Image

അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-3 എ.സി. ജോര്‍ജ്

എ.സി. ജോര്‍ജ് Published on 19 December, 2015
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-3 എ.സി. ജോര്‍ജ്
(മുന്‍ അധ്യായവുമായി ചേര്‍ത്തു വായിക്കണമെന്നു വീണ്ടും വിനീതമായി അപേക്ഷിക്കുന്നു) (തുടര്‍ച്ച)

നമ്മുടെ ചില മലയാളി സംഘടനകളും നേതാക്കളും പ്രവര്‍ത്തകരും വെറും കടലാസ്സില്‍ അല്ലെങ്കില്‍ മാധ്യമങ്ങളില്‍ മാത്രം തിളങ്ങി വിളങ്ങി നില്‍ക്കുന്ന സിംഹങ്ങളും പുലികളുമൊക്കെയാണെന്ന് പലരും പറയുന്നതില്‍ വാസ്തവമില്ലെ? ഇപ്രകാരം പരാമര്‍ശ വിധേയരായ സിംഹങ്ങളും പുലികളും സംഘടനാ ഇലക്ഷനുകള്‍ വരുമ്പോള്‍ അനക്കവും ഞരക്കവും ആരംഭിക്കും, പിന്നെ വല്ല  പ്രവര്‍ത്തന മികവിനുള്ള വീരശൂര അവാര്‍ഡ് കിട്ടുമെന്നുറപ്പായാല്‍ അരയും തലയും മുറുക്കി വിയര്‍ത്തൊലിച്ച് അതിന്റെ പിറകെ നെട്ടോട്ടമായി. എന്നാല്‍ സത്യത്തില്‍ അവാര്‍ഡുകള്‍ക്ക് അര്‍ഹരായവര്‍ വല്ല മൂലയിലും ആരാലും പരിഗണിക്കപ്പെടാതെ കുത്തിയിരിക്കും. പല അവസരങ്ങളിലും മാധ്യമസമക്ഷം വീരശൂര സിംഹങ്ങളും പുലികളുമായി പ്രത്യക്ഷപ്പെടുന്നവര്‍ സാമൂഹ്യ സംഘടനാ പ്രവര്‍ത്തന രംഗങ്ങളില്‍ വെറും ചുണ്ടെലികളും തുരപ്പ•ാരുമാണെന്ന് ജനങ്ങളില്‍ ബഹുഭൂരിപക്ഷവും അഭിപ്രായപ്പെടാറുണ്ട്. കൈനിറയെ ഫലകങ്ങളും മേലാകെ കോള്‍മയിര്‍ കൊള്ളിക്കുന്ന പാവാടകളും പൂവാടകളും പൊന്നാടകളും പുതച്ച് പച്ചച്ചിരിയോടെ സ്റ്റേജില്‍ നില്‍ക്കുന്ന ഈ തൊരപ്പ•ാരെ ജനം തിരിച്ചറിയുന്ന മാതിരി തന്നെ മാധ്യമങ്ങളും തിരിച്ചറിയേണ്ടിയിരിക്കുന്നു. നെല്ലും പതിരും തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്നതാണ് ശരിയായ മാധ്യമ ധര്‍മ്മം. ഇതു മാത്രമല്ല ഇത്തരം എല്ലാ പ്രവര്‍ത്തനങ്ങളേയും പ്രവര്‍ത്തകരേയും മാധ്യമങ്ങള്‍ തിരിച്ചറിയണം. സത്യവും നീതിയുമല്ലാ തമസ്‌കരിക്കപ്പെടേണ്ടത്. അസത്യവും അനീതിയുമാണ് എന്നും എപ്പോഴും തമസ്‌കരിക്കപ്പേടേണ്ടത്. മാധ്യമങ്ങള്‍ ജനത്തിന്റെ കണ്ണാടിയാണെന്നും അകക്കണ്ണുകളാണെന്നും ഒക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും തമ്മില്‍ അവിശുദ്ധമായ ഒരു കൂട്ടുകെട്ടല്ല ആവശ്യം. സഭ്യമായ ഒരു സഹവര്‍ത്തിത്വമാണ് ആവശ്യം.

ആ വിഷയത്തില്‍ കുറച്ചുകൂടി വിശദീകരണം ആവശ്യമാണെന്ന് തോന്നുന്നു. അമേരിക്കന്‍ മലയാളികളുടെ മെഗാ സംഘടനയായാലും മൈക്രോ സംഘടനയായാലും ശരി അവരുടെ മുഖ്യ ചില പരിപാടികളുടെയും ആഘോഷങ്ങളുടെയും സ്‌പോണ്‍സര്‍ഷിപ്പില്‍ നിന്നും മറ്റും മറ്റുമായി പലരേയു പിഴിഞ്ഞും വിഴിഞ്ഞും പിരിഞ്ഞു കിട്ടുന്ന വരുമാനത്തിന്റെ നല്ല പങ്ക് ചിലവാക്കുന്നത് നാട്ടില്‍ നിന്ന് കൊട്ടിഘോഷിച്ച് ഇംപോര്‍ട്ട് ചെയ്യുന്ന സിനിമാ, രാഷ്ട്രീയ, സാഹിത്യ, മതപുരോഹിത വ്യന്ദത്തിനും അവരുടെ ഡ്യൂപ്പുകള്‍ക്കും വേണ്ടിയാണ്. നാട്ടില്‍ നിന്ന് വിവിധ മേഖലയിലെ വമ്പന്‍ സ്രാവുകളും സൂപ്പര്‍ ഡ്യൂപ്പുകളും വരുന്നുവെന്ന വാര്‍ത്ത നല്‍കിയാണ് ഇവിടത്തെ കണ്‍വെന്‍ഷനുകളുടെയും മറ്റും ആളെ  കൂട്ടാനുള്ള കിക്കോഫ് നടത്തുന്നത്. ഇവരൊക്കെ സമ്മേളനത്തിലെത്തിയാലോ ഇവരുടെയൊക്കെ സ്ഥിരം ആവര്‍ത്തിക്കപ്പെടുന്ന കഴമ്പില്ലാത്ത ചപ്പടാച്ചി കേട്ട് ജനം വലഞ്ഞു കൊണ്ടിരിക്കുകയാണെന്നു തന്നെ പറയാം. അതുപോലെ തന്നെ അമേരിക്കയിലെ ഈ സംഘടനക്കാരും  ചില സാറ്റലൈറ്റുകാരും നാട്ടിലും പോയി മേല്‍ പറഞ്ഞ ആ നാടന്‍ മന്ത്രി-രാഷ്ട്രീയ-സിനിമാ-സാഹിത്യ പുരോഹിത വമ്പന്‍മാരെ തന്നെ കാശും കൊടുത്ത് കടിക്കുന്ന പട്ടിയെ വാങ്ങി എന്ന് പറയുന്നത് പോലെ അവരെയൊക്കെ വരുത്തി, പിടിച്ച് വേദിയിലിരുത്തി അവരെ തഴുകി തലോടിയാലും പലപ്പോഴും കിട്ടുന്നത് പതിവുള്ള പല്ലവി മാത്രം- ''നാടിനെ സഹായിക്കുക.. നാട്ടില്‍ മുതല്‍ മുടക്കുക'' (അതായത് നിങ്ങള്‍ മുടക്കുന്നത് പിന്നീട് ഞങ്ങള്‍ തട്ടി എടുത്തുകൊള്ളാം എന്ന രീതിയിലുള്ള ഒരു കണ്ണിറുക്കും, വ്യംഗ്യ ഭാഷയും കാണാം) സിനിമാ സീരിയല്‍ താരസുന്ദരികളെ തട്ടിയും മുട്ടിയും സ്വീകരണം കൊടുത്താല്‍ ചിലപ്പോള്‍ പീഡന കേസിലും കുടുങ്ങിഎന്നിരിക്കും. 

ഇവിടത്തെ ചില സംഘടനക്കാര്‍ നാട്ടില്‍ നിന്ന് അമേരിക്കയിലേക്ക് ഗവണ്‍മെന്റ് ചെലവിലും മറ്റുമായി ചില ഡപ്പ്യുട്ടേഷനിലെത്തുന്ന മന്ത്രിമാരേയും എം.പി. മാരേയും എം.എല്‍എ മാരേയും, ഐ.എ.എസ്സുമാരേയും, എയര്‍പോര്‍ട്ടില്‍ പോയി തന്നെ റാഞ്ചി എടുത്ത്, കൂടെ നിന്ന് ഫോട്ടോയുമെടുത്ത്, അവരുടെ പെട്ടിയും ചുമന്ന് അവര്‍ക്ക് ഗംഭീര സ്വീകരണമൊരുക്കി അവരെ വാക്കാല്‍ ഉയര്‍ത്തി സംസാരിക്കുന്നതു കാണാം. തങ്ങളെ പ്രകീര്‍ത്തിച്ചുള്ള പ്രസംഗങ്ങള്‍ കേട്ട് മതിമറക്കുന്ന ഇവരില്‍ പലരും ഡെപ്യൂട്ടേഷന്‍ എന്ന പേരില്‍ പൊതൂ ഖജനാവില്‍ നിന്ന് പണമെടുത്ത് ധൂര്‍ത്തടിച്ച് കുടുംബസമേതമുള്ള ഒരു അമേരിക്കന്‍ ഉല്ലാസ യാത്രയാകും ലക്ഷ്യമിടുന്നത്. മീഡിയാക്കാരൊ പൊതുജനങ്ങളൊ ഈ എഴുന്നള്ളിവരുന്ന നാട്ടിലെ ജനപ്രതിനിധികളോട് കാര്യമായ വിവരങ്ങള്‍ ചോദിച്ചാല്‍ അവര്‍ തന്ത്രപൂര്‍വ്വം അതില്‍ നിന്ന് ഒഴിഞ്ഞുമാറും. അവരോടൊക്കെ ന്യായമായ ചോദ്യങ്ങള്‍ പോലും ചോദിക്കാന്‍ അവരെ പൊക്കി എടുത്ത് കൊണ്ടുനടക്കുന്ന സംഘാടകര്‍ ഒരു വേദിയിവും വീഥിയിലും സമ്മതിക്കാറില്ല. ഏത് അഴിമതി വീരനാണെങ്കിലും അതിനൊക്കെ കൂട്ടുനില്‍ക്കുന്നവരാണെങ്കില്‍ തന്നെയും അവരെ ഉയര്‍ത്തിയും പൊക്കിയും മാത്രം സംസാരിക്കുന്നവരെ മാത്രം മീഡിയക്കാരായാല്‍ തന്നെ സംഘാടകര്‍ സമ്മതിക്കുകയുള്ളു. മാധ്യമങ്ങള്‍ സമൂഹത്തിലെ നാലാം തൂണുകളാണെന്ന വസ്തുത പ്രസ്തുത സംഘടനക്കാര്‍ മറക്കുന്നു. പ്രത്യേകിച്ച് നമ്മുടെ നാട്ടില്‍ അന്വേഷണാത്മകമായ മാധ്യമങ്ങളും അവരുടെ മാധ്യമ വിചാരണകളും ഇല്ലായിരുന്നെങ്കില്‍ എന്തായിരുന്നു അവസ്ഥ. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അതുപോലെ അഴിമതിക്കും സ്വജന പക്ഷപാതത്തിനുമൊക്കെ കൂട്ടുനില്‍ക്കുന്നതും, വാസ്തവങ്ങളും സത്യങ്ങളും കണ്ടില്ലെന്നു നടിക്കുന്ന മാധ്യമങ്ങളും അവകുഴിച്ചു മൂടുന്ന മാധ്യമ പ്രസ്ഥാനങ്ങളും ഉണ്ടെന്ന കാര്യം വിസ്മരിക്കുന്നില്ല. എന്നാല്‍ പൊതുവില്‍ മാധ്യമങ്ങള്‍ സമൂഹത്തിലെ നേര്‍ക്കാഴ്ചകളാണ്. അത്തരത്തില്‍ ചിന്തിക്കുമ്പോള്‍ ഇവിടത്തെ മലയാളി മാധ്യമങ്ങളും ഇവിടത്തെ മലയാളികളുടെ മത,സാംസ്‌കാരിക, സാമൂഹ്യ, സംഘടനകളില്‍ നടമാടിക്കൊണ്ടിരിക്കുന്ന മുകളില്‍ വിവരിച്ചതും മറ്റുമായ പല നെഗറ്റീവ് അംശങ്ങളെ തുറന്നു കാട്ടേണ്ടത് മാധ്യമ ധര്‍മ്മം തന്നെ എന്ന് ഈ എളിയ ലേഖകന്‍ വിശ്വസിക്കുന്നു. എഴുത്തുകാരനും മാധ്യമങ്ങള്‍ക്കും അത് സോഷ്യല്‍ മീഡിയ ആയാലും ശരി കുറച്ചൊക്കെ സാമൂഹ്യ പ്രതിബദ്ധതയും മന:സാക്ഷിയും ആവശ്യമല്ലേ എന്നിവിടെ ചിന്തിച്ചു പോവുകയാണ്. 

അതുപോലെ അടുത്ത കാലത്തായി ഗവണ്‍മെന്റ് തലം തുടങ്ങി ഇന്ത്യക്കാരുടെ ഇടയില്‍ അസഹിഷ്ണുതയും മതസ്പര്‍ദ്ധയും വര്‍ദ്ധിച്ചു വരുന്നതായി വാര്‍ത്തകളില്‍ കാണുന്നു. ഭാരതസംസ്‌കാരം വളരുന്ന കുരുന്നുകളില്‍ ഊട്ടി ഉറപ്പിക്കാനെന്ന പേരില്‍ ഇവിടെ യു.എസിലും അത്തരം വിവിധ മതക്കാരും മതസംഘടനക്കാരും ഒളിഞ്ഞും തെളിഞ്ഞും കരുത്ത് കാട്ടിത്തുടങ്ങിയിരിക്കുന്നു. ധ്യാന പ്രാസംഗികരുടെ, തത്വശാസ്ത്ര പ്രസംഗികരുടെ വേദപണ്ഡിതരുടെ, പുരാണ പണ്ഡിതരുടെ ഒക്കെ രൂപത്തില്‍ ഇവിടെ വിവിധ മതസ്ഥരുടെ കോണ്‍ഫറന്‍സുകളില്‍, കണ്‍വെന്‍ഷനുകളിലും ഇവര്‍ വന്ന് വിഷം കുത്തിവച്ചു കൊണ്ടിരിക്കുന്നു. എല്ലാവരുമാണെന്നല്ല ഇവിടെ വ്യംഗ്യം, ഇവിടെ എത്തുന്ന ചിലരുടെ വചനങ്ങളും, പ്രഭാഷണങ്ങളും, പ്രഘോഷണങ്ങളും കേട്ടാല്‍ ഇതൊക്കെ സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. അതായത് സംഘടനക്കാരും, സംഘാടകരും മീഡിയക്കാരും നെല്ലും പതിരും തിരിച്ചറിയണമെന്നു മാത്രമേ ഇതിനു സാരമുള്ളു. പല ലോകസംസ്‌കാരങ്ങളുടെയും ഉരുക്കു മൂശയായ ഇവിടത്തെ സംസ്‌കാരവും അത്ര മോശമായി കാണേണ്ടതില്ല. പണി എടുത്തിട്ടാണെങ്കിലും നമ്മളെ തീറ്റിപ്പോറ്റുന്ന ഈ രാജ്യത്തോടും നമ്മള്‍ നൂറു ശതമാനം ആത്മാര്‍ത്ഥത പുലര്‍ത്തുക തന്നെ വേണം.

ഇവിടത്തെ മിക്ക സംഘടനക്കാരും നാട്ടിലെ രാഷ്ട്രീയ, സിനിമാ, സീരിയല്‍, മത സെലിബ്രിറ്റികളെ ഏത് ഊച്ചാളിയാണെങ്കിലും ഈശ്വര തുല്യമായി പൊക്കി വാഴ്ത്തി പാടി പ്രകീര്‍ത്തിക്കുന്നത് പോലെ തന്നെ ഇവിടത്തെ മിക്ക മാധ്യമക്കാരും ആ പാത തന്നെ പിന്തുടരുന്നു. അതായത് അവരെ അഭിമുഖം ചെയ്യാനും ഇല്ലാത്ത മേന്മയും  മഹത്വവും അവരില്‍ നിറക്കാനും, അവരുടെ ഗ്‌ളാമറും സൗന്ദര്യവും ക്യാമറയില്‍ ഒപ്പി എടുക്കാനും അത് ബ്രോഡ്കാസ്റ്റ് ചെയ്യാനും എഴുതാനുമാണ് ഇവിടത്തെ മീഡിയക്കാര്‍ക്ക് താല്‍പര്യം. നാട്ടില്‍ നിന്ന് ഒറിജിനേറ്റ് ചെയ്യുന്ന മാധ്യമങ്ങളില്‍ അവര്‍ നിറഞ്ഞു നില്‍ക്കുകയാണെങ്കിലും ഇവിടത്തെ മീഡിയയിലും അവര്‍ക്ക് അനര്‍ഹമായ പ്രാധിനിത്യം  നല്‍കാന്‍ ഇവിടത്തെ മാധ്യമങ്ങള്‍ മത്സരിക്കുന്നു എന്നത് ഒട്ടും അഭികാമ്യമല്ല. ഇവിടെയുള്ള സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും കലാകാരന്‍മാര്‍ക്കും കലാകാരികള്‍ക്കും കൊടുക്കുന്നതിന്റെ പത്തിരട്ടി പരിഗണനയും കവറേജും ഇവിടത്തെ മാധ്യമക്കാര്‍ അവര്‍ക്കു നല്‍കുന്നത് ഒട്ടും അഭിലഷണീയമല്ല. നമ്മുടെ പ്രവാസി മുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന മുല്ലകള്‍ക്കും സുഗന്ധമുണ്ടെന്ന പരമാര്‍ത്ഥം സംഘടനക്കാരും മീഡിയക്കാരും മനസ്സിലാക്കണമെന്ന് പറയുന്നത് ന്യായമല്ലേ.

മാധ്യമങ്ങളും മാധ്യമപ്രവര്‍ത്തനങ്ങളും അതിപ്രാചീനവും ഒപ്പം ആധുനികവുമായ ഒരു സര്‍വ്വകലകളുടേയും സമഞ്ജസമായ സമ്മേളനമാണ്. മുന്‍സൂചിപ്പിച്ച മാതിരി ഇതില്‍ എഴുത്തുകാരുണ്ട്, ലേഖകരുണ്ട്, റിപ്പോര്‍ട്ടര്‍മാരുണ്ട്, വാര്‍ത്താ ശേഖകരുണ്ട്, അവലോകകരുണ്ട്, നിരൂപകരുണ്ട്, ഫോട്ടോഗ്രാഫര്‍മാരുണ്ട്, ഛായാഗ്രാഹകരുണ്ട്, വിവിധ മേഖലയിലെ ടെക്‌നീഷ്യന്‍മാരുണ്ട്.
സകല കലയും അറിവും ശാസ്തറവും മാധ്യമ മേഖലയിലെ മുഖമുദ്രയാണ്. മാധ്യമങ്ങളില്‍ കാണുന്നതും ശ്രവിക്കുന്നതും, വായിക്കുന്നതും അധികപക്ഷവും ജനം വിശ്വസിക്കുന്നു, വിലകല്‍പ്പിക്കുന്നു. ജനങ്ങളേയും ഗവണ്മെന്റിനേയും സ്വാധീനിക്കാനും തിരുത്താനും മറിച്ചിടാനും മാധ്യമങ്ങള്‍ക്കുള്ള ശക്തി അപാരമാണ്. യുദ്ധങ്ങളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്നതും സമാധാനത്തിലേക്ക് ജനങ്ങളെ നയിക്കുന്നതും മാധ്യമങ്ങളാണ്. രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളെപ്പറ്റി പൊതുവായി ചര്‍ച്ചകള്‍ നടത്തുമ്പോള്‍ മാധ്യമങ്ങളില്‍ ദര്‍ശിച്ചതിനെ കൂട്ടുപിടിച്ചായിരിക്കും അഭിപ്രായങ്ങള്‍. ലോകത്തിലെ ഓരോ മനുഷ്യനും കടമകളും ഉത്തരവാദിത്വങ്ങളും അവകാശങ്ങളുമുണ്ട്. കൃഷിക്കാരനും, കച്ചവടക്കാരനും, കല്‍പ്പണിക്കാരനും ജീവിതദൗത്യമുണ്ട്. അതുപോലെ അല്ലെങ്കില്‍ അതിനു പരിയായി തന്നെ ഒരു മാധ്യമ പ്രവര്‍ത്തകന് താനുള്‍ക്കൊള്ളുന്ന സമൂഹത്തോട് വലിയ കടപ്പാടുണ്ട്. അഴിമതികളു തിന്മകളും ചൂണ്ടിക്കാണിക്കുക, എല്ലാവര്‍ക്കും നീതി ലഭിക്കുന്നതിനു വേണ്ടി വാദിക്കുക, അവശര്‍, അവഗണിക്കപ്പെട്ടവര്‍, മര്‍ദ്ദിതര്‍, ചൂഷിതര്‍ തുടങ്ങിയവരുടെ വക്താക്കളാകുക എന്നതെല്ലാം മാധ്യമപ്രവര്‍ത്തകന്റെ കര്‍ത്തവ്യങ്ങളാണ്. പൊതു
നന്മക്കും, സമൂഹവികാസത്തിനും മറ്റാരേയുംകാള്‍ അധികമായൊരു പങ്ക് മാധ്യമങ്ങള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും വഹിക്കാനുണ്ട്. ജനാധിപത്യത്തിന്റെ ജുഡീഷ്യറിയുടെ വിശ്വസ്ത കാവല്‍ക്കാരാണ് മാധ്യമങ്ങള്‍. പാടത്തു വിത്തു വിതക്കുന്ന കര്‍ഷകരെ പോലെയാണ് മാധ്യമ പ്രവര്‍ത്തനം. ലക്ഷക്കണക്കിന് മാധ്യമ ഉപഭോക്താക്കളുടെ ഹൃദയത്തിലും മനസ്സിലുമാണ് അവര്‍ ആശയങ്ങള്‍ വിതക്കുന്നത്. അവ കിളിര്‍ത്ത്, വളര്‍ന്ന് നല്ല ഫലങ്ങള്‍ പുറപ്പെടുവിക്കണം. മാധ്യമങ്ങള്‍ ഒരിക്കലും സമൂഹത്തില്‍ വിഷബീജങ്ങള്‍ വിതക്കരുതെന്ന് സാരം. വടക്കെ അമേരിക്കയിലെ മലയാള സമൂഹത്തിന്റേയും മലയാള സംഘടനകളുടേയും തളര്‍ച്ചയും വിളര്‍ച്ചയും ഒന്നു മാറ്റിയെടുക്കാന്‍ ഒരുപക്ഷെ അമേരിക്കയിലെ മലയാള മാധ്യമങ്ങള്‍ക്ക് കഴിഞ്ഞെന്നിരിക്കും. അതാണിവിടത്തെ മലയാളി മാധ്യമങ്ങളുടെ ഒരു ധര്‍മ്മം.

ഇതിലെ വിമര്‍ശനങ്ങള്‍ക്കൊ കുറവുകള്‍ക്കൊ ഈ ലേഖകനും അതീതനല്ലെന്നു മാത്രമല്ല അറിഞ്ഞൊ അറിയാതെയൊ അതെല്ലാം കുറച്ചൊക്കെ ഉള്‍ക്കൊള്ളുന്നു എന്നു കൂടി പറയട്ടെ. ഒപ്പം ഒരു കാര്യം കൂടെ അവര്‍ ഓര്‍ക്കണം. സാധാരണയായി ഒരു നാടന്‍ പ്രയോഗമില്ലെ, കോഴി കട്ടവരുടെ തലയില്‍  പപ്പിരിക്കും എന്ന്. വീണ്ടും മറ്റ് രചനകളും വിഷയങ്ങളുമായി ഇനി ഒരവസരത്തില്‍ നമുക്ക് സന്ധിക്കാം. തല്‍ക്കാലം ഈ പരമ്പര കാലോചിതവും സമയോചിതവുമായ ആശംസകളോടെ ഉപസംഹരിക്കുന്നു. മാന്യവായനക്കാരുടെ എരിവും, പുളിയും, കയ്പും, മധുരവും നിറഞ്ഞ എന്ത് അഭിപ്രായമൊ പ്രതികരണമൊ ആവട്ടെ സവിനയം, സഹര്‍ഷം സ്വാഗതം ചെയ്യുന്നു. ലേഖനപരമ്പര അവസാനിച്ചു.
Part-2

Part-1
അമേരിക്കന്‍ മലയാളി സംഘടനകളും മാധ്യമങ്ങളും-3 എ.സി. ജോര്‍ജ്
Join WhatsApp News
andrew 2015-12-22 14:44:53
interesting article, great job Sri. A C G
Observer 2015-12-23 20:57:23
Hope atleast some people will read and digest the focal points, the essence of this serial articles, chapters 1 through 3. Every thing is true and real, but keep on following or doing the same misatkes over and over by the so called Association people and the media. Same kind of movie star worships, Kerala political, religious leader  worships here in USA are all continues. The Ponnadas to unworhy people all continues. Any way it is allways better to write or speak at least once a while to resolve such issues.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക