Image

വ്യാപം: ബി.ജെ.പി.യുടെ അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത വിചാരണയില്‍ (ഡല്‍ഹികത്ത്: പി.വി. തോമസ്)

പി.വി. തോമസ് Published on 13 July, 2015
 വ്യാപം: ബി.ജെ.പി.യുടെ അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത വിചാരണയില്‍ (ഡല്‍ഹികത്ത്: പി.വി. തോമസ്)
പതിനഞ്ചു വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന മധ്യപ്രദേശില്‍ ഹിമാലയം പോലെ ഭീമാകാരനായ ഒരു കുംഭകോണം പൊങ്ങി വന്നുകൊണ്ടിരിക്കുകയാണ്. ഒരു വലിയ പരീക്ഷ-നിയമന മാഫിയയാണ്. വിദ്യാഭ്യാസ-ഉദ്യോഗ മേഖലയില്‍ വെളിച്ചത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ സംസ്ഥാന ഗവര്‍ണ്ണറും കുടുംബവും മുഖ്യമന്ത്രിയും കുടുംബവും സംശയത്തിന്റെ നിഴലില്‍ ആണ്. വിദ്യാഭ്യാസ മന്ത്രി 2013-ല്‍ അറസ്റ്റിലായി. ഇപ്പോള്‍ ജയിലിലുമാണ്. രണ്ടായിരം കുറ്റവാളികളെ ഇതിനകം അറസ്റ്റു ചെയ്തു കഴിഞ്ഞു. അഞ്ഞൂര്‍ പേര്‍ പിടികിട്ടാപ്പുള്ളികളായി ഒളിവിലാണ്. ഇതില്‍ ഗവര്‍ണ്ണറുടെ ഇളയ മകനും ഉള്‍പ്പെടുന്നു. പ്രതിയായ മറ്റൊരു മകന്‍ ദുരൂഹ സാഹചര്യത്തില്‍ ലക്‌നൗവിലുള്ള വസതിയില്‍ വെച്ച് മരണപ്പെട്ടു. നാല്പതിലേറെ വേറെയും വ്യക്തികള്‍ വ്യാപം കേസുമായി ബന്ധപ്പെട്ട് സംശയപരമായ സാഹചര്യത്തില്‍ മരണപ്പെട്ടു. ഇതില്‍ കേസന്വേഷിക്കുന്ന ഒരു മെഡിക്കല്‍ കോളേജ് ഡീനും ഒരു ദൃശ്യ മാധ്യമ പ്രവര്‍ത്തകനും ഉള്‍പ്പെടുന്നു. സുപ്രീം കോടതി വ്യാപം കേസ് അന്വേഷണത്തിനായി സി.ബി.ഐ.ക്ക് വിട്ടുകൊണ്ട് ഉത്തരവിടുന്നു, ഒരു പൊതു താല്‍പര്യ ഹര്‍ജിയെ തുടര്‍ന്ന്. ഗവര്‍ണര്‍ക്കും സംസ്ഥാന ഗവണ്‍മെന്റിനും നോട്ടീസയച്ചു.
എന്നിട്ടും സംസ്ഥാന ഗവണ്‍മെന്റിനോ മുഖ്യമന്ത്രിക്കോ കുലുക്കമില്ല. ബി.ജെ.പി.യുടെ ദേശീയ നേതൃത്വത്തിനോ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കോ കുലുക്കമില്ല. മോഡി ഈ കുംഭകോണത്തെക്കുറിച്ചും പതിവുപോലെ പ്രതികരിച്ചി്ട്ടില്ല. എവിടെ പോയി ബി.ജെ.പി.യുടെയും മോഡിയുടെയും ഏറെ കൊട്ടിഘോഷിച്ച അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത?' കണക്കുകളുടെ അടിസ്ഥാനത്തില്‍ പതിനായിരം കോടി രൂപയുടെ അഴിമതിയാണ് വ്യാപം കുംഭകോണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൂടാതെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവിയും ജോലിയുമാണ് അപകടത്തിലായിരിക്കുന്നത്. ഒപ്പം സമൂഹത്തിന്റെ ഭാവി തന്നെയും.

വ്യാപം കുംഭകോണം എന്‍.ഡി.എ.യുടെ 2ജി സ്‌പെക്ട്ര കല്‍ക്കരി കുംഭകോണങ്ങളാണ്. യു.പി.എ.യുടെ പ്രതിശ്ചായക്കു തന്നെ മങ്ങലേല്‍പ്പിച്ച രണ്ട് കുംഭകോണങ്ങളാണ് 2ജി സ്‌പെക്ട്രവും കല്‍ക്കരി ലേല അഴിമതി കേസുകളും. ഈ അഴിമതി കേസുകളില്‍ യു.പി.എ.യുടെ മന്ത്രിയായ എ.രാജയും അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാവായ കനിമൊഴിയും മാസങ്ങളോളം തീഹാര്‍ ജയിലില്‍  കിടന്നതാണ്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംങ്ങിന് എതിരെ പോലും ആരോപണങ്ങളുടെ മുന നീണ്ടതാണ്. സുപ്രീം കോടതി അദ്ദേഹത്തെയും വിചാരണ ചെയ്യുവാന്‍ ഉത്തരവിട്ടതാണ്. പിന്നീട് ജനങ്ങള്‍ യു.പി.എ.യെ തിരസ്‌ക്കരിക്കുകയും ചെയ്തു.

അന്ന് യു.പി.എ. ഗവണ്‍മെന്റിന്റെ രാജി ആവശ്യപ്പെട്ട എന്‍.ഡി.എ. ഇന്ന് മൗനവ്രതത്തില്‍ ആണ്. ഇത് മോഡിക്ക് 'മൗനാനന്ദ സ്വാമികള്‍' എന്ന പേരും നേടി കൊടുത്തു. എന്‍.ഡി.എ മന്‍മോഹന്‍ സിംങ്ങിന് ഇട്ട പേരുകളില്‍ ഒന്ന് മൗന്‍ മോഹന്‍ സിംങ്ങ് എന്നായിരുന്നു എന്ന് ഓര്‍ക്കുക.
വ്യാപം കുംഭകോണത്തിന്റെ വ്യാപ്തി വളരെയാണ്. ആദ്യമായി രാജ്ഭവനും മുഖ്യമന്തിയുടെ കുടുംബവും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഗവര്‍ണര്‍ രാം നരേഷ് യാദവ് സംസ്ഥാനത്തിന്റെ ഭരണഘടന പ്രകാരമുള്ള മേധാവിയാണ്. പക്ഷെ ഈ കേസില്‍ അദ്ദേഹവും അദ്ദേഹത്തിന്റെ രണ്ട് ആണ്‍ മക്കളും പ്രതികളാണ്. ഒരു മകന്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കപ്പെട്ടു. ഷൈലേഷ് യാദവ് എന്ന ഈ മകന്‍ 'ഒളിവില്‍' കഴിയവേ സ്വവസതിയില്‍ വച്ച് മരണപ്പെട്ടു. ഇദ്ദേഹം ഉടമ്പടി പ്രകാരമുള്ള അധ്യാപകരുടെ റിക്രൂട്ട്‌മെന്റുമായുള്ള കേസുകളില്‍ പ്രതിയായിരുന്നു. ഗവര്‍ണറുടെ രണ്ടാമത്തെ മകനും ഇതേ കേസില്‍ പ്രതിയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്തിട്ടില്ല. ഗവര്‍ണര്‍ രാം നരേഷ് യാദവും വ്യാപം കേസിന്റെ തലപ്പത്തുണ്ട്. അദ്ദേഹത്തിനെതിരായി എഫ്.ഐ.ആറും രജിസ്റ്റര്‍ ചെയ്തതാണ്. എന്നാല്‍ ഹൈക്കോടതി അത് തള്ളിക്കളഞ്ഞു. കാരണം ഗവര്‍ണ്ണര്‍ക്ക് ഭരണഘടന പ്രകാരം കോടതി വ്യവഹാരത്തില്‍ നിന്നും മുക്തിയുണ്ട്. ഇതേക്കുറിച്ചാണ് സുപ്രീം കോടതി ഗവര്‍ണ്ണറുടെ മറുപടി തേടിയിരിക്കുന്നത്. ഗവര്‍ണ്ണറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ധന്‍രാജ് യാദവും വ്യാപം കേസില്‍ പ്രതിയായി ജയിലിലാണ്. ഇവരെല്ലാവരും രാജ്ഭവന്‍ കേന്ദ്രമാക്കി നല്ല കച്ചവടം നടത്തിയതായിട്ടാണ് ആരോപണം. രാജ്ഭവനുകള്‍ വെള്ളാനകള്‍ ആണെന്നും കേന്ദ്രത്തില്‍ ഭരണത്തിലിരിക്കുന്ന ഭരണകക്ഷിയുടെ വിരുദ്ധ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാന ഗവണ്‍മെന്റുകളെ അട്ടിമറിക്കുവാനുള്ള നിഗൂഢ കേന്ദ്രങ്ങള്‍ ആണെന്നും ഒട്ടേറെ ആരോപണങ്ങള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ഇ.എം.എസ്. മന്ത്രിസഭയും ആന്ധ്രയിലെ എന്‍.റ്റി.ആര്‍. ഗവണ്‍മെന്റും ഇതിനിരയായ നൂറിലേറെ ഗവണ്‍മെന്റുകളില്‍ രണ്ടെണ്ണം മാത്രമാണ്. രാജ്ഭവനുകള്‍ ലൈംഗിക അതിക്രമത്തിന്റെ വേദി ആയതും ചരിത്രമാണ്. ഉദാഹരണമായി ആന്ധ്രാ ഗവര്‍ണ്ണര്‍ ആയിരുന്ന നരയന്‍ ദത്ത് തിവാരിയും രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍. ഇപ്പോള്‍ ഇതാ ഒരിക്കല്‍ കൂടെ രാജ് ഭവന്‍ അഴിമതിയുടെ കൂത്തരങ്ങായി മാറിയിരിക്കുന്നു.

വ്യാപം കുംഭകോണം ഔദ്യോഗികമായി സ്ഥീരീകരിക്കപ്പെടുന്നത് 2013-ലാണ്. ഇരുപത് ആള്‍മാറാട്ടക്കാരായ പരീക്ഷാര്‍ത്ഥികളെ ക്രൈം ബ്രാഞ്ച് പിടികൂടി. അതേ വര്‍ഷം തന്നെ വളരെയേറെ കേസുകള്‍ പുറത്ത് വരികയും വിദ്യാഭ്യാസമന്ത്രി ലക്ഷ്മി കാന്ത് ശര്‍മ്മയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പിറ്റേ വര്‍ഷം മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാന് സമ്മതിക്കേണ്ടതായി വന്നു സംസ്ഥാന നിയമസഭയില്‍ 1.47 ലക്ഷം ഉദ്യോഗാര്‍ത്ഥികളുടെ നിയമനത്തില്‍ വ്യാപകമായ ക്രമക്കേടുകള്‍ ഉണ്ടായിട്ടുണ്ടെന്ന്. ഇതിന്റെ ആരംഭം 2007 ആണ്. പക്ഷെ ഗവണ്‍മെന്റ് ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ല. പക്ഷെ ചൗഹാന്‍ നല്‍കിയ ഒരേ ഒരു ഉറപ്പ് അദ്ദേഹം കുറ്റവാളിയാണെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയ സന്യാസം സ്വീകരിക്കുമെന്നാണ്.
വ്യാപം കേസില്‍ ഗുരുതരമായ പരീക്ഷാ കടലാസ് തിരിമറിയും ആള്‍മാറാട്ടവും വ്യാജ നിയമനവും ലക്ഷക്കണക്കിന് കേസുകളില്‍ നടന്നിട്ടുണ്ട്. ഇത് ജീവിതത്തിന്റെ പല മേഖലകളേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. വൈദ്യം, വനം, എന്‍ജിനീയറിങ്, അദ്ധ്യാപനം എന്നുവേണ്ട എല്ലാ മേഖലകളേയും വ്യാപം എന്ന അര്‍ബുദം ബാധിച്ചിട്ടുണ്ട്. എല്ലാം കാശ് കൊടുത്ത് വിലയ്ക്കു വാങ്ങാം 
എന്ന അവസ്ഥ ആയിരുന്നു. രാജ്ഭവനും മുഖ്യമന്ത്രിയുടെ ഓഫീസും കുടുംബവും രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥ വൃന്ദവും മധ്യപ്രദേശ് പ്രൊഫഷണല്‍ പരീക്ഷാ ബോര്‍ഡും എല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഇരുപത്തിയഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍-ഉദ്യോഗാര്‍്തഥികള്‍ ആണ് ഇതില്‍ അകപ്പെട്ടത്. പക്ഷെ ഈ അഴിമതിയേയും അതിന്റെ പിറകില്‍ പ്രവര്‍ത്തിച്ച കറുത്ത കൈകളേയും ദുരൂഹ മരണങ്ങളേയും മാഫിയ സംഘത്തേയും മൂടി വെയ്ക്കുവാനാണ് മുഖ്യമന്ത്രി ചൗഹാന്‍ നാളിതു വരെ ശ്രമിച്ചത്. കാരണം ബി.ജെ.പി. നേതാക്ക•ാരും ആര്‍.എസ്.എസ്. പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെട്ടിരുന്നു. ഉദാഹരണമായി വ്യാപം കേസിലെ ഒരു പ്രധാനപ്രതിയും  ഖനി മാഫിയ രാജാവുമായ സുധീര്‍ ശര്‍മ്മ ആര്‍.എസ്.എസിന്റെയും(സുരേഷ് സോണി) ബി.ജെ.പി.യുടെയും(പ്രഭാത് ഝാ) കോണ്‍ഗ്രസിന്റെയും (വീര്‍ സിംങ്ങ് ഗുരിയ) നേതാക്ക•ാര്‍ക്ക് പണം എത്തിച്ച് കൊടുത്തിരുന്നു. ഇതിന്റെയെല്ലാം കണക്കുകള്‍ ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ രേഖകളില്‍ ഉണ്ട്. വിദ്യാഭ്യാസമന്ത്രി ലക്ഷ്മീ കാന്ത് ശര്‍മ്മ കോടികള്‍ തട്ടിയിട്ടുണ്ട്. ഗവണ്‍മെന്റും രാഷ്ട്രീയക്കാരും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇടനിലക്കാരും രാജ്ഭവനും കൂടി നടത്തിയ ഒരു വന്‍ പരീക്ഷാ-നിയമന വഞ്ചനയുടെ കഥയാണ് വ്യാപം കുംഭകോണം. ഇതിനെയാണ് ഒരു നിസാരമായ കുംഭകോണമെന്ന് കേന്ദ്ര നിയമമന്ത്രി സദാനന്ദ ഗൗഡ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം ഇതുപോലുള്ള 'സില്ലി സ്‌കാമുകളെ' കുറിച്ച് പ്രതികരിക്കുവാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനല്ല. സദാനന്ദ ഗൗഡയെപോലെയുള്ള രാഷ്ട്രീയക്കാര്‍ അതും കേന്ദ്രമന്ത്രിമാര്‍ മനസിലാക്കേണ്ടത് വ്യാപം കുംഭകോണം ഒരു 'സില്ലി സ്‌കാം' അല്ലെന്നുള്ളതാണ്. അത് ഇന്ത്യന്‍ സമൂഹത്തിന്റെ മര്‍മ്മ പ്രധാനമായ വിദ്യാഭ്യാസ-പരീക്ഷ-ഉദ്യോഗ മേഖലകളെയാണ് ഗ്രസിച്ചിരിക്കുന്നത്. ഇത് സില്ലി ആണെങ്കില്‍ ഗൗഡക്ക് ആ വാക്കിന്റെ അര്‍ത്ഥമോ സ്ഥിതി ഗതികളുടെ ഗൗരവോ മനസിലായിട്ടില്ലെന്ന് സാരം. പക്ഷെ സുപ്രീം കോടതിക്ക്  അത് മനസിലായി.

വ്യാപം കുംഭകോണത്തില്‍ അറസ്റ്റിലായവരില്‍ മാഫിയ സംഘാംഗങ്ങളും അവരുടെ ഇരകളും ഉള്‍പ്പെടുന്നു എന്നുള്ളതാണ് മറ്റൊരു പ്രത്യേകത. കുറുക്കു വഴി തേടി കുരുക്കിലായ ഇരകള്‍ ദുരൂഹമായ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവങ്ങളുടെ യഥാസ്ഥിതി കണ്ടെത്തണം. ഒരു യുവതിയുടെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ നിന്നും കണ്ടെത്തപ്പെട്ടു. പിന്നീട് അവര്‍ കഴുത്ത് ഞെരിച്ച് കൊല ചെയ്യപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട് ഉണ്ടായി. ആരാണീ മരണ കാരണങ്ങള്‍ മൂടി വെയ്ക്കുവാന്‍ ശ്രമിക്കുന്നത്? ഈ യുവതിയുടെ കുടുംബാംഗങ്ങളെ ഇന്റര്‍വ്യൂ ചെയ്ത ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ എങ്ങനെ പൊടുന്നനെ മരണപ്പെട്ടു? എന്തുകൊണ്ടാണ് അഴിമതിക്കെതിരെ കാഹളം മുഴക്കുന്ന സാമൂഹ്യ പ്രവര്‍ത്തകര്‍ വ്യാപം കുംഭകോണ കേസില്‍ കൊല ചെയ്യപ്പെടുന്നതോ പോലീസിന്റെ സംരക്ഷണയില്‍ ജീവിക്കേണ്ടി വരികയോ ചെയ്യുന്നത്? മധ്യപ്രദേശ് ഗൃഹമന്ത്രി ബാബു ലാല്‍ ഗൗഡിന് ഇതിന് വിചിത്രമായ ഒരു മറുപടിയുണ്ട്. അദ്ദേഹത്തിന്റെ അഭിപ്രായ പ്രകാരം എല്ലാവരുടേയും ജീവിതം സംരക്ഷിക്കുവാന്‍ ഗവണ്‍മെന്റിന് സാധ്യമല്ല. ഇന്ദിരാ ഗാന്ധിയുടെ ജീവന്‍ പോലും സംരക്ഷിക്കുവാന്‍ ഗവണ്‍മെന്റിന് സാധിച്ചില്ല. വിചിത്രമായ ഒരു പ്രതിരോധമാണ് ഇത്.

വ്യാപം കുംഭകോണത്തിന്റെ വ്യാപ്തിയും അതില്‍ ഉള്‍പ്പെട്ടവരുടെ പേരു വിവരങ്ങളും പുറത്ത് കൊണ്ടുവരേണ്ടതും ആവശ്യമാണ്. അതുപോലെ തന്നെ വ്യാപം കുംഭകോണത്തോട്  അനുബന്ധിച്ചുള്ള മരണങ്ങളുടെ ദുരൂഹതയും മാറ്റപ്പെടേണ്ടതായിട്ടുണ്ട്. ഇതിന് സാധിച്ചില്ലെങ്കില്‍ ബി.ജെ.പി.യുടെ, മോഡിയുടെ അഴിമതിയോടുള്ള 'പൂജ്യം സഹിഷ്ണുത' വട്ടപൂജ്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമാകും. മോഡി അദ്ദേഹത്തിന്റെ മൗനം വെടിഞ്ഞ് പ്രതികരിക്കമം, പ്രവര്‍ത്തിക്കണം, അദ്ദേഹത്തിന് ഒന്നും മറയ്ക്കാനില്ലെങ്കില്‍, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ വെറും പൊള്ളയാണ്. വ്യാപം കുംഭകോണം സംബന്ധിച്ചുള്ള സി.ബി.ഐ. അന്വേഷണം സ്വാഗതാര്‍ഹമാണ്. അതിന്റെ മുഴുവന്‍ ക്രെഡിറ്റും സുപ്രീം കോടതിക്കുള്ളതാണ്. അടുത്തതായി സുപ്രീം കോടതിയില്‍ നിന്നും പ്രതീക്ഷിക്കുന്നത് ഈ അന്വേഷണത്തെ അത് അനുദിനം എന്നവണ്ണം മോണിറ്റര്‍ ചെയ്യുക എന്നുള്ളതാണ്. എങ്കില്‍ മാത്രമേ വ്യാപം കുംഭകോണത്തിന്റെ സി.ബി.ഐ. അന്വേഷണം നീതിയുക്തമായ ഒരു പരിസമാപ്തിയില്‍ എത്തുകയുള്ളൂ. ഗവര്‍ണ്ണറുടെയും മുഖ്യമന്ത്രിയുടെയും രാജി അവരുടെ മനസാക്ഷിക്ക് വിടാം.
 വ്യാപം: ബി.ജെ.പി.യുടെ അഴിമതിയോടുള്ള പൂജ്യം സഹിഷ്ണുത വിചാരണയില്‍ (ഡല്‍ഹികത്ത്: പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക