Image

ഭൗതീകവാദം ആത്മീയവാദത്തിന്‌ വഴിമാറുമ്പോള്‍ (ലേഖനം: വാസുദേവ്‌ പുളിക്കല്‍)

Published on 28 October, 2015
ഭൗതീകവാദം ആത്മീയവാദത്തിന്‌ വഴിമാറുമ്പോള്‍ (ലേഖനം: വാസുദേവ്‌ പുളിക്കല്‍)
ജീവിതത്തെ കുറിച്ചുള്ള പ്രതീക്ഷകളും സങ്കല്‌പങ്ങളും പദ്ധതികള്‍ ആസൂത്രണം ചെയ്‌ത്‌ നടപ്പാക്കാന്‍ നമ്മേ പ്രേരിപ്പിക്കുന്നു. ഈ പദ്ധതികളെല്ലാം തന്നെ ഭൗതിക നേട്ടങ്ങളെ ഉന്നം വച്ചു കൊണ്ടായിരിക്കും. സുഖാഭോഗവസ്‌തുക്കള്‍ കരസ്‌ഥമാക്കാനുള്ള തൃഷ്‌ണ ജനിപ്പിക്കുന്ന ശിക്ഷണമാണ്‌ വിദ്യാരംഭം മുതല്‍ നമുക്ക്‌ ലഭിക്കുന്നത്‌. കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണം നടക്കുന്നതു തന്നെ മത്സരങ്ങളുടെ മദ്ധ്യത്തിലൂടെയാണ്‌. ആ മത്സരത്തില്‍ ആത്മീയതക്ക്‌ അത്രക്കൊന്നും സ്‌ഥാനമില്ല. ജീവിതം ലൗകിക സുഖം നല്‍കുന്ന വസ്‌തുക്കള്‍ സമാഹരിക്കാനുള്ള ഒരു സമരമാണ്‌ എന്ന ധാരണ ജനിപ്പിക്കുന്ന പ്രേരകശക്‌തി ആത്മീയതയിലേക്കുള്ള വഴി തടയുന്നു. ദിവാസ്വപ്‌നങ്ങളുടെ കണ്ണഞ്ചിപ്പിക്കുന്ന ഭൗതികമായ ബാഹ്യലോകം നമ്മുട പ്രശ്‌നങ്ങള്‍ക്ക്‌ ഒരിക്കലും പരിഹാരമാവുകയില്ല. റോമിലെ ഒരു പ്രഭുവിന്റെ കഥ നിങ്ങള്‍ കേട്ടിണ്ടല്ലോ. പത്തുലക്ഷം പവനേ തന്റെ കയ്യില്‍ ബാക്കിയുള്ളൂ എന്ന്‌ മനസ്സിലാക്കിയ അയാള്‍ അസ്വസ്‌ഥനായി. നാളെ എന്തു ചെയ്യും എന്ന്‌ സ്വയം ചോദിച്ച്‌ അയാള്‍ ആത്മഹത്യ ചെയ്‌തു. പത്തു ലക്ഷം പവന്‍ ആ മനുഷ്യന്‌ ദാരിദ്ര്യമാണ്‌. ഭൗതികതയുടെ പിടിയില്‍ അമര്‍ന്നു പോയതിനാല്‍ ഉണ്ടായ മനസ്സിന്റെ ചാഞ്ചല്യം അയാളുടെ ആത്മഹ്യത്യക്ക്‌ വഴിയൊരുക്കി. ആദ്ധ്യാത്മികതയുടെ അടിത്തറയില്‍ നിന്നു കൊണ്ടു മാത്രമേ പ്രശ്‌നങ്ങള്‍ക്ക്‌ ശാശ്വതമായ പരിഹാരം കാണാന്‍ കഴിയുകയുള്ളു. ഭൗതികനേട്ടങ്ങളേക്കാള്‍ ആത്മീയനേട്ടങ്ങള്‍ക്കാണ്‌ പ്രാധാന്യവും ശാശ്വതീകതയും എന്നറിയുമ്പോഴെ ആത്മീയതയിലേക്ക്‌ നാം തിരിയുകയുള്ളൂ.

ഭൗതികനേട്ടങ്ങള്‍ക്ക്‌ വേണ്ടി മത്സരിക്കുന്ന ലോകം പണം കൊണ്ട്‌ എന്തും സാധിക്കാമെന്ന ചിന്തയുടെ മായാവലയത്തില്‍ കുടുങ്ങിക്കിടക്കുകയാണ്‌. മതത്തിന്റെ പേരില്‍ നടക്കുന്ന ഭീകരപ്രവര്‍ത്തനങ്ങള്‍ മൂലം ലോകത്ത്‌ ഉണ്ടാകുന്ന ദുരിതങ്ങളെ പറ്റി അതിന്‌ വഴിമരുന്നിടുന്നവര്‍ ചിന്തിക്കുന്നില്ല. മതങ്ങള്‍ പണം കൊണ്ട്‌ ഇന്ദ്രജാലം കാണിക്കുന്നു. നിരപരാധികള്‍ അതില്‍ കുടുങ്ങിപ്പോകുന്നു. സ്വജീവന്‍ ഏവര്‍ക്കും പ്രിയപ്പെട്ടതാണ്‌. എന്നാല്‍ മതഭ്രാന്തുകൊണ്ട്‌ ബുദ്ധി വികലമാകുമ്പോള്‍ മതത്തിനുവേണ്ടി വാഗ്‌ദാനങ്ങളില്‍ പ്രലോഭിതരായി മറ്റുള്ളവരെ കത്തിച്ചു ചാമ്പലാക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച്‌ രക്‌തസാക്ഷികളാകാന്‍ മതഭ്രാന്തന്മാര്‍ മുന്നോട്ടു വരുന്നു. മതഭ്രാന്തരായ തീവൃവാദികള്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പോലും ഹനിക്കുന്നു. ജവഹര്‍ലാല്‍ നെഹ്ര്‌റു പ്രധാന മന്ത്രിയായിരുന്നപ്പോള്‍ തുറന്ന കാറില്‍ എഴുന്നേറ്റു നിന്ന്‌ കൈ കൈകൂപ്പി ഞങ്ങളുടെ ഗ്രാമത്തിലുടെ കടന്നു പോയത്‌ ഞാന്‍ ഓര്‍ക്കുന്നു. അന്ന്‌ സുരക്ഷാസന്നാഹങ്ങളൊന്നുമുണ്ടായിരുന്നില്ല. ആ സ്വാതന്ത്ര്യത്തിന്റെ സുഖം ഇപ്പോള്‍ അനുഭവിക്കാന്‍ സാധിക്കുകയില്ല. ഇന്ന്‌ പ്രധാന മന്ത്രി തുറന്ന കാറില്‍ സഞ്ചരിക്കണമെങ്കില്‍ ഇടത്തും വലത്തും പിന്നിലും മുന്നിലും ആകാശത്തും രക്ഷാസന്നാഹത്തിന്റെ പല പടലങ്ങള്‍ വേണ്ടിവരും. എന്നാലും, എല്ലാ പ്രതിബന്ധങ്ങളും ഭേദിച്ച്‌ പ്രധാന മന്ത്രിയുടെ ശിരസ്സ്‌ വെടിവച്ച്‌്‌ തെറിപ്പിക്കാന്‍ തക്ക ശക്‌തിയും കുതന്ത്രവും മതഭീകരന്മാര്‍ക്കുണ്ട്‌. അഹിംസയുടെ സന്ദേശം പരത്തിക്കൊണ്ട്‌ മഹാത്മഗാന്ധി നേടിത്തന്ന രാഷ്‌ട്രീയസ്വാതന്ത്ര്യത്തിന്‌ ഈ ഭാവപ്പകര്‍ച്ചയുണ്ടാകാന്‍ ഒരു നൂറ്റാണ്ടു പോലും വേണ്ടി വന്നില്ല. ജനങ്ങള്‍ ലൗകികതയില്‍ ആണ്ടു പോകുന്നതുകൊണ്ട്‌ സഹജീവികളുടെ വികാരങ്ങള്‍ക്ക്‌ വില കല്‌പിക്കാതെ സ്വാര്‍ത്ഥമതികളായിത്തിരുന്നു. ദൈവം ഒന്നെയുള്ളൂ എന്ന അറിവ്‌ പകര്‍ന്നു കൊടുത്ത്‌ അവരുടെ മനസ്സിലെ അന്ധകാരം ദുരീകരിക്കുക എന്നതാണ്‌ നമുക്ക്‌ ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം.

അറിവാണ്‌ ജീവിതത്തെ പ്രകാശിപ്പിക്കുന്നത്‌. അറിവിന്റെ പരിമിതിയില്‍ ജീവിതം ശുഷ്‌കമാകുന്നു. സാധാരണ അറിവ്‌, പ്രത്യക്ഷമായ അനുഭങ്ങളില്‍ നിന്നുണ്ടാകുന്ന അറിവ്‌, സാധരണ അറിവിലും ഉപരിയായ അറിവ്‌ എന്നിങ്ങനെ അറിവ്‌ പല വിധത്തിലുണ്ട്‌. അറിവുലുമേറിയ അറിവ്‌ അതായത്‌ പ്രപഞ്ച രഹസ്യത്തെ കുറിച്ചുള്ള അറിവ്‌ നേടുമെന്നും ആ അറിവ്‌ മറ്റുള്ളവരുടെ നന്മക്കായും കൂടി ഉപയോഗിക്കുമെന്നുള്ളതായിരിക്കണം നമ്മുടെ ലക്ഷ്യം. ആ ലക്ഷ്യം സഫലീകൃതമാകുമ്പോള്‍ അറിവിനെ (ഈശ്വരനെ) വിട്ടഥ ഞാനുമില്ല എന്നെപ്പിരിയുകിലിച്ചറിവും എന്ന അനുഭൂതിയുണ്ടാകും. അങ്ങനെയുള്ള അറിവ്‌ സമ്പാദിക്കാന്‍ ശ്രമിക്കുമ്പോഴാണ്‌ വിശ്വമാനവികതയുടെ അതുല്യ മന്ത്രം മാനവരാശിക്ക്‌ ചൊല്ലിക്കൊടുത്ത ഗുരുക്കന്മാരുടെ അമൃത വാണികള്‍ക്ക്‌ കാതോര്‍ക്കേണ്ടത്‌. പ്രപഞ്ചരഹസ്യം കണ്ടെത്തി അരയാല്‍ത്തറയില്‍ ധ്യാനനിമഗ്നനായിരുന്ന ഭഗവാന്‍ ബുദ്ധനും ജോര്‍ദാന്‍ നദിയില്‍ സ്‌നാനമേറ്റ്‌ ലോകരക്ഷിതാവായിത്തീര്‍ന്ന നസ്രേത്തിലെ യേശുദേവനും മക്കത്തെ ഗുഹകളില്‍ മൗനമായിരുന്ന്‌ ജ്‌ഞനോദയമുണ്ടായി പരിശുദ്ധ ഖുറാന്‍ ലോകത്തിന്‌ വെളിപ്പെടുത്തിക്കൊടുത്ത മുത്തു നബിയും ധര്‍മ്മം പുന:സ്‌ഥാപിക്കാനവതരിച്ച കൃഷ്‌ണനും ലോകഗുരുക്കന്മാരാണ്‌. ലോക ഗുരുക്കന്മാരുടെ കണ്ണികള്‍ ആധുനിക ലോകത്തേക്ക്‌ വ്യാപിച്ചു കിടപ്പുണ്ട്‌. ആ പരമ്പരയില്‍ പെട്ടവര്‍, ലോകഗുരുക്കന്മാര്‍ കേള്‍പ്പിച്ച ആദ്ധ്യാത്മികതയുടെ മാഹാത്മ്യം വഴ്‌ത്തിപ്പാടിയിട്ടുണ്ട്‌. നമ്മള്‍ക്കത്‌ സ്വീകരിക്കുകയേ വേണ്ടു. `ഞാന്‍ എന്ന സത്യത്തിന്റേയും പ്രപഞ്ചത്തിന്റെ ഉല്‌പത്തിക്കും നിലനില്‌പിനും ആധാരമായ പരമസത്യത്തിന്റേയും ഏകാത്മഭാവം അനുഭവിച്ചിട്ടുള്ളവരാണ്‌ ഗുരുക്കന്മാര്‍ എന്നറിയുമ്പോഴാണ്‌ അവര്‍ നമുക്ക്‌ സ്വീകാര്യമാകുന്നതും അവരോടുള്ള ആരാധനയുടെ മാറ്റ്‌ കൂടുന്നതും.
താല്‌കാലികമായ ചിന്താക്കുഴപ്പം കൊണ്ട്‌ സ്വന്തം കര്‍ത്തവ്യത്തില്‍ നിന്ന്‌ വ്യതിചലിക്കുന്ന അര്‍ജ്‌ജുനനെ യോഗാത്മചിന്തയിലൂടെ കര്‍മ്മനിരതനാക്കുന്ന ലോകഗുരു കൃഷണനെ ഭഗവത്‌ഗീതയില്‍ കാണുന്നു. ദുഷ്‌ടചിന്തകളുടെ മൂര്‍ത്തീഭാവമായ കൗരവപക്ഷത്ത്‌ നില്‍ക്കേണ്ടി വന്ന ഭിഷ്‌മരുടെ, യുദ്ധം ആരംഭിക്കാനുള്ള ശഖുനാദം ഏറ്റുവാങ്ങി ഗാണ്ഡീവം ഉയര്‍ത്തിപ്പിടിച്ച്‌ യുദ്ധക്കളത്തിന്റെ നടുവില്‍ എത്തിയ അര്‍ജ്‌ജുനന്‍ മനസീകമായും ശാരീരികമായും തളരുകയും യുദ്ധത്തില്‍ നിന്ന്‌ പിന്മാറാന്‍ ശ്രമിക്കുകയും ചെയ്യുന്നു. യുദ്ധത്തില്‍ സംഭവിച്ചേക്കാവുന്ന പരാജയത്തെ പറ്റിയല്ല, യുദ്ധക്കളത്തില്‍ ഗുരുക്കന്മാരേയും ബന്ധുക്കളേയും കണ്ട്‌ എല്ലാവരുടേയും നാശം ഭവിക്കുമെന്നോര്‍ത്ത്‌ അര്‍ജ്‌ജുനന്‍ ഖേദിക്കുകയാണ്‌ ചെയ്യുന്നത്‌. ശത്രുമിത്രബന്ധമില്ലാതെ നിഷ്‌പക്ഷമായ ബിന്ദുവില്‍ നിന്നാണ്‌ അര്‍ജ്‌ജുനന്‍ ചിന്തിക്കുന്നത്‌. എങ്കിലും ലൗകികമായ മമത അര്‍ജ്‌ജുനനെ തളര്‍ത്തുന്നു. എങ്ങനെ യുദ്ധം ജയിക്കാമെന്ന കുടില ചിന്തയുമായി മറു വശത്ത്‌ നില്‌ക്കുന്ന ദുര്യോധനനും അര്‍ജ്‌ജുനനും തമ്മില്‍ ഒരു താരതമ്യ പഠനം നടത്തുമ്പോള്‍ അര്‍ജ്‌ജ്‌നന്റെ വ്യക്‌തിത്വത്തിന്റെ തിളക്കം പൂര്‍ണ്ണമായും ബോധ്യമാകും. ലൗകികതയുടെ മദ്ധ്യത്തില്‍ ഒരു നിമിഷം പകച്ചു നിന്നു പോയതുകൊണ്ട്‌ താമസബുദ്ധി അര്‍ജ്‌ജുനനെല്‌പകീഴടക്കിയതിന്റെ പരിണിതഫലമായാണ്‌ അര്‍ജ്‌ജുനന്‌ മനസികമായും ശാരീരികമായും തളര്‍ച്ച അനുഭവപ്പെട്ടത്‌. അര്‍ജ്‌ജുനന്റെ ബന്ധുമിത്രാദികളോടുള്ള മമതയും പ്രിയവുമാണ്‌ അരുജ്‌ജുനനെ ശോചനീയ സംഘാര്‍ഷാവസ്‌ഥയില്‍ എത്തിച്ചത്‌. ലൗകികതയില്‍ നിന്നുണ്ടായ ഒരു ഭ്രമമായിരുന്നു അതെന്ന്‌ അര്‍ജ്‌ജുനന്‍ മനസ്സിലാക്കുന്നു. പ്രിയാപ്രിയങ്ങളിലും സാര്‍വ്വലൗകികമായ ഒരു ഭാവം ഉണ്ടാകണം. താല്‌ക്കലീകമായ പരാധീനതകളില്‍ നിന്ന്‌ അര്‍ജ്‌ജുനന്‍ കരകയറുകയും കര്‍ത്തവ്യബോധം അര്‍ജ്‌ജുനനില്‍ വേരുറക്കുകയും ചെയ്‌തു. കൃഷ്‌ണനുമായി സംവാദത്തില്‍ ഏര്‍പ്പെട്ട, ലൗകിക ബന്ധങ്ങളില്‍ താല്‌ക്കാലികമായി കുടുങ്ങിപ്പോയ അര്‍ജ്‌ജുനനെ സ്വന്തം കര്‍ത്തവ്യത്തില്‍ നിന്ന്‌ വ്യതിചലിക്കരുത്‌ എന്ന ഉപദേശത്തിലൂടെ കര്‍മ്മനിരതനാക്കുന്നത്‌ കൃഷ്‌ണന്‍ ലോകത്തിനു തന്നെ നല്‍കുന്ന ഒരു പാഠമാണ്‌. ലൗകിക ചിന്തകള്‍ക്കല്ല പ്രാധന്യം എന്ന്‌ അര്‍ജ്‌ജുനന്‍ മനസ്സിലാക്കുന്നു. അരുജ്‌ജുനനില്‍ മുളപൊട്ടി വന്ന യോഗാത്മ ചിന്തകള്‍ വേരുറച്ചു ശക്‌തി പ്രാപിക്കുന്നു.

തത്വമസി (അത്‌ നീയാണ്‌), അഹം ബ്രഹ്‌മാസ്‌മി (ഞാന്‍ ബ്രഹ്‌മമാകുന്നു) എന്ന്‌ തുടങ്ങിയ ഉപനിഷത്‌ മന്ത്രങ്ങളിലെ ആത്മീയഭാവം പൂര്‍ണ്ണമായും ഗ്രഹിച്ചു കഴിയുമ്പോള്‍ ഭൗതികത വഴി മാറുന്നതായും നമ്മള്‍ ആത്മീയതയില്‍ നീന്തിത്തുടിക്കുന്നതായും അനുഭവപ്പെടും. ആ അനുഭൂതിയില്‍ നിന്ന്‌ ഉളവാകുന്ന വിലമതിക്കാനാവാത്ത നേട്ടങ്ങള്‍ നിരവധിയാണ്‌. സ്‌പര്‍ദ്ധയും വൈരാഗ്യവും സങ്കുചിതത്വവും ഉണ്ടാവുകയിക്ല. ഒന്ന്‌ മറ്റൊന്നിനേക്കാള്‍ മീതെയെന്ന്‌ ചിന്തിച്ചോ ഒരാള്‍ മറ്റൊരാളേക്കാള്‍ കേമനെന്ന്‌ ചിന്തിച്ചോ മനസ്സില്‍ അസൂയ പെരുക്കുകയില്ല. `ചിത്താംബുജം ഷഡൈ്വരികള്‍ക്ക്‌ വിളയാട്ടത്തിനാവുകയില്ല'' എന്നു മാത്രമല്ല മദമത്സരാദികള്‍ മനസ്സില്‍ തൊടാതെയുമിരിക്കും. ഭൗതികതക്ക്‌ നല്‍കാന്‍ സാധിക്കാത്തത്‌ ആത്മീയത പ്രദാനം ചെയ്യുന്നു. സത്യദര്‍ശനത്തില്‍ നിന്ന്‌ അകന്നു പോകുന്ന മനുഷ്യന്‍ മാനുഷികമൂല്യങ്ങളില്‍ നിന്ന്‌ അകന്നു പോയ്‌ക്കൊണ്ടിരിക്കും. അതു സംഭവിക്കാതിരിക്കാനുള്ള മാര്‍ഗ്ഗദര്‍ശനം ഭാരതീയ ദര്‍ശനങ്ങളില്‍ ലീനമായിക്കിടപ്പുണ്ട്‌. അത്‌ ചികഞ്ഞെടുത്ത്‌ വിവേകപൂര്‍വ്വം ഉപയോഗിക്കണമെന്ന്‌ മാത്രം. താന്‍ ഈശ്വരചൈതന്യമാണെന്ന്‌ ഓരോരുത്തരും മനസ്സിലാക്കിയാല്‍ മൃഗീയചിന്തകളില്‍ നിന്നും വിട്ടു മാറി മെച്ചപ്പെട്ട മനുഷയനായി ജീവിക്കാന്‍ സാധിക്കും. ഞാന്‍ ശരീരമല്ല ആത്മാവണെന്ന സഹജമായ വൈശിഷ്‌ട്യം മനസ്സിലാക്കുമ്പോള്‍ ഭൗതികതയുടെ വലയില്‍ നിന്ന്‌ പുറത്തു വരൂം, ഭൗതിക വാദം ആത്മീയവാദത്തിന്‌ വഴി മാറുന്നത്‌ അനുഭവവേദ്യമാകും.

ഇന്‍ഡ്യക്ക്‌ സ്വാതന്ത്ര്യം നേടിക്കൊടുത്തപ്പോള്‍ ഗാന്ധിജി ഒരു രാമരാജ്യം സ്വപ്‌നം കണ്ടിരുന്നു. രാമനെന്ന ഭരണകര്‍ത്താവില്‍ ഗാന്ധിജി കണ്ടത്‌ ആദ്ധ്യാത്മികതയുടെ ആല്‍രൂപത്തെയാണ്‌. ആദ്ധ്യാത്മികതയുടെ പ്രകാശം പരത്തിക്കൊണ്ട്‌ പ്രജകളുടെ ജീവനും സ്വത്തും കാത്തു സൂക്ഷിച്ചിരുന്ന രാജാക്കന്മാരുണ്ടായിരുന്നു. എന്നാല്‍, രാജക്കന്മാരുടെ സ്‌ഥാനത്ത്‌ രാഷ്‌ട്രീയക്കാര്‍ വന്നപ്പോള്‍ ജനങ്ങളെ ചൂഷണം ചെയ്യാനും അവരുടെ പോക്കറ്റില്‍ കയ്യിടാനും തുടങ്ങി. ആദ്ധ്യാത്മികതയുടെ മൂര്‍ത്തരൂപമായിരുന്ന രാമസങ്കല്‌പത്തിന്റെ അന്തസ്സാരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയി. ഗാന്ധിജി വിഭാവന ചെയ്‌ത രാമരാജ്യം അന്തരീക്ഷത്തില്‍ വിലീനമായി. ആദ്ധാത്മികതയുടെ ഔന്നത്യം സമൂഹത്തിന്റെ പുരോഗതിക്ക്‌ അനിവാര്യമാണെന്ന്‌ ഭൗതികതയുടെ പിന്നാലെ പോകുന്നതു കൊണ്ട്‌ ലോകം നശിക്കുന്നത്‌ കാണുമ്പോള്‍ ബോധ്യമാകും. രാഷ്‌ട്രങ്ങള്‍ യുദ്ധങ്ങളുടെ പിന്നാലെ പോയും ആയുധ വില്‌പന നടത്തിയും മറ്റു രാഷ്‌ട്രങ്ങളെ പരസ്‌പരം കലഹിപ്പിച്ചും ലോകത്തില്‍ അസുന്തുഷ്‌ടി സൃഷ്‌ടിച്ചു കൊണ്ടിരിക്കുന്നത്‌ ഭൗതിക നേട്ടങ്ങളില്‍ ഉന്നം വച്ചു കൊണ്ടാണ്‌. ഭൗതിക അസ്‌തിത്വം നിലനിര്‍ത്താന്‍ വേണ്ടി നവീനമായ നൈതികയും സമൂഹവ്യവസ്‌ഥയും കടഞ്ഞെടുത്ത്‌ അതില്‍ വിശ്വാസമര്‍പ്പിച്ച രാഷ്‌ട്രം തകര്‍ന്ന്‌ തരിപ്പണമായത്‌ ചരിത്രം തെളിയിക്കുന്നു. വ്യക്‌തിക്കായാലും സമൂഹത്തിനായാലും രാഷ്‌ട്രത്തിനായാലും ആദ്ധ്യാത്മികത വിരിയില്ലെടുക്കാന്‍ സാധിച്ചില്ലെങ്കില്‍ അസ്‌തിത്വമില്ല. ആത്മീയത ഇന്ന്‌ സയന്‍സിനു പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്നുണ്ട്‌. ഭാരതീയ സംസ്‌കൃതിയിലെ ദര്‍ശനങ്ങളാല്‍ ആകര്‍ഷിക്കപ്പെട്ട്‌ ആദ്ധ്യാത്മിക പ്രസ്‌ഥാനങ്ങള്‍ പാശ്‌ചാത്യരാജ്യങ്ങളില്‍ വളര്‍ന്നു വരുന്നു. ആത്മീയ ജീവിതത്തിന്റെ അന്തര്‍ധാരയായി ഒഴുകുന്നത്‌ സാര്‍വ്വത്രീകമായ സ്‌നേഹമാണ്‌. ക്രിസ്‌തീയജീവിതത്തിലെ സ്‌നേഹവും സേവനവും ലോകത്തിന്‌ മാതൃകയാണ്‌. തന്നില്‍ നിന്നും അന്യമല്ലാത്ത സര്‍വ്വേശ്വരനോടുള്ള പരമസ്‌നേഹത്തെ ദൈനംദിന ജീവിതത്തില്‍ സാക്ഷാത്‌ക്കരിക്കുന്നത്‌ തന്നെ പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിച്ചാണ്‌. പരസ്‌പരസ്‌നേഹത്തിലൂടെ മനവപരിണാമം തന്നെ സാധ്യമാകുന്നു.

ഈശ്വരന്‍ എല്ലാവരേയും ഒരുപോലെ സൃഷ്‌ടിച്ചിട്ടില്ല. അത്‌ സൃഷ്‌ടിയില്‍ സംഭവിക്ല പിഴയാണോ? ഒരിക്കലുമല്ല വൈരുദ്ധ്യങ്ങളാണ്‌ ജീവിതത്തെ ഉത്സാഹഭരിതമാക്കുന്നത്‌. ആത്മീയതയിലേക്കുള്ള പ്രയാണത്തില്‍ തടസ്സങ്ങളുണ്ടായേക്കാം. ലക്ഷ്യത്തിലെത്താന്‍ കാലതാമസമുണ്ടായേക്കാം. യമഭടന്മാര്‍ തന്നെ ബന്ധിച്ചു കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്‌ കണ്ട്‌ ഭയവിഹ്വലനായ അജാമിളന്‍ നാരായണ (മകന്‍) എന്ന്‌ കണ്‌ഠമിടറി ഉച്ചത്തില്‍ വിളിച്ചപ്പോള്‍ ആ വിളി കേട്ടതും, വിഷ്‌ണുപാര്‍ഷദന്മാര്‍ പ്രത്യക്ഷപ്പെട്ട്‌ അജാമിളനെ രക്ഷിച്ചതും, അജാമിളന്‌ മോക്ഷം ലഭിച്ചതും, അതേ സമയം പാണ്ഡ്യരാജാവ്‌ ഇന്ദ്രദ്യൂമനന്‍ ശപിക്കപ്പെട്ട്‌ ആനയായി മാറി സരോവരത്തില്‍ മുതലയുടെ പിടിയില്‍ പെട്ട്‌ ആയിരം സംവത്സരത്തെ ഈശ്വരധ്യാനത്തിന്‌ ശേഷം ഈശ്വരന്‍ കടാക്ഷിച്ചതും ഭാഗവതത്തില്‍ വായിക്കുന്നു. ഓരോരുത്തരിലും ലീനമായിരിക്കുന്ന വാസനയുടെ അടിസ്‌ഥാനത്തിലാണ്‌ ആത്മീയ പുരോഗതിയുണ്ടാകുന്നത്‌. അതുകൊണ്ട്‌ നമ്മളില്‍ നിക്ഷിപ്‌തമായിരിക്കുന്ന കടമകള്‍ നിര്‍വ്വഹിച്ച്‌ ഉത്സാഹഭരിതരായി സന്തോഷത്തോടെ ആത്മീയതയുടെ പടവുകള്‍ കയറിപ്പോവുക.
ഭൗതീകവാദം ആത്മീയവാദത്തിന്‌ വഴിമാറുമ്പോള്‍ (ലേഖനം: വാസുദേവ്‌ പുളിക്കല്‍)
Join WhatsApp News
വിദ്യാധരൻ 2015-10-28 11:57:05
സൃഷ്ടിയുടെ ചൈ തന്യം ഉള്ളിൽ വിളങ്ങിയിട്ടും അത് തിരിച്ചറിയാത്ത ജനം, ചൈതന്യം പുറത്തെവിടെയോ  ആണെന്നും ഭൗതികമായതാണ് സത്യമെന്നു  നിരന്തരം പഠിപ്പിക്കുന്ന മതം, ഇതെല്ലാം മനുഷ്യനെ ഭ്രാന്തു പിടിപ്പിക്കുന്നു . അവന് വസ്തുവകളോട് എന്തെന്നില്ലാത്ത അഭിനിവേശം.  അത് ഈശ്വര്ന്ന്റെ ധാനമാണെന്നും മറ്റുള്ളവരുടെ തോളത്തു കയറി നിന്ന് അത് എത്രമാത്രം സമാഹരിക്കാൻ കഴിയുമോ അത്രക്ക്  ഈശ്വരസാഷാത്ക്കാരം ലഭിക്കുമെന്നുള്ള തെറ്റായ ധാരണ.  ഈ ധാരണകളെ മാറ്റി  സ്വതന്ത്രമായി ചിന്തിക്കാൻ വേണ്ടിയാണ് ഗുരുക്കന്മാർ,  ' നിഷ്ക്കാമ കർമ്മ ' എന്നും, ' നിങ്ങൾ ലോകത്തിലാണ് എന്നാൽ നിങ്ങൾ ലോകത്തിന്റെതല്ല ' (ജീസസ്)  എന്നും ഒക്കെ പറഞ്ഞു പഠിപ്പിച്ചത്.  സൃഷ്ടിയുടെയും നാശത്തിന്റെയും പ്രഭവ സ്ഥാനമായ ആത്മാവൊഴിച്ച്  ശ്വാശതമായതോന്നും ഇല്ല.  അതുകൊണ്ടായിരിക്കാം ആശാൻ എഴുതിയത്,

"ഒന്നിനും ഇല്ല നില ഉന്നതമായ 
കുന്നുമെന്നല്ലാഴിയും നശിക്കും ഓർത്താൽ "  നാശം ഭൗതികവസ്തുക്കളിൽ നിലകൊള്ളുന്നു എന്ന സത്യം നാം മനസിലാക്കി ജീവിക്കുമെങ്കിൽ  നിഷ്ക്കാമ കർമ്മത്തിന്റെയും  നിങ്ങൾ ലോകത്തിലാണ് എന്നാൽ നിങ്ങൾ ലോകത്തിന്റെതല്ല ' എന്നൊക്കെയുള്ള മഹത് വച നങ്ങളുടെ അർഥം മനസിലാക്കി ജീവിക്കാൻ സാധിക്കും.  ശ്രീ കൃഷ്ണനും ക്രിസ്തു ദേവനും നാം അന്വേഷിച്ചു നടക്കുന്ന ആദ്ധ്യാത്മികതയുടെ പ്രകട ഭാവമാണ്. അവര് ആ സത്യം തിരിച്ചറിഞ്ഞു അതിനെക്കുറിച്ച് നമ്മളെ ബോധവാന്മാരാക്കാൻ ശ്രമിക്കുകയാണ്.  പലപ്പോഴും ഈ ഗുരുക്കന്മാർ പ്രതീകാത്മകമായി നമ്മോളോട് സംസാരിക്കുമ്പോഴും അതിന്റ പൊരുൾ മനസിലാക്കാതെ ഇരുട്ടിൽ തപ്പി തടയുകയാണ്.  അർജ്ജുനനും പട്ടിയതതാണ്.  ശ്രീകൃഷ്ണൻ ഗുരുക്കന്മാരും ബന്ധുക്കളുമായി യുദ്ധം ചെയ്യാൻ ആഹ്വാനം ചെയ്യുമ്പോൾ,  മതത്തിന്റെയും അതിന്റ കാവൽക്കാരുടെയും തെറ്റായ പഠനങ്ങളിലൂടെ ആശയ കുഴപ്പം സംഭവിച്ച അർജ്ജുനൻ യുദ്ധം ചെയ്യാൻ മടികാട്ടുന്നത്.  നാമും അർജ്ജുനനിൽ നിന്ന് വ്യതസ്ഥരല്ല  നൈമഷികമായ ജീവിതത്തെ ഭൗധികമായ ഊന്നുകൾ കൊടുത്ത് അനശ്വരമാക്കാൻ ശ്രമിക്കുമ്പോൾ, ആതമാവ് ഉറപ്പു നല്കുന്ന ഭൗതിക സ്വാതന്ത്രിയത്തിന്റ്റ് മത് നുകരാൻ കഴിയാതെ മൃതി യടയുന്നു .  ശ്രീയേശുവിന്റെ ' സത്യത്തിലും ആത്മാവിലും എന്നെ ആരാധിക്കുക എന്ന' വചസ്സും  ' ശ്രീനാരായണ ഗുരുവിന്റെ അദ്വയിത വാദവുംമൊക്കെ മനസ്സിലാക്കുമ്പോൾ അവരെപ്പോലെ മരിച്ചാലും ജീവിക്കുന്ന അവസ്ഥയിൽ, എത്തിക്കുന്നു.  സാഹിത്യത്തിന്റെ വളർച്ചയിലെ നാഴിക കല്ലുകളാണ് വേദങ്ങൾ.  സാഹിത്യത്തിന്റെയും കാവ്യ സൃഷ്ടികളുടെയും  അടിവേരുകൾ അന്വേഷിക്കുമ്പോൾ അത് നമ്മളെ കൊണ്ട് ചെന്നെത്തിക്കുന്നത് അതിരുകളില്ലാത്തതും മരണമില്ലാത്തതുമായ ഈ ചൈതന്യത്തിന്റെ മഹാ സമുദ്രങ്ങളിലേക്കാണ്. അതിൽ മുങ്ങിക്കുളികുമ്പോൾ മാത്രമേ ജീവിതഗാന്ധികളായ സാഹിത്യ കൃതികളും കവിതകളും പിറക്കുകയുള്ളൂ.  നല്ല ഒരു ലേഖനത്തിനു ശ്രീ. വാസുദേവ് പുളിക്കലിനു അഭിനന്ദനം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക