Image

റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്നു

ജോയി­ച്ചന്‍ പുതു­ക്കുളം Published on 22 December, 2015
റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്നു
ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ സാന്റാ അന്നയിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന പള്ളി വികാരി ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷങ്ങള്‍ ഇടവക പള്ളിയില്‍ ഡിസംബര്‍ 27-ന് ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിക്കും. 

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി രൂപതയിലും, ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലുമായി കര്‍മ്മനിരതമായ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഇമ്മാനുവേലച്ചന്‍ നിരവധി വൈദീകരുടെ സഹകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും. തുടര്‍ന്ന് പൊതുസമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന് എന്നിവ ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിട്ടുണ്ട്. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കത്തീഡ്രല്‍ പള്ളി ഇടവകാംഗമായ മടുക്കക്കുഴി മാണി - ചിന്നമ്മ ദമ്പതികളുടെ പതിനൊന്നു മക്കളില്‍ ഇളയ മകനായി 1962 ഒക്‌ടോബര്‍ 22-ന് ജനിച്ചു. 'ലാലിച്ചന്‍' എന്ന പേരില്‍ അറിയപ്പെടുന്ന അദ്ദേഹം ഫാ. ഇമ്മാനുവേലായി. 

കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് സ്കൂളിലേയും, സെന്റ് ഡൊമിനിക് കോളജിലേയും വിദ്യാഭ്യാസത്തിനുശേഷം മേരിമാതാ മൈനര്‍ സെമിനാരിയിലും, കോട്ടയം വടവാതൂര്‍ മേജര്‍ സെമിനാരിയിലും വൈദീകപഠനം പൂര്‍ത്തിയാക്കി. 

1990 ഡിസംബര്‍ 29-ന് അഭിവന്ദ്യ മാര്‍ മാത്യു വട്ടക്കുഴി പിതാവില്‍ നിന്നും പൗരോഹിത്യം സ്വീകരിച്ചു. 1991-ല്‍ രൂപതയിലെ ഇളങ്ങുളം സെന്റ് മേരീസ് പള്ളിയില്‍ അസിസ്റ്റന്റ് വികാരിയായി സേവനം ആരംഭിച്ചു. 

കാഞ്ഞിരപ്പള്ളി രൂപതയുടെ ചെറുപുഷ്പ മിഷന്‍ലീഗ് ഡയറക്ടര്‍, മലനാട് സൊസൈറ്റി എക്‌സിക്യൂട്ടീവ് മെമ്പര്‍, ഉപ്പുതറ, കട്ടപ്പന, എരുമേലി എന്നീ ഫൊറോനകളില്‍ യുവദീപ്തി ഡയറക്ടര്‍ എന്നിങ്ങനെ 20 വര്‍ഷത്തോളം പ്രവര്‍ത്തിച്ച് തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. 

2011-ല്‍ അജപാലന ശുശ്രൂഷയ്ക്കായി അമേരിക്കയില്‍ എത്തിയ ഇമ്മാനുവേലച്ചന്‍ ഷിക്കാഗോയിലെ സെന്റ് തോമസ് സീറോ മലബാര്‍ കത്തീഡ്രല്‍ പള്ളിയില്‍ അസോസിയേറ്റ് വികാരിയായി ചുമതലയേറ്റു. 2013 മുതല്‍ കാലിഫോര്‍ണിയയിലെ സാന്റാ അന്ന ഫൊറോന പള്ളിയില്‍ വികാരിയായി സേവനം അനുഷ്ഠിക്കുന്നു. 

പുതിയ ആശയങ്ങളും കാഴ്ചപ്പാടുകളുമായി ഇമ്മാനുവേലച്ചന്‍, തന്റെ പ്രവര്‍ത്തന കാലയളവില്‍ സാന്റാ അന്നാ പള്ളിയില്‍ ധാരാളം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. അച്ചന്റെ പരിശ്രമഫലമായി പള്ളിയോടു ചേര്‍ന്നുള്ള വീടും സ്ഥലവും ഇടവകക്കാര്‍ക്ക് സ്വന്തമാക്കുവാന്‍ സാധിച്ചു. 

നല്ലൊരു ഗായകനും വാഗ്മിയും കൂടിയായ അച്ചന്റെ സെന്റ് തോമസ് ഫാമിലെ പഴം-പച്ചക്കറി തോട്ടം പ്രസിദ്ധമാണ്. ഇടവകയ്ക്ക് സാമ്പത്തിക നേട്ടവും ഇടവകാംഗങ്ങള്‍ക്ക് തങ്ങളുടെ വീടുകളില്‍ പച്ചക്കറി കൃഷി തുടങ്ങുവാനുള്ള പ്രചോദനവും ഇതുമൂലം ലഭിച്ചു. 

ജൂബിലി ആഘോഷങ്ങളില്‍ പങ്കുചേര്‍ന്ന് ഇമ്മാനുവേലച്ചന് പ്രാര്‍ത്ഥനാശംസകള്‍ നേരുവാന്‍ ട്രസ്റ്റിമാരായ ബിജു ആലുംമൂട്ടിലും, ബൈജു വിതയത്തിലും, ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാരായ ജെയ് ജോസഫ് വടക്കനും, ടോമി പുല്ലാപ്പള്ളിയും എല്ലാവരേയും സ്‌നേഹാദരവുകളോടെ സാന്റാ അന്നയിലേക്ക് ക്ഷണിക്കുന്നു. ജോര്‍ജുകുട്ടി പുല്ലാപ്പള്ളില്‍ അറിയിച്ചതാണിത്. 

റവ.ഫാ. ഇമ്മാനുവേല്‍ മടുക്കക്കുഴിയുടെ പൗരോഹിത്യ രജതജൂബിലി ആഘോഷിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക