Image

ആചാര്യ ശ്രേഷ്ഠന് വിശ്വാസ സമൂഹം സമാധാനത്തോടെ വിട ചൊല്ലി

ബെന്നി പരിമണം Published on 30 December, 2015
ആചാര്യ ശ്രേഷ്ഠന് വിശ്വാസ സമൂഹം സമാധാനത്തോടെ വിട ചൊല്ലി
കര്‍മ്മരംഗത്തെ ദിവ്യ ജ്യോതിസ് ഇനി സ്മൃതി പഥങ്ങളില്‍ ആത്മീയാചാര്യന്‍ മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സീനിയര്‍ സഫ്രഗന്‍ മെത്രാപോലീത്ത കാലം ചെയ്ത അഭി.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസിന്റെ കബറടക്കം ചൊവ്വാഴ്ച്ച നടന്നു. നിറമിഴികളുമായി തിങ്ങി നിറഞ്ഞ വിശ്വാസ സമൂഹം തങ്ങളുടെ ആത്മീയ പിതാവിനെ യാത്ര അയക്കുന്ന രംഗം മാര്‍ത്തോമ്മാ സഭയ്ക്ക് ദൈവം മാര്‍ തിയൊഫിലോസിലൂടെ നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് കൃതജ്ഞത അര്‍പ്പിക്കുന്ന വേളയായി മാറി. 

അന്തിമോപചാരം അര്‍പ്പിക്കുവാന്‍ തിങ്ങിക്കൂടിയ ജനസഞ്ചയം ജീവിതം മുഴുവനും ദൈവരാജ്യ പ്രവര്‍ത്തനങ്ങളിലൂടെ മാനവസേവനത്തിനായി ഉഴിഞ്ഞു വച്ച വലിയ ഇടയന്റെ അന്ത്യയാത്രയ്ക്ക് ഹൃദയനൊമ്പരവുമായി പ്രാര്‍ത്ഥനാ നിര്‍ഭരരായി നിന്നു.
ഞായറാഴ്ച്ച വൈകുന്നേരം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ കാലം ചെയ്ത അഭി.സഖറിയാസ് തിരുമേനിയുടെ ഭൗതീകശരീരം സഭാ ആസ്ഥാനമായ തിരുവല്ലയില്‍ കൊണ്ടുവന്നപ്പോള്‍ മുതല്‍ ഒരു നോക്കു കാണുവാനായി ജനങ്ങളുടെ നിലയ്ക്കാത്ത പ്രവാഹമായിരുന്നു. സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നായി അനേകമാളുകല്‍ കാരുണ്യത്തിന്റെ മനുഷ്യരൂപമായ വന്ദ്യപിതാവിനെ അവസാനമായി കാണുവാന്‍ എത്തിയിരുന്നു. നേരത്തെ പൂര്‍ത്തീകരിച്ച കബറടക്ക ശുശ്രൂഷയുടെ ആദ്യ മൂന്നു ഭാഗങ്ങള്‍ക്ക് ശേഷം ചൊവ്വാഴ്ച രാവിലെ നഗരികാണിക്കല്‍ ചടങ്ങുകളോടെ അവസാനഘട്ട ശുശ്രൂഷകള്‍ ആരംഭിച്ചു. എസ്സിഎസ് അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ മദ്ബഹായിലേക്ക് നഗരി കാണിക്കലിനു ശേഷം തിരുമേനിയുടെ ഭൗതീക ശരീരം കൊണ്ടു വന്നു. തുടര്‍ന്നുള്ള ശ്രുശ്രൂഷകള്‍ക്ക് മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ അഭി. ഡോ.ജോസഫ് മാര്‍ത്തോമ്മാ മെത്രപോലീത്ത മുഖ്യ കാര്‍മ്മീകനായിരുന്നു. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മാ വലിയ മെത്രാപോലീത്ത, ഗീവര്‍ഗ്ഗീസ് മാര്‍ അത്താനാസിയോസ് സഫ്രഗന്‍ മെത്രാപോലീത്താ, സഭയിലെ മറ്റ് ബിഷപ്പുമാര്‍ എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. ഇതര സഭകളിലെ മെത്രാപോലീത്താമാരും, വൈദീകരും, രാഷ്ട്രീയ സാമൂഹ്യ സാംസ്‌ക്കാരിക രംഗങ്ങളിലെ പ്രമുഖരും സാക്ഷ്യം വഹിച്ച കബറടക്ക ശുശ്രൂഷയില്‍ വിശുദ്ധ മദ്ബഹാ, വൈദീകര്‍, ദേവാലയം, പള്ളികള്‍, ആത്മീയ ജനം തുടങ്ങിയവരോട് യാത്ര ചോദിക്കുന്ന രംഗം ഏവരിലും നൊമ്പരം ഉളവാക്കി.

തുടര്‍ന്ന് ഭൗതീക ശരീരം വഹിച്ച് വൈദീകര്‍ കബറിലേക്ക് കൊണ്ടുപോയി. വിശ്വാസ സമൂഹം പ്രാര്‍ത്ഥനാ നിര്‍ഭരരായി ചടങ്ങുകള്‍ക്ക് സാക്ഷ്യമേകി. ശുശ്രൂഷകള്‍ പൂര്‍ത്തീകരിച്ച ശേഷം ഭൗതീക ശരീരം വൈദീകര്‍ തന്നെ കുഴിയിലിറക്കി. സഭയുടെ പാരമ്പര്യമനുസരിച്ച് സ്ഥാന വസ്ത്രങ്ങളും അംശവടിയും പിടിപ്പിച്ച ഭൗതീക ശരീരത്തിന്റെ മുഖം മാര്‍ത്തോമ്മാ മെത്രാപോലീത്താ മൂ
ടി. കാലം ചെയ്ത സഭയിലെ മറ്റ് ബിഷപ്പുമാരുടെ കല്ലറയ്ക്കു സമീപമാണ് അഭി.തിരുമേനിക്കും അന്ത്യ വിശ്രമസ്ഥലം ഒരുക്കിയത്. വിശ്വാസമൂഹത്തോടുള്ള യാത്രപറയല്‍ ചടങ്ങില്‍ സമാധാനത്താലേ പോകുക എന്ന മറുപടിയില്‍ തങ്ങളുടെ ആത്മീയാചാര്യനെ വിശ്വാസികള്‍ യാത്രയാക്കിയപ്പോള്‍ ദൈവത്തിന്റെ പ്രതിപുരുഷനായി തന്റെ ആടുകളെ സ്‌നേഹാര്‍ദ്രമായി നടത്തിയ അഭി.ഡോ.സഖറിയാസ് മാര്‍ തെയോഫിലോസ് തിരുമേനിയുടെ ലോകജീവിതം പൂര്‍ണ്ണമായി. ഇനി ജനമനസുകളില്‍ മായാത്ത ഓര്‍മ്മയായി തിരുമേനി ജീവിക്കും.


ആചാര്യ ശ്രേഷ്ഠന് വിശ്വാസ സമൂഹം സമാധാനത്തോടെ വിട ചൊല്ലിആചാര്യ ശ്രേഷ്ഠന് വിശ്വാസ സമൂഹം സമാധാനത്തോടെ വിട ചൊല്ലിആചാര്യ ശ്രേഷ്ഠന് വിശ്വാസ സമൂഹം സമാധാനത്തോടെ വിട ചൊല്ലി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക