Image

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല....എന്തെന്റെ മാവേലി ഓണംവന്നു(അനില്‍ പെണ്ണുക്കര)

അനില്‍ പെണ്ണുക്കര Published on 24 August, 2015
ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല....എന്തെന്റെ മാവേലി ഓണംവന്നു(അനില്‍ പെണ്ണുക്കര)
പഴയകാലത്ത് പൂ  പറിക്കാന്‍ കുന്നുംമലയും താണ്ടിപ്പോകുന്ന കുട്ടികള്‍ പൂവട്ടിയും കഴുത്തിലിട്ട് നീട്ടിപ്പാടും. കൂടുതല്‍ പൂ നിറയാന്‍ പൂവട്ടി കൈകൊണ്ടൊന്നു ചുഴറ്റിവീശി പൂനിറയ്ക്കു പതിവായിരുന്നു. ഇന്നതൊക്കെ മണ്‍മറഞ്ഞുവെങ്കിലും പൂര്‍ണചന്ദ്രന്‍ ശ്രാവണനക്ഷത്രത്തില്‍ സഞ്ചരിക്കുന്ന സുദിനം കേരളീയരുടെ ദേശീയാഘോഷമായിത്തന്നെ നാമിന്നും കൊണ്ടാടുന്നു.

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല
എന്തെന്റെ മാവേലി ഓണംവന്നു
നെല്ലു പുഴുങ്ങീല തെല്ലുമുണങ്ങീല
എന്തെന്റെ മാവേലി ഓണം വന്നു.....

എന്നുപാടിക്കൊണ്ട് മുറ്റം വൃത്തിയാക്കി ചാണകം മെഴുകി കളമൊരുക്കാന്‍ മാനവര്‍ ധൃതികൂട്ടുന്നു. അത്തം നാളില്‍ സാധാരണയായി തുളസിക്കതിരുകളും മത്തപ്പൂ കുമ്പളപ്പൂ എന്നിവയുമാണ് പൂക്കളത്തിനുപയോഗിക്കുക. കിഴക്കോട്ടു തിരിച്ചുവയ്ക്കുന്ന തുളസിക്കതിരുകള്‍ സൂര്യനുമായി പൂക്കള്‍ക്കുള്ള ബന്ധത്തെ സൂചിപ്പിക്കുന്നു. ചിത്തിരനാളില്‍ ചുവന്ന പൂവൊഴിച്ച് മറ്റു പൂക്കളും ഉപയോഗിക്കാം. ചോതി നാള്‍ മുതല്‍ക്കാണ് പല സ്ഥലങ്ങളിലും ചുവന്ന പൂക്കള്‍ ഉപയോഗിക്കുക. വിശാഖം, അനിഴം നാളുകളില്‍ ക്രമാനുസൃതമായി കൂടുതല്‍ പൂക്കള്‍ ഉപയോഗിക്കുന്നു. ഓരോ പൂവിനെയും ശ്ലാഘിച്ചുകൊണ്ട് കന്യകമാര്‍ പാടുന്ന പാട്ടുകള്‍ തന്നെയുണ്ട്. പൂക്കളം ഒരുക്കു#നന വേളകളില്‍ അവര്‍ ഇങ്ങനെ പാടുന്നു.

മല്ലിപ്പൂ ഞാനിടുന്നേന്‍
മാംഗല്യം കൈവരുന്നതിനായ്
അരളിപ്പൂവര്‍പ്പിക്കുന്നേന്‍
ഐശ്വര്യം കൈവരുവാന്‍
പൊന്‍ചേമന്തി കണിവെക്കുന്നേന്‍
പൊന്മാളികയില്‍ കുടിയേറാന്‍
മുല്ലപ്പൂമമണി വിതറുന്നേന്‍
അല്ലല്‍ സകലം നീങ്ങാനായ്
തുളസിപ്പൂ ചൂടിക്കുമ്പോള്‍
ശുഭവേള ലഭിപ്പതിനായ്
മന്ദാരം അര്‍പ്പിക്കുന്നേന്‍
സന്തതീ സൗഖ്യത്തിനായ്
തുമ്പപ്പൂമലര്‍ തൂവുന്നേന്‍
തുമ്പം സകലം കളവാനായ്
തെച്ചിപ്പൂമലര്‍ പൊഴിയുന്നേന്‍
തെറ്റാതെന്‍ കുലം വളരാനായ്

തൃക്കേട്ടനാളില്‍ വിപുലമായ രീതിയിലുള്ള പൂക്കളത്തോടൊപ്പം സാമൂഹ്യ ഒത്തുകൂടിലുകളും സാംസ്‌ക്കാരിക പരിപാടികളും നടക്കുന്നു. മൂലം നക്ഷത്രത്തിന് വട്ടത്തിലുള്ള പൂക്കളങ്ങള്‍ക്കു പകരം മൂലതിരിച്ചാണ് പൂക്കളിടുക പതിവ്. പൂരാടം, ഉത്രാടം ദിവസങ്ങളില്‍ ചെന്താമര, ദശപുഷ്പം, കാക്കപ്പൂ തുടങ്ങി എല്ലായിനം പൂക്കളും, ഇതളുകളും ഉപയോഗിക്കുന്നു. തിരുവോണ ദിവസത്തെ പ്രധാന ചടങ്ങാണ് തൃക്കാക്കരയപ്പനെ വെക്കല്‍. ആവണിപ്പലകയിലോ, തൂശനിലയിലോ ആണ് തൃക്കാക്കരയപ്പനെ ഒരുക്കുക. പഴയകാലത്ത് അത്തംനാള്‍ തൊട്ട് വീട്ടുമുറ്റത്ത് ഓരോ കളങ്ങള്‍ ക്രമത്തില്‍ ഒരുക്കി പടിവരെ കളങ്ങളുണ്ടാവും. ഓരോ ദിവസം ഓരോ കളങ്ങളിലാണ് പൂവിടുക. മഹാബലിയെ വീട്ടുപടിക്കല്‍ നിന്നുതന്നെ സ്വീകരിക്കുക എന്നതാണ് ഉതുകൊണ്ടുദ്ദേശിക്കുന്നത്. തൃക്കാക്കരയപ്പന്‍ മൂന്നോ അഞ്ചോ ഏഴോ ഒക്കെ ആവാം. കൂട്ടത്തില്‍ മുത്തിയമ്മ, മുത്താര് (പ്രായമായവര്‍), നാഴി, പഴ, അമ്മി, ആട്ടുകല്ല് എന്നിവയൊക്കെ ഇതോടൊപ്പം വയ്ക്കു പതിവാണ്. തിരുവോണത്തിന്‍നാളില്‍ നാളികേരം കൊട്ടുക എന്നൊരു ചടങ്ങുണ്ട്. നാളികേരം, ഉടച്ച് രണ്ടായി പകുത്ത് അതില്‍ അരി കിഴികെട്ടും. തുടര്‍ന്ന് തുമ്പപ്പൂചേര്‍ത്ത് ഉപ്പില്ലാത്ത പൂവട, പഴം എന്നിവയൊക്കെ തൃക്കാക്കരയപ്പനു നേദിച്ചശേഷം ചെറിയ തൃക്കാക്കരയപ്പനെ വീട്ടുപടിക്കലും കൊണ്ടുവയ്ക്കുന്നു. തൃക്കാക്കരയപ്പന്മാരുടെ ചുറ്റിലും തുമ്പത്തലകൊണ്ട് അലങ്കരിക്കും.

തൃക്കാക്കരപ്പാ പടിക്കലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ

എന്ന ഈരടികള്‍ പണ്ടുള്ളവര്‍ പാടുക പതിവായിരുന്നു. തിരുവോണനാളില്‍ ശ്രീപരമേശ്വരന്‍ ശ്രീമൂലസ്ഥാനത്ത് ആഗതനാകുന്നു എന്ന സങ്കല്പത്തോടെ.

തൃശൂരില്‍, ഈക്കീക്കീമുറ്റത്തു മുല്ലനട്ടു
മുല്ല കൊഴുത്തടിച്ചു വാഴനട്ടു
വാഴ കുലച്ച് വടക്കോട്ടു ചാഞ്ഞു
വടക്കുള്ള നായന്മാരങ്കം വെട്ടി.
എന്നിങ്ങനെയുള്ള ശീലുകള്‍ കേള്‍ക്കാറുണ്ട്.

ഓണസദ്യയാണ് അടുത്ത ഇനം. പഴയകാലത്ത് 64 വിഭവങ്ങളുണ്ടായിരിക്കും. ഇന്നു പതിനൊന്നും പതിമൂന്നുമൊക്കെയാണ്. സദ്യക്കുശേഷം കൈക്കൊട്ടിക്കളി, ഓണത്തല്ല്, തുമ്പിതുള്ളല്‍, തലപ്പന്തുകളി എന്നിവയുണ്ടാകും.

മാവേലിനാടിന്റെ സുവര്‍ണകാലത്തെക്കുറിച്ച് നമുക്ക് ഒത്തൊരുമിച്ച് പാടാം. മാവേലി നാടുവാണീടും കാലം മാനുഷരെല്ലാരുനുമാന്നുപോലെ.

ചന്തത്തില്‍ മുറ്റം ചെത്തിപ്പറിച്ചീല....എന്തെന്റെ മാവേലി ഓണംവന്നു(അനില്‍ പെണ്ണുക്കര)
Join WhatsApp News
for you to understand 2015-08-24 15:31:14

ഓണം നമ്മുടെ ശ്രാവണോത്സവം

എം.എസ്.ജയപ്രകാശ്
മതന്യൂനപക്ഷ ഓണം ഹൈന്ദവമാണെന്നും പിന്നോക്ക ദലിത് വിഭാഗങ്ങള്‍ ഓണം ആഘോഷിക്കുന്നത് ശരിയല്ലെന്നുമുള്ള തെറ്റായ ധാരണകള്‍ നിലനില്‍ക്കുകയാണല്ലോ. ചരിത്ര പഠനത്തിന്റെ അഭാവമാണ് ഇതിനു കാരണം. ഓണം ഹിന്ദുമതാഘോഷമല്ല. ഓണത്തിന് മതമുണ്ടെങ്കില്‍ അത് ബുദ്ധമതമാണ്. എന്നാലും അത് മതപരമല്ല, തികച്ചും ജനകീയമാണ്. മഹാബലിയെ ചവിട്ടിത്താഴ്ത്തിയതില്‍ ദുഃഖിക്കേണ്ടവര്‍ ആ സ്മരണയുടെ പേരില്‍ ആഘോഷം നടത്തുന്നത് ശരിയാണോ എന്നു ചോദിക്കുന്നവരുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഓണം ആഘോഷിക്കാതിരിക്കുന്നവരുമുണ്ട്. ഇത് വിഢിത്തമാണെന്ന് പറയാതിരിക്കാന്‍ വയ്യ. മഹാബലിയും ഓണം ആഘോഷിച്ചിരുന്നയാളാണ്.

ബി സി 300 മുതല്‍ എ ഡി 900 വരെയും (1200 വര്‍ഷം) നീളുന്ന ഒരു ദ്രാവിഡ - ബൗദ്ധ - ചേരരാജ്യ പാരമ്പര്യം നമുക്കുണ്ടല്ലോ. അതിനെ വെടക്കാക്കി തനിക്കാക്കിയവരാണ് ചേരത്തെ കേരളമാക്കി മാറ്റിയത്. നമ്മുടെ പൂര്‍വികരുടെ ചേരരാജ്യത്തിലെ ശ്രാവണോത്സവമാണ് ഓണം. ശ്രാവണം - സാവണം - ആവണം - ഓണം. ഇതാണ് ഇന്നത്തെ എല്ലാ മലയാളികളുടേയും പൂര്‍വികരുടെ ഓണം. 'ശ്രാവണം' സംസ്‌കൃതപദമാണ്. അതിന്റെ പാലി സമാന്തരമാണ് 'സാവണം'. 'സ' നിശബ്ദമായാല്‍ പിന്നെ ഉച്ചരിക്കുന്നത് 'ആവണം' എന്നാണല്ലോ. ഉച്ചാരണ സൗകര്യാര്‍ത്ഥം 'ഓണ'മായി. ശ്രാവണമാസം ചിങ്ങമാസവുമാണല്ലോ.

ഓണാഘോഷത്തില്‍ അന്നത്തെ, നമ്മുടെ പൂര്‍വികരുടെ, ബുദ്ധമതസ്വാധീനം പ്രകടമായി കാണാം. ഓണക്കോടിയും ഓണസദ്യയും ബുദ്ധമതക്കാരായിരുന്ന പൂര്‍വികര്‍ ആവിഷ്‌കരിച്ചതുപോലെ ഇന്നും കേരളത്തില്‍ നിലനില്‍ക്കുന്നു. പൂക്കളമാണല്ലോ, ഓണത്തിന്റെ മറ്റൊരു ആകര്‍ഷണം. കളങ്ങള്‍ വൃത്താകൃതിയിലായിരിക്കുമെന്നതാണ് ഒരു പ്രത്യേകത. ചതുരങ്ങളോ കോണുകളോ പാടില്ല. എന്തുകൊണ്ട് വൃത്തം? എന്നത് പഠനാര്‍ഹമാണ്. ബുദ്ധമതക്കാരുടെ എട്ടു പവിത്രവസ്തുക്കളില്‍ ഒന്നാണല്ലോ ചക്രം (അശോകചക്രം). അത് ധര്‍മത്തിന്റെ പ്രതീകമാണ്. ധര്‍മചക്രത്തിന്റെ ജ്യാമതീക രേഖയാണ് വൃത്തം. ചക്രം പോലെ പവിത്രമാണ് വൃത്തവും. ഓണപ്പൂക്കളം വൃത്തരൂപിയായതിന്റെ കാരണം ഇതാണ്. പൂക്കളത്തിന്റെ മധ്യത്തില്‍ വെക്കുന്ന സ്തൂപം ബുദ്ധന്റെ പ്രതീകവുമാണ്.

തൃക്കാക്കര ഉല്‍പ്പെടെയുള്ള പ്രദേശങ്ങള്‍ ഭരിച്ചിരുന്ന രാജാവാണ് മഹാബലി. ആര്യന്‍ അധിനിവേശ ശക്തികള്‍ അദ്ദേഹത്തെ പുറത്താക്കിയത് ഓണനാളുകളിലാവാനാണ് സാധ്യത. അതുകൊണ്ടാവണം പുറത്താക്കലുമായി ഓണത്തെ തല്പ്പരകക്ഷികള്‍ ബന്ധപ്പെടുത്തിയത്. അത് അവരുടെ ജോലി. നമുക്ക് ഓണമാഘോഷിച്ച് നമ്മുടെ ജോലി പൂര്‍ത്തിയാക്കാം.

പള്ളി എന്നാല്‍ ബുദ്ധവിഹാരമാണല്ലോ. കേരളത്തില്‍ ക്രൈസ്തവരും മുസ്ലീങ്ങളും അവരുടെ ദേവാലയത്തിനെ പള്ളി എന്നു വിളിക്കുന്നത് ഈ ബുദ്ധമതപാരമ്പര്യത്തെയാണ് കാണിക്കുന്നത്. മുസ്ലീംകള്‍ക്ക് മസ്ജിദ് ആണ് ദേവാലയമെങ്കിലും കേരളത്തില്‍ അത് പള്ളിയാണ്. മാത്രമല്ല രണ്ടുകൂട്ടരും മാപ്പിളമാരുമാണ്. മാര്‍ഗ്ഗപ്പിള്ള (പുതിയ മതം അഥവാ മാര്‍ഗം സ്വീകരിച്ചവര്‍) ലോപിച്ചാണ് മാപ്പിള വന്നത്. കേരളത്തെ ആദ്യം സ്വാധീനിച്ചത് ബുദ്ധമതമാണല്ലോ. അതിനാല്‍ ഓണത്തിന് ജാതിമത അതിരുകള്‍ കല്പ്പിക്കുന്നത് പൂര്‍വികരോടുള്ള അനാദരവായിട്ടേ ചരിത്ര കുതുകികള്‍ക്ക് കാണാനാവൂ.

ഡോ. എം എസ് ജയപ്രകാശ്

വായനക്കാരൻ 2015-08-24 17:29:35
ഓണത്തിന് പാടാറുള്ള ഒരു നാടൻ പാട്ട്.

ഊഞ്ഞാലേ  മക്കാണീ
ഉരിയനെല്ല് പാച്ചോറ്
ഉണ്ടുണ്ട് ഇരിക്കുമ്പം
ഓണം വന്ന് മുട്ടൂട്ടേ...

ഊഞ്ഞാലാടാൻ  വാടീ പെണ്ണേ
നല്ലപെണ്ണേ തങ്കക്കൊടീ
എനിക്കെന്റെ കാൽകൊയഞ്ഞ്
ഒരടിയും നടക്കാമ്മേലേ...
എനിക്കിരിക്കാൻ കെഴക്കെഞ്ചേല
എടുത്തുടനെ കൊടുക്കിനമ്മേ
നല്ല പെണ്ണേ തങ്കക്കൊടീ
ഊഞ്ഞാലേ... മക്കാണീ...
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക