Image

പാര്‍ലമെന്റ് സ്തംഭനം: എന്തിനുവേണ്ടി ? (ദല്‍ഹി കത്ത് - പി.വി.തോമസ്)

പി.വി.തോമസ് Published on 25 July, 2015
പാര്‍ലമെന്റ് സ്തംഭനം: എന്തിനുവേണ്ടി ?  (ദല്‍ഹി കത്ത് - പി.വി.തോമസ്)
പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം (മണ്‍സൂണ്‍ സെഷന്‍-ജൂലൈ 21 മുതല്‍ ആഗസ്ത് 13 വരെ - 18 പ്രവൃത്തി ദിനങ്ങള്‍) സ്തംഭനാവസ്ഥയില്‍ ആണ്. ലളിത് മോഡി വിഷയത്തില്‍ ആരോപണവിധായരായ വിദേശകാര്യമന്ത്രി സുഷ്മ സ്വരാജും, രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയും, വ്യാപം കുംഭകോണത്തിലകപ്പെട്ട മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ് ചൗഹാനും രാജി വെച്ചൊഴിയാതെ ഇരുസഭകളും പ്രവര്‍ത്തിക്കുവാന്‍ അനുവദിക്കുയില്ലെന്നാണ് കോണ്‍ഗ്രസിന്റെയും മറ്റ് ചില പ്രതിപക്ഷ കക്ഷികളുടെയും ശക്തമായ നിലപാട്. രാജിസാദ്ധ്യമല്ല, ചര്‍ച്ചക്ക് തയ്യാറാണെന്നാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റെയും മറുപടി. നേര്‍ക്ക് നോക്കുന്ന പോര്‍വിളി തുടങ്ങുകയാണ്. ഇതിന്റെ ഫലമായി ആദ്യത്തെ നാല് ദിവസത്തെ സഭാനടപടികള്‍ മുടങ്ങിപ്പോയി. 

അടുത്ത പതിനാല് ദിവസത്തെ സഭാപ്രവര്‍ത്തനത്തെക്കുറിച്ച് ആര്‍ക്കും ഒരുറപ്പും ഇല്ല. അങ്ങനെയാണെങ്കില്‍ ഗവണ്‍മെന്റിന്റെയും പ്രതിപക്ഷത്തിന്റെയും പിടിവാശികൊണ്ട് വിലയേറിയ ഒരു പാര്‍ലമെന്റ് സെഷന്‍ കൂടെ രാഷ്ട്രത്തിന് നഷ്ടമാവുകയാണ്. അതിന്റെ അര്‍ത്ഥം സെഷന്റെ ഇത്രയും ദിവസത്തെ നടത്തിപ്പിന് ആവശ്യമായ 260 കോടി രൂപ വെള്ളത്തിലായെന്ന് സാരം. ഇത് നികുതിദായകനായ ഓരോ പൗരന്റെയും പണം ആണ്. മാത്രമല്ല 11 പഴയബില്ലുകളുടെയും ഒമ്പത് പുതിയ ബില്ലുകളുടെയും ഭാവിയും പരുങ്ങലില്‍ ആണ്. പഴയ ബില്ലുകളില്‍ പ്രധാനപ്പെട്ടവയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലും, ഗുഡ്‌സ് ആന്റ് സര്‍വ്വീസസ് ടാക്‌സ് ബില്ലും. സാമ്പത്തിക പരിഷ്‌കരണങ്ങളുടെ പുരോഗതിയെ സംബന്ധിച്ചിടത്തോളം ഈ രണ്ട് ബില്ലുകളും വളരെ പ്രധാനപ്പെട്ടതാണ്. 

പാര്‍ലമെന്റ് സ്തംഭിക്കുന്നതും സെഷന്‍ അപ്പാടെ പ്രവര്‍ത്തന രഹിതമാകുന്നതും ഇത് ആദ്യമായിട്ടല്ല. രണ്ട് ദശാബ്ദത്തിലേറെ പാര്‍ലമെന്റിന്റെ ഇരുസഭകളും കൃത്യമായി കവര്‍ ചെയ്തിട്ടുള്ള ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ എന്റെ ഓര്‍മ്മ അനുസരിച്ച് സഭാസ്തംഭനം വ്യാപകമായ ഒരു സ്ഥിതി വിശേഷം ആയത് 1989-ലെ ബോഫേഴ്‌സ് പീരങ്കി കുംഭകോണത്തോടെയാണ്. പാര്‍ലമെന്റ് നടപടികള്‍ പ്രസ് ഗ്യാലറിയില്‍ ഇരുന്ന് നോക്കിക്കണ്ട് റിപ്പോര്‍ട്ട് ചെയ്യുവാന്‍ ഞാന്‍  തടുങ്ങിയതും ഇക്കാലത്തു തന്നെയാണ്. രാജീവ് ഗാന്ധിയാണ് പ്രധാനമന്ത്രി. 'മിസ്റ്റര്‍ ക്ലീന്‍' എന്ന ബഹുമതിയാര്‍ജ്ജിച്ചുകൊണ്ട് പ്രധാനമന്ത്രി പദം ഏറ്റെടുത്ത രാജീവ് ഭരണത്തിന്റെ അവസാന വര്‍ഷമായപ്പോഴേക്കും ബോഫേഴ്‌സ് അഴിമതി വിവാദത്തില്‍ കഴുത്തറ്റം മുങ്ങിപ്പോയി. ഒറ്റ ദിവസം പോലും സഭ നടത്തുവാന്‍ പ്രതിപക്ഷം അനുവദിച്ചില്ല. അന്ന് ബി.ജെ.പി പാര്‍ലമെന്റില്‍ ഒരു ശക്തി ആയിരുന്നില്ല. ലോക്‌സഭയില്‍ രണ്ട് അംഗങ്ങള്‍ മാത്രം. സഭാസ്തംഭനമെന്ന വെടിക്കെട്ട് ജനതാ പരിവാറിന്റെയും ഇടതുപക്ഷത്തിന്റെയും മേല്‍നോട്ടത്തിലായിരുന്നു. 

ഇരുസഭകളും സമ്മേളിച്ചു കഴിഞ്ഞാല്‍ ഉടന്‍ തന്നെ പ്രതിപക്ഷത്തിന്റെ കലാപരിപാടി ആരംഭിക്കുകയായി. ഇപ്പോള്‍ നടക്കുന്നതു പോലെ. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ പലപ്പോഴും പ്രസ് ഗ്യാലറി റജിസ്റ്ററില്‍ ഒപ്പിടുന്നതിനു മുമ്പേ(11 മണി) സഭ പിരിയുമായിരുന്നു. ചോദ്യോത്തര വേള ഇല്ല(11 തൊട്ട് 12 വരെ). ഹൃസ്വവേള ചര്‍ച്ചയോ, ദീര്‍ഘവേള വാദപ്രതിവാദമോ ഇല്ല, ബില്ലുകളുടെ അവതരണമോ ചര്‍ച്ചയോ പാസാക്കലോ ഇല്ല. സീറോ അവര്‍ വിഷയം ഉന്നയിക്കലും ഇല്ല. എല്ലാം സീറോ അവര്‍ മാത്രം. അല്ലെങ്കില്‍ ബോഫേഴ്‌സ് മാത്രം. രാജീവിന്റെ രാജി, ബോഫേഴ്‌സ് കോഴ കേസിലെ പ്രധാന പ്രതിയും ഇറ്റലിക്കാരനുമായ ഒട്ടാവോ ക്വട്ടറോക്കിയും രാജിവിന്റെ കുടുംബവുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം, ഇങ്ങനെ പോകുന്നു പ്രതിപക്ഷത്തിന്റെ ആവശ്യങ്ങളുടെ പട്ടിക.

ലോക്‌സഭയില്‍ സഭ സമ്മേളിച്ചാല്‍ ഉടന്‍ തന്നെ (രാവിലെ 11 മണി) മധു ദന്തവദേ, ജയ്പാല്‍ റെഡ്ഡി, ജോര്‍ജ് ഫര്‍ണാണ്ടസ് തുടങ്ങിയവര്‍ നയിക്കുന്ന പ്രതിപക്ഷ പട കാലില്‍ ആണ്. തുടര്‍ന്ന് നടുത്തളത്തില്‍ താണ്ഡവം. സ്പീക്കര്‍ നിസഹായനായ നോക്കുകുത്തി.

രാജീവ് മറുപടി ഇല്ലാത്ത നിരീക്ഷകന്‍. ഇത് ആഴ്ചകളോളം നീളുകയും അവസാനം ലോക്‌സഭയിലെ  പ്രതിപക്ഷ എം.പി.മാര്‍ ഒന്നടങ്കം രാജി വെയ്ക്കുകയും ചെയ്തു. ഒടുവില്‍ കാലാവധി തീര്‍ന്ന ലോക്‌സഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിക്കുകയും ചെയ്തു. ബാക്കി ചരിത്രം.

പിന്നീടുള്ള ഗവണ്‍മെന്റുകളും, വി.പി.സിംങ്, ചന്ദ്രശേഖരന്‍, നരസിംഹറാവു, ദേവഗൗഡ, ഇന്ദര്‍ കുമാര്‍ ഗുജറാള്‍, വാജ്‌പെയ്, മന്‍മോഹന്‍ സിംങ്ങ്, സഭാ സ്തംഭനത്തിന്റെയും ചൂട് അറിഞ്ഞിട്ടുണ്ട്. ഒരു പക്ഷെ വി.പി.സിംങ്ങും, ചന്ദ്രശേഖറും, ഗൗഡയും, ഗുജറാളും വലിയ തോതില്‍ ഇതറിഞ്ഞിട്ടില്ല. ഇതിനു കാരണം ഒന്നാമത,് അവര്‍ കുറച്ചു കാലമേ ഭരിച്ചിട്ടുള്ളൂ. രണ്ടാമത്, അവരുടെ കാലത്ത് കാതലായ അഴിമതി ആരോപണങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഇവരുടെ പ്രധാന ആക്രമണകാരികള്‍ ഇവരെ പിന്തുണച്ച സഖ്യകക്ഷികള്‍ തന്നെ ആയിരുന്നു. അതായത്, ബി.ജെ.പി.യും, കോണ്‍ഗ്രസ്സും. വി.പി.സിംങ്ങ് ഗവണ്‍മെന്റിനെ പുറത്താക്കിയത് ബി.ജെ.പി ആയിരുന്നു.

കോണ്‍ഗ്രസ് ആകട്ടെ ചന്ദ്രശേഖര്‍, ഗൗഡ, ഗുജറാള്‍, ഗവണ്‍മെന്റുകളേയും പുറത്താക്കി. പാര്‍ലമെന്റോ അതിന്റെ സ്തംഭനമോ ആയിരുന്നില്ല അവരുടെ പ്രധാന ഭീഷണി എന്നു സാരം. അന്ന് പാര്‍ലമെന്റ് സാധാരണ നിലയില്‍ പ്രവര്‍ത്തിച്ചിരുന്നു. ചോദ്യോത്തര വേള നടന്നിരുന്നു. സീറോ അവര്‍ നടന്നിരുന്നു. ചര്‍ച്ചകള്‍ നടന്നിരുന്നു. ഹ്രസ്വകാല ചര്‍ച്ചകളും ദീര്‍ഘകാല സംവാദങ്ങളും നടന്നിരുന്നു. ബില്ലുകള്‍ അവതരിപ്പിക്കപ്പെടുകയും പാസാക്കപ്പെടുകയും ചെയ്തിരുന്നു. അങ്ങനെ ജനാധിപത്യ പ്രക്രിയയും നിയമനിര്‍മ്മാണവും നിര്‍ബ്ബാധം നടന്നിരുന്നു. എന്നാല്‍, നരസിംഹ റാവുവിന്റെ കാലത്ത്, രാജീവന്റെ എന്നവണ്ണം, സഭാസ്തംഭനം വീണ്ടും തല പൊക്കി. സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ഭാഗമായ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന തുടങ്ങി ഒട്ടേറെ പുതിയ പോര്‍മുഖങ്ങള്‍ തുറന്നു. അക്കാലത്ത് ബിജെപി പതിയെ ശക്തി പ്രാപിച്ച് വരികയായിരുന്നു. അയോധ്യ മൂവ്‌മെന്റ് തിളച്ചു തുടങ്ങിയിരുന്നു. ജനതാ പരിവാറും ശക്തമായിരുന്നു. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് കുംഭകോണം, ഹര്‍ഷദ് മേത്താ കൈക്കൂലി (പ്രധാനമന്ത്രി റാവുവിന് അറുപത് ലക്ഷം രൂപ സ്യൂട്ട് കേസില്‍ കൊടുത്തെന്ന വിവാദം) ബാബറി മസ്ജിദ് ഭേദനം, മുംബൈ കലാപം-സീരിയല്‍ സ്‌ഫോടനം, ടെലികമ്യൂണിക്കേഷന്‍ കുംഭകോണം ഇവയെല്ലാം പാര്‍ലമെന്റിനെ ഇളക്കി മറിച്ചു, സ്തംഭിപ്പിച്ചു.

വാജ്‌പെയുടെ കാലത്തും സഭാ സ്തംഭനങ്ങള്‍ ഏറെ ഉണ്ടായി. പെട്രോള്‍ പമ്പ് കുംഭകോണവും മറ്റും ഇവയില്‍ ചിലതാണ്. 

മന്‍മോഹന്റെ കാലം സ്തംഭനങ്ങളുടെ കുംഭമേള ആയിരുന്നു. ബി.ജെ.പി. ഒരു അവസരവും വെറുതെ വിട്ടില്ല. യു.പി.എ.യുടെ ഒന്നാം അവതാരത്തിലും രണ്ടാം അവതാരത്തിലും സഭാ സ്തംഭനങ്ങള്‍ പതിവായി. ബി.ജെ.പി ആയിരുന്നു സ്വഭാവികമായും പ്രതിപക്ഷ ആക്രമണത്തിന്റെ മുന്നില്‍. ഒന്നാം യു.പി.എ.യിലെ സഭാ സ്തംഭനങ്ങള്‍ ജനങ്ങള്‍ അനുകൂലിച്ചില്ലെന്നതിന്റെ തെളിവായിരുന്നു യു.പി.എ.യെ രണ്ടാമതും(2009) തെരഞ്ഞെടുത്തത്. രണ്ടാം യു.പി.എ.യിലെ പാര്‍ലമെന്റ് സ്തംഭനങ്ങള്‍ ജനം അംഗീകരിക്കുകയും വിശ്വസിക്കുകയും ചെയ്തു. അത് പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ നാടകമായി അവര്‍ കണക്കാക്കിയില്ല. 

കാരണം 2-ജി സ്‌പെക്ട്രവും കല്‍ക്കരി കുംഭകോണവും(1.76 ലക്ഷം കോടി, 1.86 ലക്ഷം കോടി) പുറത്തു കൊണ്ടുവന്നത് കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി) ആയിരുന്നു. സഭ 2-ജിയില്‍ മുങ്ങിപ്പോയി. ദിവസങ്ങളോളവും ആഴ്ചകളോളവും പാര്‍ലമെന്റ് പ്രവര്‍ത്തന രഹിതമായി. ബി.ജെ.പി അതിന്റെ രാഷ്ട്രീയ മുതലെടുപ്പ് ശരിക്കും നടത്തി. കോണ്‍ഗ്രസ് നട്ടം തിരിഞ്ഞു പോയി. കല്‍ക്കരി കുംഭകോണത്തില്‍ 2012-ലെ ശീതകാല സമ്മേളനം മരവിച്ചു പോയി. ബി.ജെ.പി.യുടെ പ്രധാന ആവശ്യം കല്‍ക്കരി കുംഭകോണം അന്വേഷിക്കുവാന്‍ ഒരു സംയുക്ത പാര്‍ലമെന്ററി കമ്മറ്റി നിയമിക്കപ്പെടണം എന്നതായിരുന്നു. കോണ്‍ഗ്രസ് ആദ്യം ഒന്നും വഴങ്ങിയില്ല. 

ഒരു സെഷന്‍ അങ്ങനെ കല്‍ക്കരി കുംഭകോണത്തിന്റെ കുത്തൊഴുക്കില്‍ ഒലിച്ചു പോയി. അവസാനം കല്‍ക്കരി കുംഭകോണത്തില്‍ സംയുക്ത പാര്‍ലമെന്ററി കമ്മറ്റിയുടെ അന്വേഷണത്തിന് ഉത്തരവിട്ടു. പി.സി.ചാക്കോ അതിനെ നയിച്ചു. എന്തു നേടി ? ഒന്നും നേടിയില്ല. അവസാനം സുപ്രീം കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അവിഹിതമായി വിറ്റ കല്‍ക്കരി ഖനികളുടെ അനുമതി റദ്ദാക്കിയത്. 2-ജി സ്‌പെക്ട്രത്തിലും കല്‍ക്കരി കുംഭകോണത്തിലും അതേ തുടര്‍ന്നുണ്ടായ പാര്‍ലമെന്റ് സ്തംഭനത്തിന്റെയും യു.പി.എ.യുടെയും മന്‍മോഹന്‍ സിംങ്ങ് ഗവണ്‍മെന്റിന്റെയും ശവപ്പെട്ടിയില്‍ പതിച്ച അവസാനത്തെ രണ്ട് ആണികള്‍ ആയിരുന്നു.

ഇനി ഇപ്പോഴത്തെ സഭാസ്തംഭനവും വിവാദ-കുംഭകോണവും നോക്കാം. പ്രതിപക്ഷം-അതായത് കോണ്‍ഗ്രസ് ബി.ജെ.പി.ക്ക് അതേ നാണയത്തില്‍ തന്നെ മറുപടി കൊടുക്കുകയാണ്. അങ്ങനെ നോക്കുമ്പോള്‍ ഇത് പച്ചയായ രാഷ്ട്രീയമാണ്. കോണ്‍ഗ്രസ് അതിനെ ശരിക്കും മുതലെടുക്കുകയുമാണ്. തികച്ചും സ്വാഭാവികം.

ലളിത് മോഡി വിഷയത്തില്‍ സുഷമാ-സ്വരാജ്-സിന്ധ്യ ഇന്ത്യയുടെ ഒരു പിടികിട്ടാപ്പുള്ളിയെ ആണ് സഹായിച്ചത്. ഈ പിടികിട്ടാപ്പുള്ളി ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് ലംഘന കേസില്‍ പ്രതിയായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടപ്പുള്ളിയാണ്. ഡയറക്ടറേറ്റിന്റെ ചോദ്യത്തിനു വിധേയനാകുവാനായി ഇന്ത്യയില്‍ വരാതെ ലളിത് മോഡി ലണ്ടനില്‍ ഒളിച്ചു താമസിക്കുകയാണ്. ഇദ്ദേഹത്തിന്റെ യാത്രാ രേഖകള്‍ക്കും ബ്രിട്ടീഷ് പൗരത്വത്തിനും ഉള്ള ഒത്താശകളാണ് സുഷമാ സ്വരാജും സിന്ധ്യയും ചെയ്തു കൊടുത്തത്. സിന്ധ്യ ആകട്ടെ ഇന്ത്യയിലെ അധികൃതര്‍ അവര്‍ ചെയ്ത സഹായം അറിയരുതെന്ന് ഒരു വ്യവസ്ഥയും വെച്ചിരുന്നു. 

ഇതൊന്നും പ്രധാനമന്ത്രിയുടെ മറുപടി അര്‍ഹിക്കുന്ന പാര്‍ലമെന്റിന്റെ പരിശോധന അര്‍ഹിക്കുന്ന വിഷയങ്ങള്‍ അല്ലേ ? തീര്‍ച്ചയായിട്ടും ആണ്. അതുപോലെ തന്നെ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംങ്ങ് ചൗഹാന്‍ ഉള്‍പ്പെട്ട വ്യാപം കുംഭകോണവും വളരെ ഗൗരവമേറിയ വിഷയം ആണ്. ഇതിനെ കേരള-ആസ്സാം-ഹിമാചല്‍ പ്രദേശ്-ഉത്തരാഖണ്ഡ് മുഖ്യമന്ത്രിമാര്‍(എല്ലാ കോണ്‍ഗ്രസ്) ഉള്‍പ്പെട്ട അഴിമതികളുമായി തുലനം ചെയ്ത് ലഘൂകരിക്കാന്‍ ശ്രമിക്കുന്നത് രാഷ്ട്രീയമായ അതിബുദ്ധിയാണ്. ആത്മാര്‍ത്ഥമായ സമീപനം അല്ല. അത് വിലപ്പോവുകയും ഇല്ല. കാരണം, രണ്ട് തെറ്റുകള്‍ ഒരിക്കലും ഒരു ശരി ആവുകയില്ല.

അപ്പോള്‍ പ്രതിപക്ഷവും ബി.ജെ.പി.യും വര്‍ഷകാല പാര്‍ലമെന്റ് സമ്മേളനത്തിന്റെ സ്തംഭനാവസ്ഥയ്ക്ക് ഒരു പ്രതിവിധി അല്ല തത്കാലം തേടുന്നത് എന്ന് നിശ്ചയം. ഇരു ഭാഗവും നഗ്നമായ രാഷ്ട്രീയം കളിക്കുകയാണ്. ചര്‍ച്ചക്കു മുമ്പായി മന്ത്രിമാരുടെ രാജി ആവശ്യപ്പെടുക വഴി കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷവും വളരെ കടുത്ത ഒരു നിലപാടാണ് എടുത്തിരിക്കുന്നതെന്ന് വ്യക്തം. ഇതില്‍ നിന്നും പുറകോട്ട് പോകുമോ ? പോകുവാനാകുമോ ? ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഗവണ്‍മെന്റും രാജി കാര്യത്തില്‍ കടുംപിടുത്തമാണ് പിടിച്ചിരിക്കുന്നത്. ഗവണ്‍മെന്റും പുറകോട്ട് പോകുവാന്‍ യാതൊരു സാധ്യതയും കാണുന്നില്ല. ഇതിന്റെ അര്‍ത്ഥം 2015-ലെ പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനവും ഒട്ടേറെ ബില്ലുകളും കുടത്ത പ്രതിസന്ധിയില്‍ ആണെന്നാണ്.


പാര്‍ലമെന്റ് സ്തംഭനം: എന്തിനുവേണ്ടി ?  (ദല്‍ഹി കത്ത് - പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക