Image

വിജിലന്‍സില്‍ വീഴുമോ വി.എസ്

ജി.കെ. Published on 14 January, 2012
വിജിലന്‍സില്‍ വീഴുമോ വി.എസ്
ബന്ധുവിന് ഭൂമി പതിച്ചു നല്‍കിയ കേസില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയിരിക്കുന്നു. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവൊന്നുമില്ലെന്ന് വ്യക്തമാക്കിയതിന്റെ തൊട്ടുപിന്നാലെയാണ് വി.എസിനെ പ്രതിയാക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ അനുമതി നല്‍കിയിരിക്കുന്നത്. ഏഴു പതിറ്റാണ്ടു നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ അഴിമതിയുടെ കറപുരളാത്ത വി.എസിന്റെ ശുഭ്രവസ്ത്രത്തില്‍ സംശയത്തിന്റെ ചെളിവെള്ളം തെറിപ്പിക്കുന്നതില്‍ എന്തായാലും കുഞ്ഞൂഞ്ഞും കൂട്ടരും വിജയിച്ചുവെന്ന് നിസംശയം പറയാം. ഇനി ഈ ചെളി കഴുകി കളയാനുള്ള ബാധ്യത വി.എസ് അച്യുതാനന്ദന് മാത്രമാണ് താനും.

മകന്റെ കൊള്ളരുതായ്മകള്‍ ആയുധമാക്കി വി.എസിനെ അടിക്കാന്‍ ശ്രമിച്ച് ഇളിഭ്യരാവേണ്ടി വന്ന യുഡിഎഫിന് പിറവം ഉപതെരഞ്ഞെടുപ്പിന് മുമ്പ് അടിച്ച ബംപര്‍ ലോട്ടറി തന്നെയാണ് എന്തായാലും ഈ വിജിലന്‍സ് കേസ്. ഇതില്‍ സത്യമേത് മിഥ്യയേതെന്ന് ജനങ്ങളെ തിരിച്ചറിയാനാവാത്തവിധം പുകമറ സൃഷ്ടിക്കാനായല്‍ പിറവത്ത് പിടിച്ചു നില്‍ക്കാനാകുമെന്ന് യുഡിഎഫ് കണക്കുക്കൂട്ടുന്നു. പാമോയില്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ പരിശുദ്ധനായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിജലന്‍സ് വളരെ കണക്കുക്കൂട്ടി തന്നെയാണ് വി.എസിനെതിരെ ഇപ്പോള്‍ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്. ക്രിക്കറ്റിലും രാഷ്ട്രീയത്തിലും ടൈമിംഗിന് ഏറെ പ്രാധാന്യമുണ്‌ടെന്ന് പറയുന്നത് വെറുതെയല്ല.

പിറവം ഉപതെരഞ്ഞെടുപ്പില്‍ അഴിമതി ഒരു മുഖ്യവിഷയമായിരിക്കുമെന്നും ബാലകൃഷ്ണപിള്ളയുടെ ജയില്‍മോചനവും പി.സി.ജോര്‍ജിന്റെയും മന്ത്രി കെ.ബി.ഗണേഷ്കുമാറിന്റെയുമെല്ലാ വിടുവായത്തരങ്ങളും തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നും യുഡിഎഫിന് നേരത്തെ തിരിച്ചറിഞ്ഞിരുന്നു. മെട്രോയില്‍ നിലനിന്ന അനിശ്ചിതത്വവും തെരഞ്ഞെടുപ്പ് ഫലത്തെ ബാധിച്ചേക്കാമെന്ന സാഹചര്യത്തില്‍ യുഡിഎഫിന് ഒരു എനര്‍ജി ബൂസ്റ്റര്‍ അത്യാവശ്യമായിരുന്നു. വി.എസിനെതിരായ വിജിലന്‍സ് കേസിലൂടെ കേരളത്തിലെ അഴിമതിവിരുദ്ധ സമരനായകനെന്ന വിഎസിന്റെ പ്രതിച്ഛായ പൊളിച്ചടുക്കാമെന്നും ഇതിലൂടെ പിറവത്ത് ലാഭം കൊയ്യാമെന്നുമാണ് യുഡിഎഫിന്റെ കണക്കൂക്കൂട്ടല്‍.

വി.എസിനെതാരിയ ഏത് ആരോപണത്തിനും പാര്‍ട്ടിയിലെ ഔദ്യോഗികപക്ഷത്തിന്റെ പിന്തുണയുണ്ടാകുമെന്നും യുഡിഎഫ് കണക്കുക്കൂട്ടുന്നുണ്ട്. പ്രത്യേ്യകിച്ചും പാര്‍ട്ടി സെക്രട്ടറിയുടെ ഭാഗത്തുനിന്ന്. ആലപ്പുഴയില്‍ നടന്ന ജില്ലാ സമ്മേളനത്തിനുശേഷം വി.എസിനെതിരായ കേസിനെക്കുറിച്ചുള്ള ചോദ്യത്തിന് പിണറായി പാലിച്ച മൗനത്തിന് അര്‍ഥങ്ങളേറെയുണ്ട്. മുഖ്യമന്ത്രിയായിരിക്കെ ലാവലിന്‍ കേസില്‍ പിണറായിയെ ഒരുതവണ പോലും ന്യായീകരിക്കാത്ത വി.എസ്. കേസിലെ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്നും പറഞ്ഞുവെച്ചിരുന്നു. കേസില്‍ പിണറായി പ്രതിയാണെന്ന് അറിയാതെയല്ലായിരുന്നു അന്നത്തെ വി.എസിന്റെ പ്രതികരണം.

കൊടുത്താല്‍ കൊല്ലത്തും കിട്ടുമെന്ന് ഒരുപക്ഷെ പിണറായി ഇപ്പോള്‍ ആത്മഗതം നടത്തുന്നുണ്ടാവും. വിഎസിനെ പ്രതിരോധിക്കാന്‍ എ.കെ.ബാലന്‍ മാത്രമാണ് രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങള്‍ ഏതാണ്ട് പൂര്‍ത്തിയാക്കി സംസ്ഥാന സമ്മേളനത്തോട് അടുക്കുമ്പോള്‍ പുറത്തുവരുന്ന വിജിലന്‍സ് കേസിന് പാര്‍ട്ടിയ്ക്കുള്ളിലും വി.എസിനെ സംബന്ധിച്ചിടത്തോളം പ്രാധാന്യമേറെയാണ്. പാര്‍ട്ടിയുടെ നല്ലനടപ്പ് അനുസരിച്ച് വീണ്ടും പോളിറ്റ് ബ്യൂറോയിലേക്ക് കണ്ണുനട്ടിരിക്കുന്ന വി.എസിന് ആരോപണത്തില്‍ കഴമ്പുണ്‌ടെങ്കിലും ഇല്ലെങ്കിലും വ്യക്തിപരമായി നേരിടുന്ന തിരിച്ചടി കൂടിയാകും കേസ്. ഇപ്പോള്‍ ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ പണം വാങ്ങിയതിന് തെളിവൊന്നുമില്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കാനിരിക്കയാണെന്നതൂകൂടി ഇവിടെ ശ്രദ്ധയേമാണ്.

ബന്ധുവായ ടി.കെ.സോമന് അനധികൃതമായി ഭൂമി പതിച്ചു നല്‍കിയ കേസില്‍ വി.എസിനെ ജയിലിലടയ്ക്കാന്‍ കഴിയുമെന്ന് യുഡിഎഫ് നേതാക്കള്‍ പോലും കരുതുന്നില്ല. കാരണം എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതേ വ്യക്തിക്ക് ഒരുതവണ ഭൂമി പതിച്ചു നല്‍കിയിരുന്നു. അന്ന് നല്‍കിയ ഭൂമി ഏറ്റെടുക്കാന്‍ കഴിഞ്ഞില്ലെന്നും പുതിയ ഭൂമി അനുവദിക്കണമെന്നുമുള്ള ടി.കെ.സോമന്റെ അപേക്ഷയില്‍ നടപടികള്‍ വേഗത്തിലാക്കുകയും ഇതിനായി ഉന്നത ഉദ്യോഗസ്ഥരെ സ്വീധീനിയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് വി.എസിനെതിരായ ആരോപണം. എന്നാല്‍ സ്വാഭാവികമായും മന്ത്രിസഭയുടെ കൂടി അനുമതിയോടെ പാസാക്കിയ ഒരു തീരുമാനത്തിന് മുഖ്യമന്ത്രിയെ മാത്രം ശിക്ഷിക്കാനാവില്ലെന്ന് യുഡിഎഫിനും നല്ലപോലെ അറിയാം. മാത്രമല്ല സംഭവം വിവാദമായപ്പോള്‍ ഭൂമി അനുവദിക്കാനുള്ള തീരമാനം സര്‍ക്കാര്‍ പിന്‍വലിക്കുകയും ചെയ്തിരുന്നു. അങ്ങനെയെങ്കില്‍ അനധികൃതമായി ഭൂമി അനുവദിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം മാത്രമെ വി.എസിനെതിരെ നിലനില്‍ക്കുന്നുള്ളൂ.

പിന്നെ എന്തുകൊണ്ട് ഈ ബഹളങ്ങളെന്ന് ചോദിച്ചാല്‍ ഇതും ലഘുവായി എടുത്താല്‍ പിറവം അതിന്റെ പാട്ടിന് പോവുമെന്നും കുഞ്ഞൂഞ്ഞിന്റെ മന്ത്രിസഭ ഒറ്റ അംഗത്തിന്റെ ഭൂരിപക്ഷത്തില്‍ ഭരിക്കേണ്ടിവരുമെന്നും യുഡിഎഫുകാര്‍ക്ക് നല്ലപോലെ അറിയാം. അതുകൊണ്ട് ഒന്ന് ആഞ്ഞുപിടിക്കുന്നുവെന്ന് മാത്രം.

ഇനി പിണറായിക്കെതിരെ ലാവലിന്‍ ആരോപണമുണ്ടായപ്പോള്‍ പ്രതികളെല്ലാം ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രിക്കസേരിയിലിരുന്ന് മുനവെച്ചു പറഞ്ഞ വിഎസ് അതേശ്വാസത്തില്‍ ഒന്നു കൂടി പറഞ്ഞിരുന്നു. ലാവലിന്‍ കേസ് കള്ളക്കേസാണെന്ന് പിണറായി പറഞ്ഞിട്ടുണ്ടല്ലോ എന്ന് ചോദിച്ചപ്പോള്‍ ശിക്ഷിക്കപ്പെടുന്നതുവരെ എല്ലാവരും അങ്ങനെതന്നെയാണ് പറയുകയെന്നും കുറ്റവാളികളല്ലെന്ന് കോടതിയിലാണ് തെളിയിക്കേണ്ടതെന്നുമായിരുന്നു വി.എസ് പറഞ്ഞത്. ഇത് വി.എസിനും ബാധകമാണ്. തന്റെ ശുഭ്ര വസ്ത്രത്തില്‍ തെറിച്ച ആരോപണങ്ങളുടെ ചെളി കഴുകി കളയുന്നതിനൊപ്പം വി.എസ് എന്ന വിഗ്രഹം ഉടയാതെ, ഉലയാതെ സൂക്ഷിക്കേണ്ടതും അദ്ദേഹത്തിന്റെ കടമയാണ്. അത് അദ്ദേഹം നിറവേറ്റുമെന്ന് കേരളം പ്രതീക്ഷിക്കുന്നു.
വിജിലന്‍സില്‍ വീഴുമോ വി.എസ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക