Image

ദളിത്, ജാതി ഹത്യകള്‍ നല്‍കുന്ന നടുങ്ങുന്ന സന്ദേശം (ഡല്‍ഹികത്ത് : പി.വി. തോമസ്)

പി.വി. തോമസ് Published on 26 October, 2015
ദളിത്, ജാതി ഹത്യകള്‍ നല്‍കുന്ന നടുങ്ങുന്ന സന്ദേശം  (ഡല്‍ഹികത്ത് : പി.വി. തോമസ്)
ദളിതന്റെ പട്ടടയിലെ തീകാഞ്ഞ് കുളിരകറ്റിക്കൊണ്ടാണ് വടക്കെ ഇന്‍ഡ്യയിലെ ശീതകാലാരംഭത്തെ രാഷ്ട്രീയക്കാര്‍ നേരിടുന്നത്. ഡല്‍ഹിക്കടുത്ത ഹരീദാബാദില്‍ രണ്ട് പിഞ്ച് ദളിത് കുഞ്ഞുങ്ങളെ ഉറക്കത്തില്‍ ചുട്ടെരിച്ചു കൊല്ലുകയും അവരുടെ പിതാവിനെയും മറ്റ് കുടുംബാംഗങ്ങളെയും മാരകമായി തീപൊള്ളിച്ച് പരിക്കേല്‍പിക്കുകയും ചെയ്ത ജാട്ടുകാരായ ഉപരിവര്‍ഗ്ഗത്തെ തടയുവാന്‍ ഗവണ്‍മെന്റിന്(ബി.ജെ.പി.)ഒന്നും ചെയ്യുവാന്‍ സാധിക്കുകയില്ലെന്നാണ് ഒരു ജാട്ടും മുന്‍ കരസേനാ മേധാവിയും കേന്ദ്രഗവണ്‍മെന്റിലെ മന്ത്രിയുമായ വി.കെ.സിംങ്ങ് പറയുന്നത്. അത് തെളിയിക്കുവാനായി അദ്ദേഹം ഒരു ഉപമയും ചൂണ്ടിക്കാട്ടി: ഒരു നായെ ആരെങ്കിലും കല്ലെറിഞ്ഞാല്‍ സര്‍ക്കാരിനെ അതിന് പഴിക്കുവാന്‍ സാധിക്കുമോ? നോക്കണേ ജനറലിന്റെ ഒരു മാനസീകാവസ്ഥ! സാമൂഹ്യബോധം! അല്ല അദ്ദേഹത്തെ പഴിച്ചിട്ട് എന്തുകാര്യം? സാക്ഷാല്‍ നരേന്ദ്രമോഡിയല്ലെ ഗുജറാത്ത് കലാപത്തെകുറിച്ച് തതുല്യമായ ഒരു ഉപമ കാച്ചിയത്. അദ്ദേഹം അധ്യക്ഷത വഹിച്ച ഗുജറാക്കി വംശഹത്യയില്‍ നൂറ് കണക്കിന് മുസ്ലീങ്ങള്‍ കൊല ചെയ്യപ്പെട്ടതില്‍ അദ്ദേഹത്തിന് വ്യസനം ഉണ്ട്. ഒരു പട്ടിക്കുട്ടി(പപ്പി) നമ്മുടെ കാറിനടിയില്‍പെട്ട് ചതഞ്ഞരഞ്ഞ് ചത്താലും നമ്മള്‍ ദുഃഖിക്കുകയില്ലേ? അദ്ദേഹം ചോദിച്ചു. എത്ര ഉദാത്തമായ ഉപമ! എത്ര മഹത്തായ മനസ്ഥിതി! ഇത് മോഡിജി പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള തയ്യാറെടുപ്പ് നടത്തുന്ന വേളയില്‍ ജ്വലിപിച്ചതാണ്
ഉത്തരേന്ത്യ ശീതകാലത്തിലേക്ക് നീങ്ങുകയാണ്. പക്ഷേ, രാഷ്ട്രീയമായി കാലം വേനലും അതിന്റെ കൊടുംചൂടുമാണ്. ബീഹാര്‍ തെരഞ്ഞെടുപ്പ് ഒരു വശത്ത്. മറുവശത്ത് സ്വതന്ത്രചിന്തകരുടെ ആസൂത്രിത വലതുപക്ഷ തീവ്രവാദകൊലപാതങ്ങളും സഹബുദ്ധിജീവികളുടെ പ്രതിഷേധങ്ങളും പുരസ്‌ക്കാര തിരസ്‌ക്കരണങ്ങളും മാട്ടിറച്ചി നിരോധനവും കൊലയും മതസ്പര്‍ദ്ധയും പോരാത്തതിന് ഇപ്പോള്‍ ജാതി-ദളിത് കൊലയും.

ദസ്രയും വിജയദശമിയും ആയുധ പൂജയും കഴിഞ്ഞു. ദീപാവലി വരുന്നു. ആയുധ പൂജയില്‍ ആയുധം ആദ്യം പ്രയോഗിച്ചത് ഫരീദാബാദിലെ ഒരു പാവപ്പെട്ട ദളിത് കുടുംബത്തിലെ ഉറങ്ങിക്കിടക്കുന്ന കുഞ്ഞുങ്ങളുടെയും അവരുടെ മാതാപിതാക്കന്മാരുടെയും നേര്‍ക്കാണ്. അത് ദാദ്രിയിലെ മാട്ടിറച്ചി പാതകത്തില്‍ ഒരു മുസ്ലീം കുടുംബത്തെ വക വരുത്തിയതിന് ശേഷം ആണ്. ഇനി ദീപാവലിക്കുള്ള കോപ്പുകൂട്ടല്‍ ആണ്. ദീപങ്ങളൊക്കെ കെടുത്തി ദീപമേ നയിച്ചാലും എന്ന പാര്‍ത്ഥന പോലെ. ദാദ്രിയും(മാട്ടിറച്ചി ഉപയോഗിച്ചുവെന്നും അത് വീട്ടില്‍ സംഭരിച്ച് വച്ചിട്ടുണ്ടെന്നും പറഞ്ഞ് ഒരു മുസ്ലീം കുടുംബത്തെ ആക്രമിച്ചു കൊല ചെയ്ത സംഭവം) ഫരീദാബാദും(നിരായുധരായ ഒരു ദളിത് കുടുംബത്തെ ഉപരിവര്‍ഗ്ഗക്കാരായ ജാട്ടുകള്‍ ജാതിപ്പകയുടെ പേരില്‍ പാതിരാവില്‍ ആക്രമിക്കുകയും വീട് പുറത്തുനിന്നും പൂട്ടി തീയിട്ട് കൊല്ലുകയും ചെയ്ത സംഭവം) ഒറ്റപ്പെട്ടവയല്ല. ആദ്യത്തേതില്‍ ഇപ്പോള്‍ പരക്കെ നടമാടുന്ന മതവൈരവും രണ്ടാമത്തേതില്‍ ഉത്തരേന്ത്യയില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ജാതിവിവേചനവും പകയും ആണ് പ്രതിസ്ഫുരിക്കുന്നത്. ഈ ചോരപ്പുഴകളുടെ ഒഴുക്കിന്റെ കാലത്തും ഇന്‍ഡ്യ ആഘോഷങ്ങളുടെ തിമിര്‍പ്പില്‍ ആണ്. നേതാക്കന്മാരും ഭരണാധികാരികളും ഒരിക്കലും ഉണര്‍ത്താനാവാത്ത ഉന്മാദമായ ഉറക്കിലും തീരാത്ത മദനപരവൃശതയിലും ആണ്. അവര്‍ ഉന്മാദിക്കട്ടെ. വന്ദേമാതരം! വന്ദേഗോമാതാജി!! ദളിതന്റെ പട്ടടയിലെ തീകാഞ്ഞുകൊണ്ട് നമുക്ക് ഗോമാതാവിനെ പൂജിക്കാം. വന്ദേമാതരം പാടാം. ലൗ ജിഹാദിനെതിരെ മറ്റൊരു വിശുദ്ധയുദ്ധം നടത്താം. 'ഘര്‍വാപ്പസി' ആസൂത്രണം ചെയ്യാം. പള്ളികള്‍ ആക്രമിക്കാം. ചുട്ടെരിക്കാം. മദര്‍ തെരേസായെപ്പോലുള്ള ജീവകാരുണ്യപ്രവര്‍ത്തകരെ തേജോവധം ചെയ്യാം(ആര്‍.എസ്.എസ്.മുഖ്യന്‍ മോഹന്‍ ഭാഗ് വതിനെപോലെ) മഹാത്മജിയുടെ ഘാതകനായ നാഥുറാം ഗോഡ്‌സെക്ക് അമ്പലം പണിയാം. ഗോവിന്ദ് പന്‍സാരെയും നരേന്ദ്ര ദാബോള്‍ക്കറെയും കല്‍ബുര്‍ഗിയെയും പോലുള്ള സ്വതന്ത്രചിന്തകരെയും എഴുത്തുകാരെയും നിഗ്രഹിക്കാം. എന്നിട്ട് സംഘപ്രവാചകരായ മഹേഷ് ശര്‍മ്മയെയും സാക്ഷി മഹാരാജിനെയും സംഗീത് സോമിനെയും മറ്റും മറ്റും ശ്രവിക്കാം! ഗോഹത്യക്ക് വേദങ്ങളില്‍ വധശിക്ഷയാണ് വിധിച്ചിരുക്കുന്നതെന്ന മഹാനായ സംഘ് നേതാവിന്റെ താക്കിതിനെ അക്ഷരം പ്രതി അനുസരിക്കാം. പ്രിയ സംഘനേതാവേ, വേദങ്ങള്‍ എത്രയുഗങ്ങള്‍ക്ക് മുമ്പാണ് എഴുതിയത്? ഏത് രാഷ്ട്രീയ സാമൂഹിക, സാമ്പത്തീക പശ്ചാത്തലത്തില്‍ ആണ് അവ എഴുതിയത്? ബൈബിളില്‍ പറയുന്നതുപോലെ കടല്‍തീരത്തെ മണല്‍ത്തരികളെപോലെ ഇന്ന് ആരെങ്കിലും പെറ്റു പെരുകുന്നുണ്ടോ? അല്ലെങ്കില്‍ അഞ്ച് ഭാര്യമാരെ ഏതെങ്കിലും ഇന്‍ഡ്യന്‍ മുസ്ലീം വിവാഹം ചെയ്യുന്നുണ്ടോ? സംഘ് സുഹൃത്ത് ഇന്‍ഡ്യയെ വീണ്ടും യുഗാന്തരങ്ങളിലേക്ക് നയിക്കുകയാണോ? മനുസ്മൃതിയിലേക്കും ചാതുര്‍ വര്‍ണ്ണ്യത്തിലേക്കും ബ്രാഹ്മണ മേധാവിത്വത്തിലേക്കും ശിശുവിവാഹത്തിലേക്കും നരബലിയിലേക്കും വിധവാവിവാഹ വിലക്കിലേക്കും സതിയിലേക്കും അയിത്തതിലേക്കും മടക്കികൊണ്ട് പോവുകയാണോ? കാര്യങ്ങള്‍ കണ്ടിട്ട് ഉദ്ദേശം അതാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍ എന്ത് കൊണ്ടാണ് പെട്ടെന്നുള്ള ഈ ദളിത് വിരോധവും ഹത്യയും?

വിഷയം ശരിക്കും പഠിച്ചാല്‍ ഈ ദളിത് വിരോധവും ഹത്യയും വിവേചനവും അടിച്ചമര്‍ത്തലും ഒരു പുതിയ പ്രതിഭാസം അല്ലെന്ന് കാണാം. അത് സവര്‍ണ്ണാ ഉപരിവര്‍ഗ്ഗ ഇന്‍ഡ്യക്കാരന്റെ സാമൂഹ്യ ബോധമണ്ഡലത്തില്‍ ചാതുര്‍വര്‍ണ്ണ്യവും മനുവും യുഗങ്ങളായി അടിച്ചേല്‍പ്പിച്ച ഒരു മനസ്ഥിതിയാണ്. കേരളം പോലുള്ള മുന്നോക്ക സംസ്ഥാനങ്ങളില്‍ രാഷ്ട്രീയ, സാംസ്‌ക്കാരിക, സാമ്പത്തീക, വിദ്യാഭ്യാസ മുന്നേറ്റങ്ങളുടെയും പരിഷ്‌ക്കരണങ്ങളുടെയും ഭാഗമായി ഈ പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ആദിവാസി, പിന്നോക്ക വിവേചനം വളരെയധികം കുറഞ്ഞിട്ടുണ്ടെങ്കിലും ബീഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഝാര്‍ഖണ്ട്, ഛത്തീസ്ഘട്ട് എന്നീ സംസ്ഥാനങ്ങളിലെ അവസ്ഥ അതല്ല. അവിടെയൊക്കെ ഇന്നും മദ്ധ്യകാല അന്തകാരം ആണ് ഇക്കാര്യത്തില്‍ നിലനില്‍ക്കുന്നത്. ജാതിചിന്തയും വിവേചനയും കൊടികുത്തിവാഴുകയാണ് സിന്ധു ഗംഗാ നദീതടങ്ങളില്‍. മലവിസര്‍ജ്ജനം ഇന്നും മനുഷ്യന്‍ തലയില്‍ ചുമന്നുകൊണ്ട് വൃത്തിയാക്കുന്ന ഒരു വ്യവസ്ഥിതി ഇവിടങ്ങളില്‍ ഉണ്ടെന്ന് ആര്‍ക്കെങ്കിലും ഊഹിക്കുവാന്‍ സാധിക്കുമോ? ഒരു വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ ഡെറാഡൂണില്‍ എനിക്ക് ലഭിച്ച ആദ്യത്തെ കള്‍ച്ചറല്‍ ഷോക്ക് ഇതായിരുന്നു. പാട്ടകക്കൂസും. അത് എടുത്തുകൊണ്ട് പോയി വൃത്തിയാക്കുന്ന തോട്ടിയും. അതും ഒരു ശ്രേഷ്ഠ വിദ്യാലയത്തില്‍. അത് 1977-ല്‍ ആയിരുന്നു. ഇന്നും ഈ വ്യവസ്ഥ തന്നെ തുടരുന്നു ഉത്തര്‍പ്രദേശിലെയും ബീഹാറിലെയും പല സ്ഥലങ്ങളിലും! ഏതാനും മാസങ്ങള്‍ക്ക്് മുമ്പാണ് ഒരു ദളിതന്റെ മകന്‍ ഉത്തര്‍പ്രദേശിലെ ഒരു ഗ്രാമത്തില്‍ ഇന്‍ഡ്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ പ്രവേശനം ലഭിക്കുവാനായി അഖിലേന്ത്യ മത്സര പരീക്ഷ ജയിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ വീട് ഉപരിവര്‍ഗ്ഗം ആക്രമിച്ചതും തല്ലിപൊളിച്ചതും! അവസാനം ഗവണ്‍മെന്റിന് ആ ദളിതന്റെ വീടിന് പോലീസ് സംരക്ഷണം നല്‍കേണ്ടതായി വന്നു. അതാണ് ഇന്നും ഇന്‍ഡ്യയിലെ പ്രത്യേകിച്ചും വടക്കെ ഇന്‍ഡ്യയിലെ ജാതിവ്യവസ്്ഥയുടെ പ്രഭാവം. രാഷ്ട്രപതിയായിതനുശേഷം പോലും കെ. ആര്‍. നാരായണന് ചെറിയ തോതിലെങ്കിലും ഉപരിവര്‍ഗ്ഗ അവഗണന നേരിടേണ്ടി വന്നിട്ടുണ്ടെന്നും പറഞ്ഞാല്‍ അത് ഒരു അതിശയോക്തി അല്ല.
വടക്കെ ഇന്‍ഡ്യന്‍ സംസ്ഥാനങ്ങളിലെ പല ഗ്രാമങ്ങളിലും ദളിതര്‍ക്ക് താമസിക്കുവാനായി പ്രത്യേകം പാര്‍പ്പിടങ്ങള്‍ ഉണ്ട്്. അവര്‍ക്ക് സവര്‍ണ്ണരുടെ കോളണികളില്‍ താമസിക്കുവാന്‍ അനുവാദം ഇല്ല. അതിന് ശ്രമിച്ചാല്‍ മര്‍ദ്ദനവും പീഡനവും മരണംവരെയും ആണ് ശിക്ഷ.

ദളിതരുടെ കൊലപാതകവും തട്ടിക്കൊണ്ട് പോക്കലും, ബലാല്‍സംഗവും, ഡക്കോയിറ്റിയും, കവര്‍ച്ചയും തീവെയ്പ്പും മര്‍ദ്ദനവും നിത്യസംഭവങ്ങള്‍ ആണ്. ഇത് കേന്ദ്രവും സംസ്ഥാനങ്ങളും ആരു ഭരിച്ചാലും ഒരുപോലെ തന്നെ. പോലീസും സമാന്തര സായുധസേനയും ഭരണകൂടങ്ങളും ഉപരിവര്‍ഗ്ഗത്തിന് അനുകൂലം ആണ്. കാരണം ഉപരിവര്‍ഗ്ഗാഗങ്ങള്‍ ആണ് ഈ ജനാധിപത്യ സ്ഥാപനങ്ങളിലെല്ലാം തന്നെ.

2014-ല്‍ 744 ദളിതരാണ് കൊല ചെയ്യപ്പെട്ടത്. 2009-ല്‍ 624 ദളിതരാണ് കൊലചെയ്യപ്പെട്ടത്. കൊലയുടെ സംഖ്യ ഉയരുന്നതായി കാണാം. ഹരിയാനയില്‍ മാത്രം 2014-ല്‍ 21 പട്ടിക ജാതിക്കാരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. 2233 ദളിത് സ്്ത്രീകള്‍ ആണ് 2014-ല്‍ ബലാല്‍സംഗത്തിന് ഇരയായത്. 2009-ല്‍ ഇത്് 1346 ആയിരുന്നു. ദളിത് വിരുദ്ധ ആക്രമണം വളരുകയാണെന്ന് സാരം. നൂറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ചാതുര്‍വര്‍ണ്ണ്യത്തിന്റെയും സവര്‍ണ്ണമേധാവിത്വത്തിന്റെയും പിടിയില്‍ നിന്നും ഇന്‍ഡ്യ മോചിക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസം ലഭിച്ച ഉപരിവര്‍ഗ്ഗത്തിലെ പുതിയ തലമുറപോലും വര്‍ണ്ണവിവേചനത്തിന്റെ നീരാളിപിടുത്തത്തില്‍ നിന്നും മോചിതരല്ല. പിന്നോക്ക വിഭാഗത്തിനായുള്ള സംവരണത്തിനെതിരായുള്ള ഒന്നാം മണ്ഡല്‍ വിരുദ്ധ സമരവും ശ്രേഷ്ഠവിദ്യാലയങ്ങളിലെ പ്രവേശനത്തിനായുള്ള സംവരണത്തിനായുള്ള രണ്ടാം മണ്ഡല്‍ വിരുദ്ധ സമരവും ഇന്‍ഡ്യയുടെ രാഷ്ട്രീയ-സാമൂഹ്യ ചരിത്രത്തിലെ രക്തരൂക്ഷിതമായ ഏടുകള്‍ ആണ്.

സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദളിതരുടെ സാമ്പത്തീക രാഷ്ട്രീയ സാമൂഹിക നിലയില്‍ കാര്യമായ മാറ്റമൊന്നും വന്നിട്ടില്ലെന്നും ഇത് വളരെ പരിതാപകരം ആണ്. അതിനും പുറമെ അവര്‍ ഇന്നും പീഡനവും അവജ്ഞയും അവഗണയും നേരിടുന്നുവെന്നത് വളരെ ശോചനീയം ആണ്. ദാദ്രിസംഭവം മതവൈരത്തെയാണ് ഉയര്‍ത്തികാണിക്കുന്നതെങ്കില്‍ ഫരീദാബാദിലെ ദളിത് ആക്രമണം ദളിത് വിവേചനത്തെയാണ് അനാവരണം ചെയ്യുന്നത്. ഇവ രണ്ടും ഭരണാധികാരികള്‍ക്കുള്ള ശക്തമായ താക്കീതുകള്‍ ആണ്. ബീഹാറിലെ രണ്‍വീര്‍ സേന ഞെട്ടിപ്പിക്കുന്ന ഒരോര്‍മ്മപ്പെടുത്തലാണ്. വന്ദേമാതരം പാടുമ്പോള്‍ നമുക്ക് മാതൃഭൂമിയോട് അളവറ്റ ആദരവും ബഹുമാനവും ഉണ്ടാകണം. ഗോമാതാവിനെ പൂജിക്കുമ്പോള്‍ അതില്‍ മനുഷ്യത്വവും ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഇവയൊക്കെ അര്‍ത്ഥ ശൂന്യമായ പാഴ്ക്രിയകള്‍ ആണ്.
.

ദളിത്, ജാതി ഹത്യകള്‍ നല്‍കുന്ന നടുങ്ങുന്ന സന്ദേശം  (ഡല്‍ഹികത്ത് : പി.വി. തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക