Image

റോംനി മുന്നിലേക്ക്‌; വെല്ലുവിളികള്‍ ധാരാളം: ഡോ. കൃഷ്‌ണകിഷോര്‍

ഡോ. കൃഷ്‌ണകിഷോര്‍ Published on 14 January, 2012
റോംനി മുന്നിലേക്ക്‌; വെല്ലുവിളികള്‍ ധാരാളം: ഡോ. കൃഷ്‌ണകിഷോര്‍
ഈ വര്‍ഷം നവംബര്‍ ആറിനാണ്‌ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പ്‌ എങ്കിലും അതിന്റെ പ്രാഥമിക ഘട്ടങ്ങള്‍ക്ക്‌ ഇപ്പോഴേ തുടക്കം കുറിച്ചു കഴിഞ്ഞു. വീണ്ടും ജനവിധി തേടുന്ന പ്രസിഡന്റ്‌ ബരാക്‌്‌ ഒബാമയുടെ എതിരാളിയായി റിപ്പബ്ലിക്കന്‍ കക്ഷിയുടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള പ്രക്രിയയ്‌ക്കാണ്‌ തുടക്കം കുറിച്ചിട്ടുള്ളത്‌. ഈ ഘട്ടത്തില്‍ മിറ്റ്‌ റോംനിയാണ്‌ സ്ഥാനാര്‍ഥിപ്പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്നത്‌. പക്ഷേ ,പൊതു സമ്മതനായ ഒരു സ്ഥാനാര്‍ഥിയെ അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിഞ്ഞു എന്ന്‌ പറയാറായിട്ടില്ല

അമേരിക്കന്‍ രാഷ്ട്രീയത്തില്‍ 30 വര്‍ഷം മുമ്പാണ്‌ ഡെമോക്രാറ്റിക്‌ കക്ഷിക്കാരനായ പ്രസിഡന്റിനെ വൈറ്റ്‌ഹൗസില്‍നിന്ന്‌ അനായാസമായി പടിയിറക്കാം എന്ന പ്രതീക്ഷയുമായി എതിരാളികളായ റിപ്പബ്ലിക്കന്‍ കക്ഷി ജനവിധി തേടിയത്‌. അന്ന്‌, 1980ല്‍ അമേരിക്കയില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച ഇറാന്‍ ബന്ദി പ്രതിസന്ധിയുമായി ബന്ധപ്പെട്ട സങ്കീര്‍ണമായ പ്രശ്‌നങ്ങളില്‍ ഉലയുകയായിരുന്നു. കൂടാതെ, സാമ്പത്തികപ്രതിസന്ധിയും. പ്രസിഡന്റ്‌ ജിമ്മി കാര്‍ട്ടറിനെതിരെ മത്സരിച്ചത്‌ റിപ്പബ്ലിക്കന്‍ കക്ഷിയുടെ പുതിയ താരമായി വാഴ്‌ത്തപ്പെട്ട മുന്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ റൊണാള്‍ഡ്‌ റെയ്‌ഗന്‍. റെയ്‌ഗന്റെ വ്യക്തിപ്രഭാവത്തിനും അദ്ദേഹം മുന്നോട്ടുവെച്ച 'പരിമിതമായ ഗവണ്‍മെന്റ്‌' (ഘശാശലേറ ഏീ്‌ലൃിാലി)േ എന്ന ആശയത്തിനും മുമ്പില്‍ അടിയറവ്‌ പറയേണ്ടിവന്ന കാര്‍ട്ടര്‍ക്ക്‌ പിന്നീട്‌ അധികാരരാഷ്ട്രീയത്തില്‍ വ്യക്തമായ ഒരു മേല്‍വിലാസമുണ്ടായില്ല. ഇന്ന്‌, 2012ല്‍, അമേരിക്ക പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുവാനുള്ള പ്രക്രിയകള്‍ക്ക്‌ തുടക്കം കുറിക്കുമ്പോള്‍ 1980കള്‍ക്ക്‌ സമാനമായ ഒരു രാഷ്ട്രീയ അന്തരീക്ഷം ഉണ്ടാകും എന്ന വിശ്വാസത്തിലാണ്‌ റിപ്പബ്ലിക്കന്‍കക്ഷി. നാലുവര്‍ഷം മുമ്പ്‌ അമേരിക്കയ്‌ക്ക്‌ പുത്തന്‍ പ്രതീക്ഷകളും സമഗ്രമായ മാറ്റങ്ങളും വാഗ്‌ദാനം ചെയ്‌ത്‌ ചരിത്രപരമായ ഒരു തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ ബ രാക്‌ ഒബാമയെ എന്തു വിലകൊടുത്തും പരാജയപ്പെടുത്തണം എന്ന നിലപാടുമായി ജനവിധി തേടുന്ന റിപ്പബ്ലിക്കന്‍ കക്ഷിക്ക്‌ റെയ്‌ഗനെപ്പോലെ സമ്മതനായ ഒരു നേതാവിനെ ഇത്തവണ ജനങ്ങള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാനില്ല എന്നതാണ്‌ യാഥാര്‍ഥ്യവും അവരെ അലട്ടുന്ന പ്രധാന പ്രശ്‌നവും. ഒബാമയുടെ നാലു വര്‍ഷത്തെ വൈറ്റ്‌ ഹൗസ്‌ ഭരണം സമ്പൂര്‍ണ പരാജയമാണെന്ന വിമര്‍ശനം നിരന്തരം വിളിച്ചുപറയുകയല്ലാതെ ഒരു മികച്ച സ്ഥാനാര്‍ഥിയിലൂടെ ക്രിയാത്മകമായ നയസമീപനങ്ങള്‍ മുന്നോട്ടുവെക്കാനും റിപ്പബ്ലിക്കന്‍ കക്ഷിക്ക്‌ കഴിഞ്ഞിട്ടില്ല. 2008ലെ ഒബാമയല്ല ഇപ്പോഴത്തെ ഒബാമ. ആത്മവിശ്വാസത്തിലും ജനപ്രീതിയിലും ക്ഷതം സംഭവിച്ച അദ്ദേഹത്തിന്‌ ഈ തിരഞ്ഞെടുപ്പ്‌ വളരെ നിര്‍ണായകമാണ്‌. പക്ഷേ, ഒബാമയ്‌ക്ക്‌ ഈ തിരഞ്ഞെടുപ്പില്‍ തുണയാകാന്‍ പോകുന്നത്‌ അദ്ദേഹത്തിന്റെ വ്യക്തിത്വവും ഭരണനേട്ടങ്ങളുമായിരിക്കില്ല. മറിച്ച്‌, റിപ്പബ്ലിക്കന്‍ കക്ഷിയുടെ ദൗര്‍ബല്യങ്ങള്‍ തന്നെയായിരിക്കും. അമേരിക്ക നേരിടുന്ന ഗൗരവമാര്‍ന്ന പ്രശ്‌നങ്ങളെ ക്രിയാത്മകമായി സമീപിക്കാന്‍ കഴിയുന്ന, ഏവര്‍ക്കും സമ്മതനായ, ശക്തനായ ഒരു സ്ഥാനാര്‍ഥിയെ അവര്‍ക്ക്‌ കണ്ടെത്താനായിട്ടില്ല എന്നതുതന്നെയാണ്‌ സത്യം. ഇത്‌ ഒബാമയെ സഹായിക്കാനാവുമെന്നാണ്‌ കരുതുന്നത്‌. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയില്‍ ഇപ്പോള്‍ മുമ്പില്‍ നില്‌ക്കുന്ന മിറ്റ്‌റോംനിക്കുപോലും അമേരിക്കയില്‍ 30 ശതമാനം ജനങ്ങളുടെപോലും പിന്തുണയില്ല എന്നതാണ്‌ വസ്‌തുത.

പുതുവര്‍ഷത്തിലെ ആദ്യ നാളുകളില്‍ത്തന്നെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ പ്രാഥമികഘട്ടങ്ങള്‍ക്ക്‌ തുടക്കമായിക്കഴി ഞ്ഞിരുന്നു. നവംബര്‍ ആറിന്‌ നടക്കുന്ന പ്രസിഡന്റ്‌ തിരഞ്ഞെടുപ്പില്‍ രണ്ടാമൂഴം തേടുന്ന ഒബാമയ്‌ക്കെതിരെ റിപ്പബ്ലിക്കന്‍ കക്ഷിയില്‍നിന്ന്‌ ആരു മത്സരിക്കും എന്ന്‌ നിര്‍ണയിക്കാനുള്ള െ്രെപമറി, കോക്കസ്‌ തിരഞ്ഞെടുപ്പുകളാണ്‌ ഇപ്പോള്‍ പുരോഗമിക്കുന്നത്‌. അമേരിക്കയില്‍, ഇന്ത്യയുള്‍പ്പെടെ മറ്റ്‌ പല രാജ്യങ്ങളില്‍നിന്നും വ്യത്യസ്‌തമായി, സ്ഥാനാര്‍ഥിനിര്‍ണയത്തിന്റെ ചുമതല പൊതുജനങ്ങള്‍ക്കു തന്നെയാണ്‌. രാഷ്ട്രീയപാര്‍ട്ടി നേതൃത്വങ്ങള്‍ വിവിധ സമവാക്യങ്ങള്‍ക്ക്‌ അനുസരിച്ച്‌ നാമനിര്‍ദേശം ചെയ്യുന്നവരല്ല ജനവിധി തേടുന്നത്‌. ഡെമോക്രാറ്റിക്‌, റിപ്പബ്ലിക്കന്‍ കക്ഷികളുടെ രജിസ്റ്റര്‍ ചെയ്‌ത വോട്ടര്‍മാരാണ്‌ െ്രെപമറി തിരഞ്ഞെടുപ്പുകളിലൂടെ അവരുടെ പാര്‍ട്ടി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കുന്നത്‌. പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയെ മാത്രമല്ല കോണ്‍ഗ്രസ്സിലേക്കും സെനറ്റിലേക്കും വിവിധ സംസ്ഥാന, പ്രാദേശിക സമിതികളിലേക്കും ജനങ്ങള്‍തന്നെയാണ്‌ െ്രെപമറി തിരഞ്ഞെടുപ്പുകളിലൂടെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നത്‌. 2008ല്‍ ഹില്ലരി ക്ലിന്റണിനെ വാശിയേറിയ െ്രെപമറി തിരഞ്ഞെടുപ്പില്‍ തോല്‌പിച്ചാണ്‌ ഒബാമ ഡെമോക്രാറ്റിക്‌ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയത്‌.

നിലവിലുള്ള പ്രസിഡന്റ്‌ തന്നെ വീണ്ടും മത്സരിക്കുന്നതിനാല്‍ ഒബാമ എതിര്‍പ്പൊന്നും കൂടാതെ ഇത്തവണയും പാര്‍ട്ടി സ്ഥാനാര്‍ഥിയാകുന്നു.

റിപ്പബ്ലിക്കന്‍ കക്ഷിയില്‍ പക്ഷേ, സ്ഥിതി വ്യത്യസ്‌തമാണ്‌. മുന്‍ മസാച്യുസെറ്റ്‌സ്‌ ഗവര്‍ണര്‍ മിറ്റ്‌ റോംനി, മുന്‍ സ്‌പീക്കര്‍ ന്യൂട്ട്‌ ഗിങ്ക്‌റിച്ച്‌, ടെക്‌സാസ്‌ ഗവര്‍ണര്‍ റിക്ക്‌ പെറി, മുന്‍ യൂട്ടാ ഗവര്‍ണര്‍ ജോണ്‍ ഹണ്‍ട്‌സ്‌മാന്‍, മുന്‍ സെനറ്റര്‍ റിക്ക്‌ സാന്റോറം, കോണ്‍ഗ്രസ്‌ അംഗം റോണ്‍ പോള്‍ തുടങ്ങി ആറ്‌ മുന്‍നിര നേതാക്കളാണ്‌ സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുള്ളത്‌. കഴിഞ്ഞ ആറ്‌ മാസത്തിലേറെയായി 20ഓളം മാധ്യമ സംവാദങ്ങളില്‍ കൊമ്പുകോര്‍ത്ത ഇവര്‍ തമ്മില്‍, ആരെങ്കിലും പിന്‍വാങ്ങുന്നതുവരെ എല്ലാ സംസ്ഥാനങ്ങളിലെയും െ്രെപമറി തിരഞ്ഞെടുപ്പുകളിലും ഏറ്റുമുട്ടും. ജനവരി മൂന്നിന്‌ അയോവയില്‍ ആരംഭിച്ച െ്രെപമറി തിരഞ്ഞെടുപ്പുകള്‍ ജൂണ്‍ അവസാനം വരെ നീളും. തുടര്‍ന്ന്‌ ആഗസ്‌തില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ കക്ഷിയുടെ ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

അമേരിക്കയുടെ 50 സംസ്ഥാനങ്ങളില്‍ നിന്നും ഗ്വാം, പ്യൂര്‍ട്ടോറിക്ക എന്നിങ്ങനെ അമേരിക്കയ്‌ക്ക്‌ ഭരണാവകാശമുള്ള പ്രദേശങ്ങളില്‍ നിന്നുമായി 2286 റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്കാണ്‌ ദേശീയ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുള്ള ക്ഷണം. ഇവരില്‍ നിന്ന്‌ 1144 പ്രതിനിധികളുടെ പിന്തുണ ലഭിച്ചാല്‍ പാര്‍ട്ടിയുടെ പ്രസിഡന്റ്‌ സ്ഥാനാര്‍ഥിയാകാന്‍ നാമനിര്‍ദേശം ചെയ്യപ്പെടും. ജനസംഖ്യയുടെ അനുപാതമനുസരിച്ച്‌ ഓരോ സംസ്ഥാനത്തിനും പ്രതിനിധികളുടെ നിശ്ചിത എണ്ണം അനുവദിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, ഫ്‌ലോറിഡ സംസ്ഥാനത്തിന്‌ 50 പ്രതിനിധികള്‍ക്കാണ്‌ പാര്‍ട്ടി കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അവകാശം. ജനവരി 31ന്‌ ഫ്‌ലോറിഡയില്‍ നടക്കുന്ന െ്രെപമറി തിരഞ്ഞെടുപ്പില്‍ വിജയിക്കുന്ന സ്ഥാനാര്‍ഥിക്ക്‌ ദേശീയ കണ്‍വെന്‍ഷനില്‍ ഈ 50 പ്രതിനിധികളുടെയും പിന്തുണ ലഭിക്കും. അങ്ങനെ, എല്ലാ സംസ്ഥാനങ്ങളിലെയും തിരഞ്ഞെടുപ്പില്‍ നിന്നുമായി 1144 പ്രതിനിധികളുടെ പിന്തുണലഭിച്ചാല്‍ പാര്‍ട്ടി നോമിനേഷന്‍ ലഭിക്കും. ഇതാണ്‌ െ്രെപമറി തിരഞ്ഞെടുപ്പുകളുടെ അന്ത്യഫലം. ചില സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ഥികള്‍ക്ക്‌ ലഭിക്കുന്ന വോട്ട്‌ ശതമാനം അനുസരിച്ച്‌ പ്രതിനിധികളുടെ എണ്ണം വീതം വെക്കുന്ന സ്ഥിതിയും ഉണ്ട്‌.

ഇതിനകം അയോവയിലും ന്യൂഹാംപ്‌ഷയറിലും നടന്ന െ്രെപമറികളില്‍ വിജയം കൈവരിച്ച മിറ്റ്‌ റോംനിക്ക്‌ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ സാധ്യത ഏറെയാണ്‌. ഇനി സൗത്ത്‌ കരോലിനയില്‍ 21നും ഫ്‌ലോറിഡയില്‍ 31നും ജയിച്ചാല്‍ റോംനിക്ക്‌ വ്യക്തമായ മുന്‍തൂക്കം നേടാന്‍ സാധിക്കും. ദേശീയതലത്തില്‍ നടത്തിയ അഭിപ്രായ വോട്ടെടുപ്പുകളിലും റോംനി തന്നെയാണ്‌ റിപ്പബ്ലിക്കന്‍ കക്ഷിയില്‍ ഏറ്റവും അഭികാമ്യന്‍. മസാച്യുസെറ്റ്‌സിന്റെ മുന്‍ ഗവര്‍ണറായിരുന്ന റോംനി 2008ലെ റിപ്പബ്ലിക്കന്‍ െ്രെപമറി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ പരാജയപ്പെട്ട വ്യക്തിയാണ്‌. ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ നിയമബിരുദവും എം.ബി.എ.യും നേടിയിട്ടുള്ള റോംനി ഏറെ വര്‍ഷം വാള്‍സ്‌ട്രീറ്റിലെ ഒരു പ്രമുഖ കമ്പനിയുടെ സി.ഇ.ഒ. ആയിരുന്നു. റിപ്പബ്ലിക്കന്‍ കക്ഷിയുടെ ദേശീയനേതൃത്വം പരോക്ഷമായി പിന്തുണയ്‌ക്കുന്നതും റോംനിയെ ആണ്‌. പൊതുമേഖലയിലും സ്വകാര്യമേഖലയിലും ഒരുപോലെ പ്രവര്‍ത്തന പരിചയമുള്ള റോംനി ഒബാമയ്‌ക്കെതിരെ നല്ല തുരുപ്പുചീട്ടാണെന്നാണ്‌ പൊതുവെയുള്ള അഭിപ്രായം. എന്നാല്‍, ഒരു പ്രശ്‌നത്തിലും വിശ്വാസദാര്‍ഢ്യം പുലര്‍ത്താത്ത വ്യക്തിയാണ്‌ റോംനി എന്ന വിമര്‍ശനവും ഉണ്ട്‌.

സാഹചര്യങ്ങള്‍ക്കനുസരിച്ച്‌ നിലപാടുകള്‍ മാറ്റുന്ന റോംനിക്ക്‌ നേതൃപാടവം ഇല്ലെന്നാണ്‌ എതിര്‍ സ്ഥാനാര്‍ഥികളുടെ വിമര്‍ശനം.

പ്രതീക്ഷ 'നിഷ്‌പക്ഷ' വോട്ടര്‍മാരില്‍


ഒബാമയ്‌ക്കെതിരെ മത്സരിക്കുമ്പോള്‍ നിഷ്‌പക്ഷ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ റോംനിക്ക്‌ കഴിയും എന്നതാണ്‌ റിപ്പബ്ലിക്കന്‍ നേതൃത്വം അദ്ദേഹത്തില്‍ കാണുന്ന അനുകൂല ഘടകം. 2008ലെ തിരഞ്ഞെടുപ്പിനുശേഷം ഏകദേശം 25 ലക്ഷം വോട്ടര്‍മാര്‍ റിപ്പബ്ലിക്കന്‍ ഡെമോക്രാറ്റിക്‌ കക്ഷികളില്‍ നിന്ന്‌ കൊഴിഞ്ഞുപോയിട്ടുണ്ടെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌. പാര്‍ട്ടി ആഭിമുഖ്യമില്ലാത്ത 'സ്വതന്ത്ര' വോട്ടര്‍മാര്‍ വര്‍ധിച്ചുവരുന്ന ഈ സാഹചര്യത്തില്‍, പൊതുവെ സമ്മതനായ ഒരു സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടത്‌ റിപ്പബ്ലിക്കന്‍ കക്ഷിക്ക്‌ അനിവാര്യമാണ്‌.

മോര്‍മണ്‍ മതവിഭാഗത്തില്‍പ്പെട്ട റോംനി റിപ്പബ്ലിക്കന്‍ കക്ഷിയിലെ യാഥാസ്ഥിതിക, െ്രെകസ്‌തവ വിഭാഗങ്ങള്‍ക്ക്‌ സ്വീകാര്യനല്ല. 'മത വലതുപക്ഷം' എന്ന്‌ വിളിക്കപ്പെടുന്ന ശക്തമായ വിഭാഗത്തിന്‌ റോംനിയെ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. കൂടാതെ, ഒരു മിതവാദി റിപ്പബ്ലിക്കന്‍ എന്ന്‌ വിശേഷിപ്പിക്കാവുന്ന റോംനി കഴിഞ്ഞ രണ്ടുവര്‍ഷമായി അമേരിക്കന്‍ രാഷ്ട്രീയത്തില്‍ തീവ്രമായ വലതുപക്ഷ നിലപാടുകളുമായി ശ്രദ്ധനേടി, നിര്‍ണായക സംഘടിതവോട്ടായി മാറിയ ടീ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമ്മതനല്ല. നീണ്ട ജനാധിപത്യ പ്രക്രിയയാണ്‌ അമേരിക്കയിലെ െ്രെപമറി തിരഞ്ഞെടുപ്പുകള്‍. എങ്കിലും സുതാര്യമായ ഈ പ്രക്രിയയ്‌ക്കൊടുവില്‍ നല്ല സ്ഥാനാര്‍ഥികളെ ലഭിക്കും എന്ന പ്രതീക്ഷയിലാണ്‌ ജനങ്ങള്‍.

ഒരു മിറ്റ്‌ റോംനിഒബാമ പോരാട്ടമാണ്‌ പൊതുവെ മുമ്പില്‍ കാണുന്നത്‌. ജനപ്രീതി കുറഞ്ഞെങ്കിലും ഒബാമ ഇന്നും ആര്‍ക്കും ശക്തനായ ഒരു എതിരാളിയാണ്‌. തിരഞ്ഞെടുപ്പ്‌ പ്രചാരണങ്ങള്‍ വ്യാപിപ്പിച്ചുകഴിഞ്ഞ ടീം ഒബാമയെ തോല്‌പിക്കുക അനായാസമാകില്ല. ഒബാമയെ തോല്‌പിക്കണമെങ്കില്‍ 30 ശതമാനം മാത്രം ജനപിന്തുണയുള്ള റോംനിക്ക്‌ വോട്ടര്‍മാരുടെ മനസ്സുകളിലേക്ക്‌ പ്രവേശിക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയേണ്ടിവരും. എന്നാലും ഒബാമ വീണ്ടും ജയിക്കുമോ എന്ന ചോദ്യത്തിന്‌ വ്യക്തമായ ഉത്തരമില്ലാത്ത സാഹചര്യമാണ്‌ ഇപ്പോള്‍ നിലവിലുള്ളത്‌. അദ്ദേഹത്തിന്റെ സാധ്യതകളെക്കുറിച്ച്‌ പിന്നീട്‌ വിശകലനം ചെയ്യുന്നതായിരിക്കും ഉചിതം.

എന്നാല്‍, വരും ആഴ്‌ചകളില്‍ നടക്കുന്ന െ്രെപമറികളില്‍ റോംനി വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചാല്‍, ഒബാമയ്‌ക്കെതിരെ അണിനിരക്കാന്‍, ഇടഞ്ഞുനില്‍ക്കുന്ന വിഭാഗങ്ങളെല്ലാം റോംനിയെ പിന്തുണയ്‌ക്കാന്‍ നിര്‍ബന്ധിതരാകും. നാലുവര്‍ഷം അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ സ്‌പീക്കര്‍ ആയിരുന്ന ന്യൂട്ട്‌ ഗിങ്ക്‌റിച്ച്‌ റോംനിക്ക്‌ ശക്തനായ എതിരാളിയാണ്‌. 1990കളില്‍ റിപ്പബ്ലിക്കന്‍ കക്ഷിയുടെ അനിഷേധ്യ നേതാവായിരുന്ന ഗിങ്ക്‌റിച്ച്‌ പല വിവാദങ്ങളിലും അകപ്പെട്ട്‌ സജീവരാഷ്ട്രീയത്തില്‍ നിന്നുതന്നെ പിന്‍മാറുകയായിരുന്നു. വലിയ പ്രതീക്ഷയൊന്നുമില്ലാതെയാണ്‌ അദ്ദേഹം ഈ തിരഞ്ഞെടുപ്പില്‍ മാറ്റുരയ്‌ക്കാന്‍ തീരുമാനിച്ചത്‌. എന്നാല്‍, തിരഞ്ഞെടുക്കപ്പെടുന്ന കാര്യത്തില്‍ മറ്റു സ്ഥാനാര്‍ഥികളുടെ ന്യൂനതകള്‍ പ്രകടമായതോടെ ഗിങ്ക്‌റിച്ച്‌ കൂടുതല്‍ ആര്‍ജവത്തോടെ പ്രവര്‍ത്തനത്തില്‍ സക്രിയമായി. യാഥാസ്ഥിതിക റിപ്പബ്ലിക്കന്‍മാരുടെ പൂര്‍ണ പിന്തുണയുള്ള ഗിങ്ക്‌റിച്ചിന്‌ അയോവയിലും ന്യൂ ഹാംപ്‌ഷയറിലും ശോഭിക്കാനായില്ലെങ്കിലും അദ്ദേഹത്തിന്‌ അനുകൂലമായ ചില സംസ്ഥാനങ്ങള്‍ ഇനിയുമുണ്ട്‌. മറ്റ്‌ സ്ഥാനാര്‍ഥികളായ റോണ്‍പോള്‍, റിക്ക്‌ പെറി, ജോണ്‍ ഹണ്‍ട്‌സ്‌മാന്‍, റിക്ക്‌ സാന്റോറം തുടങ്ങിയവര്‍ ചില െ്രെപമറികളില്‍ അപ്രതീക്ഷിതമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്‌. എന്നാല്‍, ഇവര്‍ ദേശീയതലത്തില്‍ നോമിനേഷന്‍ നേടാനുള്ള സാധ്യത കുറവാണ്‌.

2012ലെ അമേരിക്കന്‍ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പിന്റെ ഗതി നിര്‍ണയിക്കുന്നത്‌ റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക്‌ കക്ഷികളുടെ പരമ്പരാഗത വോട്ടുബാങ്കുകള്‍ ആയിരിക്കില്ല. മറിച്ച്‌, ഈ തിരഞ്ഞെടുപ്പില്‍ നിര്‍ണായക ഘടകമാകുന്നത്‌ 32 ശതമാനത്തോളംവരുന്ന 'നിഷ്‌പക്ഷ സ്വതന്ത്ര' വോട്ടര്‍മാരായിരിക്കും. അമേരിക്കയുടെ സാമ്പത്തികസ്ഥിതി എങ്ങനെ മെച്ചപ്പെടുത്താം എന്നതായിരിക്കും ഈ തിരഞ്ഞെടുപ്പ്‌ ചര്‍ച്ച ചെയ്യുന്ന പ്രധാന വിഷയം. വാഗ്‌ദാനങ്ങള്‍ക്കപ്പുറത്ത്‌ ധീരമായ നടപടികള്‍ പ്രഖ്യാപിച്ച്‌ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണുവാന്‍ കെല്‌പുള്ള പ്രസിഡന്റായിരിക്കും അടുത്തവര്‍ഷം വൈറ്റ്‌ഹൗസില്‍ പ്രവേശിക്കുക. ഒബാമയ്‌ക്കായാലും റോംനിക്കായാലും അടുത്ത ഏതാനും മാസങ്ങള്‍ അഗ്‌നിപരീക്ഷയുടെ നാളുകളാണ്‌.
(From Mathrubhumi)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക