Image

ഈഴവ ശിവനും തൊഗാഡിയയുടെ ശിവനും പിന്നെ പാര്‍ട്ടിയും

അനില്‍ പെണ്ണുക്കര Published on 07 September, 2015
ഈഴവ ശിവനും തൊഗാഡിയയുടെ ശിവനും പിന്നെ പാര്‍ട്ടിയും
വെള്ളാപ്പള്ളിയുടെ ഉദ്ദേശം എന്താണെന്ന്‌ ഇപ്പൊ പിടികിട്ടി. ജാതി ചിന്താഗതികള്‍ക്കെതിരെ പടപൊരുതിയ ഗുരുദേവനെ തോഗാടിയയ്‌ക്ക്‌ അടിയറവയ്‌ക്കുക അല്ലാതെന്താ. മകനെ കേന്ദ്രമന്ത്രിയാക്കാനുള്ള പദ്ധതിയാണെന്നും കേള്‍ക്കുന്നു. എന്തായാലും കോണ്ഗ്രസുകാര്‍ ഇപ്പോള്‍ ചെയ്യേണ്ടത്‌ അടുത്ത തവണ കേരളത്തില്‍ അധികാരത്തില്‍ വരാന്‍ നൊക്കലല്ല. മറിച്ച്‌ ഇനിയും കേരളത്തില്‍ വരാന്‍ പോകുന്ന വര്‍ഗീയതയെ ചെറുക്കാന്‍ ശ്രെമിക്കലാണ്‌. കേന്ദ്രത്തില്‍ കോണ്ഗ്രസിനെ കുട്ടിച്ചോറാക്കി കേരളത്തിലേക്ക്‌ കടന്ന ആളുകള്‍ ഇനി എന്താണ്‌ കാട്ടികൂട്ടുകയെന്നു ഉമ്മച്ചന്‌ അറിയില്ല. പഴയ ജന്മി കുടിയാന്‍ സംഭവങ്ങള്‍ ഇങ്ങു തിരിച്ചുവരും. മുങ്ങിയവരും മുക്കിയവരുമൊക്കെ പലതും പുതിയതായി പഠിക്കേണ്ടിവരും. അത്‌ വെള്ളാപ്പള്ളിക്ക്‌ അറിയത്തില്ലെങ്കിലും തോഗാടിയായ്‌ക്കറിയാം. ഈ സാഹചര്യത്തില്‍ കോണ്‌ഗ്രസും ഇടതന്മാരുമൊക്കെ ഒന്നായി നില്‍ക്കണം. ഇല്ലെങ്കില്‍ എട്ടിന്റെ പണികിട്ടും. പിന്നെ ഇപ്പോള്‍ ഇടതന്മാര്‌ക്ക്‌ കഷ്ട്‌ടകാലമാണ്‌. അതുകൊണ്ടാണ്‌ വെളുക്കാന്‍ തെയ്‌ക്കുന്നതെല്ലാം പാണ്ടായി മാറുന്നത്‌ .

വര്‍ഗീയതയെ നേരിടുന്ന കാര്യത്തില്‍ പാര്‍ട്ടിക്ക്‌ കുറേകൂടി ആശയ ദാര്‍ഢ്യം ഉണ്ടാക്കേണ്ടതാണ്‌ എന്നാണ്‌ എനിക്ക്‌ തോന്നിയിട്ടുള്ളത്‌. കമ്മ്യൂണിസ്റ്റുകാരന്‍ നിരീശ്വരവാദിയാണ്‌. മതവും അനുഷ്‌ഠാനങ്ങളും ആചാരങ്ങളും അയാളെ സ്‌പര്‍ശിക്കുന്നേയില്ല.

പക്ഷേ ഉത്സവങ്ങളുടേയും ആചാര അനുഷ്‌ഠാനങ്ങളുടേയും സാംസ്‌ക്കാരിക പ്രാധാന്യത്തെ അയാള്‍ അവഗണിക്കുന്നുമില്ല. ചേമ്പിലയില്‍ വീണ വെള്ളംപോലെ, ദൈവവിശ്വാസത്തില്‍ നിന്ന്‌ മുക്തനായി നില്‍ക്കാന്‍ കഴിയുമെങ്കില്‍ ആചാര അനുഷ്‌ഠാനങ്ങളോട്‌ ചേര്‍ന്നുനില്‍ക്കുന്നതും ഒരുപക്ഷേ അതിന്‍റെ നേതൃത്വം വഹിക്കുന്നതുപോലും മാര്‍ക്‌സിസ്റ്റു വിരുദ്ധം എന്ന്‌ പറയാനാവുകയില്ല. പരമ്പരാഗതമായി വര്‍ഗീയതയെ നേരിടാന്‍ രണ്ട്‌ മാര്‍ഗങ്ങളാണ്‌ പാര്‍ട്ടി ഉപയോഗിക്കാറ്‌. മതത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരേ സംസാരിച്ചും പ്രവര്‍ത്തിച്ചും ജീവിച്ചും ഒരു മാതൃകയാവുക. സമൂഹത്തില്‍ യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാര്‍ ചെറിയ ന്യൂനപക്ഷമായിരിക്കും, എപ്പോഴും. കമ്മ്യൂണിസ്റ്റ്‌ അനുഭാവികളില്‍ ബഹുഭൂരിപക്ഷവും ഹൃദയം കൊണ്ട്‌ കമ്മ്യൂണിസ്റ്റുകാരും മനസുകൊണ്ട്‌ മതവിശ്വാസികളും ആയിരിക്കും. അതിനു പുറത്തുള്ള പൊതുസമൂഹം തികഞ്ഞ മത വിശ്വാസികളുമായിരിക്കും. ഈ സമൂഹം വര്‍ഗീയവല്‍ക്കരിക്കപ്പെടാതിരിക്കാന്‍ ഇടതുപക്ഷം കരുതല്‍ എടുക്കേണ്ടതുണ്ട്‌. അതുകൊണ്ട്‌, മതപരമായ ആഘോഷങ്ങളിലും അനുഷ്‌ഠാനങ്ങളിലും ഇടപെട്ട്‌ അവ വര്‍ഗീയ ശക്തികളുടെ നിയന്ത്രണത്തിലാകാതെ നോക്കുന്നതും പാര്‍ട്ടിയുടെ കടമ തന്നെയാണ്‌. ഒരേ സമയത്ത്‌ ഈ രണ്ടു സാധ്യതകളും പാര്‍ട്ടി ഉപയോഗപ്പെടുത്താറുമുണ്ട്‌....

പക്ഷേ വര്‍ത്തമാനകാലത്തെ ഒരു യാഥാര്‍ഥ്യത്തോട്‌ നാം മുഖം തിരിക്കരുത്‌...

യഥാര്‍ഥ കമ്മ്യൂണിസ്റ്റുകാരുടെ എണ്ണം കുറഞ്ഞുവരുന്നു. അനുഭാവികളുടെ നിലവാരത്തിലുള്ളവര്‍ പലപ്പോഴും നേതൃത്വത്തിലേക്ക്‌ വരുന്നു.....

അധികാരത്തിന്‍റെ സാധ്യതകള്‍ പാര്‍ട്ടിയെ ഒരു വിമോചനപ്രസ്ഥാനം എന്നതില്‍ നിന്ന്‌ ഒരു സോഷ്യല്‍ ഡമോക്രാറ്റിക്ക്‌ പാര്‍ട്ടിയിലേക്ക്‌ പരിവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. കേരളത്തിലെ സവിശേഷ സാമ്പത്തീക സാമൂഹ്യ സാഹചര്യവും നവ ഉദാരവല്‍ക്കരണവും ഇതിന്‌ ഒരു കാരണംതന്നെയാണ്‌. നിലവില്‍ വര്‍ഗീയ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുതലായി ആകൃഷ്ടരായിക്കൊണ്ടിരിക്കുന്നു. സ്വാര്‍ഥതയും സാമ്പത്തീകവാദവും മുഖമുദ്രയാക്കിയ സമൂഹത്തില്‍ ഇത്‌ സ്വാഭാവികവുമാണ്‌. പക്ഷേ വര്‍ഗീയ പാര്‍ട്ടികളുടെ ഈ വളര്‍ച്ച രാജ്യത്തെ ഫാസിസത്തിലേക്കാണ്‌ നയിക്കുക എന്നറിയുന്ന കമ്മ്യൂണിസ്റ്റിന്‌ ഇത്‌ തടയാനുള്ള ബാധ്യതയുമുണ്ട്‌. മതപരമായ ആചാരാനുഷ്‌ഠാനങ്ങളെ എതിര്‍ത്താണോ അവയെ സ്വാംശീകരിച്ചാണോ വര്‍ഗീയതെയെ ചെറുക്കേണ്ടത്‌ എന്നത്‌ വലിയൊരു വര്‍ത്തമാനകാല പ്രതിസന്ധിയാണ്‌.

മുന്‍കാലങ്ങളിലേപ്പോലെ പൂര്‍ണമായ എതിര്‍പ്പ്‌ ഉള്‍ക്കൊള്ളാനുള്ള ബൗധികനിലവാരം വര്‍ത്തമാനകാല കേരളീയ സമൂഹത്തിനില്ല. പാര്‍ട്ടി ഒറ്റപ്പെട്ടുപോകാനാണ്‌ സാധ്യത. ആചാരാനുഷ്‌ഠാനങ്ങളെ സ്വാംശീകരിച്ച്‌ അവയുടെ നേതൃത്വം ഏറ്റെടുക്കാന്‍ നിയോഗിച്ചാല്‍ ദുര്‍ബലമനസുള്ള അനുഭാവി സമൂഹം വര്‍ഗീയതയുടെ ഭാഗമാകാനുള്ള സാധ്യതയാണ്‌ കൂടുതല്‍. ഈ സാഹചര്യത്തിലാണ്‌ മതപരമായ ആചാരാനുഷ്‌ഠാനങ്ങള്‍ക്ക്‌ ചില ബദല്‍ സാധ്യതകള്‍ വടക്കന്‍ ജില്ലകള്‍ പരീക്ഷിച്ചുനോക്കിയത്‌. പ്രഥമദൃഷ്ട്യാ അപഹാസ്യമെന്നു തോന്നുമെങ്കിലും തീര്‍ച്ചയായും അതും ഒരു സാധ്യതയാണ്‌. പക്ഷേ ആ സാധ്യതപോലും അസാധ്യമാക്കുന്നതാണ്‌ മധ്യകേരളത്തിലേയും തെക്കന്‍ കേരളത്തിലേയും മതാന്ധ സമൂഹം. പാര്‍ട്ടി കൃഷ്‌ണ ജയന്തിക്ക്‌ സംഘടിപ്പിച്ച ആഘോഷങ്ങളെ പുച്ഛിക്കുന്ന വര്‍ഗീയ വാദികള്‍ക്ക്‌ വ്യക്തമായ ലക്ഷ്യമുണ്ട്‌... അവര്‍ക്ക്‌ പാര്‍ട്ടിയെ ഭയവുമുണ്ട്‌. പക്ഷേ വര്‍ഗീയതയുടെ വേലിയേറ്റത്തെക്കുറിച്ച്‌ ഉത്‌കണ്‌ഠപ്പെടാന്‍ പോലുമറിയാത്ത കോണ്‍ഗ്രസുകാരുടേയും  നിഷ്‌പക്ഷന്മാരുടേയും പുച്ഛം നാത്തൂന്‍റെ കണ്ണീരു കാണാന്‍ ആഗ്രഹിക്കുന്ന പഴഞ്ചൊല്ലിനെ ഓര്‍മ്മിപ്പിക്കുന്നു. ഇവിടെയാണ്‌ കോണ്‍ഗ്രസുകാരുടേയും മറ്റു മതെതരന്മാരുടെയും കൂട്ടായ്‌മ ഉണ്ടാകേണ്ടത്‌. അതിനു ശ്രേമിച്ചില്ലെങ്കില്‍ കേരളത്തില്‍ കര്‍സേവ നടക്കും ...കര്‍സേവ ..
ഈഴവ ശിവനും തൊഗാഡിയയുടെ ശിവനും പിന്നെ പാര്‍ട്ടിയും
Join WhatsApp News
എസ് കെ 2015-09-08 03:40:42
ഇവരെപ്പോലെയുള്ളവരുടെ ശല്യം കൊണ്ടാണ് ശ്രീനാരായണ ഗുരു തമിഴ് നാട്ടിലോ സിലോണിലോ പോയി സ്ഥിരമായി താമസിക്കാന്‍ ആഗ്രഹിച്ചത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക