Image

ഇത്‌ മുല്ലപ്പെ വിപ്‌ളവം

ഫൈസല്‍ Published on 12 January, 2012
ഇത്‌ മുല്ലപ്പെ വിപ്‌ളവം
ലോകചരിത്രത്തില്‍ ഈ സംഭവം അറിയപ്പെടുന്നത്‌ മുല്ലപ്പെ വിപ്‌ളവം എന്ന പേരിലാണ്‌. ടാര്‍ഗറ്റ്‌ ചെയ്യപ്പെടുന്ന പ്രതിയില്ലയെന്നതാണ്‌ ഈ വിപ്‌ളവത്തിന്‍െറ പ്രധാന പ്രത്യേകത. കൃത്യമായ നായകനില്ലായെന്നതും സംഭവത്തെ മറ്റ്‌ വിപ്‌ളവങ്ങളില്‍നിന്നും ഭിന്നമാക്കുന്നുവെന്ന്‌ ബുദ്ധിജീവികള്‍ അഭിപ്രായപ്പെടുന്നു. ബുദ്ധിയുള്ളതും ഇല്ലാത്തതുമായ എല്ലാ മനുഷ്യജീവികളും രാവിലെതന്നെ പരമുനായരുടെ ചായക്കടയില്‍ വന്നിരിക്കും. ഒരു ചായ എന്ന്‌ അട്ടഹസിച്ച ശേഷം പതിവ്‌ സംവാദങ്ങള്‍ക്ക്‌ തിരികൊളുത്തും.

`മുല്ലപ്പെരിയാര്‍ പൊട്ടുമോ'?

`പൊട്ടും'

പൊട്ടില്ല

ചങ്കും ചെവിയും പൊട്ടുമാറുച്ചത്തില്‍ പൗരസമൂഹം (സിവില്‍ സൊസൈറ്റി) അലറിവിളിക്കും. ചായഗ്‌ളാസും കണ്ണാടിച്ചില്ലും പൊട്ടിപ്പോകുമെന്ന്‌ തോന്നും. എങ്കിലും പരമുനായര്‍ ഇങ്ങനെയൊരു ബോര്‍ഡ്‌ തൂക്കിയില്ല. `മതപരമോ രാഷ്ട്രീയമോ മുല്ലപ്പെരിയാര്‍പരമോ ആയ തര്‍ക്കങ്ങള്‍ പാടില്ല.'

കടയുടമയുടെ യുക്തിബോധമാണ്‌ ആ സാഹസത്തില്‍നിന്ന്‌ ടിയാനെ തടയുന്നത്‌. സംവാദക്കാര്‍ കടയിലെത്തിയാല്‍ കച്ചവടം 140 അടി ഉയരും. പണം നിറഞ്ഞുകവിയും. കുറച്ചുകാലംകൂടി മുല്ലപ്പെരിയാര്‍ പൊട്ടാതിരിക്കണമേയെന്നാണ്‌ പരമുനായരുടെ പ്രാര്‍ഥന.

മുല്ലപ്പെ വിപ്‌ളവത്തിന്‍െറ മറ്റൊരു പ്രത്യേകത എല്ലാവരും ഉപവസിക്കുന്നുവെന്നുള്ളതാണ്‌. ഡോക്ടര്‍മാര്‍ ഭക്ഷണനിയന്ത്രണം കര്‍ശനമായി ശാസിച്ചിട്ടുള്ളവര്‍ക്ക്‌ ഉപവാസം വലിയൊരു അവസരമാണ്‌. പക്ഷേ, എന്തുകൊണ്ടാണ്‌ ആളുകള്‍ ചപ്പാത്തിയില്‍ ഉപവസിക്കുന്നതെന്ന്‌ നായര്‍ക്ക്‌ മനസ്സിലായിട്ടില്ല. അതോടുകൂടി കടയിലെ ചപ്പാത്തിയുടെ ഡിമാന്‍റ്‌ `ഇന്‍ക്രീസ്‌' ചെയ്‌തിട്ടുണ്ടുതാനും. നേതാക്കന്മാര്‍ ഇനി ബിരിയാണിയിലും പൊറോട്ടയിലുംകൂടി ഉപവാസം തുടങ്ങിയാല്‍ പരമുനായര്‍ക്ക്‌ ചായക്കട തുടങ്ങാന്‍ വേണ്ടിയെടുത്ത കാര്‍ഷിക വായ്‌പ എളുപ്പത്തില്‍ അടച്ചുതീര്‍ക്കാനാകും.

ഭാരതവും കേരളവും പഞ്ചായത്തും വാര്‍ഡും ഭരിക്കുന്നവര്‍തന്നെ തെരുവിലിറങ്ങുകയും കൊടിപിടിക്കുകയും ജാഥ നടത്തുകയും ചെയ്യുന്നുവെന്ന രോമാഞ്ചദായകമായ അനുഭവവും മുല്ലപ്പെ വിപ്‌ളവത്തെ ചരിത്രത്തിലെ അദ്‌ഭുതസംഭവമാക്കുന്നുണ്ട്‌. ഇവര്‍ക്കൊക്കെ സ്വന്തം പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പോയി വെറും മൗനജാഥ നടത്തിയാല്‍ പരിഹരിക്കാവുന്നതല്‌ളേ പ്രശ്‌നം എന്നൊന്നും ഉത്തരാധുനികകാലത്ത്‌ ചോദിക്കുന്നതിലര്‍ഥമില്ല. സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സജീവമാകുന്ന ഇക്കാലത്ത്‌ രാഷ്ട്രീയക്കാര്‍ അര്‍ധരാത്രിയിലും കുടപിടിക്കുമെന്നാണ്‌ പ്രമാണം. കേന്ദ്ര പാര്‍ട്ടികളുടെ കാര്യമാണ്‌ കഷ്ടം. തമിഴില്‍ ഡാം പൊളിക്കരുതെന്നും മലയാളത്തില്‍ ഡാം പൊളിക്കണമെന്നും ഹിന്ദിയില്‍ ഡാം പൊളിക്കേണ്ട (ണം) എന്നും മനസ്സിലിരുപ്പ്‌ വെച്ചാണ്‌ മതിലും ചങ്ങലയുമൊക്കെ പണിയുന്നത്‌. വളരുന്തോറും പിളരുകയും പിളരുന്തോറും വരളുകയും ചെയ്യുന്ന ചില സംസ്ഥാന പാര്‍ട്ടികള്‍ ഡാം പൊട്ടിയാല്‍ ഒന്നാകെ ഒലിച്ചുപോകുമെന്ന ഭീതിയും പദ്ധതി പ്രദേശത്ത്‌ നിലനില്‍ക്കുന്നുണ്ട്‌. അതുകൊണ്ട്‌ മുല്ലപ്പെ വിപ്‌ളവത്തിന്‌ പ്രചോദനം നല്‍കുന്നത്‌ പി.ജെ. ജോസഫ്‌ റൂസ്സോയും മാണി മൊണ്ടസ്‌ക്യൂവുമാണെന്ന്‌ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ഇടുക്കിയില്‍ ഇടക്കിടെ ഭൂമി കുലുങ്ങുന്നതില്‍ `മഴ പെയ്യാനും പെയ്യാതിരിക്കാനും സാധ്യതയുണ്ട്‌' എന്ന ശാസ്‌ത്രീയപ്രവചനം നടത്തുന്ന കാലാവസ്ഥ നിരീക്ഷകര്‍ക്ക്‌ ആശങ്കയുണ്ട്‌. ഭരണത്തിലിരിക്കുന്നവര്‍ കുലുങ്ങാത്തതുകൊണ്ടാണ്‌ ഭൂമി കുലുങ്ങുന്നതെന്നാണ്‌ പരമുനായരുടെ വിശ്വാസം.

ഡാമിന്‍െറ നൂറുവാരക്കുള്ളില്‍ നേതാക്കളെ പ്രവേശിപ്പിക്കാതിരുന്നാല്‍തന്നെ ഡാം സുരക്ഷ പകുതി ഉറപ്പാക്കാനാകുമെന്ന്‌ വിശ്വസിക്കുന്നവരുണ്ട്‌. അല്‌ളെങ്കില്‍ അവരുടെ പ്രഖ്യാപന മലവെള്ളപ്പാച്ചിലില്‍ ഡാം (പ്രതിഷേധിക്കാതെ) തകരാതെ പിന്നെന്തു ചെയ്യാനാണ്‌. അതിനിടയില്‍ നാലു പെണ്ണുങ്ങള്‍ വിചാരിച്ചാല്‍ തീരാവുന്നതാണ്‌ പ്രശ്‌നമെന്ന്‌ ജനസംസാരമുണ്ട്‌. അതിലൊരാള്‍ സോണിയഗാന്ധിയും മറ്റൊരാള്‍ ജയലളിതയുമാണ്‌. ബാക്കി രണ്ടുപെണ്ണുങ്ങള്‍ ആരാണെന്ന്‌ നിങ്ങള്‍ തന്നെ ആലോചിച്ചാല്‍ മതി. വേണമെങ്കില്‍ ഒരു `ക്‌ളൂ' തരാം. അവര്‍ രണ്ടുപേരും ജന്മം കൊണ്ടല്ല, കര്‍മം കൊണ്ടാണ്‌ പെണ്ണുങ്ങളാകുന്നത്‌.

പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതുകൊണ്ട്‌ ഇതിനെ മെല്‌ളെപ്പോ വിപ്‌ളവമെന്നും വിശേഷിപ്പിക്കുന്നവരുണ്ട്‌.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക