Image

രാമായണത്തിലെ ഭക്തിപ്രവാഹം (വാസുദേവ് പുളിക്കല്‍ )

വാസുദേവ് പുളിക്കല്‍ Published on 20 July, 2015
രാമായണത്തിലെ ഭക്തിപ്രവാഹം (വാസുദേവ് പുളിക്കല്‍ )
രാമായണമാസം സമാഗതമായി. രാമായണത്തിലെ ഭക്തിനിര്‍ഭരമായ ഈരടികള്‍ രാമഭക്തന്മാരുടെ ഭവനങ്ങളില്‍ അലയടിക്കുന്ന സമയം. വാല്‍മീകി രാമായണം എഴുതുന്നതിനു മുമ്പ് നാരദനാട് ചോദിച്ചു, 'നരദാ, നിങ്ങള്‍ ലോകം മുഴുവന്‍ ചുറ്റിക്കറങ്ങിയിട്ടുള്ള ഒത്തിരി അനുഭവസമ്പത്തുള്ള ആളല്ലേ, നിങ്ങളുടെ അഭിപ്രായത്തില്‍ ഏറ്റവും നല്ല മനുഷ്യന്‍ ആരാണ്? 'രാമന്‍' എന്ന് നാരദന്‍ മറുപടി പറഞ്ഞു. വാല്‍മീകി രാമകഥ 

പറഞ്ഞപ്പോള്‍സര്‍വ്വഗുണങ്ങളോടു കൂടിയ ഉത്തമപുരുഷനായിട്ട് രാമനെ അവതരിപ്പിക്കാന്‍ വല്‍മീകി ശ്രമിച്ചു. എന്നാല്‍, മനുഷ്യന്‍ പൂര്‍ണ്ണനല്ല. രാമനും പൂര്‍ണ്ണതയില്ലെന്നും പോരായ്മകള്‍ മനുഷ്യസഹജമാണെന്നും രാമനു സംഭവിച്ച ചില വീഴ്ച്ചകളിലൂടെ വാല്‍മീകി തെളിയിക്കുന്നു. രാമന്റെ വീഴ്ച്ചകളെ പലരും അവരവരുടെ മനോഗതമനുസരിച്ച് വ്യാഖ്യാനിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നുണ്ടെങ്കിലും രാമന്‍ എന്ന മനുഷ്യന്റെ, രാജാവിന്റെ ധര്‍മ്മാധര്‍മ്മളെ കുറിച്ചുള്ള ചിന്തയുടെ അടിസ്ഥാനത്തില്‍ വേണം രാമനെ വിലയിരുത്താന്‍ എന്നാണ് വല്‍മീകി ആഗ്രഹിച്ചിരുന്നത് എന്ന് വാല്‍മീകിരാമായണം വായിക്കുമ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കും.

രാമായണങ്ങള്‍ പലതുണ്ടെങ്കിലും കേരളീയര്‍ക്ക് പ്രിയം എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ്. കാരണം രാമന് ഈശ്വരീയ ഭാവം നല്‍കിയിട്ടുള്ള അദ്ധ്യാത്മരാമായണം, അത് വായിക്കുന്നവരേയും കേള്‍ക്കുന്നവരേയും ഈശ്വരചിന്തയുടെ ഉന്നതിയിലേക്ക് നയിച്ച്അവര്‍ക്ക് അത്മസംതൃത്പി നല്കുന്നു.ഓരോ പ്രാവശ്യം വായിക്കുമ്പോഴും ആദ്ധ്യാത്മികതയും ഭക്തിയും പ്രസരിപ്പിക്കുന്ന അദ്ധ്യാത്മരാമായണത്തിലെകാവ്യസരണി വായനക്കാരില്‍ അഭുതപൂര്‍വ്വമായ ആനന്ദാനുഭുതി വര്‍ദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നു. 

കാവ്യം സുഗേഹം, കഥ രാഘവീയം,
കര്‍ത്താവ് തുഞ്ചത്തുളവായ ദിവ്യന്‍;
ചൊല്ലുന്നതോ ഭക്തിമയ സ്വരത്തില്‍,
ആനന്ദ ലബ്ദിക്കിനിയെന്തു വേണം

എന്ന് വള്ളത്തോള്‍ പറഞ്ഞതു പോലെ രമായണം ഭക്തിരസ സമൃദ്ധമാണ്. ഈ കലിയുഗത്തില്‍ ആവശ്യം ഭക്തിയും ഭഗവത്‌നാമ ജപുവുമാണെങ്കിലും സാധരണക്കാര്‍ മുതല്‍ മിക്ക ആത്മീയ ആചാര്യന്മാര്‍ വരെ ഭൗതിക നേട്ടത്തിനു വേണ്ടിയുള്ള ചിന്തയില്‍ ആമഗ്നരായിരിക്കുകയാണ്. എവിടേയും ലൗകിക സുഖത്തെ പറ്റിയുള്ള ചിന്ത പടര്ന്നു കിടക്കുന്നത് നമ്മള്‍ നിത്യ ജീവിതത്തില്‍ കാണുന്നു. ഒരു രോഗി മരിക്കുമെന്ന് ഉറപ്പാകുമ്പോള്‍ ഡോക്ടര്‍ പറയും ഇനി വീട്ടില്‍ കൊണ്ടുപോയി ഇഷ്ടമുള്ള ആഹാരങ്ങള്‍ എല്ലാം കൊടുത്തു കൊള്ളു, അയാള്‍ സന്തോഷത്തോടെ ഈ ലോകത്തോട് യാത്ര പറഞ്ഞു പോകട്ടെ. മരിക്കുമ്പോഴും ഇന്ദ്രിയ സുഖം അനുഭവിച്ചു മരിക്കട്ടെ എന്ന നിലപാടാണ്. ഇങ്ങനെ ഇന്ദ്രിയ സുഖങ്ങളെ പറ്റിയല്ലാതെ ആത്മാവിന്റെ ആനന്ദത്തേയോ സാന്ത്വനത്തേയോ പറ്റി ചിന്തിക്കുന്നവര്‍ ചുരുക്കം.രാമായണത്തില്‍ പറഞ്ഞിരിക്കുന്നു: 

ചക്ഷുഃശ്രവണ ഗളസ്ഥമാം ദര്‍ദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതു പോലെ
കാലാഹീനാ പരിഗ്രസ്ഥമാം ലോകവു-
മാലോല ചേതസാ ഭോഗങ്ങള്‍ തേടുന്നു.

പാമ്പിന്റെ വായില്‍ അകപ്പെട്ട തവള ഭക്ഷണത്തിനു വേണ്ടി നാവു നീട്ടുന്നതു പോലെ കാലമാകുന്ന പാമ്പിനാല്‍ വിഴുങ്ങപ്പെടുമെന്നു ഉറപ്പാകുമ്പോഴും ചഞ്ചല മനസ്സോടെ മനുഷ്യര്‍സുഖഭോഗങ്ങള്‍ അന്വേഷിക്കുന്നു. മരണത്തെ മുഖാമുഖം കാണുമ്പോഴുംലൗകിക സുഖത്തിനു വേണ്ടിയുള്ള മോഹം അവസാനിക്കുന്നില്ല എന്ന് രാമായണത്തില്‍ കുറിച്ചിട്ടിരിക്കുന്നത് ലൗകിക സുഖത്തിന്റെ ക്ഷണികതയേയും നിരര്‍ത്ഥകതയേയും കുറിച്ച് ജനങ്ങളില്‍ ബോധം ജനിപ്പിച്ച് അവരെ അനശ്വരമായ ആനന്ദാനുഭൂതി നല്‍കുന്നആത്മീയതയുടെ വഴിയിലേക്ക് നയിക്കുന്നതിനു വേണ്ടിയാണ്.
വാല്മീകിക്ക് ആദ്യകവിത 'മാ നിഷാദാ' എഴുതാനും രാമായണം രചിക്കാനും പ്രചോദനമായത് ഒരു നിഷാദന്‍  ഇണപ്പക്ഷികളിലൊന്നിനെ അമ്പെയ്തു വീഴ്ത്തിയ ദാരുണസംഭവമാണ്. തന്റെ പൂര്‍വ്വജന്മങ്ങളിലൂടെ ആര്‍ജ്ജിച്ച കര്‍മ്മവാസനകളുടെ ഫലമായാണ് നിഷാദന്‍ ക്രൂരനായി ഇണപ്പക്ഷികളിലൊന്നിനെ  അമ്പെയ്തു വീഴ്ത്തിയത്. നമ്മളില്‍ പലരും ചിന്തിക്കുന്നത് ജന്മം ഒന്നേയുള്ളു, അതുകൊണ്ട് സുഖിക്കാവുന്നതിന്റെ പരമാവധി സുഖിക്കുക എന്നാണ്. 

മനുഷ്യജന്മത്തിന്റെ രഹസ്യത്തെ സൂചിപ്പിക്കുന്ന ഒരു ചെറിയ ഗുരു-ശിഷ്യ സംവാദം പറയാം. ഗുരുവും ശിഷ്യന്മാരും നടന്നു പോകുമ്പോള്‍ വഴിയോരത്ത് ഒരു കണ്ണു പൊട്ടന്‍ തപ്പിത്തടയുന്നതുകണ്ട് ശിഷ്യന്മാര്‍ ചോദിച്ചു, ഗുരോ ഇയാള്‍ അന്ധനായി ജനിച്ച് ദുരിതം അനുഭവിക്കുന്നത് ആരുടെ കുറ്റം കൊണ്ടാണ്, ദൈവത്തിന്റേയോ അതോ ഇയാളുടെ പൂര്‍വ്വികന്മാരുടേയോ? ദൈവത്തിന്റേതാണെങ്കില്‍ ദൈവം പക്ഷപാതിയല്ലേ? ഗുരു മറുപടി പറഞ്ഞു, ഈ അന്ധത സംഭവിച്ചത് മറ്റാരുടേയും കുറ്റം കൊണ്ടല്ല. ഇയാളുടെ അന്ധനായുള്ള ജനനത്തിന് ഉത്തരവാദി ഇയാള്‍ തന്നെയാണ്. പൂര്‍വ്വ ജന്മങ്ങളില്‍ ഇയാള്‍ ചെയ്തിട്ടുള്ള കര്‍മ്മങ്ങളുടെ അനന്തര ഫലമാണീ ജന്മം. രാമായണത്തില്‍ പറയുന്നു:

പൂര്‍വ്വജന്മാര്‍ജ്ജിതകര്‍മ്മമത്രേ ഭുവി
സര്‍വ്വലോകര്ക്കും സുഖദുഃഖകാരണം.

ഭഗവാന്‍ പക്ഷപാതിയല്ല എന്ന് ഗീതയില്‍ പറഞ്ഞിരിക്കുന്നതു നോക്കു: 

സമോ അഹം സര്‍വഭുതേഷു ന മേ ദ്വേഷ്യോ അസ്തി ന പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ മയി തേ തേഷു ചാപ്യഹം 

('പ്രപഞ്ച വസുതുക്കളില്‍ ഞാന്‍ തുല്യതയോടെ സ്ഥിതി ചെയ്യുന്നു. എനിക്ക് ആരോടും പക്ഷപാതമോ, ദേഷ്യമോ  ഇല്ല.എന്നെ ഭക്തിയോടെ പൂജിക്കുന്നവര്‍ എന്നില്‍ എത്തുന്നു. ഞാന്‍ അവരെ സ്‌നേഹിക്കുന്നു'). ഭഗവാനില്‍ അഭയം പ്രാപിക്കുന്നവര്‍ക്ക്  ഓരോരുത്തരിലും പ്രബലമായിരിക്കുന്ന ഗുണത്തിനനുസൃതമായി (താമസം, രാജസം, സാത്വീകം) ഫലസിദ്ധിയുണ്ടാകുന്നു.ക്രമേണഈശ്വരനുമായി ലയം പ്രാപിക്കുകയും ചെയ്യും. മോക്ഷപ്രാപ്തിക്ക് ചിലപ്പോള്‍ പല ജന്മങ്ങള്‍ വേണ്ടി വരും. അതുകൊണ്ടാണ് പൂര്‍ണ്ണത്തില്‍ (പരമാത്മാവില്‍) നിന്നുത്ഭവിച്ച് പൂര്‍ണ്ണത്തിലേക്കു തന്നെയുള്ള അനസ്യൂതമായ യാത്രക്കിടയിലുള്ള സമയമാണ് ജീവിതം എന്നു പറയുന്നത്. പൂര്‍ണ്ണതയില്‍ എത്തിച്ചേരുന്നതിനിടയില്‍ ജനിമൃതികള്‍ സംഭവിക്കുന്നു. അപ്പോള്‍ ജന്മം ഒന്നേ ഉള്ളൂ, ഈ കാണുന്നതു തന്നെ ജീവിതം എന്ന് ധരിച്ചു വച്ചിരിക്കുന്നവര്‍ ഒരു തിരുത്തലിനു തയ്യാറാകേണ്ടി വരും.മനുഷ്യരുടെ ഇന്നത്തെ അവസ്ഥക്ക് യുക്തമായ ഒരു വിശദീകരണം  ഹിന്ദുമതത്തിലെ പുനര്‍ജന്മ സിദ്ധാന്തം നല്കുന്നൂണ്ട്.നമ്മുടെ മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന വാസനകളുടെ അടിസ്ഥാനത്തിലാണ് വീണ്ടും ജന്മമുണ്ടാകുന്നത്. ഈ വാസനകള്‍ ചിലപ്പോള്‍ മറ്റുള്ളവരെ ഭയപ്പെടുത്തും വിധം ഭീഭത്സമായിരിക്കും, ചിലപ്പോള്‍ അവരെ സാന്ത്വനപ്പെടുത്തും വിധം ശാന്തമായിരിക്കും. വാല്‍മീകിയുടെ മനസ്സിനെ കലുഷമാക്കിയ നിഷാദജന്മം അയാളുടെ പൂര്‍വ്വജന്മങ്ങളിലെ കര്‍മ്മഫലമാണ്. 

 നിഷാദന്റെ കാഴ്ച്ചപ്പാടില്‍ അയാള്‍കിളിയെ അമ്പെയ്തു വീഴ്ത്തിയത് തെറ്റല്ല.നിഷാദന്‍ അയാളുടേയും കുടുംബത്തിന്റേയും ആഹാരമാര്‍ഗ്ഗം തേടുകയായിരുന്നു, അയാള്‍ക്കത് സ്വന്തം കര്‍ത്തവ്യനിര്‍വ്വഹണമാണ്. വാല്മീകി നിഷാദനെ ശപിച്ചു. പക്ഷെ നിഷാദനെ തന്റെ ക്രുരകൃത്യത്തില്‍ നിന്ന് തടയാന്‍ സാധിച്ചില്ല. ഇണപ്പക്ഷികള്‍ക്ക് അവരുടെ പ്രേമലീല പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. വിധിയെ ആര്‍ക്കാണ് തടുക്കാന്‍ സാധിക്കുക. പലപ്പോഴും വിധിയുടെ ക്രൂരതക്ക് വിധേയമായിനമ്മള്‍ താലോലിച്ചിരുന്ന സ്വപ്നങ്ങള്‍ തകര്ന്നു വീഴാറുണ്ട്. മുനിമാര്‍ കോപംകൊണ്ട് ശപിച്ചാലും ശാന്തരാകുമ്പോള്‍ ശാപമോക്ഷവും നല്‍കാറുണ്ടല്ലൊ. നീ ശാശ്വതമായ ലോകം പുല്‍കുകയില്ലഎന്ന്വാല്മീകി ശപിച്ചത് നിഷാദനെ നശിപ്പിക്കാന്‍ വേണ്ടിയായിരുന്നില്ല. അയാളെ മാനസീകമായി ഉയര്‍ത്തി നന്മയിലേക്ക് നയിക്കാന്‍ വേണ്ടിയായിരുന്നു. മാനസിക പരിവര്‍ത്തനം കര്‍മ്മത്തിലുടെ ആകാമെന്നും അതെങ്ങനെയെന്നും രാമായണത്തില്‍ പറഞ്ഞു വച്ചിട്ടുണ്ട്.

കര്‍മ്മങ്ങള്‍ സംഗങ്ങളിലൊന്നിലും കൂടതെ
കര്‍മ്മഫലങ്ങളില്‍ കാംക്ഷയും കൂടാതെ
കര്‍മ്മങ്ങളെല്ലാം വിധിച്ച വണ്ണം പര-
ബ്രഹ്മണി നിത്യേ സമര്‍പ്പിച്ചു ചെയ്യണം

എന്നൊക്കെ രാമായണത്തില്‍ എഴുതി വച്ചിരിക്കുന്നത് മനസ്സിനെ ഭക്തിയോടെ ഈശ്വരനിലേക്ക് തിരിച്ചു വച്ച് സ്വയം ഈശ്വരനില്‍സമര്‍പ്പിച്ച് കര്‍മ്മം ചെയ്യണമെന്ന് ഉത്തേജിപ്പിക്കാനാണ്. 
എന്താണ് ഭക്തിയെന്നും അത് എങ്ങനെ വളര്‍ത്തിയെടുക്കാമെന്നും രാമന്‍ ലക്ഷ്മണനു പറഞ്ഞു കൊടുക്കുന്നുണ്ട്. ഭക്തി എന്ന് ഉദ്ദേശിക്കുന്നത് ഇഷ്ടദേവതയുടെ മുന്നില്‍ കൈ കൂപ്പി നിന്ന് സ്വന്തം ആവശ്യങ്ങള്‍ നിരത്തി വച്ച് അവയുടെ നിറവേറ്റലിനു വേണ്ടി കണ്ഠം ഇടറി പ്രാര്‍ത്ഥിക്കുന്നതിനെയല്ല. എന്നെ ഭക്തിയോടെ പൂജിക്കുന്നവര്‍ എന്നില്‍ എത്തുന്നു എന്നഭഗവാന്റെ ഗീതാവാക്യം ഇവിടെ പ്രസക്തമാണ്്.  ഈശ്വര സാന്നിദ്ധ്യം ഉള്‍ക്കൊണ്ടു കൊണ്ട് എല്ലാം ഒന്നാണെന്ന ബോധം ജനിപ്പിച്ച് ജീവിതത്തിലെ എല്ലാ കെട്ടുപാടുകളില്‍ നിന്നും മോചനം നേടണം. അപ്പോള്‍ അഹന്തക്കും സ്വാര്‍ത്ഥതക്കും മനസ്സില്‍ ഇടമില്ലാതാവുകയും മായാമോഹങ്ങളില്‍ നിന്ന് വിമുക്തരാവുകയും  മനസ്സില്‍ ഈശ്വരചിന്ത നിറഞ്ഞൊഴുകുകയും ചെയ്യും. 

ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ടിയുള്ള ധ്യാനം തന്നെയാണ് ഭക്തി. അങ്ങനെ ധ്യാന നിമഗ്നരാകുമ്പോള്‍ മനുഷ്യരുടെ പരസ്പര സ്‌നേഹം ഒരു ബിന്ദുവില്‍ സംയോജിച്ച് ഈശ്വരനിലേക്ക് പ്രവഹിക്കുന്നു. മനസ്സ് ഭക്തി നിര്‍ഭരമാകുന്നു. ഭക്തിയുടെ പവിത്രതയില്‍മനസ്സ് വിശാലമാകുമ്പോള്‍ചുറ്റുപാടുമുള്ള ജീവജാലങ്ങള്‍ നമ്മുടെ ചിന്താസരണിയില്‍ ഒന്നിച്ചു ചേരുന്നു. അങ്ങനെ സമൂഹത്തില്‍ സമാനതയുടെ ഒരു പ്രസരമുണ്ടാകും. ഭക്തിയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന വാട്ടമില്ലാത്ത സമാനചിന്ത സമൂഹത്തില്‍ നന്മ ചൊരിഞ്ഞു കൊണ്ടേയിരിക്കും. 

രാമായണത്തിലൂടെ കടന്നു പോകുമ്പോള്‍ നമ്മേ നന്മയിലേക്ക് നയിക്കുന്ന ഒത്തിരി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും, രാമായണംനമുക്ക് മാര്‍ഗ്ഗദര്‍ശനമാകും. ഭക്തിയുടെ അപാരതലം അനുഭവവേദ്യമാകും. അങ്ങനെ രാമായണത്തിലെ ഭക്തി പ്രവാഹത്തിലൂടെ ഒഴുകി ഒഴുകി സംസാരസാഗരത്തിന്റെ മറുകരയെത്താം, സായൂജ്യമടയാം.
രാമായണത്തിലെ ഭക്തിപ്രവാഹം (വാസുദേവ് പുളിക്കല്‍ )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക