Image

മഹാനായ വിപ്ലവകാരി - മാല്‍ക്കം എക്‌സ്‌ (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)

Published on 09 August, 2015
മഹാനായ വിപ്ലവകാരി - മാല്‍ക്കം എക്‌സ്‌ (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
ആഫ്രിക്കന്‍ അമേരിക്കരുടെ ചരിത്രത്തില്‍ 'മാല്‌ക്കം എക്‌സ്‌' മഹാന്മാരില്‍ മഹാനായി അറിയപ്പെടുന്നു. കറുത്തവരില്‍ ആത്മാഭിമാനമുയര്‍ത്തുന്നതിനും ആഫ്രിക്കന്‍ സംസ്‌ക്കാര പാരമ്പര്യത്തില്‍ അഭിമാനിക്കുന്നതിനും കാരണക്കാരന്‍ മാല്‌ക്കം എക്‌സ്‌ ആയിരുന്നു. അമേരിക്കയില്‍ കറുത്തവരുടെയിടയില്‍ ഇസ്ലാം മതം പ്രചരിപ്പിച്ചതും അദ്ദേഹമായിരുന്നു. 1960കളില്‍ കറുത്തവരുടെ വിപ്ലവ മുന്നേറ്റങ്ങള്‍ക്കും 'കറുപ്പാണ്‌ സൌന്ദര്യം' എന്നമുദ്രാവാക്യങ്ങള്‍ക്കും കറുത്തവരുടെ കലാ സാംസ്‌ക്കാരിക നേട്ടങ്ങള്‍ക്കും അടിസ്ഥാനമിട്ടത്‌ അദ്ദേഹം തന്നെ. 19501960 കാലങ്ങളില്‍ നാഷന്‍ ഓഫ്‌ ഇസ്ലാം സംഘടനയുടെ ഔദ്യോഗിക വക്താവുമായിരുന്നു. ഒരു നല്ല പ്രാസംഗികനായിരുന്ന മാല്‌ക്കമിന്‌ സദസിനെ ആകര്‍ഷിക്കാന്‍ ,ആയിരങ്ങളുടെ ഹൃദയങ്ങള്‍ കവരാന്‍ അസാധാരണമായ കഴിവുണ്ടായിരുന്നു. കറുത്തവരുടെ പൌരാവകാശങ്ങള്‍ എന്തു വിലകൊടുത്തും വേണ്ടി വന്നാല്‍ അക്രമാസക്തമായ മാര്‍ഗങ്ങളില്‍ക്കൂടിയും നേടണമെന്ന ചിന്തകളായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്‌. ഈ കറുത്ത രാജകുമാരനെ സ്വാതന്ത്ര്യ ദാഹികളായ ലോകം എന്നും സല്യൂട്ട്‌ ചെയ്യുന്നു

മാല്‍ക്കം എക്‌സ്‌ 1925 മെയ്‌ പത്തൊമ്പതാം തിയതി നെബ്രാസ്‌ക്കായിലെ ഓമഹാ എന്ന സ്ഥലത്ത്‌ ജനിച്ചു. ചെറുപ്പകാലത്ത്‌ 'മാല്‌ക്കം ലിറ്റില്‍' എന്ന ജനനപേരില്‍ അറിയപ്പെട്ടിരുന്നു. പിതാവ്‌ 'യേല്‍ ലിറ്റിലും' മാതാവ്‌ 'ലൂയീസും'. യേല്‍ ലിറ്റില്‍ ഒരു മതാദ്ധ്യാപകനും കറുത്തവരുടെ സാമൂഹിക ക്ഷേമത്തിനായി പ്രവര്‍ത്തിച്ച സംഘടനാ നേതാവുമായിരുന്നു. കറുത്തവര്‍ക്കു വേണ്ടി പ്രവര്‍ത്തിച്ച കാരണം 'കു ക്ലക്‌സ്‌ ക്ലാന്‍' പോലുള്ള ഭീകര സംഘടനകളില്‍ നിന്നും ഭീഷണികളും പീഡനങ്ങളും നേരിടേണ്ടി വന്നു. 'മാല്‌ക്കം' അമ്മയുടെ ഗര്‍ഭപാത്രത്തിലായിരുന്ന സമയം അദ്ദേഹത്തിന്റെ കുടുബം അനുഭവിച്ച യാതനകളെപ്പറ്റി മാല്‌ക്കമിന്റെ ആത്മകഥാ പുസ്‌തകത്തിലുണ്ട്‌. `തന്റെ അമ്മ പറഞ്ഞ കഥയായിട്ടാണ്‌ വിവരിച്ചിരിക്കുന്നത്‌. 'കൂക്ലസ്‌ ക്ലാന്‍ യുവാക്കള്‍ ഒരിക്കല്‍ തന്റെ വീട്ടുപടിക്കല്‍ തോക്കുകളുമായി അപ്പനെ വെല്ലുവിളിച്ചെന്നും പുറത്തേക്കു വരാന്‍ അക്രോശിച്ചെന്നും ആത്മകഥയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. മാല്‌ക്കമിന്‌ നാലു വയസു പ്രായമുള്ളപ്പോള്‍ സ്ഥലത്തെ ക്ലാന്‍ പ്രവര്‍ത്തകര്‍ മാതാപിതാക്കളോടൊത്തു താമസിച്ചിരുന്ന വീടിന്റെ ജനാലകള്‍ മുഴുവന്‍ തല്ലി തകര്‍ത്തു. ശല്യം സഹിക്ക വയ്യാതെ അദ്ദേഹത്തിന്റെ പിതാവ്‌ 'യേല്‍ ലിറ്റില്‍' ഒമാഹായില്‍ നിന്നും മിച്ചിഗനിലുള്ള ഈസ്റ്റ്‌ ലാന്‍സിങ്ങില്‍ കുടുംബ സമേതം മാറി താമസിച്ചു.

പുതിയ വാസസ്ഥലമായ ലാന്‍സിംഗിലും വര്‍ണ്ണ വിവേചനം പഴയതിനേക്കാള്‍ അതിക്രൂരമായുണ്ടായിരുന്നു. 1929ല്‍ പുതിയ വീട്ടില്‍ 'യേല്‍ ലിറ്റില്‍' കുടുംബം താമസം തുടങ്ങിയ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വര്‍ണ്ണ വിവേചന വാദികള്‍ അവരുടെ വീട്‌ തീ വെച്ചു നശിപ്പിച്ചു. വെളുത്തവര്‍ ഭരിക്കുന്ന കൌണ്ടിയധികാരികള്‍ യാതൊരു വിധ അടിയന്തിര സഹായവും ചെയ്‌തില്ല. കൌണ്ടി പോലീസുകാരും ഫയര്‍ ജോലിക്കാരും അഗ്‌നിശമനം വരുത്താതെ കത്തുന്നത്‌ നോക്കി നിന്നിട്ട്‌ മടങ്ങി പോയി. ഈ കഥകളൊക്കെ മാല്‍ക്കമിനു അമ്മയില്‍നിന്നുള്ള അറിവും നേരിയ ഓര്‍മ്മകളുമേയുള്ളൂ. 1931 ല്‍ വീണ്ടും രണ്ടു കൊല്ലങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ സംഗതികള്‍ കൂടുതല്‍ വഷളാവുകയാണുണ്ടായത്‌. മുനിസിപ്പല്‍ കാറുകള്‍ പാര്‍ക്ക്‌ ചെയ്യുന്ന തെരുവില്‍ മാല്‌ക്കമിന്റെ പിതാവ്‌ ''യേല്‍ ലിറ്റിലിന്റെ'' മരിച്ച ശരീരം കണ്ടെടുക്കപ്പെട്ടു. 'യേല്‍ ലിറ്റിലിനെ' വെളുത്തവരുടെ വര്‍ണ്ണ വിവേചന മേല്‍ക്കോയ്‌മയില്‍ വധിക്കപ്പെടാന്‍ സാഹചര്യങ്ങളുണ്ടായിട്ടും കൂടെ കൂടെ കൊല്ലുമെന്ന്‌ ഭീഷണികള്‍ നിലവിലുണ്ടായിരുന്നിട്ടും അദ്ദേഹത്തിന്‍റെ മരണം പോലീസ്‌ ആത്മഹത്യയാക്കി മാറ്റിയെടുത്തു. കൊല്ലപ്പെടുമെന്ന്‌ തീര്‍ച്ചയുണ്ടായിരുന്ന മാല്‌ക്കമിന്റെ പിതാവ്‌ മക്കളുടെയും കുടുംബത്തിന്റെയും ക്ഷേമത്തിനായി വലിയ ഒരു തുക ഇന്‍ഷുറന്‍സ്‌ എടുത്തിട്ടുണ്ടായിരുന്നതും പോലീസിന്റെ ആത്മഹത്യാ റിപ്പോര്‍ട്ടിന്മേല്‍ നഷ്ടപ്പെട്ടു. തന്റെ ഭര്‍ത്താവിന്റെ മരണത്തില്‍ ദുഖിതയായ ഭാര്യ മാനസികമായി തകരുകയും പിന്നീടൊരിക്കലും സുഖം പ്രാപിക്കാത്ത വിധം നിത്യ രോഗിയായി തീരുകയും ചെയ്‌തു. 1937ല്‍ അവരെ മാനസിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ' മാല്‍ക്കം എക്‌സ്‌' വീടു വിട്ടു കൂട്ടുകാരുമൊത്തു താമസിക്കുകയും ചെയ്‌തു.

ജൂണിയര്‍ ഹൈസ്‌കൂളില്‍ മാല്‌ക്കം എക്‌സു പഠിക്കുമ്പോള്‍ ക്ലാസ്സിലെ ഏക കറുത്ത കുട്ടിയായിരുന്നു. അക്കാഡമിക്കായി നല്ല നിലവാരം പുലര്‍ത്തിയിരുന്നതുകൊണ്ട്‌ അദ്ധ്യാപകര്‍ക്കും മറ്റു സഹപാഠികള്‍ക്കും മാല്‍ക്കമിനെ പ്രിയമായിരുന്നു. ക്ലാസ്സിലെ പ്രസിഡന്‍ഡായി തെരഞ്ഞെടുക്കുകയും ചെയ്‌തു. 1939ല്‍ ഒരു ടീച്ചര്‍ മാല്‌ക്കമിനോട്‌ ' താന്‍ ഭാവിയിലെന്താകാന്‍ ആഗ്രഹിക്കുന്നുവെന്നു ചോദിച്ചു.' ഒരു വക്കീലാകാന്‍ ആഗ്രഹിക്കുന്നുവെന്നു മാല്‌ക്കം മറുപടി പറഞ്ഞു. 'അത്തരം ചിന്തകള്‍ ഒരു കറുത്ത കുട്ടി ആഗ്രഹിച്ചാല്‍ നടക്കില്ലെന്നും താന്‍ പോയി 'ആശാരിപ്പണി' പഠിക്കൂവെന്നും ടീച്ചര്‍ ഉപദേശിച്ചു. മനുഷ്യര്‍ നടക്കില്ലാത്തതിനെ ചിന്തിക്കാതെ യാഥാര്‍ത്ഥ്യ ബോധമുള്ളവരായിരിക്കണമെന്നും പറഞ്ഞു. അന്ന്‌ ഒരു കറുത്ത കുട്ടിയ്‌ക്ക്‌ ഉന്നത ഡിഗ്രീ നേടുകയെന്നത്‌ ഒരു സ്വപ്‌നം മാത്രമായിരുന്നു. ' ഇത്‌ മാല്‍ക്കമിനെ വളരെയധികം വേദനിപ്പിച്ചു. പഠിക്കാനുള്ള ആഗ്രഹം ഉപേക്ഷിച്ച്‌ അദ്ദേഹം പതിനഞ്ചാം വയസില്‍ സ്‌കൂള്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു.

സ്‌കൂള്‍ പഠനം ഉപേക്ഷിച്ച ശേഷം മാല്‍ക്കം തന്റെ അര്‍ദ്ധ സഹോദരി 'എല്ലാ' യുടെ വീട്ടില്‍ ബോസ്റ്റണില്‍ താമസം തുടങ്ങി. 'കറുത്ത വര്‍ഗക്കാരിയെന്ന നിലയില്‍ അവര്‍ സ്വന്തം സംസ്‌ക്കാരത്തിലും നിറത്തിലും തികച്ചും അഭിമാനിയായിരുന്നുവെന്നും കറുപ്പില്‍ അഭിമാനിച്ചിരുന്ന മറ്റൊരു സ്‌ത്രീയെ മാല്‌ക്കം കണ്ടു മുട്ടിയിട്ടില്ലെന്നും' തന്റെ ആത്മ കഥയില്‍ എഴുതിയിട്ടുണ്ട്‌. നീഗ്രോ സ്‌ത്രീകളില്‍ അങ്ങനെ അഭിമാനിക്കുന്നവര്‍ അക്കാലങ്ങളില്‍ ചുരുക്കമായിരുന്നു. ഒരു സാധാരണ ചെറുപ്പക്കാരനായി ജീവിച്ച 'മാല്‌ക്കം' കൗമാര പ്രായത്തിലെ വിവരക്കേടില്‍ ബോസ്റ്റണിലെ കുറ്റവാളികളുടെ ഗ്രൂപ്പില്‍ അകപ്പെട്ടു പോയി. ആരുടെയൊക്കെയോ പ്രേരണകൊണ്ട്‌ മയക്കു മരുന്നു കച്ചവടക്കാരനായി മാറി. കുശിനിശാലയില്‍ പുതിയൊരു ജോലി കിട്ടിയെങ്കിലും മയക്കു മരുന്നു ബിസിനസില്‍ പണമുണ്ടാക്കിക്കൊണ്ടിരുന്നു. ക്ലബുകളില്‍ ഡാന്‍സും ആര്‍ഭാട ജീവിതവുമായി കഴിയാനും പണമുണ്ടാക്കണമെന്ന മോഹവും മാല്‍ക്കമില്‍ വളര്‍ന്നുകൊണ്ടിരുന്നു. അത്തരം ജീവിതത്തിനു വിരാമം ഇട്ടുകൊണ്ട്‌ 1946ല്‍ അദ്ദേഹത്തെ അറസ്റ്റു ചെയ്‌തു. മോഷണ കുറ്റവും മയക്കു മരുന്നു കച്ചവടവും ചാര്‍ജു ചെയ്‌തതനുസരിച്ച്‌ പത്തു വര്‍ഷത്തേക്ക്‌ ജയില്‍ ശിക്ഷ കിട്ടി.

മാല്‌ക്കം ജയില്‍ ലൈബ്രറിയില്‍ നിന്നും കിട്ടാവുന്ന പുസ്‌തകങ്ങള്‍ വായിച്ചു സമയം കളഞ്ഞിരുന്നു. നഷ്ടപ്പെട്ട ഹൈസ്‌കൂള്‍ ജീവിതം വായനയിലൂടെ നേടിക്കൊണ്ടിരുന്നു. ജയില്‍ വാസത്തിനിടയില്‍ കറുത്തവരുടെ ഒരു തീവ്ര സംഘടനയായ നാഷന്‍ ഓഫ്‌ ഇസ്ലാമിലെ അനേക അനുയായികളെയും കണ്ടുമുട്ടി. കറുത്തവര്‍ക്ക്‌ സ്വാതന്ത്ര്യവും സമത്വവും, നീതിയും നേടുകയെന്നായിരുന്നു നാഷന്‍ ഓഫ്‌ ഇസ്ലാമിന്റെ പരമമായ ലക്ഷ്യം. വെളുത്തവരില്‍ നിന്നും മോചനം നേടി കറുത്തവര്‍ക്കായി കറുത്ത രാഷ്ട്രം രൂപീകരിക്കാമെന്നും കറുത്തവരുടെ ഈ മതം ചിന്തിച്ചിരുന്നു. ജയിലില്‍ കിടക്കുന്ന സമയത്ത്‌ മാല്‌ക്കം നാഷന്‍ ഓഫ്‌ ഇസ്ലാം മതത്തില്‍ ചേര്‍ന്നു. 1952ല്‍ ജയില്‍ വിമുക്തനായപ്പോള്‍ തന്റെ ജന്മനാമമായ 'ലിറ്റില്‍' എന്നുള്ളത്‌ പേരില്‍നിന്നും എടുത്തു കളഞ്ഞു. ലിറ്റിലെന്നത്‌ അടിമത്തത്തെ സൂചിപ്പിക്കുന്നതായിരുന്നു. പകരം 'അജ്ഞാതരായ ആഫ്രിക്കന്‍ പൂര്‍വിക പിതാക്കന്മാരെന്ന' അര്‍ത്ഥം ധ്വനിക്കുന്ന എക്‌സ്‌ (ത ) പേരിന്റെ കൂടെ ചേര്‍ത്തു.

അമേരിക്കയില്‍ നാഷന്‍ ഓഫ്‌ ഇസ്ലാം സ്ഥാപിച്ച 'വാലസ്‌ ഫാര്‍ഡിനെപ്പറ്റി' വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല. ജനിച്ച സ്ഥലവും വ്യക്തമല്ല. നാഷന്‍ ഓഫ്‌ ഇസ്ലാമിന്റെ വിശ്വാസത്തില്‍ 'വാലസ്‌ ഫാര്‍ഡ്‌ മുഹമ്മദ്‌ 'അള്ളാ തന്നെയെന്നും കറുത്തവരെ രക്ഷിക്കാന്‍ മനുഷ്യ രൂപം പ്രാപിച്ചു ഭൂമിയില്‍ വന്നുവെന്നുമാണ്‌. ഫെബ്രുവരി 26 അദ്ദേഹത്തിന്‍റെ ജന്മദിനമായി കരുതി രക്ഷക ദിനമായി നാഷന്‍ ഓഫ്‌ ഇസ്ലാം കൊണ്ടാടുന്നു. നാഷന്‍ ഓഫ്‌ ഇസ്ലാമിന്റെ ദൈവ ശാസ്‌ത്രം പാരമ്പര്യ ഇസ്ലാമുമായി വ്യത്യസ്‌തമാണ്‌. അള്ളാ ഒന്നേയുള്ളൂവെന്നും, മുഹമ്മദ്‌ അവസാനത്തെ പ്രവാചകനെന്നും നാഷന്‍ ഓഫ്‌ ഇസ്ലാം വിശ്വസിക്കുന്നില്ല. ഖുറാന്‍, റംസാന്‍ , സാധുക്കളെ സഹായിക്കുക, ഹജ്‌, നിത്യ പ്രാര്‍ത്ഥന എന്നീ വിശ്വാസ സംഹിതകള്‍ക്ക്‌ നാഷന്‍ ഓഫ്‌ ഇസ്ലാം പ്രാധാന്യം കല്‍പ്പിക്കുന്നില്ല. മറിച്ച്‌ ഈ മതത്തില്‍ കെട്ടുകഥകള്‍ നെയ്‌തെടുത്തിരിക്കുകയാണ്‌. യാക്കൂബ്‌ എന്ന ശാസ്‌ത്രജ്ഞന്‍ ആറായിരം വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വെളുത്തവരെ സൃഷ്ടിച്ചുവെന്നാണ്‌ എഴുതിയിരിക്കുന്നത്‌. അറുപത്തിയാറ്‌ ട്രില്ല്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ ഷബാസിന്റെ കറുത്തവരായ വര്‍ഗം ഭൂമുഖത്തുണ്ടായിരുന്നെങ്കിലും പിന്നീട്‌ താണ ജാതികളായ വെളുത്തവരും അവരുടെ കൃസ്‌തുമതവും കറുത്തവരെ അടിമകളാക്കിയെന്നും വിശ്വസിക്കുന്നു. ഏലിയാ പൂലെ അക്കാലഘട്ടത്തിലാണ്‌ ഈ മതത്തില്‍ ചേര്‍ന്നത്‌. സ്വയം പ്രവാചകനായി ഏലിയാ മുഹമ്മദെന്നു അറിയപ്പെട്ടിരുന്നു. വാലസ്‌ ഫാര്‍ഡിനെ അള്ളായെന്നു സ്ഥാപിച്ചത്‌ ഏലിയാ മുഹമ്മദായിരുന്നു. അവതാര പുരുഷന്റെ പിന്‍ഗാമിയെന്ന നിലയില്‍ ഏലിയാ മുഹമ്മദിന്‌ പ്രവാചക സ്ഥാനം നേടാനും കഴിഞ്ഞു.

സ്വതന്ത്രനായ മനുഷ്യനെന്ന നിലയില്‍ മാല്‌ക്കം എക്‌സ്‌ മിച്ചിഗനിലുള്ള ഡിറ്റ്‌റോയിറ്റില്‍ യാത്ര ചെയ്യുകയും നാഷന്‍ ഓഫ്‌ ഇസ്ലാമിനു വേണ്ടി ജോലി തുടങ്ങുകയും ചെയ്‌തു. കറുത്തവരുടെയിടയില്‍ ദേശീയ തലത്തില്‍ ഈ മതം പ്രചരിപ്പിക്കുന്നതിനും ആരംഭിച്ചു. 'മാല്‌ക്കം എക്‌സ്‌' ഹാര്‍ലമിലും ബോസ്റ്റണിലും നാഷന്‍ ഓഫ്‌ ഇസ്ലാമിക ടെമ്പിളിലെ പുരോഹിതനായിരുന്നു. 'മുഹമ്മദ്‌ സംസാരിക്കുന്നു' എന്ന പേരില്‍ നാഷന്‍ ഓഫ്‌ ഇസ്ലാം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഒരു പത്രം തുടങ്ങി. തന്റെ സ്വാഭാവികമായ സ്റ്റയിലില്‍ ജനങ്ങളെ ഇളക്കാന്‍ തക്ക പ്രസംഗ ചാതുര്യവും മാല്‍ക്കമിനുണ്ടായിരുന്നു. അടിമത്തത്തിന്റെ ചങ്ങലയില്‍ നിന്നും മോചനം നേടാന്‍ അദ്ദേഹം കൂടെ കൂടെ അനുയായികളെ ഓര്‍മ്മിപ്പിക്കുമായിരുന്നു. അതിനായി അക്രമമാര്‍ഗങ്ങളും സ്വീകരിക്കാമെന്നും പറഞ്ഞിരുന്നു. അക്രമം അഴിച്ചു വിട്ടുകൊണ്ടുള്ള ഒരു വിപ്ലവത്തില്‍ സമാധാന വിപ്ലവം ഒന്നില്ലെന്നും സ്വതന്ത്രമായ കറുത്ത രാഷ്ട്രത്തിന്‌ 'ഇടത്തെ കരണം' കാണിച്ചാല്‍ മതിയാവില്ലെന്നും മാല്‌ക്കം വിശ്വസിച്ചിരുന്നു. അനേക കറുത്തവരായവര്‍ മാല്‍ക്കമിനോടു കൂടി അണിനിരന്നുവെങ്കിലും അദ്ദേഹത്തിനെതിരായ വിമര്‍ശകരുമുണ്ടായിരുന്നു.

1958ല്‍ മാല്‍ക്കം എക്‌സ്‌ നാഷന്‍ ഓഫ്‌ ഇസ്ലാം അംഗമായ ബെറ്റി സാന്‍ഡേഴ്‌സിനെ വിവാഹം ചെയ്‌തു. അവര്‍ക്ക്‌ ആറു പെണ്‍മക്കളുണ്ടായിരുന്നു. ഭര്‍ത്താവിന്റെ മരണശേഷം സാന്‍ഡെഴ്‌സ്‌ കറുത്തവരുടെ പൌരാവകാശങ്ങള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു.

1960 കളില്‍ കറുത്തവരുടെ പൌരാവകാശത്തിനായി നിലകൊള്ളുന്ന വിപ്ലവ മുന്നണിയുടെ പ്രധാന വക്താവായി മാല്‌ക്കം അറിയപ്പെട്ടു. സമാധാനത്തിലധിഷ്ടിതമായ തത്ത്വങ്ങളില്‍ വിശ്വസിക്കുന്ന മാര്‍ട്ടിന്‍ ലൂതര്‍ കിംഗിന്റെ വലിയ വിമര്‍ശകനായും മാറി. 'മാല്‍ക്കം ജനങ്ങള്‍ക്കു സേവനം ചെയ്യാതെ നാശത്തിന്റെ വഴിയെ സഞ്ചരിക്കുന്നുവെന്ന്‌' ഒരിക്കല്‍ 'കിംഗ്‌' പരാമര്‍ശിക്കുകയുണ്ടായി. മാല്‍ക്കമും കിംഗും തമ്മില്‍ ആശയവിത്യാസങ്ങള്‍ തുടര്‍ന്നിരുന്ന അതേ കാലങ്ങളില്‍, 1963 ല്‍, തന്റെ ആദ്ധ്യാത്മിക ഗുരുവായ ഏലിയാ മുഹമ്മദുമായും അഭിപ്രായ ഭിന്നതകള്‍ ആരംഭിച്ചു. ഏലിയാ മുഹമ്മദ്‌ പ്രവാചകനെന്ന നിലയില്‍ പഠിപ്പിക്കന്ന ആദര്‍ശങ്ങള്‍ക്കെതിരെ ജീവിക്കുന്നുവെന്ന്‌ മാല്‍ക്കമിനു മനസിലായി. വിവാഹത്തിനപ്പുറം അനേകം സ്‌ത്രീകളുമൊത്തു ഏലിയാ മുഹമ്മദ്‌ വഴിപിഴച്ചു ജീവിക്കുന്ന വിവരങ്ങള്‍ അദ്ദേഹത്തെ ദുഖിതനാക്കി. അവിഹിത കുട്ടികളുടെ പൈതൃകത്വവും എലിയാ മുഹമ്മദിനുണ്ടായിരുന്നു. മാല്‍ക്കമിനു സ്വയം ചതിക്കപ്പെട്ടെന്നും തോന്നലുണ്ടായി. 1964ല്‍ അദ്ദേഹം നാഷന്‍ ഓഫ്‌ ഇസ്ലാമില്‍ നിന്ന്‌ വിട പറഞ്ഞു.

നാഷന്‍ ഓഫ്‌ ഇസ്ലാമില്‍ നിന്ന്‌ വേര്‍ പിരിഞ്ഞ ശേഷം കറുത്തവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പൌരാവകാശ പ്രവര്‍ത്തകരുമായി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍ മാല്‌ക്കം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. കറുത്തവരുടെ പ്രശ്‌നം അമേരിക്കയുടെ പശ്ചാത്തലത്തില്‍ ഒരു ആഗോള പ്രശ്‌നമായി യുണൈറ്റഡ്‌ നാഷനില്‍ അവതരിപ്പിക്കാനും അദ്ദേഹം ആഗ്രഹിച്ചിരുന്നു. അങ്ങനെയെങ്കില്‍ കറുത്തവരുടെ പ്രശ്‌നങ്ങളെ മനസിലാക്കുന്ന രാജ്യങ്ങള്‍ കറുത്തവരുടെ ഒത്തൊരുമിച്ചുള്ള മുന്നേറ്റത്തെ അംഗീകരിക്കുമെന്നും അദ്ദേഹം വിശ്വസിച്ചു. സര്‍ക്കാരുകള്‍ കറുത്തവരെ സംരക്ഷിക്കാന്‍ തയ്യാറാവുന്നില്ലെങ്കില്‍ കറുത്തവര്‍ തന്നെ സ്വയം സംരക്ഷണം ഏറ്റെടുക്കണമെന്നും വിശ്വസിച്ചിരുന്നു.

ആ വര്‍ഷം തന്നെ മാല്‌ക്കം ആഫ്രിക്കാ, മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളിലേയ്‌ക്ക്‌ ഒരു യാത്ര നടത്തി. ഒരു പക്ഷെ ഈ യാത്ര അദ്ദേഹത്തിന്‍റെ ജീവിതത്തിലെ ഒരു വഴി തിരിവായിരിക്കാം. ആഗോള കൊളോണിയല്‍ വാഴ്‌ച്ചകള്‍ക്കെതിരെ നടന്ന സമര ചരിത്രങ്ങളെ അമേരിക്കയിലെ പൌരാവകാശ സമരങ്ങളുമായി ഒരു താരതമ്യ പഠനം നടത്താന്‍ ഈ യാത്രകൊണ്ട്‌ അദ്ദേഹത്തിനു സാധിച്ചു. പാന്‍ ആഫ്രിക്കനിസത്തിലും സോഷ്യലിസ ആശയങ്ങളിലും പഠിക്കാനും പ്രവര്‍ത്തിക്കാനും താല്‌പര്യം ജനിച്ചു. മെക്കയില്‍ ഹജ്‌ തീര്‍ത്ഥാടനത്തിനു പോവുകയും അവിടെ വെച്ചു മതം മാറി പാരമ്പര്യമതമായ സുന്നി ഇസ്ലാമില്‍ ചേരുകയും ചെയ്‌തു. വീണ്ടും അദ്ദേഹം പേരു മാറ്റി 'എല്‌ ഹജ്‌ മാലിക്ക്‌ എല്‌ ഷബാസ്‌' എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്‌തു.

മെക്കയിലെ തീര്‍ത്ഥാടന യാത്രയ്‌ക്ക്‌ ശേഷം മാല്‌ക്കം അമേരിക്കയില്‍ മടങ്ങിയെത്തി. പഴയ ചിന്താഗതികളില്‍ പലതും ത്യജിച്ച്‌ നവമായ ആശയങ്ങളോടെയായിരുന്നു പിന്നീടദ്ദേഹം ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിച്ചിരുന്നത്‌. വെളുത്തവരോടുള്ള അടങ്ങാത്ത പകയും കോപവും തീവ്ര വിപ്ലവവും അക്രമ ചിന്താഗതികളും പാടെ ഇല്ലെന്നായി. അമേരിക്കയുടെ വര്‍ണ്ണ വിവേചനത്തിന്‌ സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിലും അദ്ദേഹത്തില്‍ ശുഭ പ്രതീക്ഷകളുണ്ടായി. മാനവിക സാഹോദര്യത്തില്‍ വിദ്വേഷം പാടില്ലാന്നും അക്രമവും പ്രതികാരവും മനുഷ്യന്റെ അന്ധമായ കാഴ്‌ചപ്പാടെന്നും താന്‍ പുതിയതായി സ്വീകരിച്ച ഇസ്ലാം പഠിപ്പിച്ചുവെന്നു മാല്‌ക്കം തന്റെ അനുയായികളോട്‌ പറയുമായിരുന്നു. അമേരിക്കയില്‍ രക്ത രഹിത വിപ്ലവത്തില്‍ക്കൂടി പൌരാവകാശങ്ങള്‍ കൈവരിക്കണമെന്ന ആശയങ്ങളായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്‍റെ ചിന്തകളില്‍ മുഴങ്ങി കേട്ടത്‌.

വിവിധ രാജ്യങ്ങളില്‍ക്കൂടി ലോക സഞ്ചാരം കഴിഞ്ഞ്‌ മടങ്ങി വന്ന മാല്‌ക്കമിന്‌ ഒരു ആഗോള വീക്ഷണം ലഭിച്ചിരുന്നു. മൂന്നാം ലോക രാജ്യങ്ങളിലും ആഫ്രിക്കന്‍ അമേരിക്കരുടെ പോലെ തുല്യമായ പ്രശ്‌നങ്ങളുണ്ടെന്നും മനസിലാക്കി. ആഫ്രിക്കന്‍ അമേരിക്കന്‍ ജനത ന്യൂന പക്ഷമായിരുന്നുവെന്ന ചിന്തകള്‍ തെറ്റായിരുന്നുവെന്നും ആഗോള തലത്തില്‍ അവര്‍ ഭൂരിപക്ഷ ജനതയെന്നും മാല്‌ക്കം വിലയിരുത്തി. അദ്ദേഹം മുതലാളിത്ത ധനതത്ത്വ വ്യവസ്ഥിതിയെ വിമര്‍ശിച്ചുകൊണ്ട്‌ തനി സോഷ്യലിസ്റ്റ്‌ ചിന്താഗതിക്കാരനായി മാറി. ഇസ്ലാം മതത്തിലേയ്‌ക്ക്‌ മതപരിവര്‍ത്തനം ചെയ്‌ത ശേഷം കറുത്തവരും വെളുത്തവരും വ്യതസ്‌തമായി ജീവിക്കണമെന്ന്‌ പിന്നീടൊരിക്കലും ആഹ്വാനം ചെയ്‌തിട്ടില്ല. എങ്കിലും കറുത്തവരുടെ ദേശീയത്വത്തിനായുള്ള സമരം തുടര്‍ന്നു കൊണ്ടിരുന്നു. രാഷ്ട്ര നിര്‍മ്മാണത്തിലും പൌരാവകാശത്തിന്മേലും കറുത്തവര്‍ക്ക്‌ സ്വയം തീരുമാനവകാശം വേണമെന്നുള്ള വാദത്തില്‍ തന്നെ ഉറച്ചുനിന്നു. അവസാന നാളുകളില്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലെ വെള്ളക്കാരുള്‍പ്പടെയുള്ള വിപ്ലവകാരികളുമായുള്ള സമ്മേളനശേഷം കറുത്തവര്‍ക്കു മാത്രമായ ദേശീയവാദം ഉപേക്ഷിക്കുന്ന കാര്യവും പരിഗണിച്ചിരുന്നു. മെക്കായില്‍ നിന്നും എഴുതിയ പ്രസിദ്ധമായ ഒരു എഴുത്തില്‍ എഴുതി `എന്റെ മെക്കയിലേക്കുള്ള പുണ്യ യാത്രാ വേളയില്‍ വെളുത്തവരുമൊന്നിച്ച്‌ ഭക്ഷണം കഴിച്ചപ്പോള്‍ തന്റെ മുമ്പുണ്ടായിരുന്ന വെളുത്തവരെപ്പറ്റിയുള്ള വര്‍ഗ ചിന്താഗതികളില്‍ സമൂലമായ ഒരു മാറ്റം വന്നു. നാസറും ആഫ്രിക്കന്‍ നേതാവ്‌ എന്‍ ക്രൂമായുമായുള്ള സംസാര വേളയില്‍ വര്‍ണ്ണ വിവേചനത്തിന്റെ അപകടത്തെപ്പറ്റി ഒരു ഉണര്‍വുണ്ടാക്കി. വര്‍ണ്ണ വിവേചനമെന്നുള്ളത്‌ വെളുത്തവരുടെയോ കറുത്തവരുടെയോ മാത്രം പ്രശ്‌നമല്ലെന്നും മനസിലാക്കി. ഒരു കാലത്തിലല്ലെങ്കില്‍ മറ്റൊരു കാലത്തില്‍ ഇത്‌ ഭൂമുഖത്തുള്ള എല്ലാ ജനങ്ങളുടെയും പ്രശ്‌നങ്ങളായിരുന്നു. ആഫ്രിക്കയില്‍ വിവിധ സ്ഥലങ്ങളില്‍ വെളുത്തവര്‍ കറുത്തവരെ സഹായിക്കുന്നത്‌ കണ്ടു. കഴിഞ്ഞ പന്ത്രണ്ടു വര്‍ഷങ്ങളില്‍ വെളുത്തവരെപ്പറ്റി വ്യത്യസ്ഥമായ ചിന്തകളില്‍ ഞാന്‍ സ്വയം മയങ്ങി നടക്കുകയായിരുന്നു. എന്നിലെ ഭ്രാന്തന്‍ ചിന്താഗതികളില്‍നിന്നും ഞാനിന്ന്‌ സ്വതന്ത്രനായതില്‍ സന്തോഷിക്കുന്നു. കറുത്തവരായവര്‍ ഏതു മാര്‍ഗം സ്വീകരിച്ചാലും സ്വയം അഭിവൃത്തി പ്രാപിച്ചുകൊണ്ടായിരിക്കണം.`

മാല്‌ക്കമിന്റെ ആശയ വിപ്ലവങ്ങള്‍ക്ക്‌ സമൂലമായ ഒരു പരിവര്‍ത്തനമുണ്ടായ കാലഘട്ടത്തിലായിരുന്നു നാഷന്‍ ഓഫ്‌ ഇസ്ലാമിലെ പ്രവര്‍ത്തകര്‍ തോക്കിന്‍ മുനകളില്‍ അദ്ദേഹത്തെ വധിച്ചത്‌.1965 ഫെബ്രുവരി ഇരുപത്തിയൊന്നാം തിയതി മാല്‌ക്കം എക്ക്‌സ്‌ മന്‍ഹാട്ടനിലുള്ള ഓഡ്‌ ബോണ്‍ ബാള്‍ റൂമില്‍ ഒരു പ്രസംഗം ചെയ്യാന്‍ തയ്യാറെടുക്കെ അവിടെ മൂന്നു തോക്കു ധാരികളായവര്‍ പ്രവേശിച്ച്‌ അദ്ദേഹത്തിന്റെ നേരെ പതിനഞ്ചു തവണകള്‍ വെടിവെച്ചു. കൊളംബിയ പ്രസ്‌ ബറ്ററെനിയന്‍ ഹോസ്‌പ്പിറ്റലില്‍ ഉടന്‍ തന്നെ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാല്‌ക്കം എക്‌സിന്റെ മരണ ശേഷം അമേരിക്കന്‍ മീഡിയാ അദ്ദേഹത്തെ അക്രമ മാര്‍ഗേണ പൌരാവകാശങ്ങള്‍ക്കായി പൊരുതിയ ഒരു റാബിയായി ചിത്രീകരിച്ചു. അദ്ദേഹത്തിന്‍റെ പുതിയ ആധ്യാത്മിക ചിന്താഗതികളെയും സമാധാനപരമായ രാഷ്ട്രീയ തത്ത്വ മാറ്റങ്ങളെയും സംബന്ധിച്ചുള്ള വീക്ഷണങ്ങളെപ്പറ്റി വാര്‍ത്താ വക്താക്കള്‍ ഒന്നും തന്നെ പറഞ്ഞില്ല.

മാല്‍ക്കമിന്റെ ഭാര്യ ബെറ്റി ഷെബാസിനു ടെലഗ്രാം ചെയ്‌തുകൊണ്ട്‌ മാര്‍ട്ടിന്‍ ലൂതര്‍ കിംഗ്‌ ഒരു സന്ദേശം അയച്ചത്‌ ഇങ്ങനെ 'നിങ്ങളുടെ ഭര്‍ത്താവിന്റെ വധം വേദനാജനകവും ഞെട്ടിക്കുന്നതുമാണ്‌. വര്‍ണ്ണ വിവേചന പ്രശ്‌നം പരിഹരിക്കാനായി ഞങ്ങള്‍ പരസ്‌പ്പരം കണ്ടുമുട്ടിയിട്ടില്ലെങ്കിലും മാല്‍ക്കമിനൊട്‌ എനിയ്‌ക്ക്‌ പ്രത്യേകമായ സ്‌നേഹമുണ്ടായിരുന്നു. വര്‍ണ്ണ പ്രശ്‌നങ്ങള്‍ക്കെതിരെ തന്റെടത്തോടെ വിരല്‍ ചൂണ്ടാന്‍, വേരോടെ പിഴുതു കളയാന്‍ അദ്ദേഹത്തിന്‌ പ്രത്യേകമായ ഒരു കഴിവുണ്ടായിരുന്നു. കാര്യകാരണങ്ങള്‍ ആത്മാര്‍ത്ഥതയോടെ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ കഴിവുള്ള വാചാലനായ ഒരു വക്താവുമായിരുന്നു. നാം ഇന്ന്‌ അഭിമുഖീകരിക്കുന്ന വര്‍ണ്ണ വിവേചന പ്രശ്‌നങ്ങളെ തരണം ചെയ്യാന്‍ മാല്‌ക്കം നല്‌കിയ സേവനങ്ങളെ ആര്‍ക്കും മറക്കാന്‍ സാധിക്കില്ല.` മാല്‌ക്കമിന്റെ വധത്തില്‍ നാഷന്‍ ഓഫ്‌ ഇസ്ലാമിനു പങ്കുള്ള ആരോപണം എലിയാ മുഹമ്മദ്‌ നിരസിച്ചുകൊണ്ട്‌ പറഞ്ഞു, `ഞങ്ങള്‍ക്ക്‌ മാല്‌ക്കമിനെ വധിക്കേണ്ട ആവശ്യമില്ല. ഞങ്ങള്‍ അതിനൊട്ടു ശ്രമിച്ചിട്ടുമില്ല. അജ്ഞത നിറഞ്ഞ, വിഡ്ഡിത്തരം നിറഞ്ഞ മാല്‌ക്കമിന്റെ പുതിയ ദൈവ ശാസ്‌ത്രം അന്ത്യത്തിന്‌ കാരണമായി`

1963ല്‍ മാല്‌ക്കം പ്രസിദ്ധ എഴുത്തുകാരനായ അലക്ക്‌സ്‌ ഹേയിലിയുമൊത്ത്‌ ആത്മകഥയെഴുതാന്‍ ആരംഭിച്ചു. തന്റെ മരണത്തിന്റെ പ്രവചനമെന്നോണം ഈ പുസ്‌തകം സ്വയം ജീവിതകാലത്ത്‌ പ്രസിദ്ധീകരിക്കാന്‍ സാധിച്ചാല്‍ അതൊരു അത്ഭുതമായിരിക്കുമെന്നു ഹെയിലിയോടു മാല്‌ക്കം പറയുമായിരുന്നു. മാല്‌ക്കമിന്റെ മരണശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞ്‌ ഹെയിലിക്ക്‌ അദ്ദേഹത്തിന്‍റെ ആത്മകഥ പ്രസിദ്ധികരിക്കാന്‍ കഴിഞ്ഞു.

1980 മുതല്‍ 1990 വരെയുള്ള കാലയളവില്‍ ചെറുപ്പക്കാരായവര്‍ മാല്‍ക്കമിനെ ഒരു ഹീറോയായി കരുതിയിരുന്നു. അദ്ദേഹത്തിന്‍റെ പടം ആയിരക്കണക്കിന്‌ വീടുകളിലും ഒഫീസ്‌കളിലും സ്‌കൂളിലും കാണാമായിരുന്നു. ടീ ഷര്‍ട്ടുകളിലും ജായ്‌ക്കറ്റിലും അദ്ദേഹത്തിന്റെ പടമുള്ളത്‌ ചെറുപ്പക്കാര്‍ക്ക്‌ ഒരു ഹരമായിരുന്നു.

1992ല്‍ അദ്ദേഹത്തിന്‍റെ ജീവചരിത്രം ആധാരമാക്കി 'മാല്‌ക്കം എക്‌സ്‌ ഫിലിം' പുറത്തായി. ഡന്‍സല്‍ വാഷിംഗ്‌ടണ്‍ അതില്‍ മാല്‌കം എക്‌സ്‌ ആയി അഭിനയിച്ചു. 1990 കളിലെ പത്തു ഫിലിമുകളില്‍ മാല്‌ക്കം എക്‌സ്‌ ഒരു മികച്ച ഫിലിമായിരുന്നു. 1998ല്‍ മാല്‌ക്കമിന്റെ ആത്മകഥാ പുസ്‌തകം 'റ്റയിം' മാഗസിന്‍ മികച്ച പത്തു പുസ്‌തകങ്ങളില്‍ ഒന്നായി തെരഞ്ഞെടുത്തു.

നെബ്രാസ്‌ക്കായില്‍ അദ്ദേഹം ജനിച്ച വീട്‌ ചരിത്ര സ്‌മാരകമായി ദേശീയ രജിസ്റ്ററില്‍ ചേര്‍ത്തു. മിച്ചിഗണില്‍ ലിറ്റില്‍ മാല്‌ക്കം കൗമാര പ്രായത്തില്‍ ചെലവഴിച്ച ഭവനവും ചരിത്ര സ്‌മാരകമാണ്‌. സ്‌കൂളുകള്‍, ലൈബ്രറികള്‍, റോഡുകള്‍,കോളേജ്‌, യൂണിവേഴ്‌സിറ്റി വരെ അദ്ദേഹത്തിന്‍റെ നാമത്തിലുണ്ട്‌. മാല്‌ക്കം എക്‌സ്‌ ബുലവാഡ്‌ ന്യൂയോര്‍ക്കില്‍ മേയര്‍ കോച്ചിന്റെ കാലത്ത്‌ നല്‌കിയ പേരാണ്‌. ഡാളസ്‌, മിച്ചിഗണ്‍ നഗരങ്ങളിലും അദ്ദേഹത്തിന്റെ നാമത്തില്‍ റോഡുകള്‍ കാണാം. ഡസന്‍ കണക്കിന്‌ സ്‌കൂളുകളും മാല്‍ക്കന്‍ എക്‌സ്‌ ലിബറേഷന്‍ യൂണിവേഴ്‌സിറ്റിയും ഷിക്കാഗോയിലെ മാല്‌ക്കം എക്‌സ്‌ കോളേജും സാന്‍ഡി യോഗയിലെ മാല്‍ക്കമിന്റെ പേരിലുള്ള ലൈബ്രറിയും ആ മഹാന്റെ വ്യക്തിത്വത്തെ അറിയിക്കുന്ന സ്‌മാരകങ്ങളാണ്‌. 1999ല്‍ അമേരിക്കാ അദ്ദേഹത്തിന്‍റെ പേരില്‍ സ്റ്റാമ്പ്‌ പുറത്തിറക്കി. കൊളംബിയാ യൂണിവേഴ്‌സിറ്റി മാല്‌ക്കം എക്‌സിന്റെ പേരില്‍ കറുത്തവരുടെ ചരിത്രം സംബന്ധിച്ച ഗവേഷണത്തിനായി പ്രത്യേക വിദ്യാഭ്യാസ കേന്ദ്രം തുടങ്ങി.

മാല്‍ക്കം ഇംഗ്ലീഷില്‍ എഴുതിയ ഒരു കവിതയുടെ സാരാംശം ഇങ്ങനെ: 'ഞാന്‍ ജനിച്ചപ്പോള്‍ കറുത്തവനായിരുന്നു. വളര്‍ന്നപ്പോഴും സൂര്യന്റെ ചൂടില്‍ നടന്നപ്പോഴും ഭയം കൊണ്ട്‌ വിറച്ചപ്പോഴും പനി പിടിച്ചു കിടന്നപ്പോഴും കറുത്തവനായിരുന്നു. മരിക്കുമ്പോഴും കറുത്തവന്‍ തന്നെ. ഹേ, വെളുത്ത മനുഷ്യാ, ഇളം ചുവപ്പായി നീ ജനിച്ചു. വെളുത്തവനായി വളര്‍ന്നു. സൂര്യന്റെ ചൂടില്‍ നീ ചുവന്നവനായി. ശൈത്യത്തില്‍ നീ നീലയും ഭയപ്പെട്ടപ്പോള്‍ മഞ്ഞയും പനിച്ചപ്പോള്‍ പച്ചയുമായി. നീ മരിക്കുമ്പോള്‍ കരിഞ്ചുവപ്പായവനും. എന്നിട്ടും വെളുത്തവനേ, നീ എന്തേ കറുത്തവനെ നിറമുള്ളവനെന്നു വിളിക്കുന്നു.?'മാല്‌ക്കമിന്റെ അകാലത്തിലുള്ള മരണം സ്വാതന്ത്ര്യ ദാഹികളായ ലോകത്തെ അന്ന്‌ ഒന്നാകെ കരയിപ്പിച്ചു. 'രക്തസാക്ഷികളുടെ സുവര്‍ണ്ണ കുടീരങ്ങളില്‍ മാല്‌ക്കം സുവര്‍ണ്ണ ദീപമായി എന്നും തെളിയപ്പെടും. സമത്വ സാഹോദര്യ സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടിയതുകൊണ്ട്‌ ആ മഹാന്‌ തന്റെ ജീവനെ നഷ്ടപ്പെടുത്തേണ്ടി വന്നു.
മഹാനായ വിപ്ലവകാരി - മാല്‍ക്കം എക്‌സ്‌ (ഒരു അവലോകനം: ജോസഫ്‌ പടന്നമാക്കല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക