Image

അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ സംപ്രേഷണം തുടങ്ങി

Published on 20 January, 2012
അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ സംപ്രേഷണം തുടങ്ങി
ദോഹ: അല്‍ജസീറ ഇംഗ്ലീഷ്‌ ചാനല്‍ ഇന്ത്യയില്‍ സംപ്രേഷണം ആരംഭിച്ചു. രാജ്യത്തെ മുന്‍നിര ഡി.ടി.എച്ച്‌ സേവനദാതാക്കളിലൊന്നായ ഡിഷ്‌ ടി.വി വഴിയാണ്‌ അല്‍ജസീറ ഇന്നലെ മുതല്‍ ഇന്ത്യയിലുടനീളമുള്ള പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തി തുടങ്ങിയത്‌. അല്‍ ജസീറ മാനേജിംഗ്‌ ഡയറക്ടര്‍ അല്‍ ആന്‍സ്റ്റി, ഇന്ത്യയിലെ ബ്യൂറോ ചീഫ്‌ അന്‍മോല്‍ സക്‌സേന എന്നിവരുമായി നടത്തിയ കൂടിക്കാഴ്‌ചയില്‍ ചാനലിന്‍െറ കടന്നുവരവിനെ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ സ്വാഗതം ചെയ്‌തു. ആഗോളതലത്തില്‍ ശ്രദ്ധപിടിച്ചുപറ്റിയ അല്‍ജസീറയുടെ ഇന്ത്യയിലെ തുടക്കം വിജയകരമാകട്ടെ എന്ന്‌ പ്രധാനമന്ത്രി ആശംസിച്ചു.

രാജ്യത്തെ 1.17 കോടി വീടുകളിലെ 4.80 കോടി ജനങ്ങള്‍ക്ക്‌ ഡിഷ്‌ ടി.വി വഴി ചാനല്‍ ലഭ്യമാകുമെന്ന്‌ അല്‍ ആന്‍സ്റ്റി അറിയിച്ചു. ആഗോളവത്‌കൃത വ്യവസ്ഥയില്‍ അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ.

ആറ്‌ ഭൂഖണ്ഡങ്ങളിലെ വിവിധ രാജ്യങ്ങളിലായി 70ലധികം ബ്യൂറോകളുള്ള, ഖത്തര്‍ ആസ്ഥാനമായ അന്താരാഷ്ട്ര വാര്‍ത്താ ചാനലാണ്‌ അല്‍ ജസീറ ഇംഗ്‌ളീഷ്‌. 130 രാജ്യങ്ങളിലെ 25 കോടി വീടുകളില്‍ ഇപ്പോള്‍ ചാനലിന്‍െറ സംപ്രേഷണം എത്തുന്നുണ്ട്‌. അഞ്ച്വര്‍ഷമായി ന്യൂദല്‍ഹിയില്‍ ചാനലിന്‍െറ ബ്യൂറോ പ്രവര്‍ത്തിച്ചുവരുന്നു. ഇന്ത്യയില്‍ നടന്ന പൊതുതെരഞ്ഞെടുപ്പുകളും മുംബൈ ആക്രമണം പോലുള്ള സംഭവങ്ങളും ചാനല്‍ വിശദമായി റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു.
അല്‍ജസീറ ചാനല്‍ ഇന്ത്യയില്‍ സംപ്രേഷണം തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക