Image

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ അഞ്ചിന്

ജോയി ജോസഫ്‌ Published on 30 November, 2015
എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ അഞ്ചിന്
വാഷിംഗ്ടണ്‍ ഡി.സി: മേരിലാന്റ്, വെര്‍ജീനിയാ, വാഷിംഗ്ടണ്‍ ഡി.സി. ഏരിയായിലെ ക്രൈസ്തവ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സില്‍ ഓഫ് കേരളാ ക്രിസ്ത്യന്‍സിന്റെ ഇരുപത്തിമൂന്നാമത് സംയുക്ത ക്രിസ്തുമസ്സ് ആഘോഷം ഡിസംബര്‍ അഞ്ചിന് നടത്തുന്നു. മേരിലാന്റില്‍ സില്‍വര്‍ സ്പ്രിംഗിലുള്ള സതേണ്‍ ഏഷ്യന്‍ അഡ്വെന്റിസ്റ്റ് ചര്‍ച്ചില്‍(2001 റാന്‍ഡോള്‍ഫ് റോഡ്) ആണ് ആഘോഷം നടത്തുന്നത്.

പതിനാലു വിവിധ സഭാ മെംബര്‍ ചര്‍ച്ചുകളുടെ കൂട്ടായ്മയായ എക്യൂമെനിക്കല്‍ കൗണ്‍സിലിന്റെ ആയിരത്തിലധികം കുടുംബാംഗങ്ങള്‍ പങ്കെടുക്കുന്ന ആഘോഷം, ഗൃഹാതുര സ്മരണകളുയര്‍ത്തി, ഒത്തുചേരലിന്റെയും, പരസ്പര സഹകരണത്തിന്റേയും സ്‌നേഹവേദിയായി മാറും.
ശാന്തിയുടേയും, സമാധാനത്തിന്റെയും ദൂതുമായി ബേത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ ഭൂജാതനായ യേശുവിന്റെ ജനനം ആഘോഷിക്കുന്ന ഈ സുദിനത്തില്‍, ക്രിസ്തുമസ്സ് സന്ദേശം നല്‍കുന്നത് സ്പിരിച്ച്വല്‍ അഡൈസറായ ഫാദര്‍ തോമസ് ശാമുവേല്‍ ആണ്.

ഭക്തിനിര്‍ഭരവും, വര്‍ണ്ണാഭവുമായ ഘോഷയാത്രയോടെ ആഘോഷങ്ങള്‍ക്കു തുടക്കം കുറിക്കും. മുത്തുകുടകളുടേയും, വാദ്യമേളങ്ങളുടേയും അകമ്പടിയോടെ, വിശിഷ്ടാത്ഥികളേയും, വൈദികരേയും, എക്യൂമെനിക്കല്‍ ഭാരവാഹികളേയും സമ്മേളനവേദിയിലേക്കാനയിക്കും. തുടര്‍ന്ന് ഫാദര്‍.തോമസ് ശാമുവേലിന്റെ നേതൃത്വത്തില്‍, പതിന്നാലു പള്ളികളെ പ്രതിനിധീകരിച്ച് പതിനാലു വൈദികര്‍ പങ്കെടുക്കുന്ന ആരാധനായോഗത്തിനുശേഷം പൊതുസമ്മേളം.

ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി സമാഹരിക്കുന്ന ജീവകാരുണ്യനിധി, കേരളത്തിലെ നിര്‍ദ്ധന കുടുംബങ്ങളേയും, പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുമായി മെംബര്‍ ചര്‍ച്ചുകള്‍ക്കു നല്‍കും.

പതിന്നാലു മെംബര്‍ ചര്‍ച്ചുകളില്‍ നിന്നുള്ള മുന്നൂറിലധികം കലാകാരികളും, കലാകാരന്മാരും അവതരിപ്പിക്കുന്ന വര്‍ണ്ണശമ്പളമായ കാരള്‍ പരിപാടികള്‍, ക്രിസ്തുവിന്റെ തിരുപ്പിറവിയെ അനുസ്മരിപ്പിക്കുന്ന സ്‌കിറ്റും, ഡാന്‍സും അവതരിപ്പിക്കുന്നതിനോടൊപ്പം, ഗായകസംഘങ്ങള്‍ ക്രിസ്തുമസ്സ് ഗാനങ്ങളും ആലപിക്കും.

ഈ വര്‍ഷത്തെ ആഘോഷപരിപാടികള്‍ വിവിധ മലയാള ടെലിവിഷന്‍ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുന്നതും, ആഘോഷങ്ങള്‍ക്കു ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരിക്കുമെന്ന് എക്യൂമെനിക്കല്‍ പ്രസിഡന്റ് ഡോ.മേഴ്‌സി തോമസ്‌കുട്ടി അറിയിച്ചു.

വിവരങ്ങള്‍ക്ക്: ഡോ.മേഴ്‌സിതോമസ്‌കുട്ടി-301-948-1513

വാര്‍ത്ത അയച്ചത്:  ജോയി ജോസഫ്‌

എക്യൂമെനിക്കല്‍ ക്രിസ്തുമസ് ആഘോഷം ഡിസംബര്‍ അഞ്ചിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക