Image

ക്രോയിഡോണില്‍ `സമ്മര്‍ ഇന്‍ ബ്രിട്ടണ്‍' റിലീസ്‌ ചെയ്‌തു

ടോമിച്ചന്‍ കൊഴുവനാല്‍ Published on 12 January, 2012
ക്രോയിഡോണില്‍ `സമ്മര്‍ ഇന്‍ ബ്രിട്ടണ്‍' റിലീസ്‌ ചെയ്‌തു
ക്രോയിഡോണ്‍: ബ്രിട്ടണിലെ മഞ്ഞുപെയ്യുന്ന വിറയ്‌ക്കുന്ന തണുപ്പിലും നൊമ്പരചൂടില്‍ ഉരുകുന്ന മനസുമായി കഴിയുന്ന മലയാളികളുടെ ജീവിതത്തിലെ താളങ്ങളും താളപ്പിഴകളും ഹൃദയസ്‌പര്‍ശിയായി അനാവരണം ചെയ്യുന്ന ഈടുറ്റ കഥയുമായി ക്രോയിഡോണിലെ കലാപ്രതിഭകള്‍ ചേര്‍ന്നൊരുക്കിയ യുടൂബില്‍ റിലീസ്‌ ചെയ്‌തു.

മലയാള സിനിമയില്‍ അസിസ്റ്റന്റ്‌ സംവിധായകനും കാമറാമാനുമായി പ്രവര്‍ത്തിച്ച്‌ കഴിവു തെളിയിച്ച ക്രോയിഡോണ്‍ മിച്ചം സ്വദേശി ബെന്നി സെബാസസ്റ്റ്യനാണ്‌ ഇതിന്റെ കാമറയും സംവിധാനവും നിര്‍വഹച്ചിരിക്കുന്നത്‌. കഥയും തിരക്കഥയും നിര്‍വഹിച്ച കൊല്ലം കുണ്‌ടറ സ്വദേശിയും ലണ്‌ടനില്‍ എന്‍എച്ച്‌എസ്‌ ഡയറക്‌ടില്‍ നഴ്‌സ്‌ അഡൈ്വസറായി ജോലി ചെയ്യുന്ന ഷാഫി ഷംസുദീനാണ്‌ മുഖ്യവേഷത്തില്‍ അഭിനയിച്ചിരിക്കുന്നത്‌.

കോളജ്‌, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ അഭിനയകലയില്‍ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഗില്‍ഫോര്‍ഡില്‍നിന്നുള്ള ഡി.എ. ജോസഫാണ്‌ ചിത്രത്തിന്റെ സാക്ഷാത്‌കാരത്തിനു സപ്പോര്‍ട്ട്‌ നല്‍കിയിരിക്കുന്നത്‌. കൂടാതെ ക്രോയിഡോണ്‍ നിവാസികളായ മനോജ്‌ ആയക്കന്‍, മാത്യു കോട്ടയം, ബോസ്‌ വര്‍ഗീസ്‌, സജീവ്‌ ഭാസ്‌കര്‍, ആഷിര്‍ കൊല്ലം, ജിഷ ബോസ്‌, ബെല്ലാ മാത്യു, ഷിന്‍സി ബെന്നി എന്നിവരും മികച്ച വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.

കുടുംബ ജീവിതത്തില്‍ സൗന്ദര്യാത്മകമായി പങ്കുവയ്‌ക്കേണ്‌ട സ്‌നേഹനിമിഷങ്ങള്‍ക്ക്‌ പ്രാധാന്യം നല്‍കാതെ പണം ഉണ്‌ടാക്കാനുള്ള വ്യഗ്രതയില്‍ പായുന്ന മൂന്നു കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്താക്കന്മാരുടെ വൈരുധ്യം നിറഞ്ഞ ജീവിതത്തിലെ പാളിച്ചകളില്‍ നിന്നും ഉടലെടുത്ത തെറ്റിധാരണകളും പ്രശ്‌നങ്ങളുമാണ്‌ ചിത്രത്തിന്റെ ഇതിവൃത്തം.

രണ്‌ടുമാസംകൊണ്‌ട്‌ ചിത്രീകരണം പൂര്‍ത്തിയാക്കി ചിത്രത്തിന്റെ സ്റ്റില്‍ഫോട്ടോയും പോസ്റ്റര്‍ ഡിസൈനും തയാറാക്കിയത്‌ വാല്‍സാളിലെ ബിനു ജോസാണ്‌.

യുകെ മലയാളികള്‍ക്കെന്നും മനസില്‍ സൂക്ഷിക്കാവുന്ന ജീവിത സന്ദേശം നല്‍കി അവസാനിക്കുന്ന സമ്മര്‍ ഇന്‍ ബ്രിട്ടണ്‍ എല്ലാ മലയാളികളും ഹൃദയത്തില്‍ ഏറ്റുവാങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നതായി ചിത്രത്തിന്റെ കാമറാമാനും സംവിധായകനുമായ ബെന്നി സെബാസ്റ്റ്യന്‍ പ്രത്യാശ പ്രകടിപ്പിച്ചു.
ക്രോയിഡോണില്‍ `സമ്മര്‍ ഇന്‍ ബ്രിട്ടണ്‍' റിലീസ്‌ ചെയ്‌തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക