Image

ഗ്രാമീണയോണമേ..(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 01 August, 2015
ഗ്രാമീണയോണമേ..(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
ചിന്മയരൂപമുണര്‍ത്തിവരുന്നിഹ!
നന്മ നിറഞ്ഞൊരു പൂക്കാലം
നീളെയുയര്‍ത്തുന്നരുവികളലിവോ
ടതിമോദത്തിന്‍ സംഗീതം
ചിങ്ങവുമിങ്ങെന്നരികിലണ, ഞ്ഞിവ
പൊന്നോണാഗത സന്ദേശം
ധന്യ മനസ്സുകളറിയുന്നുലകിതി
ലെന്നും നിറയേണ്ടുത്സാഹം
നേരറിയാത്തവരില്ലിന്നൊരു, പുതു
ഗ്രാമോദയമാ,യതിവേഗം!
ഹൃദയൈക്യത്തിന്‍ സുരകാവ്യങ്ങ
ളെഴുതുന്നിതുവഴിയീഗ്രാമം
വാനിലൊരായിരമിതളുകള്‍ കാണാ
നുണരുന്നരികിലൊരാരാമം
പ്രിയതരമെല്ലാം: പ്രായാന്തരമൊരു
പ്രശ്‌നമതല്ലയൊരേലക്ഷ്യം
സന്മനസ്സേകിയടുത്തുവരുന്നൂ
പൊന്നുഷസ്സേയൊരു തിരുവോണം
മലയാളത്തിന്‍ ലാളിത്യത്താല്‍
നിറയുന്നപരര്‍ക്കുന്മേഷം.

* * * *

നില്‍പ്പുയരത്തിലൊരിത്തിരി നന്മക
ളാരിലു,മലിവോടെന്നാകില്‍
നല്‍പ്പുതുലോകത്താകിലുമൊടുവില്‍
നില്‍ക്കുക!നാമീ, ഗ്രാമത്തില്‍!!
കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍സമ
മോഹങ്ങള്‍ നിറവര്‍ണ്ണനകള്‍
നിര്‍ണ്ണയമിതുപോലുണ്ടാവില്ലൊരു
സര്‍ഗ്ഗവസന്തം; സത്യത്തില്‍
ദിഗ്വിജയങ്ങളുയര്‍ത്തിയ കര്‍മ്മ
പ്രതിഭകള്‍നൂനംസന്തതികള്‍
കാത്തീടുകനാമൊരുപോലേവം;
നേര്‍ത്തവെളിച്ചത്തിന്‍ തിരികള്‍
നീളേയിതുപോലാഗതമാകാന്‍
കൊതിതോന്നീടിലിടയ്‌ക്കാദ്യം
പ്രാര്‍ത്ഥനയോടൊന്നണയുക!മനമേ,
യാത്രികരാണിവിടെല്ലാരും:
സര്‍ഗ്ഗാത്മകതയിതെന്നുമനല്‌പം
കനിവാലേകുന്നെന്‍ ഗ്രാമം
കാവുകളില്ലേലാകുവതെങ്ങനെ;
കാവ്യാങ്കണമിതു പരിപൂര്‍ണ്ണം!

* * * *

വാടിയ മനസിനു പരിവര്‍ത്തനമൊ
ന്നേകാ,നോണനിലാവറിയാന്‍
തേടിവരുന്നിവിടുപരിയൊരായിര
മപരര്‍തിരുവോണംനുകരാന്‍
വാടികയാണിവിടേവ,മവര്‍ക്കൊരു
വാടാമലരിതുമലയാളം
നീലാകാശ,മൊരാശ്വാസം; സുര
ലോകമൊരുക്കുന്നിഹ! കാലം
കനവുകളേറെയുണര്‍ന്നുഷസ്സന്ധ്യ
കണക്കെ,നിറയ്‌പ്പൂപൊന്നോണം
കൂടുകയാണുദയത്തിന്‍ ചാരുത
യാദരവേറ്റുകയാണു തഥാ!
തുമ്പികള്‍, ശലഭ,പതംഗങ്ങള്‍ സ്‌മൃതി
വീഥിയില്‍ ബാല്യത്തുടിതാളം
പാതിനിരന്നു, വിടര്‍ന്നൂ മലരുക
ളെല്ലാം നിറവിന്‍ പര്യായം
പ്രാര്‍ത്ഥനയിവിടെത്തുടരുന്നാര്‍ദ്രത
ചോരാതരികിലൊരുള്‍ഗ്രാമം
സ്വാര്‍ത്ഥതയില്ലാതീവിധ,മിവിടെ
പ്പാര്‍ത്തീടുന്നുപുലര്‍ക്കാലം
ഗ്രാമീണയോണമേ..(കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
വിദ്യാധരൻ 2015-08-01 19:41:48
നല്ലൊരു കവിതയാൽ കവിയെ നിങ്ങൾ 
ഉണർത്തിയുള്ളിൽ ആമോദം.
നന്മ നിറഞ്ഞൊരു മനസ്സാൽ നിങ്ങൾ 
കാണുന്നിന്നും ലോകത്തെ 
അതിനാൽ നിങ്ങടെ കവിതയിലിന്നും 
തിരതല്ലുന്നു സന്തോഷം! 
എന്നാൽ കാലം മാറി നാട്ടിൽ 
കാപട്യത്തിൻ വിളയാട്ടം 
കാണാൻ ഇല്ല മനുഷ്യരിലെങ്ങും 
ആത്മാര്‍ത്ഥതയുടെ തരിപോലും 
കള്ളന്മാരുടെ ഗുഹായ കേരളം 
കൊള്ളയടിക്കും പകൽ പോലും 
നേതാക്കന്മാർ! അയ്യോ കഷ്ടം!
അക്കഥ ചൊന്നാൽ നാറീടും 
കോഴപ്പണവും പെണ്‍വാണിഭവും 
വിട്ടൊഴിയാത്തൊരു  ദിനമില്ല 
കള്ളവും ചതിയും ബലാൽസംഘോം 
നേതാക്കന്മാർക്കാവശ്യം!
പാരപണിതും ചീത്ത വിളിച്ചും 
കാലം വെറുതെ കളയുന്നു. 
എന്തിനു നമ്മൾ പല്ലിട കുത്തി 
ചുമ്മാതിങ്ങനെ മണക്കുന്നു?
നിങ്ങൾ സ്വപ്നം കാണും ഗ്രാമം 
പണ്ടേ പോയി മറഞ്ഞല്ലോ ?
മലകൾ തൊടികൾ മേടുകൾ തോടുകൾ 
എല്ലാം പോയി മറഞ്ഞല്ലോ 
പൊന്നോണത്തിനു പൂക്കൾ പറിക്കാൻ 
പൂംതോട്ടങ്ങൾ ഇല്ലാതായി 
നിങ്ങൾ സ്വപ്നം കാണും ഓണം 
ഇല്ല വരില്ലിനി ഒരു നാളും;
പണ്ടത്തെ വെറും ഓർമ്മകൾ തഴുകി 
'ടീ വി- ഓണം' കണ്ടീടാം 

വായനക്കാരൻ 2015-08-02 16:21:31
നല്ലൊരുകാലം കവിയുടെയുള്ളിൽ     
മങ്ങാതിന്നും മേവുന്നു. 
കവിത്വമിയലും വരികളികളുകൊണ്ടതിൻ  
വർണ്ണചിത്രമെഴുതുന്നു.  
മുന്നിൽകാണും യാഥാർത്ഥ്യത്താൽ 
ഹൃദയത്തിൽ  മുറിവേൽക്കാതെ   
കണ്ണുകൾ പൂട്ടി മനസ്സിനുള്ളിലെ 
ചിത്രത്തിനെ താലോലിക്കാം.
Gopika 2015-08-02 19:45:17

“കണ്ണുകളില്‍ പ്രിയവര്‍ണ്ണങ്ങള്‍

സമമോഹങ്ങള്‍ നിറവര്‍ണ്ണനകള്‍....

സര്‍ഗ്ഗവസന്തം”

വൃന്ദാവനത്തില്‍ എത്തിയപോലെ...

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക