Image

ക്രിസ്മസ് മത്സരത്തില്‍ ദിലീപിനു വിജയം; മഞ്ജുവിന് പരാജയം (ജയമോഹനന്‍ എം)

Published on 27 December, 2015
ക്രിസ്മസ് മത്സരത്തില്‍ ദിലീപിനു വിജയം; മഞ്ജുവിന് പരാജയം (ജയമോഹനന്‍ എം)
ക്രിസ്മസിന് മലയാള സിനിമയില്‍ ആര് വിജയിക്കും എന്നറിയാനായിരുന്നു എല്ലാവര്‍ക്കും താത്പര്യം. അതിന് കാരണം മറ്റൊന്നുമല്ല. മഞ്ജുവാര്യരും ദിലീപും നേര്‍ക്ക് നേര്‍ പോരാട്ടത്തിന് എത്തുന്നു എന്നതായിരുന്നു കാരണം. വിവാഹമോചനത്തിന് ശേഷം ഇത് മഞ്ജുവിന്റെ നാലാമത്തെ സിനിമയാണെങ്കിലും ദിലീപ് മഞ്ജു സിനിമകള്‍ ഇത് വരെ ഒരു ആഘോഷ സീസണില്‍ ഒരുമിച്ച് എത്തിയിരുന്നില്ല. 

 ആദ്യമായി ഇരുവരുടെയും സിനിമകള്‍ ഒരുമിച്ചെത്തുന്നത് ഇപ്പോഴാണ്.
മഞ്ജുവാര്യര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ജോ ആന്‍ഡ് ദി ബോയ്, ദിലീപ് നായകനായ ടു കണ്‍ട്രീസ്, ദുള്‍ക്കര്‍ സല്‍മാന്റെ ചാര്‍ളി, ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരേ കൂട്ടമണി എന്നിവയായിരുന്നു ക്രിസ്മസിന് എത്തിയ സിനിമകള്‍. ഇതില്‍ ജോ ആന്‍ഡ് ദി ബോയ് വന്‍ പരാജയം നേരിട്ടു. ചാര്‍ളി ശരാശരി വിജയം നേടി മുന്നേറുന്നു. ധ്യാന്‍ ശ്രീനിവാസന്റെ അടി കപ്യാരേ കൂട്ടമണിയും ദിലീപിന്റെ ടൂ കണ്‍ട്രീസും വന്‍ വിജയമായി മുന്നേറുന്നു. 

ഇവിടെ പ്രസക്തിയേറുന്നത് മഞ്ജു വാര്യരുടെ പരാജയത്തിനും ദിലീപിന്റെ വിജയത്തിനുമാണ്. മഞ്ജുവാര്യര്‍ എന്ന ബ്രാന്‍ഡ് തന്നെയാണ് തുടര്‍ച്ചയായ രണ്ടാമത്തെ പരാജയത്തിലൂടെ തകര്‍ന്നു വീഴുന്നത്. ജീവിതത്തിലും സിനിമയിലും തുടര്‍ച്ചയായി നേരിട്ട പരാജയങ്ങളില്‍ നിന്നും ദിലീപിന്റെ വന്‍ വിജയത്തിന് ഇരട്ടി മധുരവുമേറുന്നു. 

മഞ്ജുവെന്ന ബ്രാന്‍ഡ് ഇവിടെ പരാജയപ്പെടുന്നു എന്ന് പറയുന്നതിന് പ്രത്യേകിച്ച് കാരണവുമുണ്ട്. അഭിനയ ജീവിതത്തില്‍ ഏറ്റവും ദയനീയമായ പ്രകടനമാണ് ജോ ആന്‍ഡ് ദി ബോയ് എന്ന സിനിമയിലൂടെ മഞ്ജു വാര്യര്‍ കാഴ്ചവെക്കുന്നത്. ജോ എന്ന മുപ്പത്കാരിയായ അനിമേറ്ററുടെ കഥാപാത്രമാണ് ചിത്രത്തില്‍ മഞ്ജുവിന്. മമ്മൂട്ടിയില്‍ നിന്നും മോഹന്‍ലാലില്‍ നിന്നും മലയാളി പ്രേക്ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന സ്‌ക്രീന്‍ ഏജ് പ്രോബ്ലത്തിന്റെ പെണ്‍പതിപ്പാകുകയാണ് മഞ്ജു വാര്യര്‍. 

തനിക്കുള്ള പ്രായത്തേക്കാള്‍ കുറഞ്ഞ പ്രായത്തില്‍ അഭിനയിക്കുന്ന രീതിയാണ് എന്നും മമ്മൂട്ടിയും മോഹന്‍ലാലും സ്വീകരിക്കുന്നത്. ഇപ്പോഴും പതിനെട്ട് വയസുള്ള നായികമാരുമായി മമ്മൂട്ടിയും ലാലും ആടിപ്പാടുന്നത് ആരോചകമാണ്. പക്ഷെ അതിന് അവര്‍ പറയുന്ന ന്യായം സ്‌ക്രീനില്‍ അവര്‍ക്ക് മുപ്പത്തിയഞ്ച് വയസാണ് എന്നതാണ്. 

ഇവിടെ മഞ്ജുവും ഇതേ കാര്യമാണ് പ്രേക്ഷകരോട് പയറ്റുന്നത്. മുപ്പത്തിയഞ്ച് പിന്നിട്ട മഞ്ജു ഇരുപത്കാരിയുടെ കുപ്പായത്തിലേക്ക് കയറുമ്പോഴുള്ള എല്ലാ പ്രശ്‌നങ്ങളും സിനിമയിലുണ്ട്. മഞ്ജു എത്രശ്രമിച്ചാലും ഇരുപത് കാരിയുടെ മാനറിസങ്ങള്‍ പുനര്‍സൃഷ്ടിക്കാന്‍ കഴിയില്ല എന്നത് സംവിധായകനെങ്കിലും മനസിലാക്കണമായിരുന്നു. സൂപ്പര്‍ നായികയാവാനുള്ള തിടുക്കത്തില്‍ മഞ്ജു എന്തായാലും ഇക്കാര്യം മറന്നു പോയി. അതോടെ അറു ബോറന്‍ കാഴ്ചയായി മാറുകയാണ് ജോ ആന്‍ഡ് ദി ബോയ്. 

മഞ്ജുവാര്യര്‍ ഒരു കെട്ടിപ്പൊക്കിയ താരബിംബമാണെന്ന് ഇതിനു മുമ്പും വിലയിരുത്തപ്പെട്ടിട്ടുള്ളതാണ്. നിരവധി പരസ്യചിത്രങ്ങളിലൂടെയാണ് രണ്ടാമത് മഞ്ജുവിന്റെ താരബിംബം സൃഷ്ടിക്കപ്പെട്ടത്. ഇതെല്ലാം മലയാള സിനിമയിലെ സൂപ്പര്‍നായിക എന്ന പരിവേഷം സൃഷ്ടിച്ച് കെട്ടിപ്പൊക്കിയതാണ്. എന്നാല്‍ സിനിമകള്‍ വിജയിപ്പിക്കാന്‍ കഴിയാത്തയാള്‍ എങ്ങനെയാണ് സൂപ്പര്‍ നായികയാവുന്നത് എന്നതാണ് ചോദ്യം. 

ഏറ്റവുമൊടുവില്‍ കറിപൗഡര്‍ പരസ്യത്തിലെ മോഡലായി എത്തിയിരിക്കുകയാണ് മഞ്ജു. രണ്ടാം വരവിലെ ആദ്യ ചിത്രത്തില്‍ ജൈവകൃഷിക്കാരിയുടെ റോള്‍ അഭിനയിച്ച് ലഭിച്ച പ്രശംസയിലൂടെ കേരളാ സര്‍ക്കാരിന്റെ ജൈവകൃഷിയുടെ ബ്രാന്‍ഡ് അംബാസിഡറായി മാറുകയും അതുവഴി സമൂഹത്തില്‍ ഇമേജ് വര്‍ദ്ധിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് മഞ്ജു. അപ്പോള്‍ സ്വഭാവികമായും സര്‍ക്കാരിനോടും പൊതുജനത്തോടും മഞ്ജുവിന് ഉത്തരവാദിത്വമുണ്ട്. ഈ ഉത്തരവാദിത്വത്തെ കാറ്റില്‍പ്പറത്തിക്കൊണ്ടാണ് മഞ്ജു ഇപ്പോള്‍ പരസ്യ ചിത്രങ്ങളില്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. അതും വെറും കറിമസാലക്കൂട്ടിന്റെ വരെ പരസ്യ ചിത്രങ്ങളില്‍ മഞ്ജു മോഡലാകുന്നു. 

കൊട്ടിഘോഷിച്ചെത്തിയ രണ്ടാംവരവ് പരാജയമാകുമ്പോള്‍ പരസ്യ ചിത്രങ്ങളുടെ മോഡലായും എത്രനാള്‍ മഞ്ജുവിന് തുടരാന്‍ കഴിയുമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അഞ്ചോ ആറോ സിനിമകള്‍ക്ക് അപ്പുറം മഞ്ജുവിന് കരിയറില്‍ മുമ്പോട്ടു പോകാന്‍ കഴിയുമെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ഒരു കോടിയെന്ന പ്രതിഫലം ഉപേക്ഷിച്ച് മലയാള സിനിമയിലെ നായികമാരുടെ ശരാശരി പ്രതിഫലമായ പത്ത് ലക്ഷത്തിലേക്ക് അവര്‍ തിരിച്ചു വരേണ്ടി വരും. 

അപ്പോഴും ഒരു ചോദ്യം ബാക്കി, കറി പൗഡറിന്റെ പരസ്യ ചിത്രത്തില്‍ മോഡലാകാന്‍ വേണ്ടിയായിരുന്നോ ഒരു ദാമ്പത്യ ജീവിതം തിരസ്‌കരിച്ച് മഞ്ജു വീണ്ടും കാമറയ്ക്ക് മുമ്പിലെത്തിയത്. സിനിമയില്‍ സ്റ്റാര്‍ഡം നിലനിര്‍ത്താന്‍ കഴിയാത്ത ഒരാള്‍ എന്തിന്റെ പിന്‍ബലത്തിലാണ് പ്രമുഖ ഉല്‍പ്പനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡറാകുന്നത്. 

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ കാര്യം മഞ്ജുവിന്റെ പബ്ലിസിറ്റി ടീമും ഇത്തവണ നിശബ്ദമായിരുന്നു എന്നതാണ്. റാണി പത്മിനി പരാജയപ്പെട്ടപ്പോള്‍ അത് വിജയമായിരുന്നു എന്ന് വരുത്തിതീര്‍ക്കാന്‍ അഹോരാത്രം പണിയെടുത്ത മഞ്ജുവിന്റെ മാര്‍ക്കറ്റിംഗ് ടീം പോലും ഇപ്പോള്‍ നിശബ്ദമാണ്. മഞ്ജുവിന്റെ കൈകളില്‍ വിജയം നില്‍ക്കുന്നില്ല എന്ന് അവര്‍ പോലും മനസിലാക്കി കഴിഞ്ഞു. 

എന്നാല്‍ മറുവശത്ത് ഈ ക്രിസ്മസ് ദിലീപിന് ആഘോഷത്തിന്റേതും മധുരപ്രതികാരത്തിന്റേതുമാണ്. കാരണം കഴിഞ്ഞ കുറച്ച് നാളുകളായി ദിലീപിനെതിരെ പ്രവര്‍ത്തിച്ചിരുന്ന ഒരു സംഘം മലയാള സിനിമയില്‍ സജീവമായിരുന്നു. ഇത്തവണ സിനിമയിറങ്ങുമ്പോള്‍ അപവാദ പ്രചാരകരെ ആരെയും കാണാനില്ലല്ലോ എന്നുള്ള ദിലീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഉദാഹരണം. എല്ലാ പ്രചരണ വേലകളെയും മറികടന്ന് ദിലീപിന് വിജയിക്കാന്‍ കഴിഞ്ഞുവെന്നത് മലയാള സിനിമയില്‍ ദിലീപിന്റെ സ്റ്റാര്‍ഡം വീണ്ടും ഉറപ്പിക്കുന്നതാണ്. ഒപ്പം പുതുവര്‍ഷം എത്തുന്നത് മഞ്ജുവാര്യര്‍ എന്ന ചീട്ടുകൊട്ടാരത്തെ തകര്‍ത്തുകൊണ്ടുമാണ്. 
ക്രിസ്മസ് മത്സരത്തില്‍ ദിലീപിനു വിജയം; മഞ്ജുവിന് പരാജയം (ജയമോഹനന്‍ എം)
Join WhatsApp News
Victor Mahesh 2015-12-28 16:22:39
Being a Lady, please let Manju to live/survive.  Is the above article is from Dilip's forced idea or your idea?  Anyway please have some generocity/kindness on manju too .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക