Image

അയ്യപ്പന് കാണിക്കയായി ഡോ.സുജിത്തിന്റെ ‘ശബരിമല ഡ്യൂട്ടി’

Published on 27 December, 2015
അയ്യപ്പന് കാണിക്കയായി ഡോ.സുജിത്തിന്റെ ‘ശബരിമല ഡ്യൂട്ടി’
കഴിഞ്ഞ 17 വര്‍ഷമായി ഡോ.ജെ.എസ്.സുജിത്ത് ശബരിമല ഡ്യൂട്ടിക്ക് എത്തുന്നു. ഇത്തവണ സന്നിധാനം ഗവ.ആശുപത്രിയില്‍ എത്തിയപ്പോള്‍ അയ്യപ്പന് ഒരു കാണിക്കയും ഒപ്പം കരുതി. ഡോ.ആലപിച്ച അയ്യപ്പ ഭക്തിഗാനങ്ങളടങ്ങിയ ‘ശബരിമല ഡ്യൂട്ടി’ എന്ന സി.ഡി ആണ് ഭഗവാന് അര്‍പ്പിക്കുവാനായി കൊണ്ടുവന്നത്. എട്ട് ഗാനങ്ങളാണ് സിഡിയില്‍ ഉള്ളത്. ഇതില്‍ നാല് ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് ഡോ. സുജിത്തും അദേഹത്തിന്റെ ബന്ധുവും റിട്ട.മലയാളം അധ്യാപികയുമായ സരോജ വസന്തുമാണ്. ഏഴ് ഗാനങ്ങളാണ് ഡോ. സുജിത്ത് ആലപിച്ചിരിക്കുന്നത്. 

ശബരിമല ഡ്യൂട്ടിക്കെത്തുമ്പോള്‍ ഡോക്ടര്‍ ഒരു ഡയറി കൈയില്‍ കരുതാറുണ്ട്. ഒഴിവു വേളകളില്‍ വരികള്‍ അതില്‍ കുറിച്ചു വയ്ക്കും. ഇംഗ്ലീഷിലാണ് പാട്ടുകള്‍ എഴുതുക. സരോജ വസന്താണ് ഗാനങ്ങള്‍ മലയാളത്തിലേക്ക് മൊഴിമാറ്റുന്നത്. ഡ്യൂട്ടിക്കായി സന്നിധാനത്തെത്തി അയ്യപ്പഭക്തനായി മാറുകയായിരുന്നുവെന്ന് ഡോ.സുജിത്ത് പറയുന്നു. ശബരിമലയില്‍ ഏറ്റവും അധികം തവണ ഡ്യൂട്ടി ചെയ്തത് സന്നിധാനം ആശുപത്രിയിലാണ്.

തലശ്ശേരിയാണ് ജന്മദേശമെങ്കിലും ഇപ്പോള്‍ പാലക്കാട് കോട്ടമൈതാനത്തിന് സമീപമാണ് താമസം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മെഡിസിന്‍ വിഭാഗം മേധാവിയാണ് അദ്ദേഹം. കഴിഞ്ഞ 20 നാണ് പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ ‘ശബരിമല ഡ്യൂട്ടി’ എന്ന സി.ഡി പ്രകാശനം ചെയ്തത്. അന്ന് രാത്രി തന്നെ സന്നിധാനത്തേക്ക് യാത്ര തിരിച്ച് പിറ്റേന്ന് രാവിലെ സന്നിധാനത്ത് ഡ്യൂട്ടി തുടങ്ങി.

മൂകാംബിക ദേവീ സ്തുതികള്‍, ലളിതഗാനങ്ങള്‍, പഴയ സിനിമാഗാനങ്ങളുടെ ലൈവ് പ്രോഗ്രാമിന്റെ സി.ഡി എന്നിവ ഡോക്ടര്‍ മുമ്പ് ചെയ്തിട്ടുണ്ട്. സോണിയ ആണ് ഭാര്യ, മകന്‍ പ്രണവ് ഒലവക്കോട് കേന്ദ്രീയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്നു. 
അയ്യപ്പന് കാണിക്കയായി ഡോ.സുജിത്തിന്റെ ‘ശബരിമല ഡ്യൂട്ടി’
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക