Image

ഭക്തലഹരിയില്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു

Published on 15 January, 2012
ഭക്തലഹരിയില്‍ പൊന്നമ്പല മേട്ടില്‍ മകരജ്യോതി തെളിഞ്ഞു
ശബരിമല: പൊന്നമ്പല മേട്ടില്‍ ഭക്തലക്ഷങ്ങളുടെ ശബരീശ സ്‌തുതികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ മകരജ്യോതി തെളിഞ്ഞു.

പന്തളം കൊട്ടാരത്തില്‍ നിന്നു കൊണ്ടുവന്ന തിരുവാഭരണങ്ങള്‍ ചാര്‍ത്തി ഭഗവാന്‌ ദീപാരാധന നടന്നപ്പോള്‍ത്തന്നെ ക്ഷേത്രത്തിന്റെ മൂലസ്‌ഥാനമായ പൊന്നമ്പലമേട്ടിലും ദീപാരാധന നടന്നു. ഇന്ന്‌ വൈകിട്ട്‌ ആറരയോടെയാണ്‌ തിരുവാഭരണ ഘോഷയാത്ര സന്നിധാനത്തെത്തിയത്‌. ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഘോഷയാത്രയെ സ്വീകരിച്ച്‌ തിരുവാഭരണപ്പെട്ടി ശ്രീകോവിലിലേക്കു കൊണ്ടുപോയി. തിരുവാഭരണം ചാര്‍ത്തി നടതുറന്ന്‌ ദീപാരാധന തുടങ്ങിയപ്പോള്‍തന്നെ പൊന്നമ്പല മേട്ടില്‍ മകരവിളക്കു തെളിഞ്ഞു.

അടുത്ത വര്‍ഷം മുതല്‍ പൊന്നമ്പലമേട്ടില്‍ ദീപം തെളിയിക്കുന്ന ചടങ്ങില്‍ മലയരയന്‍ വിഭാഗത്തില്‍ പെട്ടവരേയും ഉള്‍പ്പെടുത്താന്‍ ശ്രമിക്കുമെന്ന ചീഫ് വിപ്പും പൂഞ്ഞാര്‍ എം.എ.എയുമായ പി.സി. ജോര്‍ജിന്റെ പ്രസ്താവന വിവാദമാകുന്നു. സന്നിധാനത്തിനടുത്ത് കാളകെട്ടിയില്‍ മലയരയന്‍മാരുടെ ജ്യോതി പ്രയാണത്തിന് പി.സി.ജോര്‍ജ് അഭിവാദ്യം അര്‍പ്പിക്കാനെത്തിയപ്പോഴാണ് ഇങ്ങനെ പറഞ്ഞത്.

ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളും മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും ജോര്‍ജ് വ്യക്തമാക്കി. എന്നാല്‍ പി.സി.ജോര്‍ജിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മാത്രം അഭിപ്രായമാണെന്നും സര്‍ക്കാരിന്റേതല്ലെന്നും ദേവസ്വം മന്ത്രി വി.എസ്.ശിവകുമാര്‍ പ്രതികരിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇടപെടില്ലെന്നും ദേവസ്വം ബോര്‍ഡ് നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ശിവകുമാര്‍ പറഞ്ഞു

പൊന്നമ്പലമേട്ടില്‍ മകരവിളക്കാണ് തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ശനിയാഴ്ച്ച വൈകീട്ട് തെളിഞ്ഞ വെളിച്ചം വനംവകുപ്പിന്റെ സെര്‍ച്ച് ലൈറ്റാണെന്ന് ദേവസ്വം ബോര്‍ഡ്.

ദീപം കണ്ടത് അമ്പലമേട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ അകലെയാണ്. ഇത് സുരക്ഷാ ചുമതലയുടെ ഭാഗമായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സെര്‍ച്ച് ലൈറ്റ് അടിച്ചതാണ്. മകരവിളക്കാണെന്ന് ഇതെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചവര്‍ ഹിന്ദുസമൂഹത്തെ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു.

ഭക്തര്‍ വനത്തില്‍ നുഴഞ്ഞുകയറുന്നത് ഒഴിവാക്കാന്‍ നടത്തിയ പരിശോധനയിലാണ് സെര്‍ച്ച് ലൈറ്റ് ഉപയോഗിച്ചതെന്നും മലയരയര്‍ അവിടെ പോയിട്ടുണ്ടെന്ന് തോന്നുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വ്യക്തമാക്കി. തന്ത്രി കുടുംബത്തിലെ ഇളമുറക്കാരനായ രാഹുല്‍ ഈശ്വറിന് വിവരമുണ്ടെങ്കിലും വിവേകമില്ലെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി രാജോഗാപാലന്‍ നായര്‍ പറഞ്ഞു.

പൊന്നമ്പലമേടിന് സമീപം പലതവണ പ്രകാശം തെളിഞ്ഞതിനെത്തുടര്‍ന്നാണ് ആശയക്കുഴപ്പമുണ്ടായത്. മകരവിളക്കെന്ന് കരുതി വിശ്വാസികള്‍ ശരണമന്ത്രങ്ങള്‍ മുഴക്കുകയും ചെയ്തിരുന്നു. സംഭവത്തെക്കുറിച്ച് പോലീസ്, വനംവകുപ്പുകള്‍ അന്വേഷണം നടത്തിവരികയാണെന്ന് എ.ഡി.ജി.പി. അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക