Image

വിചാരവേദിയില്‍ മഴയുടെ താളം

വാസുദേവ് പുളിക്കല്‍ Published on 19 January, 2012
വിചാരവേദിയില്‍ മഴയുടെ താളം
മഴത്തുള്ളികള്‍ വീഴുന്നത് ഒരു താളത്തോടെയാണ്. കലാഹൃദയമുള്ളവര്‍ അത് മനസ്സിലാക്കുന്നു. അതുകൊണ്ട് എന്‍.എസ്. തമ്പി തന്റെ ചെറുകഥാ സമാഹാരത്തിന് മഴയുടെ താളം എന്ന് പേരിട്ടു. വിചാരവേദിയുടെ ഈ മാസത്തെ മീറ്റിംഗില്‍ മഴയുടെ താളം ചര്‍ച്ച ചെയ്യപ്പെട്ടു. സാഹിത്യ ചര്‍ച്ചയ്ക്ക് മുന്‍പായി ഡോ. ജോസഫ് മുണ്ടക്കല്‍ വാര്‍ദ്ധക്യത്തേയും വാര്‍ദ്ധക്യകാലം എങ്ങനെ സന്തോഷപ്രദമാക്കാം എന്നതിനെ പറ്റിയും സംസാരിച്ചു. പ്രിന്‍സ് മാര്‍ക്കോസ് ആയിരുന്നു യോഗത്തിന്റെ അദ്ധ്യക്ഷന്‍ .

മഴയുടെ താളത്തെ പറ്റി പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ച ഡോ. നന്ദകുമാര്‍ എന്‍.എസ്. തമ്പിയുടെ കഥകളുടെ മൗലികതയേയും സ്വതസിദ്ധമായ ശൈലിയുലുള്ള ആവിഷ്‌ക്കാരത്തേയും പ്രശംസിച്ചു. ലളിതസുന്ദരമായ കഥകള്‍ എന്ന് പ്രിന്‍സ് മാര്‍ക്കോസ് അഭിപ്രായപ്പെട്ടു. കഥകളുടെ താളാത്മകത മഴയുടെ താളം എന്ന് പേര് അന്വര്‍ത്ഥമാക്കുന്നു എന്ന് വര്‍ഗ്ഗീസ് ചുങ്കത്തിലും സ്വാഭാവികമായ ആവിഷ്‌ക്കരണം എന്ന് ജോണ്‍ വേറ്റവും അഭിപ്രായപ്പെട്ടു. ഡോ. ജോയ് കുഞ്ഞപ്പൂ ചെറുകഥയുടെ പൊതു സ്വഭാവം, ഭാഷാശൈലി, ചരിത്രം, പുതിയ പ്രവണത മുതലായവയെ പറ്റി സംസാരിച്ചുകൊണ്ട് എന്‍.എസ്. തമ്പിയുടെ കഥകള്‍ വിലയിരുത്തി. കഥാകാരന്റെ പ്രിയപ്പെട്ട കഥ 'ആത്മസംക്രമണം' വായിച്ച് സാംസി കൊടുമണ്‍ അഭിപ്രായം പ്രകടിപ്പിച്ചു. രാജു തോമസ്, ജോസ് ചെരിപുരം, വര്‍ഗ്ഗീസ് ഫീലിപ്പോസ്, ജോര്‍ജ്ജ് കൊടുകുളഞ്ഞി തുടങ്ങിയവര്‍ എന്‍.എസ്. തമ്പിയുടെ കഥ പറയാനുള്ള ചാതുര്യത്തെ പ്രശംസിച്ചു. സ്വാനുഭവത്തിന്റെ സ്ഫുലിംഗങ്ങള്‍ പല കഥകളിലും കാണുന്നു എന്നും കഥാകാരന്‍ തന്നെയാണ് ആ കഥകളിലെ നായകന്‍ എന്നുമുള്ള അഭിപ്രായം ഉണ്ടായി.

തന്റെ കഥകള്‍ ആഴത്തില്‍ പഠിച്ചതിനുശേഷം കഥകളുടെ മര്‍മ്മത്തില്‍ തൊട്ടു എല്ലാവരും അഭിപ്രായം പറഞ്ഞതിലുള്ള സന്തേഷവും ചാരിതാര്‍ത്ഥ്യതയും എന്‍.എസ്.തമ്പി പ്രകടിപ്പിച്ചു. മഴയുടെ താളം ചര്‍ച്ചക്കെടുത്തതില്‍ അദ്ദേഹം വിചാരവേദിയോടും യോഗത്തില്‍ പങ്കെടുത്തവരോടും നന്ദി പറഞ്ഞു.
വിചാരവേദിയില്‍ മഴയുടെ താളം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക