Image

പെര്‍ത്തിലും ഇന്ത്യ നാണംകെട്ടു; പരമ്പര ഓസീസ് സ്വന്തമാക്കി

Published on 15 January, 2012
പെര്‍ത്തിലും ഇന്ത്യ നാണംകെട്ടു; പരമ്പര ഓസീസ് സ്വന്തമാക്കി
പെര്‍ത്ത്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഇന്ത്യയ്ക്ക് നാണംകെട്ട ഇന്നിംഗ്‌സ് തോല്‍വി. ഇന്നിംഗ്‌സിനും 37 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ആദ്യ ഇന്നിംഗ്‌സില്‍ 208 റണ്‍സ് ലീഡ് വഴങ്ങിയ ഇന്ത്യയുടെ രണ്ടാമിന്നിംഗ്‌സ് ബാറ്റിംഗ് 171 റണ്‍സിന് അവസാനിക്കുകയായിരുന്നു. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സ് എന്ന നിലയില്‍ മൂന്നാംദിനമായ ഇന്ന് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഭാഗത്ത് നിന്നും കാര്യമായ ചെറുത്തുനില്‍പുണ്ടായില്ല. 32 റണ്‍സുമായി ദ്രാവിഡും 21 റണ്‍സുമായി കൊഹ്‌ലിയും ബാറ്റിംഗ് തുടങ്ങിയ ആദ്യമണിക്കൂറില്‍ ഇന്നിംഗ്‌സ് തോല്‍വി ഒഴിവാകുമെന്ന് പ്രതീക്ഷയുണ്ടായിരുന്നെങ്കിലും 47 റണ്‍സെടുത്ത ദ്രാവിഡ് ഹാരിസിന്റെ പന്തില്‍ ബൗള്‍ഡായതോടെ ആ പ്രതീക്ഷയും നിറംമങ്ങുകയായിരുന്നു. കൊഹ്‌ലിക്ക് കൂട്ടായി ക്യാപ്റ്റന്‍ ധോണിയെത്തിയെങ്കിലും രണ്ട് റണ്‍സെടുത്ത് ധോണി പുറത്തായി. സിഡിലിന്റെ പന്തില്‍ സ്ലിപ്പില്‍ പോണ്ടിംഗ് ധോണിയെ പിടികൂടുകയായിരുന്നു. കൂടുതല്‍ നാണക്കേടില്‍ നിന്ന് ടീമിനെ രക്ഷിക്കുകയെന്ന ഉത്തരവാദിത്വം പിന്നീട് കൊഹ്‌ലിയുടെ ചുമലിലേക്ക് വന്നു.

ഒരറ്റത്ത് ശ്രദ്ധയോടെ പതുക്കെ സ്‌കോര്‍ മുന്നോട്ടു നീക്കി നിലകൊണ്‌ടെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ വലിച്ചെറിയപ്പെട്ടത് കൊഹ്‌ലിയുടെ മനസാന്നിധ്യം നഷ്ടപ്പെടുത്തി. ധോണിക്ക് പകരമെത്തിയ വിനയ്കുമാര്‍ വിക്കറ്റ് കളയാതെ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സിഡിലിന്റെ പന്തില്‍ ഫസ്റ്റ് സ്ലിപ്പില്‍ ക്ലാര്‍ക്കിന് പിടികൊടുത്ത് മടങ്ങി. ആറ് റണ്‍സാണ് വിനയ്കുമാറിന്റെ സംഭാവന. തൊട്ടടുത്ത പന്തില്‍ ക്ലാര്‍ക്കിന് തന്നെ പിടികൊടുത്ത് റണ്‍സൊന്നുമെടുക്കാതെ സഹീറും പുറത്തായി. പകരമിറങ്ങിയ ഇഷാന്ത് ശര്‍മ അതേ ഓവറിലെ അഞ്ചാം പന്തില്‍ കോവന് പിടികൊടുത്ത് സംപൂജ്യനായി മടങ്ങി. അടുത്ത ഓവറില്‍ കീപ്പര്‍ ഹഡിന് പിടികൊടുത്ത് കൊഹ്‌ലിയും മടങ്ങിയതോടെ ഇന്ത്യന്‍ ടീമിന്റെ വിദേശപര്യടന ചരിത്രത്തില്‍ നാണംകെട്ട ഒരു തോല്‍വി കൂടി എഴുതിച്ചേര്‍ക്കപ്പെടുകയായിരുന്നു. 

75 റണ്‍സെടുത്ത കൊഹ്‌ലിയാണ് രണ്ടാമിന്നിംഗ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍. രണ്ടാമിന്നിംഗ്‌സില്‍ ഓസീസിന് വേണ്ടി ഹില്‍ഫന്‍ഹോസ് നാല് വിക്കറ്റുകളും സിഡില്‍ മൂന്ന് വിക്കറ്റുകളും സ്റ്റാര്‍ക്ക് രണ്ട് വിക്കറ്റും നേടി. ആദ്യ ഇന്നിംഗ്‌സിലും ഹില്‍ഫന്‍ഹോസ് നാല് വിക്കറ്റുകള്‍ നേടിയിരുന്നു. ആദ്യ ഇന്നിംഗ്‌സില്‍ 180 റണ്‍സെടുത്ത വാര്‍ണര്‍ ആണ് മാന്‍ ഓഫ് ദ മാച്ച്. 

ഇതോടെ 3-0 ത്തിന് പരമ്പര നേടി ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ഓസ്‌ട്രേലിയ സ്വന്തമാക്കി. വിദേശമണ്ണില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാമത്തെ പരാജയയവും ഓസ്‌ട്രേലിയയ്‌ക്കെതിരേ തുടര്‍ച്ചയായ രണ്ടാമത്തെ ഇന്നിംഗ്‌സ് തോല്‍വിയുമാണിത്. നേരത്തെ ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളിലും ഇന്ത്യ തോറ്റിരുന്നു.


പെര്‍ത്തിലും ഇന്ത്യ നാണംകെട്ടു; പരമ്പര ഓസീസ് സ്വന്തമാക്കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക