Image

പെണ്‍പാപ്പാന്മാര്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

Published on 06 September, 2015
പെണ്‍പാപ്പാന്മാര്‍ (കവിത: എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
വളയാത്ത വളയിട്ട കൈകളിലമര്‍ന്നതാ
ഗജവീരനതിശാന്തം നട കൊള്‍കാ പാതയില്‍
ചങ്ങനാശേരിയിലെയാ വിസ്‌തൃത വീഥിയതില്‍
തിങ്ങുന്ന ജനതതി നിര്‍ന്നിമേഷരായ്‌ വീക്ഷിക്കെ
ഇരുവശത്തിരു യുവ സുമ്പരികഅ കൈകളില്‍
കരുതിടും വടികളാലാനയെ നടത്തവേ
ഒരു സ്വപ്‌നാടനത്തിലെന്നപോലാ ഗജവീരന്‍
മെരുങ്ങിയൊരാടുപോല്‍ നീങ്ങിടുമാ പുതുകാഴ്‌ച
കതിര്‍ക്കൊടിപോലുള്ളിരു പെണ്‍കൊടികളാമമ്പം
കരിവീരനെ നയിക്കുമാ പെണ്‍പാപ്പാന്മാരവര്‍ !
നടപ്പാതയ്‌ക്കരുകിലായത്ഭുത പരതന്ത്രം
ജനാവലി തിക്കിത്തിരക്കുമാ മോഹനദൃശ്യം
പെരുത്തോരുയരമുള്ളാനയുടരികത്തായ്‌
കരിമ്പിന്‍ കോലുകള്‍പോലെ രണ്ടു പെണ്‍ നരിന്തുകള്‍
തരിമ്പും കൂസാതവര്‍ കൊമ്പുകളില്‍ത്തഴുകിയും
വരുതിയില്‍ നയിപ്പഹോ കുഞ്‌ജരനെ ശാന്തനായ്‌
തരുണീമണീ ഗാത്രത്തിന്‍ കാന്തിയില്‍ ലയിച്ചുവോ
സുരരൂപ ലാവണ്യ ലഹരിയില്‍ മയങ്ങിയോ?
വിരിഞ്ഞു വിടര്‍ന്ന ഫാലദേശം പ്രൗഢമസ്‌തകം
വിശറിപോല്‍ ശ്രവണങ്ങള്‍ ആലവട്ടം വീശിയും
കറുത്തു തടിച്ചു മഹാമേരുവൊത്താ ഗാത്രത്തെ
കരുത്താര്‍ന്ന ചതുഷ്‌ക ചരണങ്ങളിലാലസ്യാല്‍
ഒരു സ്വപ്‌നാടകനെപോലെ സാമമ്പം നീങ്ങവേ
നിരന്നു നിന്നത്ഭുത നേത്രരായാ ജനാവലി.
വയനാടന്‍ മഞ്ഞള്‍നിറമാര്‍ന്ന കന്നിയാള്‍
മലരമ്പന്‍ കൂമ്പും കരിമിഴിക്കോണാര്‍ന്നോള്‍
അരിമുല്ലപ്പൂവൊത്ത ദന്തനിരയൊത്ത
കരിവള ചാര്‍ത്തിയ ചേലാര്‍ന്ന കൈകളില്‍
തിരിക്കും വടിയാല്‍ പെണ്‍മണികള്‍ നിര്‍ഭയം
കരുത്തുറ്റ മദയാനെ വരുതീലാക്കെ,
പരല്‍മീന്‍ പിടയും മിഴികളില്‍ ദന്തിയും
പ്രണയപരവശനോ സംശയിപ്പൂ ജനം !
കരഘോഷമില്ലാതെ ജനാവലി സാകൂതം
ദ്വിരദത്തെ മെല്ലെത്തലോടി നടത്തുമാ
ചെറുനാരീമണികള്‍തന്‍ ധീരതാ വൈശിഷ്ട്യം
പരശതം ജനതതി വീക്ഷിച്ചതത്ഭുതം!
വരവായി ഞാനുമതുവഴി യാനേരത്തില്‍
വിരവോടെ സ്‌തബ്ധയായ്‌ നിലകൊണ്ടു സാകൂതം
കരിവരനേം കന്നല്‍മിഴികളേം ദര്‍ശിക്കെ
തരുണിമാ മാസ്‌മരിയില്‍ ഞാനും ലയിച്ചുപോയ്‌.

(ചങ്ങനാശേരി എം.സി. റോഡിലെ ഒരു ദൃശ്യം)
Join WhatsApp News
Sudhir Panikkaveetil 2015-09-07 05:52:58
very beautiful !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക