Image

എല്ലാ പാഠത്തിലും ഈ കഥ തന്നെ (കവിത: ജോര്‍ജ്‌ നടവയല്‍)

Published on 04 August, 2015
എല്ലാ പാഠത്തിലും ഈ കഥ തന്നെ (കവിത: ജോര്‍ജ്‌ നടവയല്‍)
വിണ്ണില്‍ നിന്നും
മണ്ണിലെ അമ്മത്താരാട്ടി -
ന്നൂഞ്ഞാല്‍ത്തൊട്ടിലില്‍
ഈണമ്മൂ ളിപ്പാട്ടും കേട്ടു
കുഞ്ഞിക്കൈയ്യും കാലുമിളക്കി
ചിരിരാജ്യം വാണു വളര്‍ന്നോര്‍.

കൈയ്യെത്താ മാവിന്‍ കൊമ്പില്‍
പല്ലില്ലാച്ചിരിചിരിക്കു മൊര-
മ്പിളിമാമനെ പിടിച്ചു തരും;
അമ്മ തരും
മാമുണ്ടാലെന്നമ്മമൊഴി
കേട്ടുണ്ടുരസിച്ചു വളര്‍ന്നോര്‍.

പിന്നെപ്പിന്നെ:
തണല്‍മരക്കൊമ്പില്‍
കെട്ടിയിട്ടാട്ടൂഞ്ഞാലി -
ലേറെയേറെ -
യാടിക്കളിച്ചു തകൃതി -
ത്തകൃതം പെരുത്തോര്‍,
പൊരുത്തം നിറഞ്ഞോര്‍,
സാരം വളര്‍ന്നോര്‍,
വീരം?മുതിര്‍ന്നോര്‍,
ധീരം കുതിച്ചോര്‍,
നേരം നിറച്ചോര്‍.

പിന്നെപ്പിന്നെ:
വഴിത്താര മറന്നോര്‍,
തലതെറിച്ചോര്‍,
നില മറന്നോര്‍,
കണ്ണില്‍പ്പക നിറഞ്ഞോര്‍,
വിഷമുനശ്ശരമെറിഞ്ഞോര്‍,
തമ്മിത്തമ്മില്‍
കൊലവിളിച്ചോര്‍,
കഴുത്തറുത്തോര്‍,
നിണം രുചിച്ചോര്‍.

അവരെപ്പിടിച്ചുകെട്ടി
കല്‍ത്തുറുങ്കിലുരുട്ടി
പുലര്‍കോഴി കൂകും മുമ്പേ
കഴുത്തിലുടക്കും കയര്‍ത്തുമ്പില്‍
ഊഞ്ഞാലാട്ടിയാട്ടി യുറക്കുന്നൂ
നിത്യനിദ്രയും നേര്‍ന്ന്‌
നീതിപീഠം!

ഇക്കഥയെന്നു തീരുമെന്ന്‌
കഥയറിയാത്ത
കണ്ണീര്‍മ്മനവുമായ്‌:
മണ്ണമ്മ -വിണ്ണമ്മ
മഴയമ്മയാകുന്നൂ..
കാറ്റമ്മയാകുന്നൂ-
കൊടുകാറ്റമ്മയാകുന്നൂ-.
കടലമ്മയാകുന്നൂ-
സുനാമിത്തിരപ്പെരുങ്കടലമ്മയാകുന്നൂ-
കടപുഴക്കുന്നൂ-.
ജീവിതം കടലെടുക്കുന്നൂ-.

വീരമൃത്യുവെന്നു ചിലര്‍!
അപമൃത്യുവെന്നു ചിലര്‍!
ചിതയെരിന്നൂ
ആര്‍ക്കെന്തു ഛേദം?


അച്ഛന്‍ പോയ മകള്‍ക്കും
ഇണ പോയ തുണയ്‌ക്കും
കരള്‍പോയ തോഴനും
നെഞ്ചുപൊട്ടിയ അമ്മയ്‌ക്കും
ഇരുട്ടുകയറിയ അച്ഛനും
പോയതൊക്കെയും പോകട്ടേ,
നീതി നടപ്പായല്ലോ,
രാജ്യഖ്യാതി വെടിപ്പായല്ലോ!
ഇനിയാരും ഇത്തരം
ഭീകര ഹത്യകള്‍ ചെയ്യുകില്ലല്ലോ,
പാഠം പഠിക്കുമല്ലോ!

രണ്ടാം പാഠത്തില്‍ വീണ്ടും ഈകഥ തന്നെ...
മൂന്നാംപാഠത്തിലുമീ കഥ തന്നെ...
നാലാം പാഠത്തിലും അഞ്ചാപാഠത്തിലും
എല്ലാ പാഠത്തിലും ഈ കഥ തന്നെ....
Join WhatsApp News
വിക്രമൻ 2015-08-04 13:49:21
വിദ്യാധരന് അടിക്കാനും അറിയാം അഭിനന്ദിക്കാനും  അറിയാം!
വിദ്യാധരൻ 2015-08-04 13:26:53
"ആകാശത്ത് മഴവില്ല് കാണുമ്പോൾ 
എന്റെ ഹൃദയം തുള്ളിച്ചാടുന്നു 
എന്റെ ജീവിതം ആരംഭിച്ചപ്പോൾ 
അങ്ങനെയായിരുന്നു 
പ്രായം ആകുമ്പോഴും ഞാൻ അങ്ങനെ 
ആയിരിക്കട്ടെ അല്ലെങ്കിൽ എന്നെ 
മരിക്കാൻ അനുവദിക്കു 
മനുഷ്യരുടെ പിതാവ് കുട്ടികളാണ് 
ധാർമ്മികതകൊണ്ട് എന്റ ദിവസങ്ങൾ 
കെട്ടപ്പെട്ടിരുന്നു എങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു "

വേഡ്സ് വർത്തിന്റെ മേല്പ്പറഞ്ഞ കവിതയും യേശുവിന്റെ ശിശുക്കളെ എന്റെ അരികിൽ വരുവാൻ അനുവദിക്കൂ. നിങ്ങൾ ഇവരെപ്പോലെ ആകുന്നില്ല എങ്കിൽ സ്വർഗ്ഗ രാജ്യത്തി പ്രവേശിക്കയില്ല എന്ന' വാക്കുകളും നിഷ്കളങ്കമായ ശൈശവത്തിന്റെ മധുര്യത്തെ എടുത്തു കാണിക്കുന്നു.  ശ്രീ നടവയലിന്റെ കവിതയുടെ ആദ്യഭാഗം ശൈശവത്തിന്റെ നിഷക്കപടതയിലേക്ക് വായനക്കാരന്റെ ശ്രദ്ധ ക്ഷണിക്കുന്നു. പിന്നീട് സാമൂഹ്യ ജിവിതത്തിലേക്ക് കാലുവച്ചു കേറുമ്പോശേക്കും അവന്റ് ഭാവം മാറുന്നു.  തരൂരിനെ പോലെ കപടത ഉള്ളിലും നിഷ്കളങ്കത്വം പുറമെയും നടിച്ചു നടനം ആടുകയാണ്. ചങ്ങമ്പുഴ പാടിയതുപോലെ 'കാപട്യകണ്ടകം കർക്ക ശത കൊടും കാളാശ്മകണ്ഡം' നിറഞ്ഞ നടനം. ഒരു കവിയോ സാഹിത്യകാരനോ ഇത്തരത്തിലുള്ള സൂക്ഷമമായ നിരീക്ഷണമാണ് ആവശ്യം.  അത്തരം കൃതികൾ വായിക്കുമ്പോൾ സമൂഹത്താൽ മലീമസമായ ഞങ്ങളുടെ ഹൃദയത്തിനു നന്മ തിന്മകളെ തിരിച്ചറിഞ്ഞു ആ കുട്ടികാലത്തിന്റെ നിഷ്കളങ്ക ഭാവങ്ങളെ നിലനിറുത്തി നല്ല പൗരന്മാരായി ജീവിക്കാൻ സാധിക്കും. നല്ല കവിതക്ക് അഭിനന്ദനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക