Image

പൊന്നമ്പലമേടിനുസമീപം ദീപം; മകരവിളക്കല്ലെന്ന് ദേവസ്വം

Published on 14 January, 2012
പൊന്നമ്പലമേടിനുസമീപം ദീപം; മകരവിളക്കല്ലെന്ന് ദേവസ്വം
പൊന്നമ്പലമേടിന് സമീപം ശനിയാഴ്ച വൈകീട്ട് പലതവണ പ്രകാശം തെളിഞ്ഞതിനെത്തുടര്‍ന്ന് ശബരിമലയില്‍ ആശയക്കുഴപ്പം. എന്നാലിത് മകരവിളക്കോ ജ്യോതിയോ അല്ലെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി. വൈകീട്ട് 6.30ന് ശബരിമല ക്ഷേത്രത്തിലെ ദീപാരാധനക്കു തൊട്ടുപിന്നാലെയാണ് നക്ഷത്രം ദൃശ്യമായതും പലവട്ടം പ്രകാശം തെളിഞ്ഞതും. ഇതുകണ്ട സ്ഥലം മകരവിളക്കിനു ദീപാരാധന നടക്കുന്ന പൊന്നമ്പലമേട്ടില്‍നിന്ന് മാറിയാണെന്നും ഞായറാഴ്ച വൈകീട്ട് ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇവിടെ ദീപാരാധന നടക്കുമെന്നും പ്രസിഡന്‍റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു.

ടോര്‍ച്ചിന്‍േറതിനുസമാനമായ വെളിച്ചം കണ്ടു എന്നാണ് സംശയം. അന്വേഷണത്തിന്റെ ഭാഗമായി രാത്രിതന്നെ വനത്തില്‍ പോലീസ്, വനംവകുപ്പുകള്‍ ചേര്‍ന്ന് പരിശോധന തുടങ്ങിയതായി എ.ഡി.ജി.പി. പി. ചന്ദ്രശേഖര്‍ പറഞ്ഞു. മകരവിളക്കിന് ദീപാരാധന നടത്തുന്ന നിശ്ചിതസ്ഥലവും പരിസരവും പോലീസിന്റെ നിരീക്ഷണത്തിലിരിക്കെയാണ് സംഭവം. ഇതറിഞ്ഞ് സന്നിധാനത്ത് ഭക്തര്‍ ശരണം വിളിച്ചു. തുടര്‍ന്ന് ഇത് മകരവിളക്കല്ലെന്ന് ദേവസ്വം ബോര്‍ഡിന്റെ അറിയിപ്പ് വന്നു.

മുമ്പും സമീപമലകളില്‍ സമാന കാര്യങ്ങള്‍ നടന്നിട്ടുണ്ടെന്നും ഇതിനു പിന്നിലെ കുബുദ്ധികളുടെ ശ്രമം പുറത്തുകൊണ്ടുവരുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പൊന്നമ്പലമേട്ടിലേക്കുള്ള വഴികള്‍ നിരീക്ഷണത്തിലാണ്. എന്താണ് സംഭവിച്ചതെന്ന് കണ്ടെത്തും-എ.ഡി.ജി.പി. പറഞ്ഞു. മലയരയ സമുദായക്കാര്‍ ഇവിടെ മകരവിളക്കു തെളിക്കുമെന്ന പ്രഖ്യാപനത്തിനിടെ ഈ സംഭവമുണ്ടായതാണ് ആശയക്കുഴപ്പം കൂട്ടിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക