Image

പാടലീപുത്രയില്‍ നിന്നും ഒരു പുതിയ പടയോട്ടത്തിന്റെ ശംഖൊലി (ഡല്‍ഹികത്ത് : പി.വി.തോമസ്)

പി.വി.തോമസ്) Published on 11 November, 2015
പാടലീപുത്രയില്‍ നിന്നും ഒരു പുതിയ പടയോട്ടത്തിന്റെ ശംഖൊലി (ഡല്‍ഹികത്ത് : പി.വി.തോമസ്)
ഇന്നലെ(നവംബര്‍ എട്ട്) 2019-ലെ ലോകസഭ തെരഞ്ഞെടുപ്പിന്റെ സമര കാഹളം പാറ്റ്‌നയില്‍ നിന്നും മുഴങ്ങി. മോഡി കേള്‍ക്കുന്നുണ്ടായിരിക്കും പാടലിപുത്രയില്‍ നിന്നുമുള്ള ആ പടയോട്ടത്തിന്റെ ആദ്യ ശംഖൊലി. ഇതേപോലെ ഒരു അശ്വമേധയാഗം 2014-ല്‍ ശ്രീ. നരേന്ദ്രമോഡിയും അഹമ്മദബാദില്‍ നിന്നും ഡല്‍ഹിയിലേക്ക് നടത്തുകയുണ്ടായി. ഇതാ ഇവിടെ ഇപ്പോള്‍ ആ അശ്വമേധയാത്തിന് വെല്ലുവിളി ഉയര്‍ന്നിരിക്കുകയാണ്.

മോഡിയുടെ ആ യാഗാശ്വത്തെ പിടിച്ചു കെട്ടുവാന്‍ ഒരു വ്യക്തിയും ഒരു ശക്തിയും ഉയര്‍ന്നിരിക്കുകയാണ്. ഇനി നമ്മള്‍ നോക്കികാണുവാന്‍ പോകുന്നത് അഹമ്മദബാദില്‍ നിന്നും പാറ്റ്‌നയില്‍ നിന്നും ഉള്ള ആ പടയോട്ടങ്ങളുടെ കഥാപരമ്പരയാണ്.

മദര്‍ ഓഫ് ഓള്‍ അസംബ്ലി തെരഞ്ഞെടുപ്പുകള്‍-എല്ലാ നിയമസഭ തെരഞ്ഞെടുപ്പുകളുടെയും മാതാവ്-എന്ന് മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും വിശേഷിപ്പിച്ച ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ തോല്‍പിച്ചത്, അതും വളരെ വ്യക്തവും ദൃഢവും ആയ ഭാഷയിലും സംഖ്യാബലത്തിലും(178-58) ഇന്‍ഡ്യന്‍ രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ മാറ്റിമറിക്കുവാന്‍ പോവുകയാണ്.

പാറ്റ്‌നയില്‍ നിന്നും ഒരു പുതിയ രാഷ്ട്രീയ സമവാക്യം ഉരുത്തിരിയുകയാണ്. ഇത് മോഡിക്കോ ബി.ജെ.പി.ക്കോ ആര്‍.എസ്.എസിനോ അഥവാ മൊത്തം സംഘപരിവാറിനോ അത്ര നല്ല വാര്‍ത്തയല്ല. അതുപോലെ തന്നെ മോഡിയെ തോല്‍പിച്ച് ബീഹാറില്‍ അധികാരത്തിലേറിയ നിതീഷ് കുമാര്‍- ലാലുപ്രസാദ് യാദവ്- പേരിന് കോണ്‍ഗ്രസ്-സഖ്യത്തിനും ഇത് അത്ര സുഗമവും അല്ല. മോഡിയും സംഘപരിവാറും അവരുടെ രീതികളും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. പക്ഷേ, വെല്ലുവിളിച്ച് തല്‍ക്കാലം വിജയിച്ചവര്‍ക്ക് വളരെ ദൂരം പോകേണ്ടിയിരിക്കുന്നു. തെളിയിക്കേണ്ടിയിരിക്കുന്നു 120-ല്‍ ഏറെ കോടി ജനങ്ങളുടെ മുമ്പാകെ.

എന്താണ് ബീഹാറില്‍ സംഭവിച്ചത്? എന്താണ് ബീഹാറിന് ശേഷം? ഇതാണ് ഇവിടത്തെ വിഷയം. ഒപ്പം എന്തുകൊണ്ട് ബീഹാര്‍ എങ്ങനെ സംഭവിച്ചു?

ആദ്യം എന്താണ് ബീഹാറില്‍ സംഭവിച്ചതെന്ന കാര്യം. ബീഹാറില്‍ മോഡിയും ബി.ജെ.പി.യും. ആര്‍.എസ്.എസും സംഘപരിവാറും തോറ്റ് തുന്നം പാടി. രണ്ട് പ്രത്യശാസ്ത്രങ്ങളും രണ്ട് വ്യക്തികളും തമ്മില്‍ ഏറ്റുമുട്ടിയതില്‍ ഇന്‍ഡ്യയുടെ പരമോന്നതനായ പ്രധാനമന്ത്രിയെ ജനം പിന്തള്ളി. മോഡിയുടെയും നിതീഷ് കുമാറിന്റെയും മുദ്രാവാക്യം വികസനം ആയിരുന്നു. അടിയൊഴുക്കുകള്‍ വേറെ. വികസനത്തിന്റെ കാര്യത്തില്‍ ബീഹാറിലെ ജനം മോഡിയുടെ ഗുജറാത്ത് മോഡലിനെയും വികസന വാചകസര്‍ത്തുകളെയും നിരാകരിച്ചു. മോഡി വികസനം പ്രസംഗിച്ചപ്പോള്‍ നിതീഷ് പത്ത് വര്‍ഷം മുഖ്യമന്ത്രിയായി ബീഹാറില്‍ വികസനം പ്രവര്‍ത്തിച്ച് തെളിയിച്ചത് ജനം കണ്ടു. വിശ്വസിച്ചു. മോഡിയുടെ പൊള്ളയായ വാഗ്ദാനങ്ങളും അതിന്റെ പിറകില്‍ അരങ്ങേറുന്ന വര്‍ഗ്ഗീയ അജണ്ടയും ആണ് ബീഹാറിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞത്. മുപ്പതിലേറെ തെരഞ്ഞെടുപ്പ് റാലികള്‍! ഇന്‍ഡ്യയിലെ ഒരു പ്രധാനമന്ത്രിയും ഒരു സംസ്ഥാന തെരഞ്ഞെടുപ്പിലും നടത്താത്തത്. സംസ്ഥാന നേതൃത്വത്തെ തൃണവല്‍ക്കരിച്ചുകൊണ്ട് മോഡിയും ബി.ജെ.പി.അദ്ധ്യക്ഷന്‍ അമിത്ഷായും നടത്തിയ ധിക്കാരപരമായ തെരഞ്ഞെടുപ്പ് പ്രചരണം. ഇതിനെയാണ് ബീഹാറിലെ ജനങ്ങല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളഞ്ഞത്. മോഡിയുടെയും ഷായുടെയും തെരഞ്ഞെടുപ്പ് റാലികള്‍ വോട്ടായി മാറിയില്ല. കാരണം ഗൗതം അഡാനിയുടെ വിമാനവ്യൂഹത്തിനും ചങ്ങാത്ത മുതലാളിത്വത്തിന്റെ ദുഷിച്ച പണത്തിനും ബി.ജെ.പി.യുടെ മൃഗീയ സംഘടന ശക്തിക്കും മുമ്പില്‍ പാളത്താര്‍ പാച്ചിയ ബീഹാറിലെ സമ്മതിദായകര്‍ വഴങ്ങിയില്ല. 1977-ല്‍ ഇന്ദിരഗാന്ധിയുടെ അടിയന്തിരാവസ്ഥയ്ക്ക് ശേഷമുള്ള തെരഞ്ഞെടുപ്പിലും ഇവര്‍ വഴങ്ങിയവരല്ല. കാരണം ജനാധിപത്യബോധം ഉള്ളവരും സ്വാഭിമാനം ഉള്ളവരും ആണ്.

ബീഹാറില്‍ സംഭവിച്ചത് മോഡിയുടെയും അമിത്ഷായുടെയും ആര്‍.എസ്.എസ്. സംഘപരിവാറിന്റെയും രാഷ്ട്രീയ അഹങ്കാരത്തിന് ഏറ്റ കനത്ത പ്രഹരം ആണ്. സംസ്ഥാനത്തും ദേശീയതലത്തിലും ഇവര്‍ക്ക് എതിരായി വെറുപ്പും പ്രതിഷേധവും കുമിഞ്ഞ് ഉയരുന്നുണ്ടായിരുന്നു. ആദ്യം സംസ്ഥാനം.

ജെ.ഡി.യു- ആര്‍.ജെ.ഡി- കോണ്‍ഗ്രസ് എന്ന മതനിരപേക്ഷ മഹാസഖ്യം സംഖ്യാ ശാസ്ത്രപ്രകാരം ഒരു മുന്‍കൈയ്യോടെയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ ഇറങ്ങുന്നത്. ഇത് മറ്റൊന്നും അല്ല. ഈ പാര്‍ട്ടികള്‍ വേറിട്ട് മത്സരിച്ച 2014-ലെ ലോക സഭ തെരഞ്ഞെടുപ്പില്‍ ഇവക്ക് 45.5 ശതമാനം വോട്ടുകള്‍ മൊത്തത്തില്‍ ലഭിക്കുകയുണ്ടായി. എന്നാല്‍ 40-ല്‍ 31 ലോകസഭസീറ്റുകള്‍ നേടി വിജയശ്രീലാളിതരായ ബി.ജെ.പി. നയിച്ച എന്‍.ഡി.എ.ക്ക് ലഭിച്ചതാകട്ടെ വെറും 38.8 ശതമാനവും. അപ്പോള്‍ ഒരുമിച്ച് വന്ന മതനിരപേക്ഷസഖ്യത്തിന് സംഖ്യാശാസ്ത്രപ്രകാരം മുന്‍കൈ ഉണ്ടായിരുന്നു. പക്ഷേ, ഒരു തെരഞ്ഞെടുപ്പില്‍ സംഖ്യാ ശാസ്ത്രം മാത്രം അല്ല നിര്‍ണ്ണായകം ആകുന്നത്. അതിന് ഒരു രസതന്ത്രവും ഉണ്ട്(കെമിസ്ട്രി). ലാലുവും നിതീഷും തമ്മിലുള്ള സഖ്യത്തിന്റെ രസതന്ത്രം ബീഹാറിലെ ജനങ്ങള്‍ അംഗീകരിക്കുമോ? ഇതായിരുന്നു സംശയം. ഇതാണ് മോഡി പരമാവധി ചൂഷണം ചെയ്യുവാന്‍ശ്രമിച്ചതും. കാരണം ലാലുവിന്റെ 'ജങ്കിള്‍ രാജി' നെതിരെ(നിയമരാഹിത്യ ഭരണം) പ്രചരണം അഴിച്ച് വിട്ടാണ് 2005-ല്‍ നിതീഷ് കുമാര്‍ അധികാരത്തില്‍ വന്നത്. ജനങ്ങള്‍ ഈ കൂട്ടുകെട്ടിന്റെ രസതന്ത്രം ഉള്‍ക്കൊള്ളുമോ എന്നതായിരുന്നു സംശയം. പക്ഷേ, സംഖ്യാശാസ്ത്രം പോലെ ഈ രസതന്ത്രവും പ്രവര്‍ത്തിച്ചു.

നിതീഷിന്റെ വിജയത്തിന്റെ കാരണങ്ങള്‍ പലതാണ്. ലാലു-സോണിയ കൂട്ടുകെട്ട് അതില്‍ ഒന്ന് മാത്രം ആണ്. പത്ത് വര്‍ഷം ബീഹാര്‍ ഭരിച്ചിട്ടും നിതീഷിനെതിരെ ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നില്ല. നേരെമറിച്ച് ജനം അദ്ദേഹത്തിന്റെ ഭരണപാടവത്തെയും വകസനോന്മുഖതയെയും പ്രകീര്‍ത്തിച്ചു. നിതീഷ് അഴിമതിരഹിതനും മാന്യനുമായ ഒരു ഭരണാധികാരിയായിരുന്നു ഈ 10 വര്‍ഷവും. മാത്രവും അല്ല തികഞ്ഞ മതേതരവാദിയും. അദ്ദേഹത്തിന്റെ ഒരേയൊരു പോരായ്മ അദ്ദേഹം ബി.ജെ.പി.യുമായി കൂട്ടുചേര്‍ന്നതാണ് കേന്ദ്രത്തിലും സംസ്ഥാനത്തിലും. നിതീഷ് വാജ്‌പേയി ഗവണ്‍മെന്റില്‍ റെയില്‍വെമന്ത്രി ആയിരുന്നു. അപ്പോഴാണ് ഗോദ്ര തീവയ്പ്പും ഗുജറാത്ത് വംശഹത്യയും(2002) നടക്കുന്നത്. പക്ഷേ അന്ന് അദ്ദേഹം പ്രതിഷേധിക്കുകയോ രാജിവയ്ക്കുയോ ചെയ്തില്ല. ഇത് കാര്യമായി അദ്ദേഹത്തിനെതിരെ പിന്നീട് പ്രവര്‍ത്തിച്ചില്ല. അത് പോലെ തന്നെ അദ്ദേഹം ബി.ജെ.പി.യുമായി കൂട്ട് ചേര്‍ന്നു ബീഹാറില്‍ ഗവണ്‍മെന്റ് രൂപീകരിച്ചു. അവസാനം നരേന്ദ്രമോഡിയെ പ്രധാനമന്ത്രിയായി ബി.ജെ.പി. അവതരിപ്പിച്ചപ്പോള്‍ ആണ് നിതീഷ് സഖ്യം വേര്‍പെടുന്നത്. അപ്പോള്‍ അദ്ദേഹത്തിന് മോഡി വര്‍ഗ്ഗീയവാദിയായി. മുസ്ലീം ഹത്യക്കാരനായി. എങ്കില്‍ എന്തുകൊണ്ടാണ് 2002-ല്‍ അദ്ദേഹം രാജിവച്ചില്ല. എന്തുകൊണ്ട് ബി.ജെ.പി.യുമായി കൂട്ടുകൂടി ഗവണ്‍മെന്റ് രൂപീകരിച്ചു? ബി.ജെ.പി. വര്‍ഗ്ഗീയമല്ല, മോഡി മാത്രം വര്‍ഗ്ഗീയം എന്നാണോ? പക്ഷേ, ഈവക ചോദ്യങ്ങള്‍ ഒന്നും ബീഹാറിലെ ജനങ്ങള്‍ ചെവിക്കൊണ്ടില്ല. അവര്‍ക്ക് നിതീഷ് നല്ല ഭരണാധികാരിയും താഴ്ന്ന ജാതിക്കാരുടെ പ്രതിനിധിയും ആയിരുന്നു. അവിടെ മോഡിയുടെ ഒരു ഇന്ദ്രജാലവും വിലപ്പോയില്ല.

മോഡിയുടെ അമിതപ്രചരണവും നിതീഷിനെയും ലാലുവിനെയും കരിവാരിതേയ്ക്കുന്ന പ്രചരണ രീതിയും ബീഹാറിലെ ജനങ്ങള്‍ ഉള്‍ക്കൊണ്ടില്ല. അവര്‍ക്ക് നിതീഷ് ബീഹാറിയും മോഡി-ഷാ കൂട്ടുകെട്ട് ബാഹറിയും(പരദേശി) ആയിരുന്നു. നിതീഷിനെ സഹായിക്കുവാന്‍ ലാലുവിന്റെ മുസ്ലീം-യാദവ് ഫോര്‍മുല മാത്രം അല്ല? ബി.ജെ.പി.യുടെ പുലഭ്യ പ്രചരണവും ഉണ്ടായിരുന്നു. മുസ്ലീം-യാദവ് ഒന്നടങ്കം നിതീഷിന് വോട്ട് ചെയ്തു. ഇത് ബീഹാറിലെ സമ്മതിദായകരില്‍ 30 ശതമാനത്തിലേറെവരും. മുസ്ലീംവോട്ട് ഭിന്നിപ്പിക്കുവാനായി ബി.ജെ.പി. ഹൈദ്രാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എം.ഐ.എം.ന്റെ സലാവുദ്ദീന്‍ ഒവേസിയെ രംഗത്തിറക്കിയെങ്കിലും ഫലിച്ചില്ല. മുസ്ലീങ്ങള്‍ തന്ത്രസമ്മതിദാനം നടത്തി. അതായത് വര്‍ഗ്ഗീയകക്ഷിയെ തോല്‍പിക്കുവാന്‍ സാദ്ധ്യതയുള്ള കക്ഷിക്ക് വോട്ട് ചെയ്തു. അതുകൊണ്ട് വോട്ട് ഭിന്നിച്ചില്ല. ബി.ജെ.പി. മാഞ്ചിയിലൂടെയും കുഷ് വാഹയിലൂടെയും ദളിത്-മഹാദളിത് വോട്ട് പിടിക്കാമെന്ന് വിചാരിച്ചെങ്കിലും നടന്നില്ല. അതുപോലെ ഉപരിവര്‍ഗ്ഗ ഹിന്ദുവോട്ടിന്റെ ധ്രൂവീകരണത്തിനായി അമിത്ഷായെപ്പോലുള്ളവര്‍ മുസ്ലീം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയെങ്കിലും ഫലിച്ചില്ല. ഉദാഹരണമായി അമിത് ഷാ പറഞ്ഞു മോഡി തോറ്റാല്‍ പാക്കിസ്ഥാനില്‍ ആഘോഷം നടക്കുമെന്ന്. അതായത് മുസ്ലീങ്ങള്‍ ആഘോഷിക്കുമെന്ന്. തികച്ചും നിന്ദനീയമായ ഈ വക പ്രസ്താവനകള്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ സമ്മതിദായകര്‍ തള്ളി. മോഡിയുടെയും ഷായുടെയും ആര്‍.എസ്.എസിന്റെയും ഒരു വ്യാജപ്രചരണവും വര്‍ഗ്ഗീയധ്രൂവീകരണ ശ്രമങ്ങളും ബീഹാറില്‍ വിലപ്പോയില്ല. പോരാഞ്ഞിട്ട് ദേശവ്യാപകമായ അസഹിഷ്ണുതയും മതവൈരവും ബീഹാര്‍ തെരഞ്ഞെടുപ്പിനെ ശരിക്കും ബാധിച്ചു. ഭാദ്രി ഗോമാംസഹത്യയും ഫരീദാബാദ് ദളിത് ബാലന്മാരുടെ ചുടലും സാമൂഹ്യ പരിഷ്‌ക്കര്‍ത്താക്കളുടെ കൂട്ടവധവും ഇതിനെല്ലാം എതിരായി എഴുത്തുകാരും ചലചിത്രകാരന്മാരും പുരസ്‌ക്കാരങ്ങള്‍ തിരസ്‌ക്കരിക്കുന്നതും ബീഹാര്‍ തെരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചു.

ശരിയാണ് ലാലു അഴിമതിക്കേസില്‍ കുറ്റവാളിയായി ശിക്ഷിക്കപ്പെട്ട് ജയിലില്‍ നിന്നും ജ്യാമത്തിലിറങ്ങി തെരഞ്ഞെടുപ്പില്‍ മത്സരിക്കുവാന്‍ അയോഗ്യത കല്‍പിക്കപ്പെട്ട ഒരു വ്യക്തിയാണ്. പക്ഷേ, ജനങ്ങള്‍ക്ക് ഇത് ഒരു പ്രശ്‌നം അല്ല. അദ്ദേഹം പറയുന്നവര്‍ക്ക് ദളിതരും മുസ്ലീംങ്ങളും യാദവന്മാരും വോട്ട് ചെയ്യും. എന്തുകൊണ്ട്? ഇത് മറ്റൊരു വിഷയം.

ബീഹാര്‍ തെരഞ്ഞെടുപ്പ് ഫലത്തിന്റെ ഏറ്റവും വലിയ പ്രസക്തി അല്ലെങ്കില്‍ പ്രാധാന്യം അത് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ ഒരു ബി.ജെ.പി-മോഡി വിരുദ്ധ പ്രതിപക്ഷ-മതനിരപേക്ഷ മഹാസഖ്യത്തിന് തുടക്കം കുറിക്കുന്നുവെന്നതാണ്. അത് 2016-ല്‍ നടക്കുവാനിരിക്കുന്ന ബംഗാള്‍, ആസാം, തമിഴ്‌നാട്, കേരള നിയമസഭ തെരഞ്ഞെടുപ്പുകളെയും ബാധിക്കുമെന്നതില്‍ തര്‍ക്കമില്ല. അതുപോലെ തന്നെ മറ്റൊരു തെരഞ്ഞെടുപ്പുകളുടെ മാതാവായ ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിനെയും(2017). പിന്നീട് രണ്ടു വര്‍ഷത്തിനുശേഷം ആണ് ലോകസഭ തെരഞ്ഞെടുപ്പ്. അപ്പോള്‍ എന്തായിരിക്കും മോഡിയുടെ ഗതി? ലാലു-നിതീഷ്-കോണ്‍ഗ്രസ് സഖ്യത്തിന് വിഭാഗീയതകള്‍ ഇല്ലാതെ അതുവരെ നിലനില്‍ക്കുവാനും അതിനുശേഷം മുമ്പോട്ട് പോകുവാനും സാധിക്കുമോ? ഇതെല്ലാം വലിയ ചോദ്യങ്ങള്‍ ആണ്.

ഏതായാലും ബീഹാര്‍ നിതീഷ്-ലാലു-സോണിയ സഖ്യം വിജയിച്ചു. മോഡി-ഷാ- സംഘപരിവാര്‍ അടിയറവ് പറഞ്ഞു. അവര്‍ പാഠങ്ങള്‍ പഠിക്കുമോ? രാജ്യത്തെ അസഹിഷ്ണുതയും മതവൈരവും ഭക്ഷണ നിഷ്‌ക്കര്‍ഷയും കൈവെടിയുമോ? ബി.ജെ.പി.യിലെ ഇപ്പോഴത്തെ പൊട്ടിത്തെറിയുടെ അനന്തരഫലം എന്തായിരിക്കും? അമിത്ഷാക്ക് ജനുവരിയില്‍ ഒരു രണ്ടാം ഊഴം ലഭിക്കുമോ? കാത്തിരുന്ന് കാണാം.

പാടലീപുത്രയില്‍ നിന്നും ഒരു പുതിയ പടയോട്ടത്തിന്റെ ശംഖൊലി (ഡല്‍ഹികത്ത് : പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക