Image

മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളി (ജോണ്‍ ബ്രിട്ടാസ്)

Published on 27 October, 2015
മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളി (ജോണ്‍ ബ്രിട്ടാസ്)
കേരളഹൗസില്‍ കണ്ടത് ഫാസിസത്തിന്റെ പുതിയ രീതിയിലെ തേരോട്ടം; നിസംഗരായിരുന്നാല്‍ കഴിച്ചതെന്താണെന്നറിയാന്‍ വയര്‍ കുത്തിത്തുറക്കുന്ന കാലം വരും; ജോണ്‍ ബ്രിട്ടാസ് എഴുതുന്നു

ദില്ലി കേരള ഹൗസില്‍ ബീഫ് പരിശോധനയ്ക്കു പൊലീസ് ഇരച്ചുകയറിയ സംഭവം ആരെയും ഞെട്ടിക്കുന്നതാണ്. ഏതെങ്കിലും ഒരു വസതിയിലേക്കു വര്‍ഗീയ ഭ്രാന്തന്‍മാര്‍ ഇരച്ചുകയറുന്നതിനേക്കാള്‍ പതിന്‍മടങ്ങ് ആപല്‍കരമാണ് ഈ നടപടി. കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ദില്ലി പൊലീസ് ഇത്തരം ഒരു കൃത്യം അനുഷ്ഠിച്ചത് ആരുടെ പ്രേരണ കൊണ്ടായിരിക്കാം?

കേരള ഹൗസിന്റെ സ്റ്റാഫ് കാന്റീനില്‍ ബീഫ് കറി വിളമ്പുന്നതിനു പതിറ്റാണ്ടുകളുടെ പാരമ്പര്യമുണ്ട്. എണ്‍പതുകളുടെ ഒടുക്കം മുതല്‍ ഒന്നര പതിറ്റാണ്ടു ഞാനും ഇവിടെനിന്നു ബീഫ് കറി കഴിച്ചിട്ടുണ്ട്. ദില്ലിയില്‍ വരുന്ന രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥ പ്രമാണിമാരുമൊക്കെ ഏതെങ്കിലും ഘട്ടത്തില്‍ ഈ കാന്റീന്‍ സന്ദര്‍ശിച്ചിട്ടുണ്ടാകും. ഇവിടെ ഏറ്റവും വിറ്റഴിയുന്ന ഒരു ഭക്ഷണ വിഭവം ബീഫാണു താനും. ദില്ലിയില്‍ മലയാളം മാധ്യമപ്രവര്‍ത്തകര്‍ മാത്രമല്ല, ആംഗലേയ മേഖലയിലുള്ള പത്രപ്രവര്‍ത്തകര്‍പോലും ഇടയ്ക്കു വന്നു പോകുന്ന സ്ഥലമാണത്.

ദില്ലി പൊലീസിന്റെ നടപടിക്ക് ഒട്ടേറെ വശങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഈ നടപടി മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളിയാണെന്നതാണ്. കേരളഹൗസ് നമ്മുടെ മിനി സെക്രട്ടേറിയറ്റാണ്.

തിരുവനന്തപുരം കഴിഞ്ഞാല്‍ ഏറ്റവും പ്രാധാന്യമുള്ള ഭരണകേന്ദ്രമെന്നര്‍ഥം. ഏതെങ്കിലും സര്‍ക്കാരിന്റെ ഔദാര്യത്തില്‍ കിട്ടിയ സ്ഥലമല്ല ഇതെന്നതും ശ്രദ്ധേയം. കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം തിരുവിതാംകൂര്‍ രാജാവിന്റെ ദില്ലിയിലെ കേന്ദ്രം നമുക്കു കൈമാറപ്പെട്ടതാണ്.

ഇവിടെയാണു കേന്ദ്രസര്‍ക്കാരുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഭരണവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അതോടൊപ്പം പത്തുലക്ഷത്തോളം വരുന്ന മലയാളികള്‍ക്ക് അഭിമാനത്തോടെ ഒന്നു വന്നു തലയുയര്‍ത്തി ശ്വാസം നുകരാനുള്ള ഇടം കൂടിയാണ് അത്. കേരള ഹൗസിന്റെ അടുക്കളയില്‍ വേവുന്ന ഇറച്ചിയുടെ ഡിഎന്‍എ പരിശോധിക്കാന്‍ പൊലീസ് പാഞ്ഞെത്തുക എന്നതു നമ്മെ അമ്പരിപ്പിക്കുന്ന വിഷയമാണ്. തമിഴ്‌നാട് ഭവനിലോ ആന്ധ്രാ ഭവനിലോ ബിഹാര്‍ഉത്തര്‍പ്രദേശ് നിവാസുകളിലോ ഇങ്ങനെ ദില്ലി പൊലീസ് ഇരച്ചുകയറിയാല്‍ ആത്മാഭിമാനത്തിന്റെ അഗ്‌നിജ്വാലയായിരിക്കും ഫലം. മറ്റു ഭവനുകളുടെ കാര്യത്തില്‍ ഇത്തരം ധാര്‍ഷ്ട്യം കാണിക്കാന്‍ പൊലീസ് തയാറാകില്ലെന്നതു മറ്റൊരു കാര്യം.

മലയാളിയുടെ ആത്മാഭിമാനം കത്തിപ്പടരേണ്ട ഒരു വിഷയത്തില്‍ മുഖ്യമന്ത്രി നടത്തിയ പ്രതികരണമാണ് എന്നെ ഏറെ വിഷമിപ്പിക്കുന്നത്. ദില്ലി പൊലീസ് മിതത്വം പാലിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഉപദേശം. മറ്റേതെങ്കിലും ഭവനിലായിരുന്നു ഇത്തരം അതിക്രമമെങ്കില്‍ ആ സംസ്ഥാനത്തിന്റെ ഭരണാധികാരി കേന്ദ്രത്തിനു മുന്നില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തുമായിരുന്നു.

നിരുപാധികം മാപ്പെന്ന പ്രക്രിയയ്ക്കു ദില്ലി പൊലീസിനെ വിധേയമാക്കുമായിരുന്നു. ചുരുങ്ങിയ പക്ഷം കേന്ദ്ര ആഭ്യന്തരമന്ത്രിയുടെയോ ദില്ലി ലഫ്റ്റനന്റ് ഗവര്‍ണറുടെയോ ഖേദപ്രകടനം ഉറപ്പുവരുത്തുമായിരുന്നു. ഉത്തരേന്ത്യന്‍ ധാര്‍ഷ്ട്യത്തിനു മുന്നില്‍ ദാസ്യവേല ചെയ്യുന്ന രീതിയിലാണു നമ്മുടെ ഭരണാധികാരിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിന്റെ പശ്ചാത്തലത്തില്‍ കാന്റീനിലെ ബീഫ് കറി ഒഴിവാക്കിയ നടപടി ആര്‍ക്കുവേണ്ടിയാണെന്നും മുഖ്യമന്ത്രി വിശദീകരിക്കണം. ഇതോടെ കീഴടങ്ങലിന് ഔദ്യോഗിക ഭാഷ്യം ലഭിച്ചിരിക്കുകയാണ്.

കേരള ഹൗസ് സംഭവത്തിന്റെ പശ്ചാത്തലം വ്യക്തമാകാന്‍ ചില കാര്യങ്ങള്‍ കൂടി മനസിലാക്കണം. ദില്ലി കോര്‍പറേഷന്റെ അംഗീകൃത മാംസ വ്യാപാര കേന്ദ്രങ്ങളില്‍നിന്നാണു കേരള ഹൗസിലേക്കു ബീഫ് വാങ്ങുന്നത്. സീല്‍ പതിപ്പിച്ച മാംസം വാങ്ങുമ്പോള്‍ അതു ചൂഴ്‌ന്നെടുത്ത് എന്തെങ്കിലും പരിശോധനയ്ക്കു വിധേയമാക്കാന്‍ കാന്റീന്‍ അധികൃതര്‍ക്കു കഴിയില്ല.

ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ വില്‍പന കേന്ദ്രങ്ങളിലാണു പരിശോധിക്കേണ്ടത്. കേരള ഹൗസ് കാന്റീന്‍ അധികൃതര്‍ മാടുകളെ അറക്കാറില്ലെന്ന കാര്യം സാമാന്യബോധമുള്ള ആര്‍ക്കും മനസിലാകും. ഇനി അഥവാ, ഇക്കാര്യത്തില്‍ കൂടുതല്‍ കൃത്യത വേണമെന്നു ദില്ലി പൊലീസിന് ആഗ്രഹമുണ്ടായിരുന്നെങ്കില്‍ കേരള ഹൗസ് റെസിഡന്റ് കമ്മീഷണറെ ബന്ധപ്പെട്ട് അതിനു വേണ്ടിയുള്ള നടപടികള്‍ സ്വീകരിക്കാമായിരുന്നു. അടുക്കളയില്‍ വേവുന്ന ഇറച്ചി എന്താണെന്നു കണ്ടുപിടിക്കാനുള്ള വൈദഗ്ധ്യം ദില്ലി പൊലീസല്ല, മറ്റൊരു പൊലീസും കരസ്ഥമാക്കിയിട്ടില്ല.

കൊടുംപാതകങ്ങളുടെ തലസ്ഥാനം കൂടിയാണു ദില്ലി. മിനുട്ടിന് ഒന്നെന്ന തരത്തില്‍ ഈ മഹാനഗരത്തില്‍ ഏതെങ്കിലും തരത്തിലുള്ള പീഡനങ്ങളോ അതിക്രമങ്ങളോ നടക്കുന്നുണ്ട്. ഇവിടേക്കൊന്നും ദില്ലി പൊലീസ് ഇരച്ചെത്തുന്നില്ല. മറിച്ചു കേരള ഹൗസിന്റെ അടുക്കള നിരങ്ങാന്‍ അവര്‍ക്കു പ്രത്യേകിച്ച് ഒന്നും ആലോചിക്കേണ്ടിവന്നതുമില്ല.

ദില്ലി കേരള ഹൗസ് സംഭവത്തെ നിസാരവല്‍കരിക്കേണ്ട ഘട്ടമല്ല ഇത്. ഫാസിസത്തിന്റെ പുതിയ രീതിയിലുള്ള തേരോട്ടമാണു നാമിവിടെ കാണുന്നത്. അവഗണിച്ചുകൊണ്ട് ഇതിനെ ഇല്ലാതാക്കാമെന്നാണ് എന്റെ ചില സുഹൃത്തുക്കളുടെ നിലപാട്. എന്നാല്‍ നമ്മള്‍ കഴിച്ചതെന്താണെന്നു പരിശോധിക്കാന്‍ നമ്മുടെ വയര്‍ കുത്തിത്തുറക്കാന്‍ ചിലര്‍ മുതിരുന്നതിലേക്കായിരിക്കും ഈ നിസംഗത വഴിവയ്ക്കുന്നതെന്ന് ഇവര്‍ക്കു വൈകാതെ ബോധ്യപ്പെടും. 
മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളി (ജോണ്‍ ബ്രിട്ടാസ്)മലയാളിയുടെ ആത്മാഭിമാനത്തിനു മുകളിലുള്ള ട്രപ്പീസ് കളി (ജോണ്‍ ബ്രിട്ടാസ്)
Join WhatsApp News
വിദ്യാധരൻ 2015-10-27 11:48:37
ഒരു വായനക്കാരൻ എന്ന നിലയിൽ ഞാൻ ആശയകുഴപ്പത്തിലാണ്.  അതോടൊപ്പം മാധ്യമങ്ങളും അതിനു ചുക്കാൻ പിടിപ്പിക്കുന്നവരും സമൂഹത്തെ വളർത്തുന്നോ തളർത്തുന്നോ എന്ന ചോദ്യം എനെ വല്ലാതെ കുഴക്കുകയും ചെയൂന്നു.   ഡൽഹിയിലെ കേരളാ ഹൗസിൽ പശു ഇറച്ചിക്കറി അന്വേഷിച്ചു മിന്നൽ പരിശോധന നടത്തിയെന്ന വാർത്തയും അതിനെ തുടർന്നുള്ള പൂര്‍ണ്ണമായി വസ്‌തുനിഷ്‌ഠാപരമായ അടിസ്ഥാനമോ വ്യക്തതയുള്ള നിഗമനമോ ഇല്ലാതെ ഓരോത്തർ ഇറക്കി വിടുന്ന പത്ര വാർത്തകളും തുടർന്നു തങ്ങൾ പശു ഇറച്ചിക്കെതിരെ യുദ്ധം പ്രഖ്യപിച്ചിരിക്കുന്നവരിൽ നിന്നും കേരള ഹൗസിനെ സംരക്ഷിക്കുക യാണെന്നുള്ള വാർത്തയുംമാണ് എന്റെ ആശയ കുഴപ്പത്തിന് നിദാനമായി വർത്തിക്കുന്നത്.  അതും ജോണ്‍ ബ്രിട്ടാസിനെപ്പോലുള്ള വരുടെ, " മലയാളിയുടെ അഭിമാനത്തിന്റെ മേൽ ഇരുന്നാണ് ട്രപ്പീസ് കളി' എന്നൊക്കയുള്ള കമന്റും ഒക്കെ വായിക്കുമ്പോൾ മാധ്യമങ്ങളും അതിനു ചുക്കാൻ പിടിക്കുന്നവരും അവരുടെ ധർമ്മം ശരിയായി പാലിക്കുന്നോ എന്ന സംശയവും.   സത്യാവസ്ഥ മനസിലാക്കാതെയും ഉത്തരവാദിത്വം ഇല്ലാതെയും പത്രങ്ങളും അതിന്റെ സാരഥികളും സമൂഹത്തെ തളർത്തുകയല്ല ചെയ്യുന്നത് നേരെമറിച്ചു ഒരു വർഗ്ഗീയ വിപ്ലവത്തിന് തീ കൊളുത്തുകയാണ്.   തെറ്റായ വാർത്തയിലൂടെ എതിരാളികളെ തോല്പ്പിക്കാൻ ശ്രമിക്കുമ്പോൾ അതിനു ബാലിയാടാകുന്നത് സാധാരണ ജനങ്ങളാണെന്നു ഓർക്കുന്നത് നന്ന്.  നേരെ മറിച്ചു അതല്ല ഈ വർഗ്ഗീയ വിപ്ലവം കത്തിച്ചു വിടുന്ന അഗ്നയുടെ ചൂടിൽ പറന്നു പോങ്ങാനാണ്  ഭാവം എങ്കിൽ , ആ  അഗ്നിയിൽ തന്നെ നിങ്ങളുടെ ചിറകുകൾ കത്തി കറിയും എന്ന് അറിഞ്ഞിരിക്കുന്നത് നന്ന് 
Indian 2015-10-27 12:11:23
വര്‍ഗീയാഗ്നി? എന്താ ആര്‍.എസ്.എസിന്റെ സ്വരത്തില്‍ സംസാരിക്കുന്നത്?
ഇക്കണക്കിനു പോയാല്‍ വയര്‍ തുരന്നു ബീഫ് കഴിച്ചിട്ടുണ്ടൊ എന്നു നോക്കുമല്ലോ? തമിഴ് ഭവന്‍ ആയിരുന്നു സെര്‍ച്ച് ചെയ്തിരുന്നതെങ്കില്‍ ഇന്നു എന്തു കോലാഹലം ഉണ്ടാകുമായിരുന്നു.
എല്ലാവരും ആര്‍.എസ്.എസിന്റെ നിന്ദ്യമായ ആശയങ്ങള്‍ക്ക് എറാന്‍ മൂളിയില്ലെങ്കില്‍ വര്‍ഗീയാഗ്നി ഉണ്ടാകുമെന്ന ഭീഷണി ഒരു ജനധിപ്ത്യ രാജ്യത്തു നന്നല്ല.
അതു പോലെ തന്നെ പശുവിനെ ദൈവമായി കാണുന്നത് വിശ്വാസമാനെന്നു പറയാം. പക്ഷെ അതിനു എന്താണു അടിസ്ഥാനം/ ലൊകഠിലെ 700 കോടിയില്‍ 670 കോടിയും പശുവിനെ തിന്നുന്നവരാണു . അവരൊക്കെ മൊശക്കാരാണോ?
വിദ്യാധരൻ 2015-10-27 12:47:31
സഹിഷ്ണതയുടെയും സ്നേഹത്തിന്റെയും പരിയായമായ ഹൈന്ദവ ചിന്തകളെ മനസിലാക്കാത്ത 
ആർ എസ് എസ്സു. -കാരനും, ക്രിസ്തു പഠിപ്പിച്ച സ്നേഹത്തേയും ക്ഷമയേയും മനസിലാക്കാത്ത ക്രിസ്തിയാനിയും, കഴുത്തു വെട്ടി അള്ളയെ പ്രീതിപ്പെടുത്താൻ തുനിയുന്ന ,മഹമദിയരും   കണ്ണിനു തിമിരം ബാധിച്ച് ഇരുട്ടിൽ കഴിയുന്നവരാണ്.  മതം എന്ന ശാപത്തിന്റെ അരുമ സന്താനങ്ങളിണവർ.  ഇവർക്ക് ഒരിക്കലും സത്യം വെളിപ്പെടുകയില്ല .

സത്യം എന്നറിയാതെ ജീവിതത്തിൻ പാതയിൽ തപ്പി തടയുന്നവർ -  പത്ര ധർമ്മത്തെക്കുറിച്ചുള്ള ഒരു അഭിപ്രായം വളച്ചൊടിക്കുമ്പോൾ ഈ പൂച്ചക്കുട്ടികൾ ഓര്ക്കുന്നില്ല മറ്റുള്ളവർ അവരെ നിരീക്ഷിക്കുന്നു എന്ന്  
Moopan 2015-10-27 14:21:43
Is any thing to say by Fokana, Fomaa , MAP etc. on this matter? This is a good opportunity  for the leaders of these organizations and its leaders to expose their pictures in media and say the valuable (foolish) comments.
കാര്യസ്ഥന്‍ 2015-10-27 14:47:50

ഡൽഹിയിൽ ഗോവധ നിരോധനം ഉള്ളതിനാൽ ആരെങ്കിലും കമ്പ്ലൈന്റ് കൊടുത്താൽ അന്വേഷിക്കേണ്ടത് പോലീസ് ആണ്..അങ്ങനെ ആരോ കമ്പ്ലൈന്റ് കൊടുത്തപ്പോൾ ദൽഹി പോലീസ് കേരള ഹൌസിൽ കയറി പരിശോദിച്ചാൽ പോകുന്ന അഭിമാനമേ മലയാളിക്കുള്ളൂ എങ്കിൽ ആ അഭിമാനം പോകട്ടെ എന്നെ വെക്കൂ....എന്നാലും ബ്രിട്ടാസിന്‍റെ ഓരോ പരിപാടികളേ. ടി‌വി റേറ്റിങ് കൂട്ടാനുള്ള ഒരു തമാശ. ഡൽഹി കേരള ഹൗസിലെ ജീവനക്കാരിൽ ബഹു ഭൂരിപക്ഷവും CPM ഭരണകാലത്ത് കയറിക്കൂടിയ പാർട്ടി അനുഭാവികളാണ്. പിണറായി വിജയൻ താമസത്തിന് എത്തുമ്പോൾ മുദ്രാവാക്യം മുഴക്കി അവർ അദ്ദേഹത്തെ സ്വീകരിക്കുന്നത് നാം ദൃശ്യമാധ്യമങ്ങളിൽ കണ്ടിട്ടുമുണ്ട്. അത് കൊണ്ട് ഈ ബീഫ് വിവാദം ജീവനക്കാരുടെ സൃഷ്ടിയാവാനുള്ള സാധ്യത തള്ളിക്കളയാൻ ആവില്ല.അവിടെ ബീഫ് വിളംപുന്നുണ്ട് എന്ന ഒരു ഊഹാപോഹം പ്രചരിപ്പിച്ചാൽ RSS കയറി ഇടപെടുമെന്നും അത് മാധ്യമങ്ങളിൽ വാർത്തയാവുംപോൾ കേരളത്തിലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ തങ്ങൾക്കു നാലു വോട്ട് കൂടുതൽ കിട്ടുന്നതിനു കാരണമാവുമെന്നും CPM ലെ ബുദ്ധി രാക്ഷസന്മാർ ( അതോ രാക്ഷസ ബുദ്ധിക്കാരോ) തീരുമാനിച്ചിട്ടുണ്ടാവാം.

Animal Right Group 2015-10-27 20:19:16
ഫൊക്കാന ഫോമയെക്കുറിച്ച്  മൃഗസ്നേഹികളായ ഞങ്ങൾക്ക് ചിലത് പറയാനുണ്ട്.  ആദ്യമായി ഈ പേര് വംശനാശം വന്നുകൊണ്ടിരിക്കുന്ന ആന ആമ തുടങ്ങിയ ജന്തുക്കളോടുള്ള കടുത്ത അവഹേളനമാണ്.   മൃഗങ്ങളോടുള്ള ക്രൂരത ഒരിക്കലും വച്ച് പുലർത്താവുന്നതല്ല.  ഓരോ വാർഷിക കോണ്‍ഫ്രാൻസിനും ആനയുടെയും ആമയുടെയും പുറത്ത് ഇരുന്ന് സഞ്ചരിക്കുന്നവരുടെ ക്രൂരത് അതി കഠിനമാണ്. കോടനാട് റാന്നി തുടങ്ങിയ സ്ഥലങ്ങളിൽപോലും ഇതുപോലെ ക്രൂരത കാണാറില്ല.  ചില അവന്മാര് ഇതിന്റെ പുറത്തു കയറി ഇരുന്നു വെള്ളം അടി ചെണ്ടകൊട്ട് തുടങ്ങിയ പല പരിപാടികളാണ്.  ആയതുകൊണ്ട് ഫൊക്കാന ഫോമ എന്നുള്ള പേര് മാറ്റി,  കഴുത, കോവർ കഴുത എന്ന പേരുകൾ കൊടുക്കണം. കാരണം മൃഗങ്ങളുടെ ഇടയിലും മനുഷ്യരുടെ ഇടയിലും ഇവരെ കാണാം എന്നുള്ളത് കൊണ്ട് ഞങ്ങൾക്ക് അത് ഒരു പ്രശ്നമല്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക