Image

പത്തുവര്‍ഷത്തെ വിജയകഥയുമായി ന്യൂയോര്‍ക്കിലെ നഴ്‌സുമാര്‍

Published on 02 August, 2015
പത്തുവര്‍ഷത്തെ വിജയകഥയുമായി ന്യൂയോര്‍ക്കിലെ നഴ്‌സുമാര്‍
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ (ഐനാനി) പത്താം വാര്‍ഷികം സൗഹൃദം പൂത്ത അന്തരീക്ഷത്തില്‍ വ്യത്യസ്‌താനുഭവമായി. റോക്ക്‌ലാന്റ്‌ കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ക്ലാരാ ജോബ്‌, ശോശാമ്മ ആന്‍ഡ്രൂസ്‌ തുടങ്ങി ഏതാനും പേര്‍ തുടങ്ങിവെച്ച സംഘടന ഒരു ദശാബ്‌ദം കൊണ്ട്‌ മൂന്നൂറിലേറെ അംഗങ്ങളുമായി നാഷണല്‍ അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ നഴ്‌സസ്‌ ഇന്‍ അമേരിക്ക (നൈന)യുടെ പ്രധാന ഘടകങ്ങളിലൊന്നായി മാറി.

ഫ്‌ളോറല്‍ പാര്‍ക്കിലെ ടൈസന്‍ സെന്ററില്‍ നടന്ന ആഘോഷത്തില്‍ ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ സെനറ്റര്‍ ജാക്ക്‌ മാര്‍ട്ടിന്‍സും, അസംബ്ലി വുമണ്‍ റൊക്സാന പെര്‍സോദും  മുഖ്യാതിഥികളായി പങ്കെടുത്തു.

ഹെല്‍ത്ത്‌ കെയര്‍ രംഗത്തെ മാറ്റങ്ങള്‍ ആരോഗ്യ പരിപാലന രംഗത്തുള്ള എല്ലാവര്‍ക്കും പ്രശ്‌നങ്ങളും സമ്മര്‍ദ്ദവുമാണ്‌ സൃഷ്‌ടിച്ചിരിക്കുന്നതെന്ന്‌ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായ സെനറ്റര്‍ മാര്‍ട്ടിന്‍സ്‌ പറഞ്ഞു. ഇവയെപ്പറ്റി തങ്ങള്‍ക്കൊക്കെ ബോധ്യമുണ്ട്‌. അതിനാല്‍ നഴ്‌സുമാര്‍ അടക്കമുള്ളവരുടെ ജീവിതം കുറച്ചുകൂടി സുഗമമാക്കാന്‍ തങ്ങളാലാകുവുന്നതൊക്കെ ചെയ്യുന്നുണ്ട്‌. നഴ്‌സുമാര്‍ അമിതമായി പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ അതു ഗുണമേന്മയെ തന്നെ ബാധിക്കും. നിങ്ങളുടെ പ്രശ്‌നങ്ങള്‍ ജനപ്രതിനിധികളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഒരിക്കലും മടിക്കരുത്‌- അദ്ദേഹം പറഞ്ഞു.

ഇപ്പോള്‍ 300-ല്‍പ്പരം പേരുള്ള സംഘടന അടുത്ത പത്തുവര്‍ഷംകൂടി കഴിയുമ്പോള്‍ 1000-ല്‍ പരം പേരുള്ള സംഘടനയാകട്ടെ എന്നദ്ദേഹം ആശംസിച്ചു.

തന്റെ മുതുമുത്തച്ഛന്മാര്‍ ഇന്ത്യയില്‍ നിന്നു ഗയാനയില്‍ എത്തിയവരാണെന്നു അസംബ്ലി വുമണ്‍ പെര്‍സാദ്‌ പറഞ്ഞു. കാഴ്‌ചയില്‍ നിങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തയായി തോന്നാമെങ്കിലും നിങ്ങളിലൊരാള്‍ തന്നെയാണ്‌ ഞാനും.

കൂടുതല്‍ ജോലിയും കുറഞ്ഞ വേതനവുമെന്ന സ്ഥിതി നഴ്‌സിംഗ്‌ രംഗത്തുണ്ട്‌. അതു മാറണം. ഫെയര്‍ സ്റ്റാഫിംഗ്‌ പോളിസി നടപ്പില്‍ വരണം. മിക്കപ്പോഴും നഴ്‌സുമാരാണ്‌ ഡോക്‌ടര്‍മാരെ ഉപദേശിക്കുന്നത്‌. നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക്‌ എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

തന്റെ വീട്ടില്‍ പല നഴ്‌സുമാരുണ്ട്‌. അവരോടും സംഘടനയില്‍ ചേരാന്‍ പറയാം. പക്ഷെ അവരും കാഴ്‌ചയില്‍ തന്നെപ്പോലെയായിരിക്കും. ഇന്ത്യ സന്ദര്‍ശിക്കണമെന്നാഗ്രഹമുണ്ട്‌. ഇന്ത്യയില്‍ എവിടെയാണ്‌ പോകേണ്ടതെന്ന ചോദ്യത്തിനു കേരളം എന്നായിരുന്നു ഏകകണ്‌ഠമായ മറുപടി.

പ്രസിഡന്റ്‌ ഉഷാ ജോര്‍ജ്‌ സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി സംസാരിച്ചു. ഒരു പ്രൊഫഷണല്‍ സംഘടന എന്ന നിലയ്‌ക്ക്‌ ഐ.എന്‍.എ അംഗങ്ങളുടെ പ്രൊഫഷണലായ വളര്‍ച്ചയ്‌ക്കും പുതിയ അറിവുകള്‍ ലഭിക്കുന്നതിനും വഴിയൊരുക്കി. തുടര്‍ വിദ്യാഭ്യാസ സെമിനാറുകളിലും മറ്റും വിദഗ്‌ധര്‍ ആരോഗ്യരംഗത്തെ മാറ്റങ്ങള്‍ക്കൊത്ത്‌ മുന്നേറാന്‍ സഹായിച്ചു. ഇതിനു പുറമെ നെറ്റ്‌ വര്‍ക്കിംഗിനും, പരസ്‌പരമുള്ള ബന്ധങ്ങള്‍ ഊഷ്‌മളമായി നിലനിര്‍ത്താനും സംഘടന സഹായിച്ചു.

തുടക്കമിട്ടവരുടെ വിശാല കാഴ്‌ചപ്പാടിനനുസരിച്ച്‌ ശരിയായ ദിശയില്‍ തന്നെയാണ്‌ സംഘടന മുന്നേറുന്നത്‌. ദുരന്തങ്ങളുണ്ടാകുമ്പോള്‍ സഹായിക്കാനും സംഘടന രംഗത്തുണ്ടായിരുന്നു. ന്യൂയോര്‍ക്കിലും ഇന്ത്യയിലുമുള്ള നഴ്‌സിംഗ്‌ വിദ്യാര്‍ത്ഥികള്‍ക്ക്‌ സംഘടന സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നു. നിര്‍ധനരായ പലര്‍ക്കും സഹായ മെത്തിക്കുന്നു.

എല്ലാവര്‍ഷവും വിദ്യാഭ്യാസ സെമിനാറുകള്‍, ഹെല്‍ത്ത്‌ ഫെയറുകള്‍, നഴ്‌സിംഗ്‌ ദിനാഘോഷങ്ങള്‍, സ്‌കോളര്‍ഷിപ്പ്‌ അവാര്‍ഡ്‌, വിവിധ കമ്യൂണിറ്റി നേതാക്കളെ ആദരിക്കല്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തുന്നു. ഡോ. സോളിമോള്‍ കുരുവിള നൈനാ പ്രസിഡന്റായിരിക്കുമ്പോള്‍ ഐ.എന്‍.എ പ്രസിഡന്റായിരുന്ന ശോശാമ്മ ആന്‍ഡ്രൂസിന്റെ നേതൃത്വത്തില്‍ ദേശീയ കണ്‍വന്‍ഷന്‌ ആതിഥ്യമരുളി- അവര്‍ ചൂണ്ടിക്കാട്ടി.

സെക്രട്ടറി മേരി ഫിലിപ്പിന്റെ റിപ്പോര്‍ട്ടില്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ അക്കമിട്ടു നിരത്തി. നേട്ടങ്ങളുടേയും സേവനത്തിന്റേയും കഥായാണ്‌ സംഘടനയ്‌ക്ക്‌ പറയാനുള്ളതെന്നും അതു ഭാവിയിലും തുടരുമെന്നും അവര്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയില്‍ സംഘടനയുടെ അംഗസംഖ്യ മൂന്നിരട്ടിയായതായി ട്രഷറര്‍ സാറാമ്മ (ഡെയ്‌സി) തോമസ്‌ ചൂണ്ടിക്കാട്ടി. സാന്‍ഡി ചുഴലിക്കാറ്റ്‌, ഹെയ്‌തിയിലും ഫിലിപ്പീന്‍സിലുമുണ്ടായ ദുരന്തങ്ങള്‍, ഇന്ത്യയിലെ ദുരന്തങ്ങള്‍ എന്നിവയ്‌ക്കൊക്കെ സഹായമെത്തിക്കാന്‍ സംഘടനയ്‌ക്കായി. വിവിധ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനു പുറമെ കല്‍ക്കട്ടയില്‍ തീപിടുത്തത്തില്‍ മരിച്ച നഴ്‌സുമാരുടെ കുടുംബത്തിനും സഹായമെത്തിച്ചു.

സംഘടനയുടെ വളര്‍ച്ചയില്‍ അഭിമാനമുണ്ടെന്നു സ്ഥാപക പ്രസിഡന്റ്‌ ഡോ. ആനി പോള്‍ പറഞ്ഞു. നമ്മുടെ അറിവുകളും ആശയങ്ങളും പരസ്‌പരം കൈമാറണം. ഒത്തൊരുമയോടെ നിന്നാല്‍ സമൂഹത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമുക്കാകും. ആദ്യകാല പ്രവര്‍ത്തകരേയും അവര്‍ അനുസ്‌മരിച്ചു.

പത്തുവര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഒരു സംക്ഷിപ്‌ത രൂപം വാക്കുകളായും ചിത്രങ്ങളായും ഉള്‍പ്പെടുത്തിയ സുവനീര്‍ ഒരു മുതല്‍ക്കൂട്ടു തന്നെയാണെന്ന്‌ ചീഫ്‌ എഡിറ്റര്‍ ശോശാമ്മ ആന്‍ഡ്രൂസ്‌ പറഞ്ഞു.

വിജ്ഞപ്‌തി പ്രസംഗം നടത്തിയ ഡോ. സൂസന്‍ കുര്യന്‍ നഴ്‌സിംഗ്‌ വിഷമകരമാണെങ്കിലും സുപ്രധാനവും തികച്ചും സംതൃപ്‌തിദായകവുമാണെന്നു ചൂണ്ടിക്കാട്ടി. മേജര്‍ ശസ്‌ത്രക്രിയയുടെ അതേ പ്രാധാന്യമാണ്‌ നിരന്തരമായ നഴ്‌സിംഗ്‌ കെയറിനുമുള്ളതെന്നു ഐക്യരാഷ്‌ട്ര സഭയുടെ പ്രഥമ സെക്രട്ടറി ജനറല്‍ ഡാഗ്‌ ഹാമര്‍ ഷോള്‍ഡ്‌ പറഞ്ഞതിനെ അവര്‍ അനുസ്‌മരിച്ചു. നഴ്‌സിംഗ്‌ ജോലി എല്ലാവര്‍ക്കും പറഞ്ഞിട്ടുള്ളതല്ല. ബുദ്ധിമതിയും സമര്‍ത്ഥയുമായിരിക്കുന്നതു പോലെതന്നെ നഴ്‌സ്‌ ദയാലുവുമായിരിക്കണം.

ഫുള്‍ബ്രൈറ്റ്‌ സ്‌കോളര്‍ഷിപ്പ്‌ നേടിയ നയാക്‌ കോളജ്‌ പ്രൊഫസര്‍ ഡോ. എലിസബത്ത്‌ സൈമണെ ആദരിച്ചു. മലയാളം പത്രം എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ ജേക്കബ്‌ റോയ്‌, കൈരളി ടിവി ഡയറക്‌ടര്‍ ജോസ്‌ കാടാപ്പുറം, ജോര്‍ജ്‌ ജോസഫ്‌ എന്നിവര്‍ക്ക്‌ പ്ലാക്ക്‌ നല്‍കി ആദരിച്ചു. നഴ്‌സിംഗ്‌ മലയാളികളുടെ ജീവിതത്തെ തന്നെ മാറ്റി മറിച്ചുവെന്നു ചൂണ്ടിക്കാട്ടിയ ജേക്കബ്‌ റോയി അമേരിക്കന്‍ മലയാളികളില്‍ നല്ലൊരു പങ്ക്‌ ഇവിടെ എത്തിയത്‌ ഏതെങ്കിലും നഴ്‌സുമാരുടെ സഹായത്താലാണെന്നതു വിസ്‌മരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി.

ഫൊക്കാന നേതാവ്‌ ലീല മാരേട്ട്‌, നാസാ ഹ്യൂമന്‍ റൈറ്റ്‌സ്‌ കമ്മീഷണര്‍ ജോര്‍ജ്‌ തോമസ്‌, നാസാ കൗണ്ടി എക്‌സിക്യൂട്ടീവ്‌ എഡ്വേര്‍ഡ്‌ മംഗാനോയുടെ പ്രതിനിധി രത്‌നാ ഭല്ല എന്നിവരും ആശംസകള്‍ നേര്‍ന്നു.

സംഘടനയ്‌ക്ക്‌ നല്‍കിയ സേവനത്തിനു കെ.പി ആന്‍ഡ്രൂസിനും പ്ലാക്ക്‌ നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ദിവ്യാ മേരി ജോസ്‌ ഗാനം ആലപിച്ചു.
പത്തുവര്‍ഷത്തെ വിജയകഥയുമായി ന്യൂയോര്‍ക്കിലെ നഴ്‌സുമാര്‍
Join WhatsApp News
Ponmelil Abraham 2015-08-03 05:18:09
Congratulations.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക