‍ത്തുറുങ്കിന്റെ വാതില്‍ തുറന്ന്‌
സ്വാതന്ത്ര്യത്തൂവല്‍ കൊണ്ട്‌
വര്‍ണ്ണ ചിറകുകള്‍ തുന്നിച്ച്‌
ആകാശവും,കടലും,പൂവും ,
പുഴയും,പൂമ്പാറ്റയും ഉള്ള
ലോകത്തേയ്‌ക്ക്‌ അവളെ യാത്രയാക്കി .

പിന്നെ പാഴ്‌മുളംതണ്ടില്‍ ദേവരാഗമൊഴുക്കി
നഗ്‌നപാദങ്ങളില്‍ ചിലങ്ക അണിയിച്ചു
അവന്റെ പ്രണയ കിരണങ്ങളേല്‍ക്കെ
തുഷാരബിന്ദുവില്‍ മഴവില്ല്‌ വിരിഞ്ഞു

കൊടുംകാറ്റും,തിരമാലകളും
അവന്റെ മുന്നില്‍ ശാന്തമായി
അവന്റെ സ്‌പര്‍ശനമേല്‍ക്കെ
മൂര്‍ച്ചയുള്ള മുള്‍മുനകള്‍
മധുവൂറും മലരായി
ശാപം പേറിയ കല്ലൊരു പെണ്ണായി മാറി

അപ്പോഴാണ്‌ അവള്‍ മുട്ടുകുത്തി
കണ്ണുനീര്‍ കൊണ്ട്‌ അവന്റെ
കാലുകള്‍ കഴുകി ചുംബിച്ച്‌
അവനോട്‌ അടക്കം പറഞ്ഞത്‌
ayattn ("AGAPE")

Read pdf
Join WhatsApp News
വായനക്കാരൻ 2015-07-12 19:32:53
...........
"നിന്നിലെ ആരും കാണാത്തതിനെ ഞാൻ മാത്രം സ്നേഹിക്കുന്നു". അവൾ പറഞ്ഞു.
അപ്പോൾ പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞു. “നീ പോകൂ. നിന്റെ ഈ സൈപ്രസ്സ് മരത്തിന്റെ തണലലിൽ ഇരിക്കാൻ എന്നെ അനുവദിക്കുകയില്ലെങ്കിൽ ഞാൻ ഇവിടം വിട്ടുപോകും”.
ഞാൻ അവനോട് കരഞ്ഞു പറഞ്ഞു “യജമാനാ എന്റെ വീട്ടിലേക്കു വരൂ. ഞാൻ നിനക്കായി കുന്തിരുക്കം പുകക്കാം, പാദങ്ങൾ കഴുകാൻ വെള്ളിപ്പാത്രവും തരാം. നീ അപരിചിതനാണെങ്കിലും ഞാൻ നിന്നെ അറിയുന്നു. ഞാൻ സൽക്കരിക്കാം, വീട്ടിലേക്കു വരൂ”.
അവൻ എഴുന്നേറ്റു നിന്ന് ഋതുക്കൾ വയലുകളെ നോക്കുന്നതുപോലെ എന്നെ നോക്കി മന്ദഹസിച്ചുകൊണ്ട് പറഞ്ഞു.. “പുരുഷന്മാർ അവർക്കു വേണ്ടി നിന്നെ സ്നേഹിക്കുന്നു. ഞാൻ നിനക്കു വേണ്ടി നിന്നെ സ്നേഹിക്കുന്നു”.
എന്നിട്ട് അവൻ അവിടം വിട്ടുപോയി.
ഒരു പുരുഷനും അവൻ നടക്കുന്നതു പോലെ നടക്കുന്നത് ഞാൻ കണ്ടിട്ടില്ല:. 
എന്റെ ഉദ്യാനത്തിൽ ജനിച്ച ഒരു നിശ്വ്വാസമായിരുന്നോ അന്ന് കിഴക്കോട്ട് നീങ്ങി പോയത്? അതോ എല്ലാത്തിനേയും അതിന്റെ തറക്കല്ലോളം ഉലക്കാൻ പോകുന്ന ഒരു കൊടുങ്കാറ്റായിരുന്നോ?
എനിക്കറിയില്ല. പക്ഷേ അന്ന് അവന്റെ കൺ‌കളിൽ ജ്വലിച്ച സൂര്യാസ്തമയം എന്റെ കണ്ണിലെ സർപ്പത്തിനെ ഇല്ലാതാക്കി. ഞാൻ ഒരു സ്ത്രീയായി. ഞാൻ മറിയമായി. മഗ്ദലന മറിയം.

(ഖലിൽ ജിബ്രാന്റെ “Jesus the son of man" എന്ന കവിതയുടെ ഒരു ഭാഗത്തിന്റെ പരിഭാഷ.)
വിദ്യാധരൻ 2015-07-12 20:38:11
ഒരു മനുഷ്യനു അവന്റെ കല്ലറയിൽ നിന്ന് പുറത്തു വരുവാൻ വേണ്ടത് ഇച്ഛാശക്തിയാണ്. ഇവിടെ കല്ലറ എന്ന് ഉദ്ദേശിക്കുന്നത് അവൻ സ്വയം അവന്റെ ചുറ്റും പണിതുയർത്തുന്നതാവാം അല്ലെങ്കിൽ മറ്റുള്ളവർ പണിതുയർത്തുന്നതാവാം. ഗലീലായിലെ യേശുവിനെ കല്ലർക്കുള്ളിൽ ഒതുക്കി നിറുത്തുവാൻ അതിന്റെ ശിൽപ്പികൾക്ക് കഴിഞ്ഞില്ല. കാരണം കല്ലറക്കുള്ളിൽ ഉള്ളവന്റെ ഇച്ഛാശക്തി കല്ലറയുടെ വാതിലുകളെ ഉരുട്ടിമാറ്റുവാൻ തക്കവണ്ണം ശക്തമായിരുന്നു. ഒരിക്കൽ സ്വാതന്ത്ര്യത്തിന്റെ അനന്തമായ വിഹായസിൽ പറന്നുയർന്നവർ, " സ്വാതന്ത്യ തൂവൽ കൊണ്ട് വർണ്ണ ചിറകുകൾ തുന്നിച്ച് ' മറ്റുള്ളവരെയും പറന്നുയരാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും. അതിനു കാരണം യേശുവിൽ നിന്ന് നിർഗളിക്കുന്ന, 'മുൾമുനകളെ മധുവൂറും മലരാക്കുന്ന, അല്ലെങ്കിൽ  കുമാരനാശാന്റെ ഭാഷയിൽ പറഞ്ഞാൽ 'മഹാവനത്തെ മലർവാടിയാക്കുന്ന .

"ബ്രഹ്മംതൊട്ടണുജീവിയല്ല പരമാ-
             ണുക്കൾക്കുംമുൾകാമ്പതിൽ
ചെമ്മേ നില്പതണ്ഡമായ് വിലസിടു -
             ന്നാ സ്നേഹമല്ലോ (അഗാപ്പെ) സഖേ "    

ഇന്ന് മരിച്ചവർ ഉയർത്ത് എഴുന്നേൽക്കാത്തതും, രോഗികൾ സൌഖ്യംമാകാത്തതും, ബാധിരർ കേൾക്കാത്തതും, അന്ധർ കാണാത്തതും, മുടന്തർ നടക്കാത്തും, 'ശാപം പേറിയ കല്ലുകൾക്ക് പെണ്ണാകാൻ കഴിയാത്തതിന്റെം കാരണം അഗാപ്പെ നഷ്ടമായതാണ്.  ഇതിന് എല്ലാ മതങ്ങളും ഒരുപോലെ ഉത്തരവാദികളാണ്. ഇന്ന് മനുഷ്യനിൽ നിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന ഏറ്റവും ശ്രേഷ്ടമായ ഒരു സുകുമാരഗുണത്തെ പ്രമേയമാക്കി എഴുതിയ കവിത മനോഹരമായിരിക്കുന്നു. അഭിനന്ദനം 

Bindu Tiji 2015-07-12 22:32:46
കണ്ണ് നനയിച്ചു അങ്ങയുടെ അഭിപ്രായം. 
 "മേരി യിൽ നിന്ന് മലരിലേക്കും പിന്നെ AGAPE യിലേക്കും ഉള്ള George  ന്റെ യാത്ര എന്ന 
"പ്രേമം" സിനിമയുടെ ഗൂഡ സൌന്ദര്യ ത്തോടൊപ്പം എന്റെ ചില പ്രത്യേക ജീവിതാനുഭവങ്ങളുടെ രുചി കൂടി ചേർന്ന് 
ഹൃദയത്തിൽ ഊറി ഉരുത്തിരിഞ്ഞതാണ് ഈ വരികൾ.
മറ്റൊരു സത്യം അല്പം ലജ്ജ യോടെ പറയട്ടെ ... ഞാൻ ഖലിൽ ജിബ്രാൻ എന്ന കവിയുടെ കൃതികൾ  വായിച്ചിട്ടില്ല .
വായിക്കണം ... ആ ഗ്രന്ഥ ങ്ങളുടെ മലയാള പരിഭാഷ ക്കുള്ള അന്വേഷണം ഞാൻ തുടങ്ങട്ടെ. 
ഒരിക്കൽ കൂടി  നന്ദി സർ  (വായനക്കാരൻ)
Bindu Tiji 2015-07-13 05:46:14
വിദ്യാധരൻ മാസ്റ്റർ വീണ്ടും നന്ദി.  
 നീലാകാ ശത്തിന്റെ തുണ്ട് പോലും കാണാൻ കഴിയാതിരുന്ന പൊള്ളുന്ന ചില ഭൂതകാല സ്മരണകൾ, ഇടക്കൊന്നു തിരിഞ്ഞു നോക്കിയപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു ഉതിര്ന്നു വീണതാണ് ഈ വരികൾ ഒപ്പം ഒരു വല്ലാത്ത സൌന്ദര്യ കാഴ്ച്ചയും ഉണ്ടായിരുന്നു സ്വപ്നത്തിൽ ഇരുവര്ക്കും നന്ദി  . 
സർവ്വശകതന് പ്രണാമം. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക