Image

രണ്ട്‌ ജനറല്‍മാരുടെ കഥ

കുല്‍ദീപ്‌ നയാര്‍ Published on 18 January, 2012
രണ്ട്‌ ജനറല്‍മാരുടെ കഥ
വ്യത്യസ്‌ത കാരണങ്ങളാലാണെങ്കിലും ഇന്ത്യയുടെയും പാകിസ്‌താന്‍െറയും സൈനിക മേധാവികള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണിപ്പോള്‍. അതത്‌ ഭരണകൂടങ്ങളുമായി കൊമ്പുകോര്‍ക്കുന്നു. ഇരു ജനറല്‍മാരും സുപ്രീംകോടതികളുടെ സഹായത്തിനുവേണ്ടി സമീപിക്കുകയും ചെയ്‌തിരിക്കുന്നു. ഇന്ത്യയില്‍ സൈനിക ജനറലിന്‍െറ ജനനത്തീയതിയാണ്‌ വിവാദമായിരിക്കുന്നത്‌. ജനറല്‍ വിജയ്‌കുമാര്‍ സിങ്‌ തന്‍െറ ജനനത്തീയതി 1951 മേയ്‌ 10 ആണെന്ന്‌ വാദിക്കുമ്പോള്‍ അതല്ല, 1950 മേയ്‌ പത്താണ്‌ ശരിയായ തീയതിയെന്ന്‌ രേഖകള്‍ ഉദ്ധരിച്ച്‌ പ്രതിരോധ മന്ത്രാലയം സമര്‍ഥിക്കുന്നു. 1951 മേയ്‌ 10 എന്ന വാദപ്രകാരം ജനറലിന്‌ ഒരു വര്‍ഷംകൂടി പദവിയില്‍ തുടരാം. ഇത്‌ അഭിമാനപ്രശ്‌നമായെടുത്ത്‌ സൈന്യത്തിലെ പല ഉന്നതരും ജനറല്‍ സിങ്ങിന്‌ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു. ഒടുവില്‍ സുപ്രീംകോടതിയില്‍ കേസുമായെത്തിയിരിക്കുകയാണ്‌ നമ്മുടെ സൈനിക മേധാവി. സൈന്യത്തെ ഒന്നടങ്കം അപമാനിക്കുന്ന രീതിയില്‍ പ്രസിഡന്‍റ്‌ ആസിഫ്‌ അലി സര്‍ദാരി അമേരിക്കയുടെ സൈനികസഹായം അഭ്യര്‍ഥിച്ച്‌ രഹസ്യ മെമ്മോ അയച്ച പ്രശ്‌നത്തിലാണ്‌ പാക്‌ സൈനിക മേധാവി അശ്‌ഫാഖ്‌ കയാ നി സുപ്രീംകോടതിയെ സമീപിച്ചത്‌.

സര്‍ദാരിക്കുവേണ്ടി വാഷിങ്‌ടണില്‍ അംബാസഡറായിരുന്ന ഹുസൈന്‍ ഹഖാനിയാണ്‌ മെമ്മോ കൈമാറിയത്‌. മാസങ്ങള്‍ക്കുമുമ്പ്‌, വ്യാപാരിയും മാധ്യമ വിശകലന വിദഗ്‌ധനുമായ മന്‍സൂര്‍ ഇഅ്‌ജാസ്‌ സംഭവം പരസ്യമാക്കിയതോടെ `മെമ്മോ ഗേറ്റ്‌' എന്ന പേരില്‍ ഈ വിവാദം പാക്‌ രാഷ്ട്രീയത്തില്‍ വിള്ളല്‍ സൃഷ്ടിച്ചുകൊണ്ടും സര്‍ക്കാറും സൈനിക മേധാവിയും തമ്മിലുള്ള ബലാബലത്തിന്‌ ഇടയാക്കിക്കൊണ്ടും കരുത്താര്‍ജിക്കുകയാണ്‌. സൈന്യം തനിക്കെതിരെ അട്ടിമറി നടത്തുന്നപക്ഷം അമേരിക്ക സൈനികമായി സഹായിക്കണമെന്നായിരുന്നു സര്‍ദാരിയുടെ മെമ്മോയുടെ ഉള്ളടക്കം. മെമ്മോ പരസ്യമായതോടെ കയാനി സ്വാഭാവികമായും രോഷാകുലനായി. ഹഖാനിയെ വാഷിങ്‌ടണില്‍നിന്ന്‌ തിരികെ വിളിപ്പിച്ച്‌ പിരിച്ചുവിട്ട്‌ സര്‍ദാരി, കയാനിയുടെ രോഷം ശമിപ്പിക്കാന്‍ ചെറിയൊരു ശ്രമം നടത്തി.

മെമ്മോ ഗേറ്റ്‌ അന്വേഷണത്തിന്‌ സുപ്രീംകോടതി ജുഡീഷ്യല്‍ കമീഷന്‌ രൂപംനല്‍കിയപ്പോള്‍ കോടതി സൈന്യത്തിന്‌ വഴങ്ങുകയാണെന്ന ആരോപണമാണ്‌ സര്‍ക്കാര്‍ ഉയര്‍ത്തിയത്‌. തികച്ചും ബാലിശമായ ആരോപണം. സൈനിക ഭരണകര്‍ത്താവായ പര്‍വേസ്‌ മുശര്‍റഫില്‍നിന്ന്‌ ഏറെ പീഡനങ്ങള്‍ സഹിച്ച വ്യക്തിയാണ്‌ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ ഇഫ്‌തിഖാര്‍ ചൗധരി. മുശര്‍റഫ്‌ അദ്ദേഹത്തെ പിരിച്ചുവിടുകയും അദ്ദേഹത്തെയും കുടുംബത്തെയും തടവുകാരെപ്പോലെ മുറിയില്‍ അടച്ചുപൂട്ടുകയുമുണ്ടായി. അത്തരമൊരു വ്യക്തി സൈനികാഭിമുഖ്യം പുലര്‍ത്തുന്നു എന്ന ആരോപണം അര്‍ഥശൂന്യമാണ്‌. സര്‍വപീഡനങ്ങളെയും ധീരമായി അതിജീവിച്ച്‌ നീതിപീഠത്തിന്‍െറ വിശ്വാസ്യത വീണ്ടെടുത്ത വ്യക്തിയാണ്‌ അദ്ദേഹം. ചൗധരിയുടെ വിശ്വാസ്യതയില്‍ സംശയിക്കേണ്ട കാര്യമില്ല. എന്നാല്‍, ഹുസൈന്‍ ഹഖാനി രാഷ്ട്രീയം കളിക്കുന്നതായി സംശയിക്കേണ്ടതുണ്ട്‌. സര്‍ദാരിയുടെ മെമ്മോ കൈമാറിയത്‌ ഹഖാനിയായിരുന്നു. എന്നാല്‍, താന്‍ കത്ത്‌ കൈമാറിയില്‌ളെന്നാണ്‌ ഹഖാനിയുടെ പരസ്യ പ്രസ്‌താവന. ഒരു കക്ഷിയില്‍നിന്ന്‌ മറ്റൊരു കക്ഷിയിലേക്ക്‌ മറുകണ്ടം ചാടുന്ന സ്വഭാവക്കാരനാണയാള്‍. സ്വന്തം കൂടൊരുക്കാന്‍ ഏതു തൂവലും ഉപയോഗിക്കാമെന്ന്‌ കണക്കുകൂട്ടുന്ന ഹഖാനിയുടെ അംബാസഡര്‍ പദവി തെറിച്ചിട്ടുണ്ട്‌.

സുപ്രീംകോടതിഹൈകോടതി ജഡ്‌ജിമാര്‍ അടങ്ങുന്ന അന്വേഷണ കമീഷന്‍ തന്നെയാണ്‌ മെമ്മോ ഗേറ്റ്‌ വിവാദത്തിന്‍െറ അടിസ്ഥാന വസ്‌തുതകള്‍ പുറത്തുകൊണ്ടുവരാനുള്ള ശരിയായ വഴി. വിശ്വാസപൂര്‍വം സമീപിക്കാവുന്ന വേദി കോടതികളല്ലാതെ പാകിസ്‌താനില്‍ മറ്റൊന്നുമില്ല. ജനങ്ങളില്‍ പ്രതീക്ഷയും വിശ്വാസവും മനോബലവും ഇപ്പോഴും നിലനിര്‍ത്താന്‍ സുപ്രീംകോടതിക്ക്‌ സാധിക്കുന്നു. കോടതി സര്‍ദാരിക്കും ഏറ്റവും അവസാനമായി പ്രധാനമന്ത്രി ഗീലാനിക്കും നോട്ടീസുകള്‍ അയച്ചുകഴിഞ്ഞു. പാകിസ്‌താനില്‍നിന്ന്‌ ജനങ്ങള്‍ക്ക്‌ പ്രതീക്ഷിക്കാവുന്നതിന്‍െറ പരമാവധിയാണിത്‌. ഇന്ത്യയിലേതുപോലെ സൈനിക ജനറലിന്‍െറ ജനനത്തീയതി വിവാദം പാകിസ്‌താനില്‍ ഉയരാനിടയില്ല. കാരണം, ഏറെ വ്യത്യസ്‌തമാണ്‌ അയല്‍ദേശത്തെ സാഹചര്യങ്ങളും പ്രശ്‌നങ്ങളും. ജനറല്‍ സിങ്ങിന്‍െറ ജനനത്തീയതി വിവാദം അദ്ദേഹവും പ്രതിരോധ മന്ത്രാലയവും സൂക്ഷ്‌മമായി കൈയാളേണ്ടതായിരുന്നു. ഇരുപക്ഷത്തിനും അക്കാര്യത്തില്‍ സംഭവിച്ച പാളിച്ചയാണ്‌ പ്രശ്‌നത്തെ ഇത്രയേറെ വഷളാക്കിയത്‌.

തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിനെതിരെ ധീരമായി ശബ്ദിക്കാനും കോടതിയെ സമീപിക്കാനും സന്നദ്ധനായ കയാനിയെ ഞാന്‍ അനുമോദിക്കുന്നു. അദ്ദേഹം ആലോചിക്കുകപോലും ചെയ്യാത്ത ഒരു സാങ്കല്‍പിക സാധ്യതയുടെ പേരിലാണ്‌ (സൈനിക അട്ടിമറി) കയാനി പഴികേട്ടിരിക്കുന്നത്‌. ജനനത്തീയതി പ്രശ്‌നം നാലുവര്‍ഷം മുമ്പുതന്നെ പരിഹരിക്കപ്പെട്ടിരുന്നതായി സമ്മതിച്ച ജനറല്‍ സിങ്ങിന്‌ കോടതിയെ സമീപിക്കേണ്ട ആവശ്യമുണ്ടോ?

ഈസ്‌റ്റേണ്‍ കമാന്‍ഡറായി നിയമിക്കപ്പെട്ട വേളയില്‍ താനും പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചത്‌ എന്ന്‌ ജനറല്‍ സിങ്‌ സ്‌പഷ്ടമാക്കിയിരുന്നു. പ്രസ്‌തുത അധ്യായം അടച്ചതായും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്‌. ആ പഴയ തീരുമാനങ്ങള്‍ മാനിക്കാന്‍ സൈനിക തലവന്‍ തയാറാകണമായിരുന്നു. തന്‍െറ കേസിന്‌ ബലംകിട്ടാന്‍ മുന്‍ ചീഫ്‌ ജസ്റ്റിസുമായി അദ്ദേഹം കൂടിയാലോചന നടത്തിയതും ഉചിതമായില്ല. `കങ്കാരു കോടതി'ക്ക്‌ സമാനമായി ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അങ്ങോര്‍ സംബന്ധിച്ചതും നല്ല പ്രവണതയായി വിലയിരുത്താന്‍ കഴിയില്ല. അച്ചടക്കലംഘനങ്ങളായേ ഇവയെ കാണാനാകൂ.

സൈന്യവും സിവിലിയന്‍ ഭരണകൂടവും തമ്മിലുള്ള മേല്‍ക്കോയ്‌മാ തര്‍ക്കമായി പ്രശ്‌നത്തെ വക്രീകരിക്കാന്‍ ചില റിട്ടയേഡ്‌ ജനറല്‍മാര്‍ ശ്രമിക്കുകയുണ്ടായി. ഇത്തരം ശ്രമങ്ങളും ചര്‍ച്ചയും അനുവദിച്ചുകൊടുക്കുന്നത്‌ ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളി കൂടിയാണ്‌. രണ്ടാം ലോകയുദ്ധത്തില്‍ ധീരസേവനങ്ങളാല്‍ വാഴ്‌ത്തപ്പെട്ട ഈസ്‌റ്റേണ്‍ സെക്ടര്‍ കമാന്‍ഡര്‍ ഡഗ്‌ളാസ്‌ മാക്‌ ആര്‍തറെ യു.എസ്‌ പ്രസിഡന്‍റ്‌ ട്രുമാന്‍ പിരിച്ചുവിടുകയുണ്ടായി. ജനാധിപത്യത്തെ പുച്ഛിച്ചു സംസാരിച്ചതുകൊണ്ടായിരുന്നു ആ നടപടി. പ്രശ്‌നം ജനാധിപത്യ ഭരണകൂടത്തിന്‍െറ മേശപ്പുറത്തിരിക്കെ റിട്ടയേഡ്‌ ജനറല്‍മാര്‍ പക്ഷപാതപരമായ അഭിപ്രായ പ്രകടനങ്ങള്‍ നടത്താന്‍ പാടില്ല. പ്രശ്‌നത്തെ വൈകാരിക ക്ഷോഭജനക രീതിയില്‍ അവതരിപ്പിക്കുന്ന രീതി മാധ്യമങ്ങളും കൈവെടിയേണ്ടിയിരിക്കുന്നു. കയാനി പ്രശ്‌നത്തില്‍ പാക്‌ മാധ്യമങ്ങള്‍ പ്രകടിപ്പിച്ച സംയമനവും ഉത്തരവാദിത്തബോധവും ശ്രദ്ധേയമായിരുന്നു. ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കാതിരിക്കാനുള്ള ധീരതയും പാക്‌ മാധ്യമങ്ങള്‍ പ്രകടിപ്പിക്കുന്നു.

ജനറല്‍ സിങ്ങിന്‍െറ ജനനത്തീയതി വിവാദം അവസാനിപ്പിക്കുന്നതിന്‌ നിര്‍ദേശിക്കപ്പെട്ട ഒത്തുതീര്‍പ്പ്‌ ഫോര്‍മുലയും മോശമായ പ്രവണതയിലേക്കുതന്നെ വിരല്‍ചൂണ്ടുന്നു. സിങ്ങിനെ സംയുക്ത സേനാ മേധാവിയാക്കാനുള്ള നിര്‍ദേശമാണ്‌ ഉയര്‍ന്നത്‌. രണ്ട്‌ പാര്‍ട്ടികള്‍ക്കിടയില്‍ രഞ്‌ജിപ്പുണ്ടാക്കുന്നതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക്‌ സമാനമായ പരിഹാരമാര്‍ഗങ്ങളാണ്‌ പ്രശ്‌നത്തില്‍ അവലംബിക്കപ്പെട്ടിരിക്കുന്നത്‌. ഇത്‌ രണ്ടു പാര്‍ട്ടികള്‍ തമ്മിലുള്ള ഭിന്നതയാണോ? ജനാധിപത്യത്തില്‍ ഒരു പാര്‍ട്ടിയേ ഉള്ളൂ, ജനങ്ങള്‍. അവര്‍ തെരഞ്ഞെടുത്തയക്കുന്ന പ്രതിനിധികളാണ്‌ ഗവണ്‍മെന്‍റിന്‌ രൂപം നല്‍കുന്നത്‌. ചീഫ്‌ ഓഫ്‌ ജോയിന്‍റ്‌ സ്റ്റാഫ്‌ അഥവാ സംയുക്ത സേനാ മേധാവി എന്ന പുതിയ തസ്‌തിക സൃഷ്ടിക്കണമെന്നത്‌ ജനങ്ങളുടെ അംഗീകാരമില്ലാത്ത നിര്‍ദേശമാണ്‌. അമേരിക്കന്‍ ഐക്യനാടുകളില്‍ അത്തരം തസ്‌തികകള്‍ ഉണ്ട്‌ എന്നാണ്‌ നിങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെങ്കില്‍ യു.എസ്‌ ജനാധിപത്യത്തിന്‌ 150 വര്‍ഷത്തെ പഴക്കമുണ്ട്‌ എന്ന്‌ ഓര്‍മിക്കുക. ജനങ്ങളുടെ അധികാരത്തിന്‌ തടയിടുന്ന പദ്ധതികളൊന്നും ജനാധിപത്യ വ്യവസ്ഥക്ക്‌ ഭൂഷണമല്ല.

അമേരിക്കയുടെ ആശീര്‍വാദങ്ങളോടെയാണ്‌ എല്ലാ പാക്‌ അട്ടിമറികളും നടക്കാറുള്ളത്‌ എന്നതാണ്‌ മറ്റൊരു വിരോധാഭാസം. അതിനാല്‍, സിവിലിയന്‍ ഭരണകൂടങ്ങള്‍ നടത്തുന്നതിനേക്കാള്‍ വലിയ ആയുധ ഇടപാടുകരാറുകള്‍ സൈനിക ഭരണകൂടങ്ങളില്‍നിന്ന്‌ അമേരിക്കന്‍ അധികൃതര്‍ക്ക്‌ തരപ്പെടുത്താന്‍ സാധിക്കുന്നു. ഒരു ആത്മാവലോകനത്തിന്‌ ഇന്ത്യയുടെയും പാകിസ്‌താന്‍െറയും സൈനിക തലവന്മാര്‍ സന്നദ്ധരാകുന്നത്‌ ഉചിതമായിരിക്കും. സര്‍ദാരിക്കെതിരായ ആരോപണങ്ങളുമായി ശിക്ഷാഭയമില്ലാതെ കയാനിക്ക്‌ മുന്നേറാനാകും. എന്നാല്‍, അത്തരമൊരു രീതി ഇന്ത്യയില്‍ വിജയിക്കില്ല. ശക്തമായ ജനാധിപത്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ സിവിലിയന്‍ ഭരണകൂടത്തിനാണ്‌ പരമപ്രാധാന്യം. വിവാദത്തിന്‍െറ പുകപടലങ്ങള്‍ ഉയര്‍ത്തുന്നതിനുമുമ്പ്‌ അക്കാര്യം ഓര്‍മിക്കാന്‍ ജനറല്‍ സിങ്‌ മനസ്സിരുത്തേണ്ടതായിരുന്നു.

(കടപ്പാട്‌: മാധ്യമം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക