Image

കനത്ത സുതാര്യമായ ഒരു തുള്ളി പോലെ(ജയന്‍ കെ.സി.യുടെ കവിതകള്‍ - ഒരു നിരീക്ഷണം)

സുധീര്‍ പണിക്കവീട്ടില്‍ Published on 11 January, 2012
കനത്ത സുതാര്യമായ ഒരു തുള്ളി പോലെ(ജയന്‍ കെ.സി.യുടെ കവിതകള്‍ - ഒരു നിരീക്ഷണം)

പണ്ടത്തെ ശുദ്ധന്മാരായ നമ്പൂരിമാര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ ആധുനിക കവിത വായിച്ച് കേള്‍ക്കുമ്പോള്‍ പറയുമായിരിക്കും' ഹാവൂ.. തൊണ്ടയങ്ങട് വരണ്ട്‌പോയി, കുടിക്കാന്‍ ശകലം സംഭാരം എടുക്കാ.. ഈ ലേകന്‍ ജന്മം കൊണ്ട് നമ്പൂരിയല്ലെങ്കിലും ആധുനിക കവിതകള്‍ വായിക്കുമ്പോള്‍ അസാരം പരിഭ്രമമുണ്ടാകാറുണ്ട്. ഈ സത്യം ഒരു മുന്‍കൂര്‍ ജാമ്യമായി എടുക്കുന്നതിനു ഒരു കാരണമുണ്ട്. സാഹിത്യ അക്കാദമി കനകശ്രീ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് ജേതാവും അതേപോലെ അനവധി അംഗീകാരങ്ങള്‍ നേടിയിട്ടുള്ള ശ്രീ കെ.സി. ജയന്റെ കവിത സമാഹാരങ്ങളെക്കുറിച്ച് ചിലതൊക്കെ കുത്തികുറിക്കുക എന്ന സാഹസത്തിനു മുതിരുമ്പോള്‍ അങ്ങനെ ചില വൈഷ്യമങ്ങള്‍ അനുഭവപ്പെടുന്നു. മലരൊളി തിരളും മധു ചന്ദ്രികയില്‍ മഴവില്‍ കൊടിയുടെ മുന മുക്കി എഴുതപ്പെടുന്ന കവിതകളോടു പ്രിയമുള്ള മനസ്സ് ആധുനിക കവിത കാണുമ്പോള്‍ പേടിച്ചോടുന്നത് സ്വാഭാവികം. കാല്‍പ്പനിക സൗന്ദര്യത്തിന്റെ അനുഭൂതികള്‍ തുടിക്കുന്ന വരികളില്‍ സ്വന്തം ഭാവന അലിഞ്ഞ് ചേരുന്ന സും ഒന്ന് വേറെ തന്നെയാണു.

എന്തു കൊണ്ടാണു ആധുനിക കവിതകള്‍ പലരേയും വട്ടം കറക്കുന്നത് എന്നതിനു ഒരു ഉത്തരമുണ്ട്. ആധുനിക കവിതകളില്‍ കാല്‍പ്പനികതയേക്കാള്‍ ചരിത്രവും കവി വായനയിലൂടെ സമ്പാദിച്ച അറിവിന്റെ നുറുങ്ങുകളുടെ ഒരു ഗുളിക രൂപവും ഒക്കെ അടങ്ങുന്നത് കൊണ്ടാകാം എന്നു ഈ ലേകനു തോന്നുന്നു. നൈസര്‍ഗികമായ ഒരു കാവ്യബോധം, വായനക്കാര്‍ പരിചയിച്ച് വന്ന കവിതാരീതി, വശ്യമാര്‍ന്ന ഗാനാത്മകത ഇതൊക്കെ ആധുനിക കവിതകളിലില്ലെന്ന് തീര്‍ത്ത് പറയാന്‍ പ്രയാസമാണെങ്കിലും അനുവാചക മനസ്സുകളിലേക്ക് അത് പെട്ടെന്ന് ഇറങ്ങി ചെല്ലുന്നില്ലെന്നത് സത്യമാണു.

ചൊല്‍കാഴ്ച്ചകളും കവിയരങ്ങുകളും കൊണ്ട് ആധുനിക കവിതകള്‍ മേല്‍പറഞ്ഞ പോരായ്മകള്‍ നികത്താന്‍ ശ്രമിച്ചെങ്കിലും പൂര്‍ണ്ണമായി വിജയിച്ചിട്ടില്ലെന്നുള്ളതാണു സത്യം. ആധുനിക കവിത എന്ന തലകെട്ടോടെ അല്ലെങ്കില്‍ ആക്രുതിയോടെ പ്രത്യക്ഷപ്പെടുന്ന കവിതകളെ വായിക്കാനോ ശ്രദ്ധിക്കാനോ പലര്‍ക്കും താല്‍പ്പര്യമുണ്ടാകാറില്ല. അതിനു കാരണം നമ്മള്‍ എല്ലാവരും ഒരു തരത്തില്‍ ഓരോ ദ്വീപുകളായത്‌കൊണ്ടാണു. നമ്മള്‍ പരിചയിച്ച് വന്ന നമുക്കിഷ്ടപ്പെട്ട നമ്മള്‍ വിശ്വസിക്കുന്ന ഓരോ അനുഭൂതി മണ്ഡലങ്ങളെ താലോലിക്കുന്നവര്‍ക്ക് അതിനേക്കാള്‍ വ്യതസ്ഥമായി എന്ത് കണ്ടാലും അത് സ്വീകരിക്കാനോ അതേപ്പറ്റി അറിയാനോ ഉത്സാഹമില്ല.

ആധുനിക കവിതകളില്‍ പലതും ദുരൂഹതകള്‍ നിറഞ്ഞതും, സാധാരണ മനുഷ്യന്റെ ആലോച നക്കും, ബുദ്ധിക്കും അപ്രാപ്യമാണെന്നുള്ളതും ഒരു പരിധി വരെ ശരിയെന്നിരിക്കെ പല നവീന കവിതകളും വായനക്കാര്‍ക്ക് മനസ്സിലാകുന്ന വിധം ആവിഷ്‌ക്കരിക്കപ്പെടുന്നുണ്ട്. മഞ്ഞു തുള്ളിയില്‍ പ്രപഞ്ചം പ്രതിബിംമ്പിക്കുന്നത് കണ്ടവര്‍ എത്ര പേരുണ്ട്? അല്ലെങ്കില്‍ അതേക്കുറിച്ച് കേട്ടപ്പോള്‍ ഹര്‍ഷ പുളകിതരായവര്‍ എത്ര പേരുണ്ട്. അങ്ങനേയും ഒരു പ്രതിഭാസമോ എന്ന് ചോദിച്ച് ആ ദ്രുശ്യം കാണാന്‍ കൊതിച്ചവര്‍ എത്ര പേരുണ്ട്. അങ്ങനെ ഒരു കണക്കെടുപ്പല്ല ഈ ലേഖനത്തിന്റെ ഉദ്ദേശ്യം. മറിച്ച് പലരും ചിന്തിച്ചിട്ടില്ലാത്ത അല്ലെങ്കില്‍ അന്വേഷിച്ചിട്ടില്ലാത്ത വിഷയങ്ങളിലേക്ക് ശ്രദ്ധയാകര്‍ഷിക്കുക എന്ന ആശയത്തെ വ്യക്തമാക്കാന്‍ വേണ്ടി പ്രസ്തുത ചോദ്യങ്ങള്‍ അവതരിപ്പിക്കുകയായിരുന്നു. ജീവിതം ജീവിച്ച് തീര്‍ക്കുമ്പോള്‍ പലര്‍ക്കും, അവര്‍ പോലുമറിയാതെ നഷ്ടപെട്ടുപോകുന്ന അനര്‍ഘ നിമിഷങ്ങളുടെ ചിമിഴ് കൈകുടന്നയില്‍ കവര്‍ന്നെടുത്ത് അക്ഷരങ്ങളിലൂടെ അവയെ തേജോമയമാക്കുന്ന കവി സാധാരണ മനുഷ്യരില്‍ നിന്നും വ്യത്യ്‌സ്ഥനാണു.ശ്രീ ജയന്‍ ഈ പ്രപഞ്ചവും ജീവിതത്തിന്റെ സ്പന്ദനങ്ങളും തന്റെ കവിതകളില്‍ ഒതുക്കുന്നു. അനന്തമായ കരയുടെ മാറിലേക്ക് തീരാത്ത മോഹങ്ങളുമായി അലകള്‍ വന്നലക്കുന്നു. യുഗാന്തരങ്ങളുടെ സംഗമവേളകളില്‍ ഒരു പക്ഷെ കര മന്ത്രിക്കുന്ന ആ മന്ത്രം കേള്‍ക്കാന്‍.

കവിയുടെ
ഹൃദയവും തിരയടങ്ങാത്ത ഒരു സമുദ്രമാണു. അതിന്റെ അപാരതയില്‍, അഗാധതയില്‍, നീലിമയില്‍, ലവണത്തില്‍ , അസ്വസ്ഥനായി കൊണ്ട് കവി പ്രപഞ്ചത്തെ ഉറ്റു നോക്കിയിരിക്കുന്നു. ഒരു മഞ്ഞു തുള്ളി പോലെ ഈ ലോകം തന്റെ കവിതകളിലൂടെ പ്രതിബിംമ്പിക്കുന്നത് അദ്ദേഹം കാണുന്നു. സൂര്യ താപമേല്‍ക്കുമ്പോള്‍ അല്ലെങ്കില്‍ കാറ്റടിക്കുമ്പോള്‍ ഉടഞ്ഞ് പോകുന്ന മഞ്ഞു തുള്ളിയില്‍ പ്രതിബിംമ്പിക്കുന്ന പ്രപഞ്ചമെവിടെ? വാസ്തവത്തില്‍ മഞ്ഞു തുള്ളിയോടൊപ്പം പ്രപഞ്ചവും നഷ്ടപ്പെട്ടുപോയി എന്നു പറയുമ്പോള്‍ അവിശ്വസനീയത തോന്നുന്നില്ലെ?കാരണം നഗ്നനേത്രങ്ങള്‍ ഭൂമിയും, ആകാശവും, വെളിച്ചവും പ്രക്രുതിയും പ്രതിഭാസങ്ങളും ഒക്കെ കാണുന്നു. എന്നാല്‍ സമയ ഭേദമനുസരിച്ച് മാറുന്ന പ്രപഞ്ചത്തിന്റെ ഭാവങ്ങള്‍ വ്യത്യസ്ഥമാണെന്ന് തിരിച്ചറിയുന്നില്ല. ശ്രീ ജയന്റെ കവിതകളില്‍ ഒരു വിശ്വം മുഴുവന്‍ പ്രതിബിംമ്പിക്കുന്ന മഞ്ഞു തുള്ളികള്‍ സുതാര്യമാണു, കനത്തതാണു.അവ ഉടയുന്നില്ല. പ്രേക്ഷകന്റെ കാഴ്ച്ചക്കനുസരിച്ച് അതിന്റെ വലുപ്പം കൂടിയും, കുറഞ്ഞും വരുന്നു. പ്രപഞ്ചത്തിന്റെ നെറികേട് കണ്ട് പ്രക്ഷുബ്ദമായി കൊണ്ടിരിക്കുന്ന ഒരു മനസ്സില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ പോലെ പൊട്ടി തെറിച്ച് വീഴുന്ന അദ്ദേഹത്തിന്റെ കവിതകള്‍ ചൂടും, പ്രകാശവും പരത്തുന്നുതിനോടൊപ്പം ചിതലരിച്ച തുടങ്ങിയതിനെ ചുട്ടെരിക്കാനും, നിഷ്പ്രയാസം പര്യാപ്തമാണു.

ഒരു സാധാരണകാരന്റെ അറിവിനും ആലോചനക്കുമതീതമായി അദ്ദേഹത്തിന്റെ വരികള്‍ നാനാര്‍ഥങ്ങളുടെ ഒരു ശബ്ദകോശവും താങ്ങി വായനക്കാരന്റെ കണ്മുന്നിലൂടെ അതി ശീഘ്രം താളുകള്‍ മറിച്ച് കൊണ്ട് പോകുന്ന നിതാന്ത വിസ്മയമായി നില കൊള്ളുന്നുണ്ടെന്നു ഈ ലേകന്‍ വിശ്വസിക്കുന്നു. ചരിത്രം കവിതകളില്‍ സന്നിവേശിപ്പിക്കുന്ന കവി, കാലത്തിന്റെ കണ്ണാടിയില്‍ ദൈവാവതാരങ്ങള്‍ മനുഷ്യര്‍ക്ക് നല്‍കിയ പ്രവചനങ്ങള്‍ പ്രതിഫലിക്കുന്നില്ലെന്ന് കണ്ടെത്തുന്ന കവി, ദൈവീകത്വം കല്‍പ്പിച്ച് മനുഷ്യന്‍ തൊഴുത് നില്‍ക്കുന്ന വിഗ്രഹങ്ങള്‍ തച്ചുടക്കാന്‍ സത്യസന്ധത കാണിക്കുന്ന കവി, വാക്കുകളെ സുതാര്യമായ ആയുധമാക്കി ആക്രമിക്കാന്‍ കരുത്തുള്ള കവി. മേല്‍പറഞ്ഞ ഉദാഹരണം വച്ച് നോക്കുമ്പോള്‍ കവി വായനക്കാരനിലേക്ക് സംക്രമിപ്പിക്കുവാന്‍ ശ്രമിക്കുന്ന അര്‍ഥം കവി ഉദ്ദേശിച്ചപോലെ വായനക്കാരന്‍ മനസ്സിലാക്കികൊള്ളണമെന്നില്ലന്നുള്ളതാണു ആധുനിക കവിതയുടെ പ്രത്യേകതയായി ഈ ലേകന്‍ മനസ്സിലാക്കിയിട്ടുള്ളത്. മഞ്ഞു തുള്ളിയില്‍ പ്രപഞ്ചം പ്രതിബിംമ്പിക്കുന്നപോലെ. പല കവിതകളിലും ഒരു ചരിത്ര പശ്ചാത്തലം അല്ലെങ്കില്‍ ചങ്ങലപോലെ ഘടിപ്പിച്ച ചരിത്ര സംഭവങ്ങള്‍ ഒരു ചൂണ്ട് പലക പോലെ തൂക്കിയിട്ടിരിക്കുന്നത് കാണം. ആനുകാലിക സംഭവങ്ങളില്‍ ചരിത്രത്തിന്റെ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നത് കാണുന്ന കവിയുടെ മനസ്സ് പ്രക്ഷുബ്ദമാകുന്നു. അപ്പോള്‍ മുദ്രവാക്യങ്ങല്‍ പോലെ വരികള്‍ തെറിച്ച് വീഴുന്നു.പരമ്പരാഗത കവിതയുടെ മാര്‍ദ്ദവം അതില്‍ കാണത്തത് അവ ധാര്‍മ്മിക രോഷത്തിന്റെ ശക്തി ആര്‍ജിക്കുന്നത് കൊണ്ടാവാം. ഈ കവിയുടെ ഒരു കവിത സമാഹാരത്തിന്റെ പേരു തന്നെ 'പച്ചക്ക്'' എന്നാണു. കവി എല്ലാം പച്ചക്ക് പറയുന്നു.കാല പ്രവാഹത്തില്‍ ക്ഷതമേറ്റ് പോയവയും മാറി മറഞ്ഞവയും കവിയുടെ വ്യത്യസ്ഥ വീക്ഷണങ്ങളിലൂടെ ആവിക്ഷരിക്കപെടുന്നുണ്ട്.അതെല്ലാം പറയുവാന്‍ കാലാ കാലങ്ങളില്‍ നിര്‍മ്മിക്കപ്പെട്ട കവിതാ പാന്ഥാവുകള്‍ കവി സ്വീകരിക്കുന്നില്ല. കവി കവിയുടേതായ ഒരു രീതി സൃഷ്ടിക്കുകയും അത് പിന്തുടര്‍ന്ന് പോരുകയും ചെയ്യുന്നു.

സൗന്ദര്യവും, കാല്‍പ്പനികതയും സമ്മിശ്രമായി ചേര്‍ന്നു ഉല്‍ഭവിപ്പിക്കുന്ന രമ്യ ദൃശ്യങ്ങളെക്കാള്‍ ജയന്‍ കവിതകളില്‍ ഒരു വിപ്ലവ കവിയുടെ, ഒരു നിഷേധിയുടെ, ധിക്കാരിയുടെ വീര്യവും, നിരീക്ഷണങ്ങളും പ്രതിദ്ധ്വനിക്കുന്നു. വ്യക്തിയെന്ന പോലെ സമൂഹത്തിനും ഒരു അവബോധമുണ്ട് ആ അവബോധത്തിന്റെ മൂട് തുറപ്പിക്കുകയാണു ശ്രീ ജയന്‍. ജീവിത രംഗങ്ങളില്‍ നിന്ന് അദ്ദേഹം ആര്‍ജിച്ചെടുത്തതും അദ്ദേഹത്തിന്റെ ബുദ്ധിപരമായ അനുമാനങ്ങളും, സന്ദേശങ്ങളും കവിതകളില്‍ നിറഞ്ഞ് തുളുമ്പുന്നുണ്ട്. പാബ്ലോ നെരൂദ എന്ന ലാറ്റിനമേരിക്കന്‍ കവിയെ മാനവികതയുടെ മഹാകവിയെന്നും, വിപ്ലവത്തിന്റെ മഹാകവിയെന്നും പറയുമ്പോള്‍ തന്നെ കാമത്തിന്റെ കവി എന്നു കൂടി പറയുന്നുണ്ട്. ദാര്‍ശനികത നിഴലടിക്കുന്ന ശ്രീ ജയന്റെ കവിതകളിലും രതിയുടെ ഉപ്പു രസം വായനക്കാരന്‍ നുകരുമ്പോള്‍ കവിതയില്‍ സന്നിവേശിപ്പിച്ചിരിക്കുന്ന അര്‍ഥവ്യാപ്തിയും വിഹഗവീക്ഷണവും വായനക്കാരന്റെ ശ്രദ്ധയെ മറി കടന്നു പോകുന്നു.

ശുഭം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക