Image

മതത്തില്‍ മുങ്ങുന്ന കേരളം (ജയമോഹനന്‍ എം)

Published on 06 September, 2015
മതത്തില്‍ മുങ്ങുന്ന കേരളം (ജയമോഹനന്‍ എം)
കേരളം ഒരു ഭ്രാന്താലയമാണെന്ന്‌ സ്വാമി വിവേകാനന്ദന്‍ പറഞ്ഞത്‌ ഇവിടുത്തെ ജാതി ഭ്രാന്ത്‌ കണ്ടിട്ടാണ്‌. പിന്നീട്‌ കാലം ഒരുപാട്‌ കടന്നു പോയപ്പോള്‍ ഇന്ത്യന്‍ സമൂഹത്തിന്‌ മാതൃകയാകുന്ന വിധം പുരോഗമന ചിന്തകളും മതേതരത്വം നിറഞ്ഞയിടമായി മാറി കേരളം. അതിന്‌ ഇടതുപക്ഷവും ഇടതുപക്ഷ ആശയങ്ങളും നല്‍കിയ സംഭാവന വളരെ വലുതാണ്‌. എന്നാല്‍ വിരോധാഭാസമെന്ന്‌ പറയട്ടെ രാഷ്‌ട്രീമായി പിടിച്ചു നില്‍ക്കുവാന്‍ കേരളത്തിലെ ഏറ്റവും വലിയ ഇടതുപക്ഷ പാര്‍ട്ടിയായ സിപിഎം തന്നെ മത ബിംബങ്ങളെ കൂട്ടുപിടിക്കുന്ന കാഴ്‌ചയാണ്‌ കഴിഞ്ഞ ദിവസം കേരളം കണ്ടത്‌.

ആര്‍.എസ്‌.എസ്‌ എന്നും നടത്താറുള്ളത്‌ പോലെ ശ്രീകൃഷ്‌ണ ജയന്തിയെ കാവി പുതപ്പിച്ചപ്പോള്‍, ശ്രീകൃഷ്‌ണന്‍മാരെ ചുവപ്പ്‌ പുതപ്പിച്ച്‌ തങ്ങളിലേക്ക്‌ ചേര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു സിപിഎം. ശ്രീകൃഷ്‌ണ ജയന്തിയുടെ ഘോഷയാത്ര സിപിഎം കേരളമെമ്പാടും ഏറ്റെടുത്ത്‌ നടത്തിയത്‌ കേരള രാഷ്‌ട്രീയത്തിലെ പുതിയൊരു ചുവടുവെപ്പു തന്നെയായിരുന്നു. ആശയ രാഷ്‌ട്രീയത്തിന്റെ കാലം കഴിഞ്ഞുവെന്നും ഇനി മതരാഷ്‌ട്രീയത്തിന്റെ കാലമാണെന്നും സിപിഎം പോലും സമ്മതിച്ചു കഴിഞ്ഞു.

സിപിഎം ഒരു ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്ര നടത്തിയതില്‍ എന്താണ്‌ ഇത്ര കുഴപ്പമെന്ന്‌ ചോദിക്കാന്‍ വരട്ടെ. ഈ കുഴപ്പത്തിന്റെ കഥ ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കുറച്ചു കാലം പഴക്കമുള്ളത്‌ തന്നെയാണ്‌. അതിനു മുമ്പ്‌ സിപിഐ സ്റ്റേറ്റ്‌ സെക്രട്ടറി കാനം രാജേന്ദ്രന്റെ വാക്കുകള്‍ കൂടി ശ്രദ്ധിക്കാം.

ഇടതുപക്ഷ പാര്‍ട്ടികള്‍ അഥവാ വിപ്ലവ പാര്‍ട്ടികള്‍ ആത്മീയതയുമായി ചേര്‍ന്ന്‌ നില്‍ക്കാന്‍ സാധിക്കില്ലെന്നും മതപരമായ ചടങ്ങുകള്‍ സിപിഐയുടെ നേതൃത്വത്തില്‍ ഒരിക്കലും നടത്തില്ലെന്നും കാനം രാജേന്ദ്രന്‍ പറയുന്നു. കാനം പറയുന്നത്‌ മുമ്പ്‌ സിപിഎം പറഞ്ഞിട്ടുള്ളത്‌ തന്നെയാണ്‌.

അമ്പലമെന്നത്‌ കല്‍ചുമരല്ലേ, വിഗ്രഹമെന്നത്‌ കല്ലല്ലേ എന്ന്‌ മുദ്രാവാക്യം വിളിച്ചിട്ടുള്ളവരാണ്‌ സിപിഎം. മുസ്ലിം ശരിയത്ത്‌ നിമയങ്ങള്‍ക്കെതിരെ പരസ്യമായി രംഗത്ത്‌ വന്നയാളാണ്‌ ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌. പൊതുവില്‍ മതപരമായ യഥാസ്ഥിതികത്വത്തെ എമ്പാടുമായി എതിര്‍ത്ത്‌ പുരോഗമന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകള്‍ പ്രചരിപ്പിക്കുന്നത്‌ ഇടതുപക്ഷത്തിന്റെ കടമയാണ്‌. എന്നുവെച്ച്‌ മതവിശ്വാസികളെയും മതവിശ്വാസത്തെയും ഇടതുപക്ഷം എതിര്‍ക്കുന്നുവെന്നല്ല. പക്ഷെ മതവിശ്വാസം അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും മുമ്പോട്ടു വെക്കുന്നുവെങ്കില്‍ അതിനെ ഇടതുപക്ഷം എതിര്‍ക്കുന്നു. അങ്ങനെയൊരു ഉത്തരവാദിത്വം ഉള്ളപ്പോള്‍ പൊതുവില്‍ മതത്തില്‍ നിന്ന്‌ വലിയൊരു അളവ്‌ ദൂരം പാലിക്കുകയാണ്‌ ഇടതുപക്ഷ പാര്‍ട്ടികള്‍ ചെയ്‌തു പോന്നിട്ടുള്ളത്‌. പിന്നെ ആശയപരമായി വിപ്ലവ പാര്‍ട്ടികള്‍ക്ക്‌ മതവുമായി ബന്ധപ്പെടുക, മതപരമായ ചടങ്ങളുകളെ പ്രോല്‍സാഹിപ്പിക്കുക എന്നത്‌ ഒരിക്കലും പാടുള്ളതല്ല തന്നെ.

ഈയൊരു സിസ്റ്റത്തിലാണ്‌ ഇപ്പോള്‍ സിപിഎം വെള്ളം ചേര്‍ന്നിരിക്കുന്നത്‌. സിപിഐ എന്ന വിപ്ലവപാര്‍ട്ടി മുതല്‍ ഒറ്റ തിരിഞ്ഞു നില്‍ക്കുന്ന സകല കമ്മ്യൂണിസ്റ്റുകളും സമാന്യ ജനവും സിപിഎമ്മിന്റെ ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്രയില്‍ അമ്പരന്നു പോയിട്ടുണ്ടാവും. കാരണം ശ്രീകൃഷ്‌ണ ജയന്തി എന്നത്‌ തത്ത്വത്തില്‍ ഒരു മതപരമായ ചടങ്ങ്‌ തന്നെയാണ്‌. ശ്രീകൃഷ്‌ണന്റെ ജന്മദിനം ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകളോടെ ആഘോഷിക്കുകയും ആര്‍.എസ്‌.എസ്‌ നേതൃത്വം നല്‍കുന്ന ബാലഗോകുലം വഴി ഘോഷയാത്രകള്‍ നടത്തുകയും ചെയ്യുന്നു. ഇത്‌ തീര്‍ത്തും മതപരമായ ചടങ്ങ്‌ തന്നെയാണ്‌. എങ്കിലും കേരളത്തിന്റെ പ്രാദേശികമായ മതേതരത്വ സ്വഭാവം വെച്ച്‌ പലയിടത്തും മറ്റു മതസ്ഥരും ഈ ഘോഷയാത്രയില്‍ പങ്കെടുക്കാറുണ്ട്‌ എന്നു മാത്രം.

കേരളത്തിലെ സിപിഎമ്മില്‍ ഭൂരിപക്ഷം പ്രവര്‍ത്തകര്‍ ഹിന്ദു സമുദായത്തില്‍ പെട്ടവരാണ്‌. അതില്‍ തന്നെ വലിയൊരു ശതമാനം ഈഴവരുമാണ്‌. ഇടക്കാലത്ത്‌ പാര്‍ലമെന്ററി വ്യാമോഹം കാരണം സിപിഎം മതപ്രീണനങ്ങളിലേക്ക്‌ കടന്നിരുന്നു. പിഡിപിയുമായും അബ്‌ദുള്‍ നാസര്‍ മദനിയുമായിട്ടുള്ള ബന്ധം ഇതിന്റെ ഏറ്റവും വലിയ പ്രത്യക്ഷ ഉദാഹരണമായിരുന്നു. ഇതോടെയാണ്‌ സിപിഎം ന്യൂനപക്ഷ പ്രീണന പാര്‍ട്ടിയായിരിക്കുന്നു എന്ന പ്രചരണം കേരളത്തില്‍ ആര്‍.എസ്‌.എസ്‌ ആരംഭിക്കുന്നത്‌. ഈ പ്രചരണം പ്രതിഫലിച്ചത്‌ സിപിഎമ്മിലെ ഹിന്ദുക്കളിലേക്ക്‌ തന്നെയായിരുന്നു. സിപിഎമ്മില്‍ നിന്ന്‌ ഹിന്ദുക്കള്‍ ബിജെപിയിലേക്ക്‌ വലുതായി കൊഴിഞ്ഞു പോകുന്നു. ചുവന്നിരുന്ന പാര്‍ട്ടി ഗ്രാമങ്ങള്‍ അപ്പാടെ കാവി പുതച്ചു തുടങ്ങി.

വൈകിയാണ്‌ കാല്‍ചുവട്ടിലെ മണ്ണൊലിച്ച്‌ പോകുന്നത്‌ സിപിഎം തിരിച്ചറിഞ്ഞു തുടങ്ങിയത്‌. ആര്‍.എസ്‌.എസ്‌ നടത്തുന്ന പ്രചരണങ്ങളെ തങ്ങളുടെ ആശയങ്ങളില്‍ ഉറച്ചു നിന്ന്‌ നേരിടാനുള്ള അന്തസും കഴിവുമൊക്കെ സിപിഎമ്മിന്‌ എന്നേ നഷ്‌ടപ്പെട്ടിരുന്നു. അതോടെ മറ്റൊരു വശത്തു നിന്നും ഹിന്ദു പ്രീണനം ആരംഭിക്കുക മാത്രമാണ്‌ ഇപ്പോള്‍ സിപിഎമ്മിന്റെ പോംവഴി. ശ്രീകൃഷ്‌ണ ജയന്തി ഘോഷയാത്ര സിപിഎം സംഘടിപ്പിച്ച്‌ കേവലം ഹിന്ദു പ്രീണനമാണെന്ന്‌ പറയേണ്ടി വരുന്ന ഈ സാഹചര്യത്തിലാണ്‌.

കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്തവിധം മതത്തിലും ജാതിയിലും മുങ്ങുന്ന കാഴ്‌ചയാണ്‌ ഇപ്പോള്‍ കാണുന്നത്‌. എസ്‌.എന്‍.ഡി.പി അപ്പാടെ ബി.ജെ.പിയുടെ പോക്കറ്റിലേക്ക്‌ പോകുന്നു. ചെറുതും വലുതമായ നൂറു കണക്കിന്‌ ജാതി സംഘടനകള്‍ തലപൊക്കുന്നു. അതിന്‌ അനുസരിച്ച്‌ മുസ്ലിം ക്രിസ്‌ത്യന്‍ മതവിഭാഗങ്ങളും കൂടുതലമായി സംഘടിക്കപ്പെടുന്നു. ചുരുക്കത്തില്‍ മതത്തിന്റെയും ജാതിയുടെയും വേലിക്കെട്ടുകള്‍ കൂടുതല്‍ ശക്തമാകുന്നു. എന്തിനെയും എല്ലാത്തിനെയും മതപരമായി കാണുന്ന മതത്തിനോടോ, ജാതിയോടോ ചേര്‍ന്ന്‌ നിന്നെങ്കില്‍ മാത്രമേ ജീവിച്ചുപോകാന്‍ കഴിയു എന്ന തരത്തിലേക്ക്‌ കാര്യങ്ങളെത്തിയിരിക്കുന്നു.

ഏറ്റവും ഒടുവില്‍ സിപിഎം പോലെയൊരു ഇടതുപക്ഷ പ്രസ്ഥാനം പോലും ഭൂരിപക്ഷ, ന്യൂനപക്ഷ മത പ്രീണന ശൈലിയിലേക്ക്‌ തരം താണിരിക്കുന്നു. ഈ സമയത്ത്‌ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഗുജറാത്തില്‍ നിന്നും ഒരു ജാതി സമരത്തിന്റെ കൊടുങ്കാറ്റ്‌ ഇന്ത്യയിലെങ്ങും ആഞ്ഞടിക്കാന്‍ ഒരുങ്ങുകയാണ്‌ എന്നതാണ്‌. പട്ടേല്‍ സമുദായം സംവരണത്തിന്‌ വേണ്ടി ജാതീയമായി സംഘടിച്ച്‌ രാജ്യത്തെ ഞെട്ടിക്കുന്ന സമരം തുടങ്ങിയിരിക്കുന്നു. നോര്‍ത്തിലെ പ്രബല ജാതികളായ ജാട്ടുകള്‍, ഗുജ്ജറുകള്‍ തുടങ്ങിയവരൊക്കെ പട്ടേലര്‍ക്ക്‌ പിന്നാലെ സമരവുമായി ഇറങ്ങുമെന്ന്‌ പ്രഖ്യാപിക്കുന്നു.

എല്ലാം ജാതിയും മതവും തീരുമാനിക്കുന്ന ഒരു കാലത്തിലേക്ക്‌ രാജ്യം എത്തിയിരിക്കുന്നു. കേരളമായിട്ടെങ്ങനെ മാറി നില്‍ക്കും. കേരളവും ധ്രൂവീകരിക്കപ്പെടുകയാണ്‌ ഏറ്റവും വേഗത്തില്‍ മതമായും ജാതിയായും.
മതത്തില്‍ മുങ്ങുന്ന കേരളം (ജയമോഹനന്‍ എം)
Join WhatsApp News
andrew 2015-09-06 17:22:15
All religions are evil. They all must wither away from the face of this Holy Earth. Then only there will be peace on this Earth. If there is no peace, we all will perish soon.
എസ് കെ 2015-09-07 07:22:23
രാഷ്ട്രീയക്കാര്‍ ജാതിമത സംഘടനകളെയും ജാതിമത നേതാക്കള്‍ രാഷ്ട്രീയക്കാരെയും പരസ്പരം പ്രീണിപ്പിച്ചു കൊണ്ടിരിക്കുന്നിടത്തോളം കാലം കേരളം നന്നാവുകയില്ല. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക