Image

പ്രവാസികള്‍ കേരളത്തിന്‍െറ മുഖശ്രീ

കായിക്കര ബാബു Published on 10 January, 2012
പ്രവാസികള്‍ കേരളത്തിന്‍െറ മുഖശ്രീ
കടത്തിന്‍െറ കൊടുമുടിയിലുള്ളവര്‍, സ്‌പോണ്‍സര്‍മാരുടെ പീഡനങ്ങള്‍കൊണ്ട്‌ പൊറുതിമുട്ടിയവര്‍, ഏതുനിമിഷവും ജോലി നഷ്ടമായേക്കാമെന്ന ഭീതിയുടെ നിഴലില്‍ കഴിയുന്നവര്‍ഗള്‍ഫ്‌ രാജ്യങ്ങളിലെ നിത്യകാഴ്‌ചയാണിത്‌. ഗള്‍ഫ്‌ ജോലിയുടെ വസന്തകാലത്തിന്‍െറ പടിയിറക്കം ആരംഭിച്ചുവെന്നാണ്‌ ചിത്രം വ്യക്തമാക്കുന്നത്‌. സാമ്പത്തികമാന്ദ്യത്തിന്‍െറ ആഘാതമേല്‍പിച്ച പടിഞ്ഞാറന്‍ രാജ്യങ്ങളിലും പ്രവാസികളുടെ ജീവിതത്തില്‍ കരിനിഴല്‍ പടര്‍ന്നുകഴിഞ്ഞു. നാട്ടിലാകട്ടെ, സര്‍വതും നഷ്ടപ്പെട്ട്‌ മടങ്ങിവന്നവര്‍ ദുരന്തപൂര്‍ണമായ ജീവിതം മുന്നോട്ടുനീക്കാനുള്ള തത്രപ്പാടുകളുടെയും അനിശ്ചിതത്വത്തിന്‍െറയും നടുവിലും. പാവങ്ങളും നിരാലംബരുമായ പ്രവാസികളുടെ ഹതാശജീവിതങ്ങള്‍ വിലയിരുത്തുന്നതില്‍ നമുക്ക്‌ വീഴ്‌ചപറ്റിയിരിക്കുന്നു. മടങ്ങിവന്നവരും ഏതുസമയത്തും മടങ്ങിപ്പോകാനുള്ള ഉത്തരവ്‌ പ്രതീക്ഷിക്കുന്നവരുമായ പ്രവാസികള്‍ അനുഭവിക്കുന്ന ദൈന്യതകളും വെല്ലുവിളികളും അക്കാദമിക്‌ പണ്ഡിതരും ഭരണനേതൃത്വവും പൊതുസമൂഹവും കണ്ണുതുറന്ന്‌ കാണേണ്ട സമയം വൈകിയെന്നുതന്നെ പറയാം.

സ്വന്തം നാടിനെ സമ്പന്നതയിലേക്ക്‌ നയിക്കാനായി യൗവനം ഹോമിക്കപ്പെട്ടവരാണ്‌ പ്രവാസികള്‍. തങ്ങള്‍ക്ക്‌ പ്രിയപ്പെട്ട പലതിനെയും കൈവെടിഞ്ഞുള്ള മലയാളിയുടെ പ്രവാസജീവിതമാണ്‌ പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്‌മയുംകൊണ്ട്‌ പൊട്ടിത്തെറിക്കുമായിരുന്ന കൊച്ചുകേരളത്തെ തടയണഭിത്തിപോലെ പ്രതിരോധിച്ചതും. ജീവിക്കാന്‍ ആവശ്യമായ തൊഴില്‍ പൗരന്‌ ഭരണഘടന പ്രദാനം ചെയ്യുന്ന മൗലികാവകാശമാണ്‌. അത്‌ നിറവേറ്റുന്നതില്‍ നാടിന്‌ സംഭവിച്ച പിഴവാണ്‌ ജനസംഖ്യയില്‍ വലിയൊരു ഭാഗത്തെ പ്രവാസത്തിന്‍െറ ദുര്‍ഘടസന്ധികളിലേക്ക്‌ നയിച്ചതും.

സംസ്ഥാന രൂപവത്‌കരണശേഷം ഒരു സര്‍ക്കാറിനും നല്‍കാന്‍ കഴിയാതിരുന്ന ഐശ്വര്യത്തിന്‍െറ മുഖശ്രീയാണ്‌ പ്രവാസികള്‍ കേരളീയ ഗ്രാമങ്ങള്‍ക്ക്‌ പകര്‍ന്നുനല്‍കിയത്‌. ആധുനിക ചരിത്രത്തില്‍ കേരളത്തെ സാമ്പത്തികവും വിദ്യാഭ്യാസപരവുമായ വലിയൊരു കുതിച്ചുചാട്ടത്തിലേക്ക്‌ നയിച്ച നിയാമകശക്തിയാണ്‌ പ്രവാസികള്‍. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ വലിയൊരു വിഭാഗം എന്ത്‌ ക്‌ളേശം സഹിച്ചും കുട്ടികള്‍ക്ക്‌ മികച്ച വിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യബോധത്തോടെയാണ്‌ പുറംനാടുകളിലേക്ക്‌ വണ്ടികയറിയത്‌. എല്‍.കെ.ജി മുതല്‍ പ്രഫഷനല്‍ കോഴ്‌സുകള്‍വരെ നടത്തുന്ന വിദ്യാഭ്യാസ കച്ചവടക്കാരാകട്ടെ, ഇവരെ എന്‍.ആര്‍.ഐ മുദ്രചാര്‍ത്തി കൊള്ളക്കുള്ള മുന്തിയ ഇരയായും കണ്ടു. സാമ്പത്തികമാന്ദ്യംമൂലം കുഞ്ഞുങ്ങളുടെ പഠനം നാട്ടിലേക്ക്‌ മാറ്റിയ പ്രവാസികുടുംബങ്ങള്‍ക്ക്‌ ഇവിടെയുണ്ടായ അനുഭവം ?ഇടിവെട്ടിയവനെ പാമ്പുകടിച്ചു? എന്ന പഴമൊഴിയെ ഓര്‍മിപ്പിക്കുന്നതായി.

താളംതെറ്റിയ ജീവിതവുമായി മടങ്ങിവന്ന വിദേശ മലയാളികളുടെ എണ്ണം 12 ലക്ഷം കടന്നിരിക്കുന്നു. ഇതില്‍ നല്‌ളൊരു സംഖ്യ ജീവിതമാര്‍ഗമില്ലാത്തവരും അവശരും ആലംബഹീനരും. പ്രവാസികളുടെ അധ്വാനത്തിന്‍െറ പടവുകള്‍ ചവിട്ടി മുന്നേറിയ നാട്‌ ഇക്കൂട്ടരെ കറിവേപ്പിലപോലെ കാണുന്നത്‌ ക്രൂരമാണ്‌. പ്രവാസികളുടെ ജീവല്‍പ്രശ്‌നങ്ങളെ അവരുടെ അവകാശമായി കണ്ട്‌ അംഗീകരിക്കാനുള്ള തുറന്നമനസ്സാണ്‌ വേണ്ടത്‌. നിര്‍ഭാഗ്യവശാല്‍, ഇവര്‍ക്ക്‌ നീതി നല്‍കാനുള്ള ധാര്‍മികവും മാനവികവുമായ ഉത്തരവാദിത്തം ചുമതലപ്പെട്ടവര്‍ വിസ്‌മരിക്കുന്നു.

ഓരോ ജനുവരി ഒമ്പത്‌ കടന്നുപോകുന്തോറും ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകുന്നു. ഇവരെപ്പറ്റി ചിന്തിക്കാതെ, ഇവരുടെ വേദനകള്‍ക്ക്‌ ശമനമേകാതെ പ്രധാനമന്ത്രിമാരുടെ പൊള്ളയായ വാഗ്‌ദാനങ്ങളുടെയും വിരസങ്ങളായ പ്രസ്‌താവനകളുടെയും തനിയാവര്‍ത്തനങ്ങളായി ദിനാഘോഷങ്ങള്‍ ചുരുക്കപ്പെട്ടിരിക്കുന്നു. എത്രപേരെ പുനരധിവസിപ്പിച്ചെന്നോ, സ്‌പോണ്‍സര്‍മാരുടെ ചതിക്കുഴിയില്‍പെട്ട, എത്ര ആളുകളെ സംരക്ഷിച്ചെന്നോ ഉള്ള കണക്കെടുപ്പുകള്‍ കൂടാതെ ഒരനുഷ്‌ഠാനംപോലുള്ള പഞ്ചനക്ഷത്ര ഒത്തുകൂടലുകള്‍ മാത്രമായി ഈ ദിനം കലാശിക്കുന്നു. ?പ്രഖ്യാപനങ്ങള്‍ ഉച്ചത്തിലും പ്രവാസികള്‍ ദുരിതത്തിലും? എന്ന തിരക്കഥ തുടരുകയും ചെയ്യുന്നു.

ബജറ്റിന്‍െറ ഒരുശതമാനംപോലും പ്രവാസിക്ഷേമത്തിനായി മാറ്റിവെക്കാന്‍ നമുക്ക്‌ മനസ്സില്ല. നോര്‍ക്കയുടെ വെല്‍ഫെയര്‍ ഫണ്ടിലേക്ക്‌ ഒരുകോടി രൂപ മാത്രമാണ്‌ വകയിരുത്തിയിട്ടുള്ളത്‌. ദൈനംദിന ഭരണത്തിനുപോലും വകയില്ലാത്ത പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡാകട്ടെ, ആശയക്കുഴപ്പങ്ങളുടെ നടുവിലും. അംഗത്വപ്രായം 55 വയസ്സില്‍ ഒതുക്കിയിരിക്കുന്ന ക്ഷേമനിധിയുടെ വിഹിതം ഗള്‍ഫ്‌നാടുകളില്‍ സ്വീകരിക്കാനുള്ള സംവിധാനങ്ങള്‍പോലുമില്ല. ഇരട്ട പൗരത്വവും എംബസികള്‍ വഴി വോട്ട്‌ രേഖപ്പെടുത്താനുള്ള നടപടിക്രമങ്ങളും അനിശ്ചിതത്വത്തില്‍. അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ കെട്ടിപ്പൊക്കാന്‍ വിദേശ മലയാളികളുടെ സഹായംപറ്റുന്ന നാം വിമാനത്താവളങ്ങളിലും എയര്‍ ഇന്ത്യ മുതല്‍ എമിഗ്രേഷനിലും വരെ ആകാശത്തും ഭൂമിയിലുമായി നടക്കുന്ന പിടിച്ചുപറികള്‍ കണ്ടില്‌ളെന്ന്‌ നടിക്കുന്നു. എന്തിനധികം, ഇവിടെനിന്ന്‌ സമര്‍പ്പിക്കേണ്ട രേഖകള്‍ വൈകുന്നതുമൂലം മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാന്‍ ആഴ്‌ചകളും മാസങ്ങളുമെടുക്കുന്ന ദുരവസ്ഥയും.

കാര്‍ഷികവ്യവസായ മേഖലകളില്‍ ഉല്‍പാദനം കുറയുകയും തൊഴിലില്ലായ്‌മ വര്‍ധിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന സംസ്ഥാനത്തിന്‍െറ പിടിവള്ളിയാണ്‌ പ്രവാസികള്‍. ഇവര്‍ ഒരുവര്‍ഷം 50,000 കോടി രൂപ കേരളത്തിലേക്കയക്കുന്നുവെന്നാണ്‌ ഏറ്റവും പുതിയ കണക്കുകള്‍. ബാങ്കുകളിലെ വന്‍തോതിലുള്ള എന്‍.ആര്‍.ഐ നിക്ഷേപത്തെ പ്രവാസികളുടെയും സംസ്ഥാനത്തിന്‍െറയും ക്ഷേമത്തിനുവേണ്ടി ഫലപ്രദമായി വിനിയോഗിക്കാനാകണം. ഉപഭോഗസംസ്‌കാരത്തിലേക്ക്‌ കണ്ണടച്ച്‌ പ്രയാണം നടത്തിയ ഒട്ടനവധി പാശ്ചാത്യരാജ്യങ്ങളുടെ തകര്‍ച്ചയും നമുക്ക്‌ പാഠമാകണം. പരസ്യങ്ങള്‍വഴി, ധനാര്‍ത്തിയോടെ കോര്‍പറേറ്റ്‌കുത്തക ഭീമന്മാര്‍ ഒരുക്കുന്ന കെണിയില്‍പെടാതിരിക്കാനുള്ള ജാഗ്രതയാണ്‌ പ്രവാസികള്‍ക്ക്‌ വേണ്ടത്‌.

കൊച്ചുസംസ്ഥാനമായ കേരളത്തിലെ ജനസംഖ്യയില്‍ 22 ലക്ഷം പേര്‍ വിദേശത്ത്‌ പണിയെടുക്കുന്നത്‌ തീര്‍ച്ചയായും ചെറിയ കാര്യമല്ല. ഏറ്റവും കൂടുതല്‍ വിദേശപണമെത്തുന്ന സംസ്ഥാനമെന്ന ഖ്യാതിയും നമുക്കുണ്ട്‌. പക്ഷേ, വികസനത്തിന്‍െറ കാര്യത്തില്‍ കേരളം ഇന്നും വെളിച്ചം തേടുന്ന വിളക്കിന്‍െറ അവസ്ഥയിലും. പ്രവാസികളുടെ ദീര്‍ഘകാല പരിജ്ഞാനവും സമ്പത്തും മൂലധനമാക്കി തൊഴിലില്ലായ്‌മക്കും വികസനമുരടിപ്പിനും പരിഹാരം കണ്ടെത്താതെ ഇരുട്ടില്‍ തപ്പുകയാണ്‌ നാം. വെല്ലുവിളികളെ ഏറ്റെടുക്കാനുള്ള ഉള്‍ക്കരുത്തും നവീന ആശയങ്ങളുമുള്ള ഒരു സമൂഹമെന്ന നിലയില്‍ പ്രവാസികളുടെ സേവനം രാജ്യത്തിന്‌ മുതല്‍ക്കൂട്ടാകണം.

സര്‍ക്കാര്‍ സംവിധാനത്തില്‍ ഒരുവര്‍ഷം പരമാവധി 20,000ത്തില്‍താഴെ മാത്രം നിയമനങ്ങള്‍ നടക്കുന്ന കേരളത്തെ തൊഴില്‍രഹരിതരുടെ കലാപഭൂമിയാക്കിമാറ്റാത്തത്‌ വിദേശരാജ്യങ്ങള്‍ തുറന്നുനല്‍കിയ അവസരങ്ങളാണ്‌. എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളും തൊഴില്‍ മേഖലകളില്‍ സ്വദേശിവത്‌കരണം ശക്തിപ്പെടുത്തുകയും പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മാന്ദ്യത്തെ തുടര്‍ന്ന്‌ അവസരങ്ങള്‍ ഗണ്യമായി കുറയുകയും ചെയ്‌ത സാഹചര്യത്തില്‍ പ്രവാസികളുടെ ഭാവിയില്‍ ഇരുള്‍മൂടിത്തുടങ്ങി. യാഥാര്‍ഥ്യങ്ങള്‍ നാം ശ്രദ്ധിച്ചില്‌ളെങ്കില്‍ അത്‌ മറ്റൊരു വിസ്‌ഫോടനത്തിനുള്ള വഴിതുറക്കലാവും.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക