Image

ഇന്‍ഡ്യന്‍ എഴുത്തുകാരുടെ ഇരട്ടത്താപ്പ്‌ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 26 October, 2015
ഇന്‍ഡ്യന്‍ എഴുത്തുകാരുടെ ഇരട്ടത്താപ്പ്‌ (ലേഖനം: സാം നിലമ്പള്ളില്‍)
ബംഗ്‌ളാദേശ്‌ എഴുത്തുകാരി തസ്‌ലീമ നസറിന്‍ അവിടുത്തെ മതതീവ്രവാദികളുടെ ഭീഷണിയെ ഭയന്നാണ്‌ ഇന്‍ഡ്യയില്‍ അഭയംതേടിയത്‌. ഇന്‍ഡ്യയില്‍ വന്നപ്പോള്‍ ഇവിടുത്തെ എഴുത്തുകാരാണ്‌ തന്റെനാട്ടിലെ ഭീകരന്മാരെക്കാള്‍ അപകടകാരികളെന്ന്‌ അവര്‍ മനസിലാക്കിയത്‌. അപകടകാരികള്‍ എന്നതിനേക്കാള്‍ ഭീരുക്കളെന്ന്‌ പറയുകയല്ലേ കുറച്ചുകൂടി ശരി. തസ്‌ലീമ അങ്ങനെ പറയാതിരുന്നത്‌ അവരുടെ മാന്യതകൊണ്ടായിരിക്കാം. ഇന്‍ഡ്യന്‍ എഴുത്തുകാരുടെ ഇരട്ടത്താപ്പ്‌ നയത്തെയാണ്‌ അവര്‍ വിമര്‍ശ്ശിച്ചത്‌. സത്യങ്ങളുടെനേരെ കണ്ണടക്കുക, അല്ലെങ്കില്‍ അതിനെ വളച്ചൊടിക്കുക, രാഷ്‌ട്രീയക്കാരുടെ താളത്തിനൊത്ത്‌ തുള്ളുക, മതതീവ്രവാദികളുടെ ഭീഷണിയെഭയന്ന്‌ അവരുടെ ചെയ്‌തികള്‍ കണ്ടില്ലെന്ന്‌ നടിക്കുക; ഇതൊക്കെയാണ്‌ ഇന്‍ഡ്യന്‍ എഴുത്തുകാരുടെ രീതികള്‍. എഴുത്തുകാരന്‍ സാമൂഹ്യപരിഷ്‌കര്‍ത്താവാണ്‌ എന്നവസ്‌തുത മറന്നിട്ടാണ്‌ വെറും അവസരവാദികളായി മാറുന്നത്‌. പുരസ്‌കാരങ്ങള്‍ക്കുവേണ്ടിയിട്ടോ, താല്‌കാലിക പ്രശസ്‌തിക്കുവേണ്ടിയിട്ടോ, അല്ലെങ്കില്‍ ശ്രദ്ധിക്കപ്പെടാന്‍ വേണ്ടിയിട്ടോ ആദര്‍ശ്ശങ്ങള്‍ മറക്കുന്നത്‌ അപലനീയമാണ്‌.

മലയാളത്തിലെ കാര്യംതന്നെ നോക്കാം. ഏതെങ്കിലും രാഷ്‌ട്രീയപാര്‍ട്ടിയുടെ, പ്രത്യേകിച്ചും ഇടതുപക്ഷങ്ങളുടെ, ചട്ടുകമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ എഴുത്തുകാരന്‍ അംഗീകരിക്കപ്പെടത്തില്ല. മലയാള സാഹിത്യ സാമ്രാജ്യത്തിലെ രാജാക്കന്മാരായി വിരാജിക്കുന്നവരെല്ലാം ഇടതുപക്ഷ ചിന്താഗതി വച്ചുപുലര്‍ത്തുന്നവരാണ്‌. അവരെ സ്‌തുതിച്ചില്ലെങ്കില്‍ പുരോഗമനവാദിയായി അംഗീകരിക്കപ്പെടത്തില്ല. സമൂഹത്തില്‍ സംഭവിക്കുന്ന ചെറുതും വലുതുമായകാര്യങ്ങളെ ഇടതുപക്ഷചിന്തയുടെ കണ്ണടയില്‍കൂടി മാത്രം നോക്കികാണാന്‍ ശീലിക്കുക..പ്രശസ്‌തിക്കുവേണ്ടി ബിംബങ്ങളെ ചെളിവാരിയെറിയുക. ഇതൊക്കെയാണ്‌ മലയാളത്തില്‍ അംഗീകരിക്കപ്പെടാനുള്ള സൂത്രങ്ങള്‍.

സുകുമാര്‍ അഴീക്കോട്‌ അറിയപ്പെട്ടുതുടങ്ങിയത്‌ മഹാകവി ജി. ശങ്കരക്കുറുപ്പിനെ വിമര്‍ശ്ശിച്ചുകൊണ്ടാണ്‌. `ജി. വിമര്‍ശ്ശിക്കപ്പെടുന്നു' എന്നൊരു പരമ്പരതന്നെ അദ്ദേഹം എഴുതി. അതില്‍ കവിയുടെ
അസ്‌തിത്വത്തെയാണ്‌ അദ്ദേഹം ചോദ്യംചെയ്‌തത്‌. അദ്ദേഹത്തിന്റെ രാഷ്‌ട്രീയ നിലപാടുകളിലും ഇരട്ടത്താപ്പുനയം കാണാന്‍ സാധിക്കും. ഗാന്ധിയനെന്ന്‌ അവകാശപ്പെട്ടിരുന്ന ദേഹം പിന്നീട്‌ മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയുടെ കൂലിപ്രാസംഗികനായി മാറുന്നതുകണ്ടു. അന്തരിച്ച സിനിമാനടന്‍ തിലകനും മോഹന്‍ലാലുമായുണ്ടായ പ്രശ്‌നത്തില്‍ ഇടപെട്ടപ്പോള്‍ അദ്ദേഹത്തില്‍ ഒളിഞ്ഞിരുന്ന ജാതീയചിന്തയെന്ന പൂച്ച പുറത്തുചാടി. ഇതെല്ലാം കണ്ടും കേട്ടും അന്ധാളിച്ചുനില്‍കാനല്ലേ നമുക്ക്‌ സാധിച്ചുള്ളു.

അമേരിക്ക അഫ്‌ഗാനിസ്ഥാനില്‍ ഇടപെട്ടപ്പോള്‍ അഴീക്കോടിന്റെ നേതൃത്വത്തിലാണ്‌ കൊച്ചിയില്‍ പ്രതിക്ഷേധപ്രകടനം നടന്നത്‌. അമേരിക്കയുടെ നടപടികൊണ്ട്‌ നേട്ടമുണ്ടായത്‌ ഇന്‍ഡ്യക്കാണെന്ന വസ്‌തുത അദ്ദേഹം മറന്നതോ മറച്ചുപിടിച്ചതോ.? കാഷ്‌മീരില്‍ ഭീകരപ്രവര്‍ത്തനത്തിനുള്ള തീവ്രവാദികളെ പാക്കിസ്ഥാന്‍ പരിശീലിപ്പിച്ചിരുന്നത്‌ അഫ്‌ഗനിസ്ഥാനിലായിരുന്നു. അമേരിക്കയുടെ ഇടപെടലുകൊണ്ട്‌ അവരുടെ താവളങ്ങള്‍ ഇല്ലാതായിതീര്‍ന്നു. വസ്‌തുതകളെ മറന്നുകൊണ്ട്‌ സത്യത്തെ വളച്ചൊടിക്കാന്‍ എത്രവലിയ സാഹിത്യകാരന്‍ ശ്രമിച്ചാലും അത്‌ അപലനീയമാണ്‌.

ഒരു പീറപ്പുസ്‌തകം എഴുതിയതിന്റെപേരില്‍ പ്രശസ്‌തയായിതീര്‍ന്ന എഴുത്തുകാരിയാണ്‌ അരുന്ധതി റോയി. വായില്‍തോന്നിയത്‌ വിളിച്ചുപറയുന്ന്‌ത്‌ ശീലമാക്കിയ അവര്‍ കാഷ്‌മീര്‍ ഇന്‍ഡ്യക്ക്‌ അവകാശപ്പെട്ടതല്ലെന്നും പാക്കിസ്ഥാന്‌ വിട്ടുകൊടുക്കേണ്ടതാണെന്നും പറയുകയുണ്ടായി. ഇതുപോലെ ദേഹംനോവാത്ത അഭിപ്രായങ്ങള്‍ തട്ടിവിടുന്നത്‌ പതിവാക്കിയ എഴുത്തുകാരിയാണ്‌ അവര്‍. തന്റെ കണ്‍മുന്‍പില്‍ കാണുന്ന അനീതികളെ എന്തുകൊണ്ട്‌ അവര്‍ ചോദ്യംചെയ്യുന്നില്ല.

പണ്ടെങ്ങോകിട്ടിയ പുരസ്‌കാരങ്ങള്‍ തിരിച്ചുകൊടുക്കുന്നത്‌ ഇപ്പോള്‍ ഒരു ഫാഷനായി മാറിയിരിക്കയാണ്‌. വിലകുറഞ്ഞ പ്രശസ്‌തിക്കുവേണ്ടിയുള്ള സൂത്രപ്പണികളല്ലേ അതെന്ന്‌ സാധാരണക്കാരന്‍ ചോദിക്കുന്നതില്‍ തെറ്റുണ്ടോ.

ഇന്‍ഡ്യയില്‍ പീഡനം അനുഭവിക്കുന്നത്‌ ഹിന്ദുക്കളാണെന്നാണ്‌ പറഞ്ഞത്‌. ഒരു മുസ്‌ളീമായ തസ്‌ലീമയാണ്‌. ഗുജറാത്തില്‍ നടന്ന കലാപത്തെപറ്റി മുതലക്കണ്ണീര്‍ പൊഴിച്ചവരാണ്‌ നമ്മുടെ എഴുത്തുകാര്‍. അതിനിടയാക്കിയ സംഭവത്തപറ്റി ഒറ്റവാക്കുപോലും അവര്‍ സംസാരിച്ചില്ല. ഗോന്ധ്രയില്‍ ഹിന്ദുക്കളെ ചുട്ടെരിച്ചതിനെപറ്റി എന്തേ മിണ്ടാതിരുന്നത്‌? അതിന്റെ പ്രത്യാഘാതമല്ലേ ഗുജറാത്തില്‍ സംഭവിച്ചത്‌? അയോദ്ധ്യയിലെ ബാബറിമസ്‌ജിത്ത്‌ ഹിന്ദുക്ഷേത്രം സ്ഥിതിചെയ്‌തിരുന്ന സ്ഥലത്ത്‌ മുസ്‌ളീം ഭരണാധികാരികള്‍ പണിതതാണെന്നുള്ളത്‌ ചരിത്രസത്യമാണ്‌..ഉപേക്ഷിക്കപ്പെട്ടുകിടന്നിരുന്ന വെറുമൊരുകെട്ടിടം ഹിന്ദുക്കള്‍ക്ക്‌ വിട്ടുകൊടുക്കാനുള്ള മഹാമനസ്‌കത മുസ്‌ളീം സമുദായം കാട്ടേണ്ടതായിരുന്നു. ഇടുങ്ങിയ വര്‍ക്ഷീയ ചിന്തകൊണ്ടല്ലേ അവര്‍ അങ്ങനെ ചെയ്യാതിരുന്നതും അതിന്റെ അനന്തരഫലമായുണ്ടായ അനിഷ്‌ടസംഭവങ്ങള്‍ക്ക്‌ രാജ്യം സാക്ഷിയാകേണ്ടിവന്നതും..

ഇന്‍ഡ്യയൊരു ഹിന്ദുരാഷ്‌ട്രം ആയതുകൊണ്ടാണ്‌ മറ്റുസമുദായക്കാര്‍ പീഡനം ഏല്‍കാതെ ജീവിക്കുന്നത്‌. പാക്കിസ്ഥാനിലെ ഹിന്ദുക്കളുടേയും ക്രിസ്‌ത്യാനികളുടേയും അവസ്‌തയെപ്പറ്റി ആലോചിച്ചുനോക്കൂ. മുസ്ലീം രാജ്യങ്ങളില്‍ അന്യമതക്കാര്‍ ജീവനെഭയന്നാണ്‌ കഴിയുന്നത്‌. പ്രവാചകനെ ആക്ഷേപിച്ചെന്ന്‌ ആരെങ്കിലും പറഞ്ഞാല്‍മതി ഒരു അന്യജാതിക്കാരന്റെ തലവെട്ടാന്‍. കേരളത്തിലും അരങ്ങേറിയല്ലോ താലിബാനിസം. പ്രൊഫസര്‍. ജോസഫിന്റെനേരെ ഉണ്ടായ അതിക്രമം സാഹിത്യനായകന്മാര്‍ കണ്ടില്ലെന്ന്‌ നടിച്ചത്‌ അവരുടെ ഇരട്ടത്താപ്പുനയത്തിന്‌ ഉദാഹരണമാണ്‌. ഇത്തരം പ്രവര്‍ത്തനരീതികളെയാണ്‌ തസ്‌ലീമ വിമര്‍ശ്ശിച്ചത്‌.
ഇന്‍ഡ്യന്‍ എഴുത്തുകാരുടെ ഇരട്ടത്താപ്പ്‌ (ലേഖനം: സാം നിലമ്പള്ളില്‍)
Join WhatsApp News
Dr.Sasi 2015-10-27 17:29:29
Sam has to read a lot !!
(Dr.Sasi)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക