Image

'ആരോ ഒരാള്‍' (കവിത) ബിന്ദു ടിജി

ബിന്ദു ടിജി Published on 29 October, 2015
'ആരോ ഒരാള്‍' (കവിത) ബിന്ദു ടിജി
ആരോ പറന്നെന്നരികിലെത്തുന്നു
ചിറകിന്റെ തുമ്പത്ത് ശലഭങ്ങളേന്തി
പുതു സ്വപ്നമായി പുലരിയിലൊരു
കവിത വിരിയുമെന്നോതി
വിടരാന്‍  മടിയ്ക്കും സുമങ്ങള്‍
ക്കല്പ ചന്ദനസുഗന്ധവുമേകി
ആരോ പറന്നെന്നരികിലെത്തുന്നു
 
ഒരു കുഞ്ഞു കിളി പോലെയാരോ
ജാലകച്ചില്ലില്‍ ചുണ്ടുകള്‍ തട്ടിയുരുമ്മി
ഒച്ചയനക്കമുണ്ടാക്കുമെന്നും
പതിയെ തുറക്കുമോയെന്ന മട്ടില്‍
 
തുമ്പത്ത് ചെമ്പനീര്‍ പൂ ചൂടുമൊരു
ചില്ല തന്‍ മുള്ളാലെ കോറിയെന്‍
ഹൃദയനഭസ്സിലേക്കുറ്റു നോക്കുമെന്നും
ഇത്തിരിയിടം നല്‍കുമോയെന്ന മട്ടില്‍
 
ഇല്ലയെന്നോതി പതിയെ
ഞാന്‍ മിഴി പൂട്ടി മയങ്ങവേ
ഏതോ സുഖ സ്വപ്ന ശീതള പട്ടു
വിരിച്ച രാജവീഥിയിലൂടവന്‍
കൈ പിടിച്ചെന്നെ നടത്തീടുന്നു
ഇരുളില്‍ വെളിച്ചത്തില്‍
മൗനത്തിലെന്‍ നിസ്വനത്തിലും
അരികില്‍ ചിരി തൂകി ചേര്‍ന്നിരിക്കും
തീരെ തിരക്ക് കാട്ടാതെ വരിക വരിക
യെന്നോതി കൈകോര്‍ത്തു
പുഴയരികില്‍, പുളിനത്തില്‍  
ചന്ദനച്ചാറില്‍ കുളിച്ചു ചന്ദ്രിക
യലസം വിലസും വിണ്ണാറിലും 
അലിവാര്‍ന്നു മന്ദം യാത്രയാക്കും  
മൃദു പാണിയാല്‍ ഹൃദയക്ഷതങ്ങളെ
തഴുകിയെന്നില്‍ വിമലാനന്ദ മായവന്‍
വളരുന്നു, പുല്‍കുന്നു
ആരു നീ അറിവീലയെങ്കിലുമെന്‍
മനം കൊതിച്ചുകാക്കും നിന്‍രൂപ
മൊന്നൊളിച്ചു കാണുവാന്‍
മൂഢ സ്വപ്നമെങ്കിലും നീ വരും വരും
എന്ന് മോഹിക്കയത്രേ യെന്നേകാന്ത
ചിത്തത്തിന്നേറെ പ്രിയതരം
 
ഒരു നേര്‍ത്ത ചുംബന നോവേറ്റു
ഞെട്ടിയുണരവേ പൊടിയുന്നു
കവിളില്‍ ചുടു രക്ത മുത്തുകള്‍
ചെറുചിരി ചൂടി ഞാനാ നോവില്‍
തലോടവേ ...മിന്നി മായുന്നു
മുള്‍മുടി ചൂടിയാ ദിവ്യ രൂപം!
 
 
ബിന്ദു ടിജി

'ആരോ ഒരാള്‍' (കവിത) ബിന്ദു ടിജി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക