Image

ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് വരണമേ

Published on 11 January, 2012
ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് വരണമേ
ഞങ്ങളെ രക്ഷിക്കാന്‍ വേഗം വരണമേ!
Veni ad salvandum nos!
CHRISTMAS 2011 – ‘URBI ET ORBI’ MESSAGE

ലോകമെമ്പാടും റോമാ പട്ടണത്തിലുമുള്ള എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ,
നമുക്കായി രക്ഷകന്‍ പിറന്നു! അത്യുന്നതങ്ങളില്‍ ദൈവത്തിനു മഹത്വം ഭൂമിയില്‍ ദൈവകൃപ ലഭിച്ചവര്‍ക്ക് സമാധാനം. സഭ ഇന്നേദിവസം പ്രഘോഷിക്കുന്ന ബെതലഹേമിലെ സന്ദേശത്തിന്‍റെ മാറ്റൊലി രാഷ്ട്രങ്ങളുടെയും ഭാഷകളുടെയും സംസ്കാരങ്ങളുടെയും അതിര്‍വരമ്പുകള്‍ കടന്ന്,  എല്ലാ ഭൂഖണ്ഡങ്ങളിലെയും ജനതകള്‍ ശ്രവിക്കട്ടെ കന്യാകാ മേരിയില്‍നിന്നും ജാതനായ ക്രിസ്തു
ഏവരുടേയും രക്ഷകനാണെന്ന്.

വളരെ പുരാതനമായ ആരാധനക്രമ പ്രഭണിതം ക്രിസ്തുവിനെ ഇങ്ങനെയാണ് പ്രകീര്‍ത്തിക്കുന്നത്:
“ഇതാ, നമ്മുടെ രാജാവും നിയമദാതാവും ജനതകളുടെ പ്രത്യാശയും രക്ഷയുമായ ദൈവം നമ്മോടുകൂടെ!
കര്‍ത്താവായ ദൈവമേ, ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് വേഗം വരണമേ! Veni ad salvandum nos!
ഞങ്ങളെ രക്ഷിക്കാന്‍ അങ്ങ് വരണമേ!” ജീവിത പ്രതിസന്ധികളും പ്രയാസങ്ങളും തനിയെ മറികടക്കാനാവില്ലെന്ന തിരിച്ചറിവു ലഭിച്ചിട്ടുള്ള എല്ലാ കാലഘട്ടങ്ങളിലുമുള്ള ജനങ്ങളുടെ രോദനമാണിത്.

ഭൂമിയില്‍നിന്നും നാം ഉയര്‍ത്തുന്ന ബലഹീനമായ കരങ്ങള്‍ ഉന്നതങ്ങളില്‍നിന്നും നീട്ടിയ വലുതും കരുത്താര്‍ന്നതുമായ ദൈവിക കരങ്ങളില്‍ സമര്‍പ്പിക്കേണ്ടിയിരിക്കുന്നു. പ്രിയ സഹോദരങ്ങളേ, സ്വര്‍ഗ്ഗത്തില്‍നിന്നും നീട്ടിയ ശക്തമായ ദൈവികകരം കന്യകാ നാഥയില്‍നിന്നും ബെതലഹേമില്‍ പിറന്ന യേശുവിന്‍റേതാണ്. ‘ഭീകരമായ പാപഗര്‍ത്തത്തിന്‍റെ കുഴഞ്ഞ ചേറ്റില്‍നിന്നും നമ്മെ കരകയറ്റി’ (സങ്കീര്‍ത്തനം 40, 2) സ്നേഹത്തിന്‍റെയും സത്യത്തിന്‍റെയും സുരക്ഷിതമായ തന്‍റെ പാറയില്‍ നമ്മെ ഉറപ്പിക്കുവാനും മനുഷ്യകുലത്തെ തുണയ്ക്കുവാനും ദൈവം ഭൂമിയിലേയ്ക്കു നീട്ടിയ കരുത്താര്‍ന്ന കരം ക്രിസ്തുവാണ്.

ദൈവഹിതപ്രകാരം നസ്രത്തിലെ ജോസഫും മേരിയും വളര്‍ത്തിയ ശിശുവിന്‍റെ ‘യേശു’ എന്ന പേരിനര്‍ത്ഥം‘രക്ഷകന്‍’ എന്നാണ്. (മത്തായി 1, 21; ലൂക്കാ 1, 31). ദൈവത്തില്‍നിന്നകന്ന്, താന്‍ സ്വയം പര്യാപ്തനാണെന്ന അഹങ്കാരത്തോടെ ദൈവത്തെ വെല്ലുവിളിച്ചും ദൈവത്തെപ്പോലെ ആകാന്‍ പരിശ്രമിച്ചും, നന്മ തിന്മകള്‍ തിരിച്ചറിയാമെന്ന് കരുതിയും, ജീവന്‍റെയും മരണത്തിന്‍റെയും അതിനാഥന്‍ താനാണെന്നും ധരിച്ച മനുഷ്യനെ മോചിക്കുവാന്‍ ചരിത്രത്തില്‍ പിതാവായ ദൈവം സ്വപുത്രനെ അയച്ചു (ഉല്പത്തി 3, 1-7). ദൈവസഹായത്തില്‍ ആശ്രയിക്കാതെയും “Veni ad salvandum nos,” “ഞങ്ങളെ രക്ഷിക്കാന്‍ വരണമേ,”എന്ന് വിളിച്ചപേക്ഷിക്കാതെയും തന്നെത്തന്നെ രക്ഷിക്കാനാവുമെന്ന ധാരണയില്‍ ജീവിക്കുകയും ചെയ്യുന്ന മനുഷ്യന്‍റെ അവസ്ഥ വലിയ തിന്മയാണ്.

രക്ഷ്ക്കായി സ്വര്‍ഗ്ഗത്തിലേയ്ക്കു നോക്കിയുള്ള മനുഷ്യന്‍റെ കരച്ചില്‍ നന്മയ്ക്കുള്ള
നിദാനമായി മാറും. ദൈവത്തിലുള്ള ആശ്രയം മനുഷ്യര്‍ക്ക് നന്മയുടെ അവബോധം നല്കും. ദൈവത്തെ വിളിച്ചപേക്ഷിക്കുന്നവരാണ് രക്ഷപ്രാപിക്കുന്നത്. (എസ്തേര്‍ 10, 3). തിന്മയില്‍ നിപതിച്ച മനുഷ്യന് ദൈവമാണ് രക്ഷകന്‍. പാപത്താല്‍ രോഗിയായ മനുഷ്യന്‍റെ സൗഖ്യദാതാവ് ദൈവമാണ്. അഹങ്കാരത്താല്‍ പാപച്ചേറ്റില്‍ നിപതിച്ച മനുഷ്യന് വിനാശത്തില്‍നിന്നു പുറത്തുവരാനും
രക്ഷയിലേയ്ക്ക് തിരിയാനുമുള്ള ആദ്യപടി ഈ തിരിച്ചറിവാണ്. എന്നെ ശ്രവിക്കുവാനും സഹായിക്കുവാനും ആരോ ഉണ്ടെന്ന പ്രത്യാശയില്‍ സ്വര്‍ഗ്ഗത്തിലേയ്ക്ക് ദൃഷ്ടികളും കരങ്ങളും ഉയര്‍ത്തി വിളിച്ചപേക്ഷിക്കുകയാണ് രക്ഷയ്ക്കുള്ള ഏകമാര്‍ഗ്ഗം.

മനുഷ്യരുടെ രോദനം ദൈവം കേട്ടു എന്നതിനു തെളിവാണ് ക്രിസ്തു. തനിക്ക് ഏകനായിരിക്കാന്‍ സാധിക്കാത്ത വിധം അത്രയേറെ ശക്തമാണ് ദൈവത്തിന്‍റെ മനുഷ്യരോടുള്ള സ്നേഹം.
നമ്മുടെ മാനുഷികതയില്‍ പങ്കുചേരാനും നമ്മുടെമദ്ധ്യേ ആയിരിക്കുവാനും അവിടുന്നു
തന്‍റെ ദൈവികത കൈവെടിഞ്ഞ് ഭൂമിയിലേയ്ക്ക് ഇറങ്ങിവന്നു. (പുറപ്പാട് 3, 7-12). മനുഷ്യന്‍റെ നിലവിളിയ്ക്കു മറുപടിയായി ക്രിസ്തുവില്‍ ദൈവം നല്കിയ പ്രത്യുത്തരം നമ്മുടെ പ്രതീക്ഷകളെയെല്ലാം അപാരമായി വെല്ലുന്ന ദൈവികമായ സഹാനുഭാവമാണ്. സ്നേഹമായ ദൈവത്തിനും അവിടുത്തെ അപരിമേയമായ സ്നേഹത്തിനും മാത്രമേ നമ്മെ ഇപ്രകാരം രക്ഷിക്കാനാവൂ. അനുരഞ്ജനത്തിന്‍റെയും സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും ഈ മാര്‍ഗ്ഗം ഏറെ ക്ലേശകരമാണെങ്കിലും ദൈവിക സത്യത്തിന്‍റെ വെളിച്ചത്തില്‍ മാനുഷിക യാഥാര്‍ത്ഥ്യങ്ങള്‍ ആദരിക്കുകയും മാനിക്കുകയും ചെയ്യുന്നതാണ്.

ലോകമെമ്പാടുമുള്ള എന്‍റെ പ്രിയ സഹോദരീ സഹോദരന്മാരേ, കന്യകാനാഥയുടെ മകനായി ബെതലഹേമില്‍ പിറന്ന ദിവ്യശിശുവിനോട് 2011-ലെ ക്രിസ്തുമസ്സ് നാളിലും, ഞങ്ങളെ രക്ഷിക്കാന്‍ വരണേ, എന്നു നമുക്കു പ്രാര്‍ത്ഥിക്കാം. ലോകത്ത് ഇന്ന് ഏറെ വൈഷമ്യങ്ങള്‍ അനുഭവിക്കുന്നവരോടൊപ്പം, വിശിഷ്യാ അടിച്ചമര്‍ത്തപ്പെട്ടവരോടൊപ്പം രക്ഷയുടെ പ്രാര്‍ത്ഥന നമുക്ക് ഉരുവിടാം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശപ്പും ദാരിദ്ര്യവും അനുഭവിക്കുന്നവര്‍ക്കുവേണ്ടിയും
എന്നും അരക്ഷിതാവസ്ഥയില്‍ കഴിയുകയും, അതിന്‍റെ തുടര്‍ന്നുള്ള തീവ്രതയില്‍ അനുദിനം ക്ലേശിക്കുന്നവര്‍ക്കുവേണ്ടിയും, പ്രത്യേകിച്ച് ആഫ്രിക്കയുടെ കിഴക്കന്‍ രാജ്യങ്ങളില്‍ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങള്‍ക്കുവേണ്ടിയും നമുക്കു ദൈവത്തോടു പ്രാര്‍ത്ഥിക്കാം.
മനുഷ്യാന്തസ്സ് കഠിനമായി പരീക്ഷിക്കപ്പടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്ന ഇടങ്ങളില്‍നിന്നും ആഭയാര്‍ത്ഥികളായെത്തുന്നവരെ അന്തര്‍ദേശിയ സമൂഹം സ്നേഹപൂര്‍വ്വം തുണയ്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

അടുത്തകാലത്ത് വെള്ളപ്പൊക്കത്തിന്‍റെ കെടുതിയില്‍പ്പെട്ട തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലെ
വിശിഷ്യാ, ഇനിയും കഠിനമായ ക്ലേശങ്ങള്‍ അനുഭവിക്കുന്ന തായിലന്‍റ്, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ദൈവം സമാശ്വാസം പകരട്ടെയെന്നും പ്രാര്‍ത്ഥിക്കുന്നു.

വിവിധ തരത്തിലുള്ള സാമൂഹ്യ സംഘര്‍ഷങ്ങളാല്‍ ഇന്ന് മുറിപ്പെട്ടിരിക്കുന്ന നമ്മുടെ ലോകത്തെ സൗഖ്യപ്പെടുത്തണമേ എന്നും ദൈവത്തോടു പ്രാര്‍ത്ഥിക്കാം. സമാധാന രാജാവായ ക്രിസ്തു തനിക്ക് വന്നു പിറക്കാന്‍ തിരഞ്ഞെടുത്ത മണ്ണിന് സമാധാനവും സുസ്ഥിതയും നല്കണമേ എന്നും, ഇസ്രയേല്‍-പലസ്തീനാ ദേശങ്ങള്‍ സംവാദത്തിന്‍റെ പാതയില്‍ മുന്നേറാന്‍ ഇടയാക്കണമേയെന്നും പ്രാര്‍ത്ഥിക്കാം.

അതുപോലെ ആഭ്യന്തര കലാപത്തില്‍ ഏറെ രക്തംചിന്തപ്പെടുന്ന സീറിയായിലെ അക്രമങ്ങള്‍ക്കെല്ലാം ദൈവം അറുതിവരത്തട്ടെയെന്നും പ്രാര്‍ത്ഥിക്കാം. ഇറാക്ക്-അഫ്ഗാനിസ്ഥാന്‍ പ്രതിസന്ധികളില്‍ ദൈവം അനുരഞ്ജനവും പ്രത്യാശയും വളര്‍ത്തട്ടെ. സാമൂഹ്യ നന്മയിലേയ്ക്ക് കടന്നുവരുവാന്‍ കിണഞ്ഞു പരിശ്രമിക്കുന്ന ഉത്തരാഫ്രിക്കയിലെയും മദ്ധ്യപൂര്‍വ്വ ദേശത്തെയും രാജ്യങ്ങളില്‍ നവോന്മേഷം പകരണമേ എന്നും നമുക്ക് പ്രാര്‍ത്ഥിക്കാം.

സംവാദത്തിന്‍റെയും സഹകരണത്തിന്‍റെയും സാദ്ധ്യതകള്‍ വളര്‍ത്തി മ്യാന്‍മാറില്‍ പ്രശ്നപരിഹാരത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ഈ ക്രിസ്തുമസ്സ് നാളില്‍ തുറന്നു തരണമേയെന്നു പ്രാര്‍ത്ഥിക്കുന്നു.
ആഫ്രിക്കയിലെ വന്‍തടാക പ്രവിശ്യയിലുള്ള (Great Lake Region) രാജ്യങ്ങളുടെ രാഷ്ട്രീയ സ്ഥിതിഗതികള്‍ ഉറപ്പുവരുത്തുണമേ എന്നും, തെക്കെ സുഡാനിലെ ജനങ്ങളുടെ പൗരാവകാശ സംരക്ഷണത്തിനായുള്ള സമര്‍പ്പണത്തെ ഈ തിരുപ്പിറവിക്കാലത്ത് സംരക്ഷിക്കണമേ എന്നും പ്രാര്‍ത്ഥിക്കുന്നു.

പ്രിയ സഹോദരങ്ങളേ, പ്രത്യാശയോടെ നമ്മുടെ ദൃഷ്ടികള്‍ ബെതലഹേമിലെ ഗുഹയിലേയ്ക്കു തിരിക്കാം.
അവിടെ നാം കാണുകയും ധ്യാനിക്കുകയും ചെയ്യുന്ന ശിശു നമ്മുടെ രക്ഷകനാണ്. ലോകത്തിന് അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും സന്ദേശം നല്കിയവനാണ് അവിടുന്ന്. ഹൃദയങ്ങള്‍ ക്രിസ്തുവിനായി മലര്‍ക്കെ തുറക്കാം, നമ്മുടെ ജീവിതങ്ങളില്‍ അവിടുത്തെ സ്വീകരിക്കാം.
ഒരിക്കല്‍ക്കൂടെ സന്തോഷത്തോടും ആത്മവിശ്വാസത്തോടുംകൂടെ നമുക്ക് അവിടുത്തോട്
യാചിക്കാം, “ഞങ്ങളെ രക്ഷിക്കാന്‍ അങ്ങു വരണമേ!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക