Image

നേരും നുണയും (കവിത: ബിന്ദു ടിജി)

Published on 04 August, 2015
നേരും നുണയും (കവിത: ബിന്ദു ടിജി)
നീ മന്ത്രിച്ചു
നിന്‍ കവിതയില്‍ കാതലില്ല
തോഴാ.. ഇന്ന്‌ ഞാന്‍ മാത്രം
നിന്‍ കവിതയ്‌ക്ക്‌ കാതല്‍

നീ മന്ത്രിച്ചു
നിന്‍ മിഴികളില്‍ പ്രണയമില്ല
തോഴാ... ഇന്ന്‌ ഞാന്‍ മാത്രമാണ്‌ നിന്‍ കാഴ്‌ച

നീ മന്ത്രിച്ചു
നിന്‍ മേനിക്കു സുഗന്ധമില്ല
തോഴാ-ഇന്ന്‌ ഞാന്‍ മാത്രമാണ്‌
നിന്നഴുക്കെടുക്കുന്നവള്‍

ഈ നാലുചക്ര വണ്ടിയില്‍ നിന്നെയുന്തുമ്പോള്‍
ഇന്ന്‌ ഞാന്‍ മാത്രം
നിന്‍ ചലനവും ശബ്ദവും

സത്യം അത്‌ മാത്രം, മറ്റൊക്കെ
ഇരുളിന്റെ മറവില്‍
നീ നുകര്‍ന്ന മിഥ്യയല്ലയോ പ്രിയാ.
നേരും നുണയും (കവിത: ബിന്ദു ടിജി)
Join WhatsApp News
വിദ്യാധരൻ 2015-08-04 21:21:06
കഥം തരേയം ഭവസിന്ധുമേതം 
കാ വാ ഗതിർമേ കതമോ സ്ത്യുപായ 
ജാനേന കിഞ്ചിത് കൃപയാവമാം പ്രഭോ 
സംസാരദുഃഖ ക്ഷതിമാതനുഷ്വ (ശ്രീശങ്കരാചാര്യർ)

ഈ സംസാരസാഗരത്തെ ( ഈ നാലുചക്രവണ്ടിയെ) ഞാൻ എങ്ങനെ തരണംചെയ്യും ? സമുദ്രംകടക്കാൻ ഉപായമെന്താണ്ള്ളത്? എനിക്കൊന്നും അറിഞ്ഞുകൂടാ പ്രഭോ, കൃപയാർന്നു എന്നെ രക്ഷിച്ചാലും. സംസാരദുഖനാശം സാധിച്ചു തന്നാലും 
ഗുരുജി 2015-08-05 07:32:55
സംസാര ദുഖം! അതാണ്‌ ഏറ്റവും വലിയ ദുഖം!

"ഈ ജീവിതം ഇന്നൊരു തൂക്കു പാലം 
അതിൽ ജീവികൾ നാമെല്ലാം സഞ്ചാരികൾ 
അക്കരെക്കെത്താൻ ബുദ്ധിമുട്ടുമ്പോൾ 
ഇക്കരെ നീയും വന്നെതെന്തിനാരോമൽ കുഞ്ഞേ "
വായനക്കാരൻ 2015-08-05 17:22:38
നീ മന്ത്രിച്ചു
മേനികൾ ചേരുന്ന ഗന്ധമില്ല.
നിന്നിലെ കുഷ്ഠത്തിൻ ഗന്ധമെല്ലാം
നിത്യേന കഴുകിത്തുടച്ചു തന്നു.

നീ മന്ത്രിച്ചു
നിന്നിലെ കാമത്തിൽ കലയില്ല.
നാലുചക്ര വണ്ടിയിലുന്തി
നിന്നെയഭിസാരികയിലെത്തിച്ചു.

നീ മന്ത്രിച്ചു 
സൂര്യോദയമിനി കാണുകില്ല.
എന്റെ മന്ത്രത്തിന്റെ ശക്തിയാൽ ഞാൻ
സൂര്യാസ്തമനം തടഞ്ഞു വച്ചു.

ഞാനിതെല്ലാം നിനനക്കു വേണ്ടി
മാത്രം ചെയ്തെന്നൊരു പൂതി വേണ്ട.
എന്നെനീയൊട്ടുമറിഞ്ഞിട്ടില്ല
‘യദാ യദാഹി ധർമസ്യ’ പോൽ ഞാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക