Image

പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ കോഴികള്‍! (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)

Published on 17 August, 2015
പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ കോഴികള്‍! (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
`അവിടെത്രയാ...' കുട്ടന്‍നായര്‍ പറ്റുപുസ്‌തകത്തില്‍ നിന്നും തല ഉയര്‍ത്താതെ ചോദിച്ചു.

`രണ്ടു പരിപ്പുവടേം ഒരു ചായേം. റൈറ്റസും മുഖത്ത്‌ നോക്കാത്‌ മറുപടി പറഞ്ഞു.

`അവിടെ?' അത്‌ സെബാസ്റ്റ്യനോടാണ്‌.

`മൂന്നു പൊറോട്ടയും പാലും ഒരു കാപ്പീം' അഞ്ചു പൊറോട്ട കഴിച്ച സെബാസ്റ്റ്യന്‍ പറഞ്ഞു. അവനെടുത്ത ബോണ്ടയുടെ കാര്യം അവന്‍ ബോധപൂര്‍വം മറന്നു. ഓര്‍മ്മിപ്പിക്കാന്‍ ഞാനും മിനക്കെട്ടില്ല.

ഞങ്ങള്‍ അങ്ങനാ. വയലില്‍ മുഞ്ഞ വീഴുന്നപോലെ എട്ടുപത്ത്‌ പേര്‌ ചുങ്കത്തെ കുട്ടന്‍നായരുടെ ചായ കടേലോട്ടങ്ങ്‌ ചെല്ലും. കുട്ടന്‍നായര്‍ നിസ്സഹായാനായി നോക്കി നില്‌ക്കെ ചില്ലലമാരയില്‍ ഇരിക്കുന്ന ബോണ്ട, സുഖിയന്‍, പരിപ്പുവട, ഉള്ളിവട, ഏത്തയ്‌ക്കാ അപ്പം മുതലായവ ആവശ്യാനുസ്സരണം എടുത്ത്‌ തിന്നും പക്ഷെ എത്രയെണ്ണം തിന്നാലും പറ്റു കുറിക്കുമ്പോള്‍ രണ്ടു വടയും ഒരു ചായയുമായി ചുരുങ്ങും. ഒരിക്കല്‍ പറ്റുചോദിച്ച കുട്ടന്നാറയരോട്‌ റൈറ്റസ്‌ പറഞ്ഞു ഞങ്ങളും കുട്ടന്‍നായരുമായുള്ള ഞങ്ങളുടെ ആത്മബന്ധം ഒരു പറ്റുബുക്കില്‍ ഒതുക്കരുതെന്ന്‌.

`ഇല്ല, ഇനി പാലുകാരനും പലചരക്കുകാരനും പൈസയ്‌ക്ക്‌ വരുമ്പോ ഇപ്പൊ പറഞ്ഞത്‌ കുഞ്ഞു തന്നെ അങ്ങ്‌ പറഞ്ഞേര്‌...'

കുട്ടന്‍നായരും തിരിച്ചടിച്ചു. റൈറ്റസിന്റെ നാവിറങ്ങി പോയി.

എം. കോമിന്‌ കോട്ടയം മോഹന്‍സില്‍ പഠിക്കുന്ന സുവര്‍ണ്ണ കാലം. താമസ്സം രാമനിലയം ലോഡ്‌ജില്‍. കോട്ടയം പട്ടണാതിര്‍ത്തി കഴിയുന്ന ചുങ്കം നദിയുടെ പാലം കഴിഞ്ഞാ ഉടനെ ഇടതുവശത്ത്‌ താഴ്‌ന്ന നിലത്തിരിക്കുന്നതാണ്‌ രാമനിലയം ലോഡ്‌ജ്‌.

റിട്ടയേര്‍ഡ്‌ എസ്‌. ഐ രാഘവന്‍ പിള്ളയാണ്‌ ഉടമ. പോലീസ്സുകാര്‍ക്കൊരു അപമാനമാണ്‌ രാഘവന്‍ പിള്ള. കത്തിതീര്‍ന്ന തീപ്പെട്ടിക്കൊള്ളിയുടെ രൂപം. കേടു വന്നുണങ്ങിയ തേങ്ങയെ അനുസ്‌മരിപ്പിക്കുന്ന മുഖം. പാതി കഷണ്ടി. കൊമ്പന്‍ മീശ ഉണ്ടെങ്കിലും കൊയ്‌ത്ത്‌ കഴിഞ്ഞ പാടം പോലെയുള്ള മേല്‌ച്ചുണ്ട്‌. ചെറിയൊരു പുഞ്ചിരി ഇപ്പോഴും ചുണ്ടില്‍ ഉണ്ടാവും. മുഖത്തൊരു ഗൗരവമൊക്കെ വരുത്തി ചോദിക്കിഞ്ഞാട്ടിട്ടാവും ആരും ഒരിക്കലും വാടക സമയത്തിന്‌ കൊടുക്കാറില്ല. ആരെങ്കിലും ഒക്കെ എല്ലാ കാലവും കടം പറയുന്നതിനാല്‍ രാഘവന്‍ പിള്ള മിക്കവാറും എല്ലാ ദിവസ്സവും തന്നെ വാടക പിരിക്കാന്‍ ആ വഴി വരും.

ഞങ്ങള്‍ ഒരു ഡസ്സനോളം കോളേജ്‌ പിള്ളേരും പിന്നെ ദീപികയില്‍ ജോലി ചെയ്യുന്ന രാജനും കോട്ടയം മുനിസിപ്പാലിറ്റി ഡ്രൈവര്‍ തോമസും ക്യാനറ ബാങ്കിലെ ക്ലാര്‍ക്ക്‌ ശശിയുമാണ്‌ താമസ്സം. ശശി എന്ന്‌ പേരാണെങ്കിലും ആളത്ര ശശിയല്ല. മിടുക്കനാണ്‌.

പിള്ളേരെന്ന്‌ പറയുമ്പോ വയനാട്ടില്‍ നിന്നും വന്ന ടൈറ്റസ്‌, എരുമേലിക്കാരന്‍ സെബാസ്റ്റ്യന്‍, കുട്ടിക്കാനത്ത്‌ നിന്നുള്ള സാബു, പുതുപ്പള്ളിക്കാരന്‍ ജോജി, ആനിക്കാട്‌കാരന്‍ ദ്വിലീപ്‌. പിന്നെ മണിമലക്കാരനായ ഈ ഞാന്‍. മുറ്റു ടീമുകള്‍!

ലോഡ്‌ജിന്‌ തൊട്ടടുത്ത്‌ മൂന്നാല്‌ വീടുകളുണ്ട്‌. ആ വീടുകളില്‍ ഒന്നിന്റെ മുറ്റത്തൊരു ചാമ്പമരം നില്‌പ്പുണ്ട്‌. അവരുടെയെല്ലാം വീടുകളില്‍ കോഴിക്കൂടുണ്ടെങ്കിലും അവരുടെ ഒറ്റ കോഴി പോലും സന്ധ്യയായാല്‍ കൂട്ടില്‍ കേറില്ല. ആ കാര്യത്തില്‍ കോഴികള്‍ ഒറ്റക്കെട്ടാണ്‌. എല്ലാം പോയി ചേക്കേറുന്നത്‌ ഈ ചാമ്പയില്‍.

നവംബര്‍ മാസ്സത്തിലെ ഒരു രാത്രി...കൂരാക്കൂരിരുട്ട്‌! മഴയും മിന്നലും ഇടിവെട്ടും കാറ്റും തണുപ്പും ആവശ്യത്തിലേറെയുണ്ട്‌. കരണ്ടുമില്ല.പുതച്ചുമൂടി കേറികിടന്നുറങ്ങാന്‍ ബെസ്റ്റ്‌ സമയം. അപ്പൊ ദ്വിലീപിനൊരു ആഗ്രഹം...ഒരു കോഴിയെ പിടിച്ചു കറിവക്കണം. ആദ്യമൊക്കെ ഞങ്ങള്‍ എതിര്‍ത്തെങ്കിലും ഒടുവില്‍ ഞങ്ങള്‍ക്കെല്ലാം ടീം സ്‌പിരിറ്റ്‌ കേറി. കോഴിയെ പിടിക്കാനും കറി വക്കാനും ഞങ്ങള്‍ ഐക്യകണ്‌ഠമായി തീരുമാനിച്ചു. കൂട്ടത്തിലെ പാചകരത്‌നം ഞാനായതിനാല്‍ കറി വയ്‌ക്കുന്ന ചുമതല എന്നെയും ഏല്‌പ്പിച്ചു. ഞാനത്‌ സന്തോഷപൂര്‍വം ഏറ്റെടുത്തു. ഞങ്ങളില്‍ ഏറ്റം പൊക്കമുള്ള ദ്വിലീപ്‌ കോഴിയെ പിടിച്ചോണ്ട്‌ വരും, ബാക്കിയെല്ലാവരും ചേര്‍ന്ന്‌ അതിനെ കൊന്ന്‌ വെള്ളത്തില്‍ മുക്കി പൂട പറിച്ച്‌ കഷണങ്ങള്‍ ആക്കിത്തരുമ്പോള്‍ ഞാനത്‌ പാചകം ചെയ്യും.

ദ്വിലീപൊരു ഒറ്റത്തോര്‍ത്തുമുടുത്ത്‌ പെരുമഴയത്ത്‌ ചാമ്പമരത്തിനെ സമീപിച്ചു. മോര്‍ച്ചറി സിനിമയില്‍ ശങ്കര്‍ ശവത്തിന്‌ മോതിരം ഇടാന്‍ പോകുമ്പോള്‍ കാണികള്‍ ശ്വാസമടക്കി നോക്കി ഇരുന്നത്‌ പോലെ ഞങ്ങള്‍ ലോഡ്‌ജിന്റെ ജനലില്‍ കൂടി അവന്‍ പോകുന്നതും നോക്കി ഇരുന്നു.

മരത്തിേെന്റാ അടുത്തെത്തിയ ദ്വിലീപ്‌ ഞങ്ങളെ ഒന്ന്‌ തിരിഞ്ഞു നോക്കി; ആരെങ്കിലും വന്നാല്‍ സിഗ്‌നല്‍ തരാനുള്ള അവസാന ഓര്‍മ്മപ്പെടുത്തല്‍.

മരത്തിന്‌ താഴെ അവന്‍ നിന്നു. എന്നിട്ട്‌ പതിയെ മുകളിലേക്ക്‌ നോക്കി. കോഴികളെ ഒന്നും കാണുന്നില്ല. കൈയെത്തും ദൂരത്തില്‍ കോഴികള്‍ ഉണ്ടെങ്കില്‍ തന്നെ ഇരുട്ട്‌ കാരണം ഒന്നും കാണത്തില്ല. കഷ്ട്‌ടം! വെറുതെ മഴ നനഞ്ഞു. ഞങ്ങള്‍ക്കും ചെറിയ സങ്കടം തോന്നി. കോഴിയിറച്ചി കൂട്ടി തിന്നാന്‍ സെബാസ്റ്റ്യന്‍ ചപ്പത്തിക്കുള്ള മാവ്‌ പോലും കുഴച്ചു വച്ചിരിക്കുവാ. സാബു കോഴിയെ മുക്കാന്‍ വെള്ളവും അടുപ്പത്ത്‌ വച്ചു.

തോറ്റ്‌ പിന്മാറാന്‍ ദ്വിലീപ്‌ ഒരുക്കമല്ലായിരുന്നു. അവന്‍ അവിടെ തന്നെ നിന്നു. ഒരു മിന്നല്‍! ദ്വിലീപിന്‌ വേണ്ടതും അതായിരുന്നു. കോഴി ഇരിക്കുന്ന കൊമ്പ്‌ കാണാന്‍ അത്‌ മതിയായിരുന്നു. പിന്നെ താമസ്സിച്ചില്ല, അവനൊറ്റ ചാട്ടം! കൃത്യം കോഴിയുടെ കഴുത്തില്‍ തന്നെ പിടികിട്ടി. മരം അനങ്ങിയപ്പോള്‍ മറ്റു കോഴികള്‍ ഉച്ചത്തില്‍ നിലവിളിച്ചു. കോഴിയുടെ നിര്‍ഭാഗ്യമോ ഞങ്ങളുടെ ഭാഗ്യമോ...ആ മിന്നലിന്‌ പുറകെ കാതടപ്പിക്കുന്ന ഒരു ഇടിയും ഉണ്ടായിരുന്നു. കോഴിയുടെ കരച്ചില്‍ ആ ഇടിശബ്ദത്തില്‍ മുങ്ങിപ്പോയി. പരിസ്സരവാസ്സികളാരും കോഴികളുടെ നിലവിളി കേട്ട ലക്ഷണമില്ല. ആരും കതക്‌ തുറക്കുകയോ ഇറങ്ങി വരികയോ ചെയ്‌തില്ല.

ദ്വിലീപ്‌ വിജയശ്രീലാളിതനായി ഒരു കൈയില്‍ കോഴിയും മറ്റെകൈയില്‍ ഉരിഞ്ഞു താഴെ വീഴാറായ തോര്‍ത്തും ചേര്‍ത്ത്‌ പിടിച്ച്‌ നനഞ്ഞു കുതിര്‍ന്നു കയറിവന്നു. കൂട്ടത്തില്‍ മൂത്ത ജോജി അപ്പോഴേക്കും തല തോര്‍ത്താ ന്‍ ഉണങ്ങിയ ഒരു തോര്‍ത്തുമായി ദ്വിലീപിനെ വരവേറ്റു. ചെറുക്കന്‌ പനി വന്നിട്ട്‌ കോഴിയിറച്ചി കൂട്ടാന്‍ പറ്റാത്‌ വന്നാലോ.

കോഴിയുടെ അന്ത്യം അടുത്തു. അതിക്രൂരമായി ടൈറ്റസ്സും സെബാനും ചേര്‍ന്ന്‌ അതിനെ കൊന്ന്‌ തിളച്ചവെള്ളത്തില്‍ മുക്കി പൂട പറിച്ച്‌ ബോയിംഗ്‌ ബോയിങ്ങില്‍ മോഹന്‍ലാല്‍ കാണിച്ച എല്ലാ അക്രമവും ചെയ്‌തു. മുറിച്ച കോഴിയെ കൈയില്‍ കിട്ടിയ മസാല ഒക്കെ ചേര്‍ത്ത്‌ ഞാന്‍ കറിയാക്കി. നാടന്‍ കോഴി കറിവക്കുമ്പോഴുള്ള ആ മണം! മണമടിച്ച്‌ ആരെങ്കിലും ഉണരുമോ, കറിയുടെ രുചി പോലും ആസ്വദിക്കാന്‍ പറ്റുന്നതിന്‌ മുന്‍പേ പിടിക്കപ്പെടുമോ എന്ന്‌ ഞങ്ങള്‍ ഉള്ളില്‍ ഭയന്നു.

ഇതിനിടെ സെബാന്‍ ചപ്പാത്തി റെഡി ആക്കി. കറി ശരിക്കും വേകുന്നതിന്‌ മുമ്പ്‌ തന്നെ ദ്വിലീപ്‌ ചട്ടിയില്‍ കൈയിട്ട്‌ ഓരോ കഷണം തിന്നാന്‍ തുടങ്ങി...ഇതിന്‌ മലയാളത്തില്‍ കൊതി എന്ന്‌ വിളിക്കും.

കറി വെന്തിട്ട്‌ കഴിക്കാനിരുന്നാല്‍ ഒരു കഷണം പോലും ബാക്കിയുണ്ടാവില്ലെന്ന തിരിച്ചറിവ്‌ വന്നപ്പോള്‍ ഞങ്ങള്‍ കൂട്ടത്തോടെ കറി ചട്ടി ആക്രമിച്ചു. മിനിട്ടുകള്‍ക്കകം ചട്ടി കാലി.

കൊന്ന കോഴിയുടെ അവശിഷ്ട്‌ടങ്ങള്‍ മറവുചെയ്യുക എന്നതായി അടുത്ത വെല്ലുവിളി. എവിടെ ഇട്ടാലും ആരെങ്കിലും ശ്രദ്ധിക്കും. ഒടുവില്‍ വളരെ നിന്ദ്യവും ഹീനവും പൈശാചികവുമായ ഒരു പ്രതിവിധി സാബു പറഞ്ഞു. ചായ കുടിക്കാന്‍ പോകുമ്പോള്‍ ഞങ്ങള്‍ കോളേജ്‌ കുട്ടികളോട്‌ അന്യായമായി പറ്റുകാശ്‌ ചോദിക്കുന്ന കുട്ടന്‍നായരുടെ കടയുടെ വാതില്‍ക്കല്‍ ഒരു പ്ലാസ്റ്റിക്ക്‌ സഞ്ചിയില്‍ പൊതിഞ്ഞുവക്കാന്‍! അതെല്ലാര്‍ക്കും സ്വീകാര്യമായി.

നല്ല ഉറക്കമായിരുന്ന ദീപിക ഫോട്ടോഗ്രാഫര്‍ രാജന്റെ സൈക്കിള്‍ ടൈറ്റസ്‌ പോയി അടിച്ചുമാറ്റിക്കൊണ്ട്‌ വന്നു. അവന്‍ തന്നെ സൈക്കിള്‍ ചവുട്ടി, കോഴിയുടെ പപ്പും പൂടയും കാലും കുടലും പണ്ടവും കരളും അടങ്ങുന്ന ബാഗും തൂക്കി സെബാന്‍ പുറകിലിരുന്നു. ആരും കാണുന്നില്ലാ എന്നുറപ്പ്‌ വരുത്തിയിട്ട്‌ കടയുടെ വാതില്‍ക്കല്‍ തന്നെ അവരാ ബാഗ്‌ നിക്ഷേപിച്ചു. സാഹസം എല്ലാം പൂര്‍ത്തിയായപ്പോള്‍ വെളുപ്പിനെ ഒന്നരയോളമായി. എല്ലാവരും സുഖമായി കോഴിയിറച്ചി സ്വപ്‌നം കണ്ടുറങ്ങി.

രാവിലെ കട തുറക്കാന്‍ വന്ന കുട്ടന്നാിയര്‍ സഞ്ചി കണ്ട്‌ പതുക്കെയത്‌ പൊളിച്ചു നോക്കി. ഉള്ളടക്കം കണ്ട്‌ അയാള്‍ ഞെട്ടി. വീണ്ടും നോക്കി. കോഴിയുടെ തല. കൂടോത്രം! തന്നോട്‌ പകയുളള ആരോ കൂടോത്രം ചെയ്‌തിരിക്കുന്നു! നശിച്ചു. കുടുംബോം കടയും ജീവിതോം നശിച്ചു. അയാള്‍ വീണ്ടും ഞെട്ടി. പിന്നെ താമസ്സിച്ചില്ല. ആരോ പോലീസ്സില്‍ അറിയിച്ചു. പോലീസ്‌ വന്നു. അപ്പോഴേക്കും ആളുകള്‍ കൂടി. പലരും പല അഭിപ്രായങ്ങളും പറഞ്ഞു.

അപ്പോഴേക്കും ഞങ്ങളും കാപ്പി കുടിക്കാനെന്ന ഭാവേന കടയിലെത്തി. കാഴ്‌ചക്കാര്‍ അഭിപ്രായം പറഞ്ഞ കൂട്ടത്തില്‍ ഞങ്ങളും ഞങ്ങടെ അഭിപ്രായം പറഞ്ഞു..`ആരെങ്കിലും തമാശിന്‌ ചെയ്‌തതാവും. അതിത്ര കാര്യമാക്കാനുണ്ടോ?'

പോലീസിന്‌ ഈ കൊലപാതക/ കൂടോത്രക്കേസില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. അവര്‍ക്ക്‌ തുമ്പല്ലേ വേണ്ടത്‌. ഞങ്ങള്‍ തുമ്പൊന്നും ബാക്കി വക്കാതെയല്ലേ കറി കൂട്ടി തീര്‍ത്തത്‌. തെളിവില്ലാത്ത ആയിരക്കണക്കിന്‌ കേസുകളുടെ കൂടെ ഈ കോഴി മോഷണക്കേസ്സും എഴുതിച്ചേര്‍ത്തു .

സെബാന്‍ ഇപ്പോള്‍ ദുബായില്‍. ദ്വിലീപ്‌ സര്‍ക്കാര്‍ സര്വീ്‌സില്‍ ഗസ്സറ്റഡ്‌ ഓഫീസ്സറാണ്‌. ജോജി രാഷ്ട്രീയത്തില്‍. ടൈറ്റസിന്‌ ജോലിയുടെ ആവശ്യമില്ല. ദിവസ്സം നാനൂറ്‌ കിലോ റബ്ബര്‍ കിട്ടുന്ന വീട്ടിലെയാണ്‌ കക്ഷി. ഞാന്‍ ന്യൂ യോര്‍ക്കില്‍. ബാക്കിയുള്ളവരെ പറ്റി വിവരമില്ല.

പോസ്റ്റ്‌ഗ്രാജ്വേറ്റ്‌ കോഴികള്‍! (നര്‍മ്മകഥ: പോള്‍ ചാക്കോ തീമ്പലങ്ങാട്ട്‌)
Join WhatsApp News
vadany 2015-08-18 12:10:00

കോഴികള്‍ പലതും പല രൂപത്തില്‍

ഡിഗ്രികള്‍ പലതും കൂടി കെട്ടും

മീറ്റിംഗില്‍ എല്ലാം മുഖ്യ സ്ഥാനം വേണം

സുട്ടും കൊട്ടും കറപിച്ച മുടിയും മീശയും

എല്ലാ പെണ്ണും അവനുടെ എന്നൊരു ഭാവം

ഭാരിയെ കണ്ടാല്‍ പതുങ്ങും പാവം


വായനക്കാരൻ 2015-08-18 15:11:28
തലമുറകളായി കേരളത്തിലെ പ്രധാന കോഴിപിടുത്ത കേന്ദ്രങ്ങൾ മെൻസ് ലോഡ്ജുകളാണ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക