Image

റിയാദില്‍ ഇന്ത്യാ ടൂറിസം റോഡ്‌ ഷോ നടത്തി

Published on 11 January, 2012
റിയാദില്‍ ഇന്ത്യാ ടൂറിസം റോഡ്‌ ഷോ നടത്തി
റിയാദ്‌: സാംസ്‌കാരികഭൂമിശാസ്‌ത്ര വൈവിധ്യത്തിലൂന്നിയ ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയുടെ ഭൂപടങ്ങളിലേക്ക്‌ വെളിച്ചം വീശി ഇന്ത്യാ ടൂറിസം റോഡ്‌ ഷോ. കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്‍െറ നേതൃത്വത്തില്‍ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ റിയാദ്‌ ഷെറാട്ടണ്‍ ഹോട്ടലിലാണ്‌ റോഡ്‌ ഷോ സംഘടിപ്പിച്ചത്‌. ആരോഗ്യ ടൂറിസത്തിലൂന്നിയാണ്‌ ഷോ സംഘടിപ്പിച്ചത്‌. കേന്ദ്ര വിനോദ സഞ്ചാര വകുപ്പ്‌ സെക്രട്ടറി റജന്‍ ഹബീബ്‌ ഖാജയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഷോക്ക്‌ നേതൃത്വം നല്‍കിയത്‌.

ആരോഗ്യ ടൂറിസം മേഖലയിലുള്‍പ്പെടെ ഇന്ത്യയിലെ പുതിയ വിനോദ സഞ്ചാര മേഖലകളെ പരിചയപ്പെടുത്താനുദ്ദേശിച്ചുള്ളതാണ്‌ റോഡ്‌ ഷോയെന്ന്‌ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്ര ടൂറിസം സെക്രട്ടറി റജന്‍ ഹബീബ്‌ ഖാജ പറഞ്ഞു. ആരോഗ്യ ടൂറിസത്തിലാണ്‌ റോഡ്‌ ഷോ ഊന്നല്‍ നല്‍കിയിരിക്കുന്നത്‌. ഇന്ത്യന്‍ സാംസ്‌കാരിക വൈവിധ്യത്തിലൂന്നിയ പാരമ്പര്യ ആരോഗ്യ പരിചരണ രീതികള്‍ മുതല്‍ ലോകോത്തര നിലവാരത്തിലുള്ള ഇന്ത്യയിലെ ചികില്‍സാ മേഖലയേയും ഡോക്ടര്‍മാരെയും ചികില്‍സാ സൗകര്യങ്ങളെയും പരിചയപ്പെടുത്തലും ഇതിന്‍െറ ഭാഗമാണ്‌. ആയുര്‍വേദ ചികില്‍സയുള്‍പ്പെടെയുള്ളവക്ക്‌ പ്രോല്‍സാഹനമുദ്ദേശിച്ചുമാണ്‌ ഷോ. 2009ലേതിനേക്കാള്‍ 11.8 ശതമാനം വളര്‍ച്ചയാണ്‌ കഴിഞ്ഞ വര്‍ഷമുണ്ടായത്‌.

വിവിധ ട്രാവല്‍ ഏജന്‍സികള്‍ വഴി ലഭ്യമാവുന്ന കണക്കുകള്‍ പ്രകാരം ഇന്ത്യയിലെത്തുന്ന സൗദികളിലേറെ പേരും ചികില്‍സാ ആവശ്യാര്‍ഥം വരുന്നവരാണ്‌. ഈ സാഹചര്യം പരിഗണിച്ച്‌ സൗദിയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കായി മികച്ച മെഡിക്കല്‍ ടൂറിസം പദ്ധതികളാണ്‌ റോഡ്‌ ഷോ ഒരുക്കിയിരിക്കുന്നത്‌. യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച്‌ ഇന്ത്യയില്‍ ആരോഗ്യ പരിപാലന രംഗത്ത്‌ 30 ശതമാനം വരെ ചെലവ്‌ കുറവാണ്‌. ഇതും ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക്‌ ആകര്‍ഷിക്കുന്നതില്‍ മുഖ്യ ഘടകമാണ്‌. കഴിഞ്ഞ വര്‍ഷം സൗദിയില്‍ നിന്ന്‌ വിനോദ സഞ്ചാരാര്‍ഥം വിദേശത്ത്‌ പോയത്‌ അരക്കോടിയോളം പേരാണ്‌. മൊത്തം ജനസംഖ്യയുടെ നാലിലൊന്ന്‌ വരുമിത്‌. ഇതുകൂടി കണക്കിലെടുക്കുമ്പോള്‍ ഇന്ത്യയിലേക്കുള്ള സൗദിയില്‍ നിന്നുള്ള സന്ദര്‍ശകരുടെ എണ്ണം വര്‍ധിക്കാനുള്ള മികച്ച അവസരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിയാദില്‍ ഇന്ത്യാ ടൂറിസം റോഡ്‌ ഷോ നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക