Image

സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)

Published on 25 October, 2015
സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)
`ബേപ്പൂര്‍ സുല്‍ത്താന്‍' വൈക്കം മുഹമ്മദ്‌ ബഷീര്‍ തലയോലപ്പറമ്പിലെ പുത്തന്‍ കാഞ്ഞൂര്‍ തറവാട്ടില്‍ നിന്നും കോഴിക്കോടിനടുത്ത്‌ ബേപ്പൂര്‍ തുറമുഖ പരിസരത്തെ ശാന്തസുന്ദരമായ രണ്ടേക്കര്‍ പുരയിടം വാങ്ങി `വയിലാലില്‍' വീട്‌ പണിതിവിടെ പാര്‍പ്പുറപ്പിച്ചതിനു പിന്നിലൊരു കഥയുണ്ട്‌. ബഷീറിനു മുപ്പതിലധികം വയസ്‌ പ്രായം. ഇളയ സഹോദരങ്ങളായ പാത്തുമ്മയും ഹനീഫയും ആസമ്മയും അബ്‌ദുള്‍ ഖാദറും അബൂബേക്കറുമൊക്കെ നിക്കാഹ്‌ കഴിച്ച്‌ കുടുംബവും കുട്ടികളുമായി കഴിയുന്നു. വല്യ ഇക്കാക്ക ദേശസഞ്ചാരവും കറങ്ങി നടക്കലുമായി പിടികൊടുക്കാതെ കഴിയുകയാണ്‌. ഒരു ദിവസം ഏറ്റവും ഇളയ സഹോദരന്‍ പി.എ. അബൂബേക്കറിനു കോഴിക്കോട്‌ നിന്നും പോസ്റ്റ്‌ കാര്‍ഡിലൊരു കുറിപ്പ്‌ : ഡേയ്‌, അടിയന്തരമായി നീയിവിടം വരെയൊന്ന്‌ വരണം. ഒരു പഷ്‌ട്‌ ക്ലാസ്‌ കാര്യം കണിക്കാനുണ്ട്‌'. കാര്‍ഡ്‌ കിട്ടിയപാടെ വിലാസം തപ്പി ബേപ്പൂര്‌ ചെന്ന അബുവിനേയും കൂട്ടി ബഷീര്‍ മൊഞ്ചുള്ളൊരു സുന്ദരിയുടെ വീട്ടില്‍ ചെന്നു. `ഡേയ്‌...ഇതു ഫാബി. ഓളെ ഞാന്‍ കെട്ടാന്‍ പോകുന്നു.' അബുവിന്‌ പെരുത്ത സന്തോഷം.കൊല്ലങ്ങളായി കാത്തിരുന്നതാണ്‌ വല്യ ഇക്കാക്കയുടെ കല്യാണം. നാട്ടില്‍ മടങ്ങിവന്ന്‌ വിവരം പറഞ്ഞപ്പോള്‍ സഹോദരങ്ങള്‍ക്കെല്ലാം ആവേശം. വാപ്പയും ഉമ്മയും ഉണ്ടായിരുന്നപ്പോള്‍ നടന്നില്ല. ഇപ്പോഴെങ്കിലും ഇക്കാക്കയ്‌ക്ക്‌ സല്‍ബുദ്ധി തോന്നിയല്ലോ. അങ്ങനെ ഫാബി എന്ന കോഴിക്കോടന്‍ സുന്ദരി തലയോലപ്പറമ്പിലെ കാഞ്ഞൂര്‍ തറവാട്ടിലെ വല്യ ഇത്താത്തയായി. അതോടെ ബഷീറിക്കായുടെ ഊരുചുറ്റലും ദേശസഞ്ചാരവും അണ്ടര്‍ കണ്‍ട്രോള്‍!

`പാത്തുമ്മയുടെ ആട്‌' പിറന്ന തലയോലപ്പറമ്പിലെ കാഞ്ഞൂര്‍ തറവാടിന്റെ ഉമ്മറത്തിരുന്ന്‌ ഗതകാലസ്‌മരണകള്‍ അയവിറക്കുമ്പോള്‍ മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജനകീയ കഥാകാരന്റെ ജീവിച്ചിരിക്കുന്ന ഏക സഹോദരന്‍ പി.എ അബൂബക്കറിന്റെ കണ്ണുകളില്‍ നക്ഷത്ര തിളക്കം. എണ്‍പത്തിയാറു വയസ്സിന്റെ അസ്‌കിതകളുണ്ടെങ്കിലും മണ്‍മറഞ്ഞുപോയ മഹാനായ തന്റെ സഹോദരനെപ്പറ്റി പറയുമ്പോള്‍ നൂറുനാവ്‌. ഇന്ത്യയിലെ പ്രധാന ഭാഷകളിലേക്കും നിരവധി വിദേശ ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്‌ത്‌ പ്രസിദ്ധപ്പെടുത്തിയ ബഷീറിന്റെ എവര്‍ഗ്രീന്‍ ക്ലാസിക്കായ `പാത്തുമ്മയുടെ ആട്‌' എഴുതിയ കാലഘട്ടത്തെപ്പറ്റിയും അന്നത്തെ ജീവിതത്തെപ്പറ്റിയുമൊക്കെ അബുബക്കര്‍ വിസ്‌തരിച്ചു. മകന്‍ ഷാജിയുടെ ഭാര്യ നെജിതയും കഥകളയവിറക്കാനൊപ്പം കൂടി. പുസ്‌തകത്തിലെ കഥാപാത്രങ്ങളെല്ലാം യഥാര്‍ത്ഥമാണ്‌, സംഭവങ്ങളും. `എന്റെ ആട്‌ പെറട്ടെ...അപ്പക്കാണാമെന്ന്‌' പറഞ്ഞ്‌ വീമ്പിളക്കുന്ന പാത്തുമ്മയും, `ഞാനിപ്പം പട്ടാളത്തില്‍ പോകുമെന്ന്‌' പറഞ്ഞ്‌ എല്ലാവരേയും ഭീഷണിപ്പെടുത്തുന്ന ഹനീഫയും, `ഞാനൊരു മുണ്ടും ഷര്‍ട്ടും കട്ടിട്ടുണ്ട്‌. പക്ഷെ വല്യ ഇക്കാക്ക എനിക്കതു തന്നിട്ടുണ്ട്‌' എന്ന്‌ പരാതിപ്പെടുന്ന മഹാവൃത്തിക്കാരനായ അബുവുമുള്‍പ്പടെ എല്ലാ സഹോദരങ്ങളും, ഉമ്മയും പിള്ളാരും കോഴി, കാക്ക, എന്നുവേണ്ട സകല ജീവജാലങ്ങളും അതില്‍ നിറഞ്ഞുനില്‍ക്കുന്നു. അന്നുപക്ഷെയത്‌ വൈക്കോല്‍കൊണ്ട്‌ മേഞ്ഞ ജീര്‍ണ്ണിച്ചൊരു രണ്ടുമുറി വീടായിരുന്നു. ദിവസവും രാവിലെ തന്റെ ആടിനേയും മകള്‍ ഖദീജയേയും (ചിലപ്പോള്‍ ഭര്‍ത്താവ്‌ കൊച്ചുണ്ണിയേയും) കൂട്ടി പാത്തുമ്മാ വന്നുകയറിയിരുന്ന പുരയിടത്തിന്റെ കിഴക്കേ പടിക്കലിപ്പോള്‍ മനോഹരമായൊരു ഗേറ്റുണ്ട്‌. വീട്‌ നന്നായി പുതുക്കിപ്പണിതിരിക്കുന്നു. എങ്കിലും പാത്തുമ്മയുടെ ആടിന്റെ ചൂരും കരച്ചിലുമൊക്കെയവിടെ തങ്ങിനില്‍ക്കുന്നതുപോലെ.....

ബാല്യകാലസഖിയും അനുരാഗത്തിന്റെ ദിനങ്ങലും ന്റുപ്പൂപ്പാക്കൊരാനേണ്ടാര്‍ന്നും പാത്തുമ്മയുടെ ആടുമൊക്കെ എഴുതിക്കഴിഞ്ഞതോടുകൂടി ബഷീര്‍ `സ്ഥലത്തെ പ്രധാന ദിവ്യനായി'ക്കഴിഞ്ഞിരുന്നു. ചെറിയതും വലിയതുമായ പ്രതിഫല തുകകള്‍ മണിയോര്‍ഡറുകളായി വീട്ടിലെത്തി. കിട്ടുന്ന സംഖ്യയത്രയും ബഷീര്‍ കുടുംബത്തിനു നല്‍കുമായിരുന്നു. (എല്ലാവരുംകൂടി ശാപ്പിട്ടുവെന്ന്‌ ബഷീറിന്റെ നര്‍മ്മവെടി). കല്യാണം കഴിഞ്ഞതോടുകൂടി തലയോലപ്പറമ്പ്‌ ടൗണിനടുത്ത്‌ ഇത്തിരി സ്ഥലവും വീടും വാങ്ങി ബഷീര്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ വീട്ടിലിരുന്നാണ്‌ മലയാളത്തിലെ ആ കാലഘട്ടത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ സിനിമയായ `ഭാര്‍ഗ്ഗവീനിലയത്തിന്‌' (മൂലകഥ ബഷീറിന്റെ തന്നെ `നീലവെളിച്ചം') അദ്ദേഹം തിരക്കഥയെഴുതിയത്‌. ബേപ്പൂരേയ്‌ക്ക്‌ താമസം മാറ്റുന്നതിനു മുമ്പായി ആ വീടും പറമ്പും ബഷീര്‍ ഫെഡറല്‍ ബാങ്ക്‌ സ്ഥാപകനായ കെ.പി ഹോര്‍മിസിനു വിറ്റുവെന്ന്‌ അബൂബക്കറിന്റെ മകന്‍ പി.എ. ഷാജി പറഞ്ഞു. ഇന്ന്‌ തലയോലപ്പറമ്പ്‌ ടൗണില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ആ ബാങ്ക്‌ കെട്ടിടം `ഫെഡറല്‍ നിലയം' എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌. ബാങ്കിനുവേണ്ടി ബഷീറില്‍ നിന്നും സ്ഥലം വാങ്ങിയതിന്റെ അമ്പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ സമീപകാലത്ത്‌ നടന്ന ചടങ്ങില്‍ കുടുംബത്തെ പ്രതിനിധീകരിച്ച്‌ താന്‍ പങ്കെടുത്ത കാര്യം ഷാജി അനുസ്‌മരിച്ചു. ബഷീര്‍ ഉപയോഗിച്ചിരുന്ന കിണറും പരിസരവും നിലനിര്‍ത്തിക്കൊണ്ടാണ്‌ ബാങ്ക്‌ കെട്ടിടം നവീകരിച്ചിരിക്കുന്നത്‌. ബാങ്ക്‌ കൗണ്ടറിനോട്‌ ചേര്‍ന്നുള്ള `ബഷീര്‍ കിണര്‍' കാഴ്‌ചക്കാര്‍ക്ക്‌ കൗതുകം നല്‍കുന്നു.

ബഷീറിന്റെ അനശ്വര സ്‌മരണ നിലനിര്‍ത്തുന്നതിനായി തലയോലപ്പറമ്പില്‍ തന്നെ രണ്ട്‌ വ്യത്യസ്‌ത സംഘടനകളുണ്ട്‌ എന്നത്‌ മലയാളികളുടെ പൊതുസ്വഭാവമറിയാവുന്നതുകൊണ്ട്‌ നമ്മെ അത്ഭുതപ്പെടുത്തില്ല. കിളിരൂര്‍ രാധാകൃഷ്‌ണന്‍ ചെയര്‍മാനും, അബൂബക്കറിന്റെ മകന്‍ പി.എ. ഷാജി ഖജാന്‍ജിയുമായ `ബഷീര്‍ സ്‌മാരക സമിതി'യുടെ നേതൃത്വത്തില്‍ ബഷീര്‍ സ്‌മാരക കെട്ടിടത്തിനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ടൗണിലെ ബഷീര്‍ സ്‌കൂളിനോടു ചേര്‍ന്നു തന്നെ 10 സെന്റ്‌ സ്ഥലവും 15 ലക്ഷം രൂപയും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുവദിച്ചുവെന്ന്‌ ഷാജി പറഞ്ഞു. പ്രൊഫ. സി.എം കുസുമന്റെ നേതൃത്വത്തില്‍ പാലാംകടവിലെ വൈക്കം മുഹമ്മദ്‌ ബഷീര്‍ പാലത്തിനോട്‌ ചേര്‍ന്ന്‌ ഒരു ബഷീര്‍ സ്‌മാരക മന്ദിരവും ലൈബ്രറിയും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ ബഷീര്‍ പാലത്തില്‍വച്ചുതന്നെ `ബഷീര്‍ സ്‌മാരക ട്രസ്റ്റ്‌' എന്ന സംഘടനയുടെ പ്രവര്‍ത്തകനും റിട്ട. എക്‌സൈസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറുമായ ടി.കെ. സുഗതനെ പരിചയപ്പെടാന്‍ സാധിച്ചു. ബഷീറിന്റെ തറവാട്‌ വീടും ബന്ധപ്പെട്ട മറ്റു സ്ഥാപനങ്ങളും കാണിച്ചുതരുവാനും, അബൂബക്കറേയും മറ്റൊരു സഹോദരനായ അബ്‌ദുള്‍ ഖാദറിന്റെ മകന്‍ ജലാലിനേയും പ്രൊഫ. കുസുമനെയുമൊക്കെ പരിചയപ്പെടുത്തി തരുവാനും അദ്ദേഹം കാണിച്ച ഉത്സാഹം നന്ദിയോടെ അനുസ്‌മരിക്കുന്നു. പാലാംകടവില്‍ സായാഹ്നമാകുമ്പോള്‍ ബഷീര്‍ കൂട്ടുകാരുമൊത്ത്‌ സൊറ പറഞ്ഞിരിക്കാറുള്ള കുളിക്കടവും മറ്റും സുഗതന്‍ കാണിച്ചുതന്നു.

സുഗതനെപ്പോലൊരു സഹായിയായിരുന്നു ബേപ്പൂരെ സുജാതച്ചേച്ചി. ഫാബിത്താത്തയുടെ അടുത്ത കൂട്ടുകാരിയായിരുന്നു അവര്‍. രാമനാട്ടുകരയിലുള്ള സ്‌നേഹിതനും അധ്യാപകനുമായ സദാനന്ദന്‍ വഴിയാണ്‌ സുജാത ചേച്ചിയെ പരിചയപ്പെട്ടത്‌. ലേഖകന്റെ കാവ്യസമാഹാരമായ `പൊലിക്കറ്റ'യുടെ പ്രകാശനം വയലാലില്‍ വീട്ടില്‍ വച്ച്‌ നടത്തിയതിനുശേഷം മടങ്ങുന്ന വഴി അവിടെയും കയറി. അടുത്തകാലത്ത്‌ അന്തരിച്ച ഫാബി ബഷീറിന്റെ ഓര്‍മ്മകളില്‍ അടുത്ത കൂട്ടുകാരിയായിരുന്ന സുജാതച്ചേച്ചിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അത്ര ദൂരയല്ലാത്ത രണ്ട്‌ വീടുകളും തമ്മിലുള്ള ബന്ധത്തെപ്പറ്റിയും ബഷീര്‍ ദമ്പതികളെപ്പറ്റിയും അവര്‍ ആദരവോടെ അനുസ്‌മരിച്ചു. വൈകുന്നേരങ്ങളില്‍ നടക്കാനിറങ്ങുമ്പോള്‍ ബഷീര്‍ വന്നിരിക്കാറുള്ള തങ്ങളുടെ ഉമ്മറപ്പടിയും കസാലയുമൊക്കെ ഏറെ ബഹുമാനത്തോടെയാണ്‌ അവര്‍ കാണിച്ചുതന്നത്‌. ജാതിമത ചിന്തകളൊന്നുമില്ലാതെ പരസ്‌പരം ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നും ഭക്ഷണവിഭവങ്ങള്‍ കൈമാറിയും തങ്ങളുടെ കുടുംബങ്ങള്‍ കഴിഞ്ഞുകൂടിയ കഥകള്‍ പറയുമ്പോള്‍ ചേച്ചിയുടെ മക്കളും അതില്‍ പങ്കുചേര്‍ന്നു. ബേപ്പൂര്‍ പോര്‍ട്ടില്‍ ഡപ്യൂട്ടി ഹൈഡ്രോഗ്രാഫറായിരുന്ന അവരുടെ ഭര്‍ത്താവ്‌ ബാലകൃഷ്‌ണന്‍ എട്ട്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അന്തരിച്ചു. മക്കളായ ബിഞ്ചുവും ഷിഞ്ചുവും റിഞ്ചുവും ഉയര്‍ന്ന നിലയില്‍ ജോലി ചെയ്യുന്നു.

വയിലാലില്‍ വീട്ടിലേക്ക്‌ ഗേറ്റ്‌ കടന്ന്‌ കയറുമ്പോള്‍ സ്വന്തം തറവാട്ടിലേക്ക്‌ വര്‍ഷങ്ങള്‍ക്കുശേഷം ചെല്ലുമ്പോഴുള്ള അനുഭവമാണ്‌ ഉണ്ടായത്‌. വൈക്കം മുഹമമദ്‌ ബഷീറിനെ ബേപ്പൂര്‍ സുല്‍ത്താനാക്കിയ മണ്ണ്‌. വായിച്ചറിഞ്ഞ്‌ മാത്രമുള്ള വയിലാലില്‍ വീടും മുറ്റവും മങ്കോസ്റ്റിന്‍ മരച്ചുവടുമെല്ലാം ചിരപരിചിതമെന്നപോലെയുള്ള തോന്നല്‍. ബഷീറിന്റെ പാദസ്‌പര്‍ശംകൊണ്ട്‌ പവിത്രമായ മുറ്റത്തെ ആ പൂഴിമണ്ണില്‍ തൊട്ട്‌ നമസ്‌കരിച്ചിട്ട്‌ മാത്രമേ ഏതൊരു അക്ഷരസ്‌നേഹിക്കും പൂമുഖത്തേയ്‌ക്ക്‌ കയറുവാന്‍ തോന്നുകയുള്ളൂ. സുല്‍ത്താന്റെ ഗന്ധവും ശബ്‌ദവും വീട്ടിലും പരിസരത്തും തങ്ങിനില്‍ക്കുന്നതുപോലെ....ഉമ്മ ഫാബി ബഷീറിന്റെ വേര്‍പാടിന്റെ വേദന എവിടെയും തളംകെട്ടി നില്‍ക്കുന്നു. എങ്കിലും മകന്‍ അനീസ്‌ ബഷീറും ഭാര്യ അജു ബഷീറും സ്‌നേഹപൂര്‍വ്വം ഞങ്ങളെയെല്ലാം സ്വീകരിച്ചു. ലേഖകന്റെ `പൊലിക്കറ്റ'യുടെ പ്രകാശനം ഇഷ്‌ടസാഹിത്യകാരന്റെ വീട്ടില്‍ വച്ച്‌ തന്നെ നടത്തുവാനുള്ള ആഗ്രഹമനുസരിച്ച്‌ ചടങ്ങിന്റെ മുഖ്യാതിഥിയായി കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റി വൈസ്‌ ചാന്‍സലര്‍ ഡോ. എം. അബ്‌ദുള്‍ സലാമും വീട്ടിലെത്തിയിരുന്നു. അദ്ദേഹത്തോടൊപ്പം വീടും പരിസരവും ചുറ്റി നടന്നു കണ്ടു. `ചാരുകസേര സാഹിത്യ'ത്തിന്റെ പ്രണേതാവെന്ന്‌ പുനത്തില്‍ കുഞ്ഞബ്‌ദുള്ള വിശേഷിപ്പിച്ച ബഷീര്‍ ഒട്ടുവളരെ കൃതികളെഴുതിയ മങ്കോസ്റ്റിന്‍ മരച്ചുവട്ടില്‍ വച്ചാണ്‌ പുസ്‌തക പ്രകാശനം നടത്തിയത്‌. ആ മരച്ചുവടും ചാരുകസേരയും കണ്ടപ്പോഴുണ്ടായ നിര്‍വൃതി അവാച്യമെന്നു മാത്രം രേഖപ്പെടുത്തട്ടെ. മാതൃഭൂമിയില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്യുന്ന അനീസിന്റേയും കാലിക്കട്ട്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നും അടുത്തയിടെ റാങ്കോടെ ഗ്രാജ്വേറ്റ്‌ ചെയ്‌ത അജുവിന്റേയും മക്കളായ അസീം, നസീം, വസീം എന്നിവരുടേയും ആതിഥ്യമര്യാദകള്‍ ഒരു ബഷീറിയന്‍ രചന പോലെ ഊഷ്‌മളത നല്‍കുന്നതാണ്‌.

ഇത്തവണത്തെ കേരള യാത്രയിലെ ഏറ്റവും ഹൃദ്യമായ അനുഭവങ്ങളിലൊന്നായിരുന്നു വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ജീവിത വഴിത്താരകളിലൂടെയുള്ള യാത്രകള്‍. കേവലമൊരു സാധാരണ കുടുംബത്തില്‍ ജനിച്ച്‌, തീവ്രമായ ജീവിതാനുഭവങ്ങളിലൂടെ കടന്ന്‌, മലയാള സാഹിത്യത്തിലെ എണ്ണംപറഞ്ഞ എഴുത്തുകാരനായി മാറിയ ആ ജനകീയ സാഹിത്യകാരന്റെ ജീവിതാനുഭവങ്ങള്‍ അക്ഷരവഴികളില്‍ അഭിരമിക്കുന്ന ഏതൊരാള്‍ക്കും ആവേശമരുളുന്നതാണ്‌. മലയാള സാഹിത്യലോകത്തെ കുലപതി എം.ടി. വാസുദേവന്‍ നായര്‍ ഒരിക്കല്‍ പറഞ്ഞത്‌ താന്‍ എസ്‌.കെ. പൊറ്റക്കാടന്റെ കൃതികളെ ആദരിക്കുന്നു, പക്ഷെ ബഷീറിന്റെ രചനകളെ സ്‌നേഹിക്കുന്നു എന്നാണ്‌. എം.ടിയെപ്പോലെ കേരളക്കരയിലെ മുഴുവന്‍ ആളുകളുടേയും സ്‌നേഹമാണ്‌ വൈക്കം മുഹമ്മദ്‌ ബഷീറിനെ ബേപ്പൂരിന്റെ മാത്രം സുല്‍ത്താനല്ല, മലയാളികളുടെ മുഴുവനും സുല്‍ത്താനായി മാറ്റുന്നത്‌ എന്ന്‌ നിസ്സംശയം പറയാം.
സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)സുല്‍ത്താന്റെ സുവര്‍ണ്ണവഴികളിലൂടെ.....(ഷാജന്‍ ആനിത്തോട്ടം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക