Image

സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം

Published on 04 January, 2016
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
അമേരിക്കയിലെ മലയാളി എഴുത്തുകാരുടെയും ഭാഷാസ്‌നേഹികളുടയും കേന്ദ്രസംഘടനയായ ലിറ്റററി അസോസിയേഷന്‍ ഓഫ് നോര്‍ത്തമേരിക്ക ലാനയുടെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും രണ്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായി ഷാജന്‍ ആനിത്തോട്ടം പടിയിറങ്ങി. ലാനയെ വലിയ വളര്‍ച്ചയിലേയ്ക്ക് നയിച്ചതിനുശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്. സംഘടനയുടെ നേതൃപദവിയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളില്‍ തികഞ്ഞ ചാരിതാര്‍ത്ഥ്യമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. ലാന പ്രസിഡന്റ് സ്ഥാനമൊഴിയുന്ന വേളയില്‍ അദ്ദേഹവുമായി ഈ-മലയാളി നടത്തിയ അഭിമുഖത്തില്‍ നിന്ന്:

ഈ-മലയാളി: ലാന പ്രസിഡന്റെന്ന നിലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ എങ്ങിനെ വിലയിരുത്തുന്നു?

തികഞ്ഞ സന്തോഷം, സംതൃപ്തി. ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് സ്ഥാനമൊഴിയുന്നത്. അമേരിക്കയിലെ എഴുത്തുകാരുടെയും ഭാഷാസ്‌നേഹികളുടെയും ഒരു സ്‌നേഹകൂട്ടായ്മയെന്ന നിലയില്‍ ലാന ഒട്ടേറെ വളര്‍ന്നു എന്നു തന്നെ പറയാം. എഴുത്തുകാര്‍ തമ്മില്‍ ആത്മാര്‍ത്ഥമായുള്ള ഒരു ഇഴയടുപ്പം വളര്‍ത്തിയെടുക്കാന്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിച്ചുവെന്ന് ഞാന്‍ വിശ്വസിക്കുന്നു. സാഹിത്യപരമായും സംഘടനാപരമായും എന്തിന് വ്യക്തിപരമായുള്ള കാഴ്ചപ്പാടുകളും വീക്ഷണങ്ങളും പോലും സംഘടനാ നേതൃത്വവുമായി പങ്കുവെയ്ക്കുവാന്‍ അമേരിക്കയിലെ അക്ഷരസ്‌നേഹികള്‍ മുന്നോട്ടു വരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. അക്ഷരസ്‌നേഹികളുടെ ഒരു കുടുംബമായി ലാന മാറി എന്നതാണ് ഏറ്റവും സംപ്തൃപ്തി നല്‍കുന്ന കാര്യം.

ഈ-മലയാളി: കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് സംഘടന എന്തു നേട്ടങ്ങള്‍ കൈവരിച്ചു?

ആദ്യം പറഞ്ഞതുപോലെ ലാനയെ അക്ഷരസ്‌നേഹികളുടെ ഒരു കുടുംബം എന്ന നിലയിലേയ്ക്ക് കൂടുതല്‍ വളര്‍ത്തിയെടുക്കാന്‍ സാധിച്ചു എന്നതാണ് പ്രധാനപ്പെട്ട ഒരു നേട്ടം. അമേരിക്കയിലെയും കേരളത്തിലെയും കണ്‍വെന്‍ഷനുകള്‍ എടുത്തുപറയേണ്ട കാര്യങ്ങള്‍ തന്നെയാണ്. 2014 ജൂലൈ മാസം കേരള സാഹിത്യ അക്കാദമി, കേരള കലാമണ്ഡലം, തുഞ്ചന്‍ സ്മാരക ട്രസ്റ്റ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച മൂന്ന് ദിവസം നീണ്ടു നിന്ന കേരള കണ്‍വെന്‍ഷന്‍ ലാനയുടെ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ അക്ഷരതീര്‍ത്ഥയാത്രയായിരുന്നു. തൃശൂരിലെ സാഹിത്യ അക്കാദമിയിലും കേരള കലാമണ്ഡലത്തിലും ഭാരതപ്പുഴയുടെ തീരത്തും തിരൂരിലെ തുഞ്ചന്‍പറമ്പിലുമായി നിറഞ്ഞ സദസ്സില്‍ നടന്ന സമ്മേളനങ്ങളില്‍ അമേരിക്കയില്‍ നിന്നും കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി അനവധി സാഹിത്യസ്‌നേഹികളാണ് പങ്കെടുത്തത്. മലയാള സാഹിത്യലോകത്തെ  കുലപതി എം.ടി.വാസുദേവന്‍ നായര്‍ മുതല്‍ അക്കാദമി പ്രസിഡന്റ് പെരുമ്പടവം ശ്രീധരന്‍, സി.രാധാകൃഷ്ണന്‍, സക്കറിയ, മലയാളം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.കെ.ജയകുമാര്‍ ഐ.എ.എസ്, അക്ബര്‍ കക്കട്ടില്‍, കെ.പി.രാമനുണ്ണി എന്നിങ്ങനെ മഹാകവി വള്ളത്തോളിന്റെ മകള്‍ വാസന്തി മേനോന്‍ വരെ ഒരുപാട് പ്രഗല്‍ഭരും ആഭരണീയരുമായ മഹത് വ്യക്തികള്‍ ലാന കേരള കണ്‍വെന്‍ഷനില്‍ സംബന്ധിച്ചു. കേരളത്തിലെ സാഹിത്യപ്രവര്‍ത്തകരുടെയിടയില്‍ ഇന്ന് ലാനയ്ക്ക് ആഭരണീയമായൊരു സ്ഥാനമാണുള്ളത്. ഇത്തരമൊരു സാംസ്‌കാരിക തീര്‍ത്ഥയാത്ര കേരളത്തിലെ പ്രധാനപ്പെട്ട സാംസ്‌കാരിക കേന്ദ്രങ്ങളെ കോര്‍ത്തിണക്കി സംഘടിപ്പിച്ചതിന് എം.ടി.യും മറ്റും ലാന പ്രവര്‍ത്തകരെ ഏറെ പ്രശംസിച്ചത് ഒരിക്കലും മറക്കാനാവില്ല.

മറ്റൊരു പ്രധാനപ്പെട്ട നേട്ടമായി പറയാനുള്ളത് 'ലാനേയം' എന്ന സമാഹാരം പ്രസിദ്ധീകരിക്കുവാന്‍ സാധിച്ചു എന്നതാണ്. പ്രസിഡന്റായി ചുമതലയേറ്റപ്പോള്‍ മുതലുള്ള ഒരു സ്വപ്നമായിരുന്നു അമേരിക്കയിലെ എഴുത്തുകാരുടെ കൃതികള്‍ സമാഹരിച്ചുകൊണ്ടുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുക എന്നത്. ഇതിലേയ്ക്കായി കൃതികള്‍ ക്ഷണിച്ചപ്പോള്‍ നൂറുകണക്കിന് രചനകളാണ് ഞങ്ങള്‍ക്ക് അയച്ചുകിട്ടിയത്. അതില്‍ നിന്നും തിരഞ്ഞെടുത്ത ഏതാണ്ട് അറുപതോളം സാഹിത്യസൃഷ്ടികള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 'ലാനേയം' തയ്യാറാക്കി. അമേരിക്കന്‍ മലയാളി എഴുത്തുകാരുടെ സര്‍ഗ്ഗവഴികളില്‍ സമാശ്വാസമേകുന്നൊരു പാഥേയമായി (പൊതിച്ചോര്‍) മാറ്റുവാന്‍ ലക്ഷ്യമിട്ട് ഒരുക്കിയ ലാനേയത്തിന്റെ പ്രകാശനം കഴിഞ്ഞ ഒക്‌ടോബറില്‍ ഡാളസില്‍ നടത്തിയ ലാന കണ്‍വെന്‍ഷന്‍ സമാപനസമ്മേളനത്തില്‍ വെച്ച് ഡോ.എം.വി.പിള്ളയ്ക്ക് ആദ്യപ്രതി നല്‍കി. മുഖ്യാതിഥി ബെന്യാമിന്‍ നിര്‍വ്വഹിച്ചു. ലാനയുടെ ചരിത്രത്തില്‍ ആദ്യമായി നടത്തിയ ഈ സംരംഭത്തിന് ചീഫ് എഡിറ്റര്‍ ജെ.മാത്യൂസ് ചുക്കാന്‍ പിടിച്ചു.

ഒഹായോയിലും കാനഡയിലും ലാനയ്ക്ക് പുതിയ റീജിയനുകള്‍ തുടങ്ങിയതും അഭിമാനകരമായ കാര്യമാണ്. കാനഡ റീജിയണ്‍ കോര്‍ഡിനേറ്ററായിരുന്ന ബേബി സേവ്യറിന്റെ അകാലനിര്യാണം തീരാത്ത വേദനയും നഷ്ടവുമായി അവശേഷിയ്ക്കുന്നു.

2015 ഒക്‌ടോബര്‍ അവസാനം ബെന്യാമിനെ മുഖ്യാതിഥിയായി പങ്കെടുപ്പിച്ച് നടത്തിയ പത്താമത് നാഷണല്‍ കണ്‍വെന്‍ഷനും ഏറെ സന്തോഷം നല്‍കിയ അനുഭവമായിരുന്നു. സെക്രട്ടറി ജോസ് ഓച്ചാലില്‍, എബ്രഹാം തെക്കെമുറി, മീനു എലിസബത്ത്, സിജു ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രസ്തുത കണ്‍വെന്‍ഷനില്‍ ബെന്യാമിന്‍, ഡോ.എം.വി.പിള്ള എന്നിവരും കൂടാതെ ജോര്‍ജ് ജോസഫ്, ജോസ് കണിയാലി എന്നിങ്ങനെ മാധ്യമരംഗത്തെ പ്രമുഖരും പങ്കെടുത്തു.

ഈ-മലയാളി : അമേരിക്കയിലെ സാഹിത്യരംഗം ഇപ്പോള്‍ എങ്ങിനെയാണ് ? മുന്നേറ്റമാണോ മുരടിപ്പാണോ കാണുന്നത് ?

തീര്‍ച്ചയായും മുന്നേറ്റത്തിന്റെ പാതയിലാണ് അമേരിക്കയിലെ സാഹിത്യരംഗം. ഒരുപാട് പേര്‍ ഈ രംഗത്തേയ്ക്ക് കടന്നു വരുന്നു. സാഹിത്യത്തിന്റെ വിവിധ സങ്കേതങ്ങള്‍ അവര്‍ പരീക്ഷിക്കുന്നു. മാജിക്കല്‍ റിയലിസം മുതല്‍ പൈങ്കിളി സാഹിത്യം വരെ കൈകാര്യം ചെയ്യുമ്പോള്‍ ഇവിടെയുണ്ട്. എല്ലാവരെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് ലാനയുടെ നയം. എഴുതിയെഴുതിയാണ് പൂര്‍ണ്ണത കൈവരുന്നത്. അതുകൊണ്ട് ആരുടെയും കൃതികളെ നല്ലതോ ചീത്തയോ എന്ന് നാം വിലയിരുത്തേണ്ടതില്ല. കുറ്റപ്പെടുത്തി ആരുടെയും കൂമ്പടയ്ക്കരുത്. എഴുതാനുള്ള വാസനയുള്ളവര്‍ എഴുതട്ടെ. ഇന്നത്തെ മഹത്തായ എഴുത്തുകാരെല്ലാവരും ഇങ്ങനെ എഴുതിയും തിരുത്തിയുമാണ് ഊതിക്കാച്ചിയ പൊന്നായി മാറിയത്. അച്ചടി മാധ്യമങ്ങളെ കൂടാതെ ഒരുപാട് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൂടി വന്നതുകൊണ്ട് ഒട്ടേറെപ്പേര്‍ക്ക് തങ്ങളുടെ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അവസരം ലഭിയ്ക്കുന്നുണ്ട്. അത് നല്ലതായിത്തന്നെ കാണേണ്ടിയിരിയ്ക്കുന്നു.

ഈ-മലയാളി: വിമര്‍ശനങ്ങളെ എങ്ങനെയാണ് എഴുത്തുകാര്‍ അഭിമുഖീകരിയ്‌ക്കേണ്ടത് ?

ക്രിയാത്മകമായിരിയ്ക്കണം വിമര്‍ശനം. എഴുത്തുകാരന് ലഭിയ്ക്കുന്ന ഊര്‍ജ്ജമാണ് ശരിയായ വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ അതിരു കടക്കാറുണ്ട്. സൃഷ്ടിയെ വിമര്‍ശിക്കുന്നതിനേക്കാള്‍ സൃഷ്ടാവിനെ വിമര്‍ശിയ്ക്കുകയും വ്യക്തിഹത്യ നടത്താന്‍ ശ്രമിയ്ക്കുകയും ചെയ്യുന്നത് അമാന്യമാണ്, അപലപനീയവുമാണ്. ഞാന്‍ ആഗ്രഹിയ്ക്കുന്നതുപോലെ മറ്റൊരാള്‍ എഴുതണമെന്ന് വാശിപിടിക്കുന്നതില്‍ അര്‍ത്ഥമില്ല. അഥവാ ഞാന്‍ പറയുന്നതാണ് ശരിയെന്ന് ധരിയ്ക്കുന്നത് തെറ്റാണ്. ആവിഷ്‌കാരസ്വാതന്ത്ര്യം എഴുത്തുകാരന്റെ അവകാശമാണ്. അതിനെ അംഗീകരിക്കുക. ക്രിയാത്കമായി വിമര്‍ശിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുവാനും എഴുത്തുകാര്‍ തയ്യാറാവണം. അവ നമ്മെ വളര്‍ത്തുകയേയുള്ളൂ എന്നതാണെന്റെ അഭിപ്രായം. വ്യക്തിഹത്യ നടത്തുന്നവരെ അവഗണിയ്ക്കുക, “Dogs bark, but the caravan moves on….”എന്നത് മറക്കാതിരിയ്ക്കുക. എഴുത്താര്‍ എപ്പോഴും ഓര്‍ക്കേണ്ടതാണ് ഈ അറബ് പഴമൊഴി.

അപലപനീയമായ മറ്റൊരു പ്രവണതയാണ് പ്രധാനമായും ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ അജ്ഞാത പ്രതികരണങ്ങള്‍. വിമര്‍ശിയ്ക്കുന്നവര്‍ എന്തിന് സ്വന്തം പേര് വെളിപ്പെടുത്തുവാന്‍ ഭയപ്പെടണം ? വ്യാജപേരുകളിലും പേര് വെളിപ്പെടുത്താതെയും ഒളിഞ്ഞിരുന്ന് വിമര്‍ശിയ്ക്കുന്നവര്‍ വികലവ്യക്തിത്വമുള്ളവരാണ്. അവരുടെ ജല്പനങ്ങളെ എഴുത്തുകാര്‍ തീര്‍ത്തും അവഗണിയ്ക്കുക. സാഹിത്യവാരഫലം പംക്തിയിലൂടെ പ്രൊഫ.എം.കൃഷ്ണന്‍ നായര്‍ എത്രയോ വലിയ എഴുത്തുകാരുടെ രചനകളെ വിമര്‍ശിച്ചിട്ടുണ്ട്. ? അതാണ് മാന്യത. സ്വന്തം പേര് വെളിപ്പെടുത്താന്‍ ഭയപ്പെടുന്നവരെ അവഗണിയ്ക്കുക. അവര്‍ മറുപടി അര്‍ഹിയ്ക്കുന്നില്ല.

ഈ-മലയാളി : പ്രവാസി സാഹിത്യം ഇപ്പോള്‍ നാട്ടിലെ സാഹിത്യകാരന്മാര്‍ എങ്ങനെ കാണുന്നു?

പ്രവാസി സാഹിത്യം എന്നൊന്നില്ല എന്നതാണ് എക്കാലത്തെയും എന്റെ നിലപാട്. സാഹിത്യത്തിന് ദേശാന്തരഭേദങ്ങള്‍ നല്‍കേണ്ടതില്ല. ഏത് ദേശത്തിനരുന്നെഴുതിയാലും അത് സാഹിത്യമാണ്. ബെന്യാമിന്റെ ആടുജീവിതം ബെഹിറിനിലിരുന്നെഴുതിയതാണ്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതികള്‍ വിറ്റഴിയ്ക്കുന്നത് ആ പുസ്തകമാണ്. ആടുജീവിതം പ്രവാസികളുടെ കഥയാണെങ്കിലും അതിനെ സമസ്തമലയാളികളും സ്വീകരിച്ചു. അത്തരം അനവധി കൃതികള്‍ സൂക്ഷിയ്ക്കപ്പെട്ടതുകൊണ്ടായിരിയ്ക്കണം ഇപ്പോള്‍ നാട്ടിലെ സാഹിത്യകാരന്മാര്‍ ആരെവിയിരുന്നെഴുതി എന്ന് നോക്കാതെ കൃതിയുടെ മൂല്യവും വായനാസുഖവും മാത്രം നോക്കി അവയെ വിലയിരുത്തുന്നത്. അമേരിയ്ക്കന്‍ മലയാളി എഴുത്തുകാരുടെ ഒരുപാട് രചനകള്‍ ഇപ്പോള്‍ കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു. അവയില്‍ മിക്കവയും വായനക്കാരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുന്നു. ഇവിടുത്തെ എഴുത്തുകാരുടെ പുസ്തകങ്ങള്‍ നാട്ടിലെ പ്രമുഖ പുസ്തകശാലകളില്‍ വിറ്റുപോവുന്നു. ഇതെല്ലാം നല്ല പ്രവണതയാണ്.

ഈ-മലയാളി: പ്രവാസികള്‍ എന്തിനെപ്പറ്റി എഴുതണം? നാട്ടിലെ ജീവിതമോ ഇവിടുത്തെ ജീവിതമോ ?

എന്തെഴുതണം എന്ന് നമുക്ക് കല്പിക്കാനാവില്ല. പ്രവാസികളായ എഴുത്തുകാര്‍ സ്വന്തം നാടിനെപ്പറ്റിയോ പ്രവാസ നാടിനെപ്പറ്റിയോ എഴുതട്ടെ. ഗൃഹാതുരത്വം എന്നും ഒരു പ്രവാസിയെ മഥിച്ചുകൊണ്ടിരിയ്ക്കും. പിന്നെ നാട്ടിലെ അനുഭവങ്ങളും ഓര്‍മ്മകളും പ്രവാസ ജീവിതത്തില്‍ നിന്നും ആര്‍ക്കും തുടച്ചുനീക്കാനാവില്ല. അതുകൊണ്ട് എഴുത്തുകാരെ വെറുതെ വിടുക. അവര്‍ അവരുടെ അനുഭവങ്ങളുടെയും സ്മരണകളുടെയും തീച്ചൂളയില്‍ ഉരുക്കിയെടുക്കുന്ന തങ്കവിഗ്രഹങ്ങളായി ഓരോ രചനകളെയും കാണണമെന്നാണ് എന്റെ അഭിപ്രായം. നൈസര്‍ഗ്ഗിയമായ വാസനയും വായനാസമ്പത്തും ഇല്ലാത്തവര്‍ക്ക് എഴുതാനാവില്ലെന്ന് പറയുന്നത് ശരിയാണ്. ഇന്നതേ അല്ലെങ്കില്‍ ഇന്നതിനേപ്പറ്റിയേ എഴുതാവൂ എന്ന് എഴുത്തുകാരോട് പറയരുത് എന്നത് അതിനേക്കാള്‍ വലിയ ശരിയാണ്. അവര്‍ എന്തെങ്കിലും എഴുതട്ടെ. വായനക്കാരെ സൃഷ്ടിയ്‌ക്കേണ്ടത് കൃതിയുടെ സ്വീകാര്യതയാണ്. നല്ല കൃതികള്‍ക്ക് നല്ല വായനക്കാരുമുണ്ടാകും.

ഈ- മലയാളി : ലാന കൊണ്ട് എന്താണ് പ്രയോജനം ?

ഒരുപാട് പ്രയോജനങ്ങളുണ്ട്. അമേരിക്കയിലെ മലയാളി എഴുത്തുകാരുടെ സ്‌നേഹവീടാണ് ലാന. 1997 ജൂണ്‍ മാസം മുതല്‍ ഇന്നേവരെയുള്ള കാലഘട്ടം ഇവിടുത്തെ എഴുത്തുകാരുടെ ബൗദ്ധികമായ വളര്‍ച്ചയ്ക്ക് ലാന ഒരു പൊതുവേദിയൊരുക്കിയെന്ന നിലയില്‍ ശ്രദ്ധിയ്ക്കപ്പെട്ടിട്ടുണ്ട്. പണ്ടൊക്കെ ഇവിടുത്തെ എഴുത്തുകാര്‍ക്ക് ഒത്തുകൂടുവാനും സാഹിത്യം ചര്‍ച്ച ചെയ്യുവാനുമായി ഒരു പൊതുവേദി ദേശീയതലത്തില്‍ ഉണ്ടായിരുന്നില്ല. ഫൊക്കാനാ പോലുള്ള സംഘടകളുടെ പുറംവരാന്തകളില്‍ ഒതുങ്ങിക്കൂടിയിരുന്ന അവര്‍ക്ക് ഇന്ന് ലാനയെന്ന കുലീന സംഘടയുടെ അകത്തളങ്ങളില്‍ കസേര വലിച്ചിട്ടിരിയ്ക്കാനുള്ള അവസരമായിരിയ്ക്കുന്നു. സ്ത്രീപുരുഷ ഭേദമെന്യേ ഇപ്പോള്‍ എഴുത്തുകാര്‍ ലാന സമ്മേളനങ്ങളില്‍ ആവേശത്തോടെയും അഭിമാനത്തോടെയും പങ്കെടുക്കുന്നു. നാട്ടില്‍ ചെല്ലുമ്പോഴും ലാനയുടെ മേല്‍വിലാസം അവര്‍ക്ക് കൂടുതല്‍ ബഹുമാന്യത നല്‍കുന്നു. സാഹിത്യ അക്കാദമിയിലും മറ്റ് പ്രമുഖ ഗ്രന്ഥശാലകളിലും ലാന കുടുംബാംഗങ്ങളുടെ പുസ്തകങ്ങള്‍ ലിസ്റ്റ് ചെയ്യപ്പെടുന്നു, വായിയ്ക്കപ്പെടുന്നു. ലാനയുടെ ഭാഗമായി പ്രവര്‍ത്തിയ്ക്കുമ്പോള്‍ എഴുത്തുകാര്‍ക്ക് കൂട്ടായ്മയുടെ സംതൃപ്തി ലഭിയ്ക്കുന്നു എന്നത് നിഷേധിയ്ക്കാനാവാത്ത വസ്തുതയാണ്.

ഈ-മലയാളി : പത്തുവര്‍ഷം കഴിയുമ്പോള്‍ ലാന ഏതു തലത്തില്‍ എത്തണമെന്നാഗ്രഹിയ്ക്കുന്നു?

പത്തുവര്‍ഷം കഴുയുമ്പോഴുള്ള ലാനയെ ഞാന്‍ കാണുന്നത് അമേരിക്കയിലെ രണ്ടാം തലമുറയിലെയും മൂന്നാം തലമുറയിലെയും എഴുത്തുകാര്‍ക്കു കൂടി സജീവ പങ്കാളിത്തമുള്ള ഒരു സംഘടനയെയാണ്. ഇപ്പോള്‍ ഇംഗ്ലീഷിലെഴുതുന്ന ഒരുപാട് കുട്ടികള്‍ നമുക്കിടയിലുമുണ്ട്. എനിയ്ക്കടുത്തറിയാവുന്ന ഒരു മലയാളി സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ ഒരു സമ്പൂര്‍ണ്ണ നോവല്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ചിരുന്നു. നാട്ടില്‍ നിന്നും ഇമിഗ്രേറ്റ് ചെയ്തുവരുന്ന കുടുംബങ്ങളിലെ കുട്ടികളില്‍ പലരും ഇംഗ്ലീഷിലും മലയാളത്തിലും  സാഹിത്യസപര്യ നടത്തുന്നവരാണ്. മലയാളി എഴുത്തുകാരുടെ ഭാവി ഇത്തരം കൊച്ചു കൂട്ടുകാരിലാണ്. നാളത്തെ എം.ടി.യെയും സക്കറിയയെയും സി.രാധാകൃഷ്ണനെയുമൊക്കെ ഇവരില്‍ കണ്ടുകൊണ്ട് ലാ വളരണമെന്നാണാഗ്രഹം. 

ഈ-മലയാളി: ലാന ഭാരവാഹത്വം ഒരു ഭാരമാണോ ? 

ഒരിയ്ക്കലുമല്ല. ലാന ഭാരവാഹിത്വം ഒരു ആദരണീയ സ്ഥാനമായിട്ടാണ് ഞാന്‍ കാണുന്നത്. അമേരിയ്ക്കയിലെത്തിയതിനുശേഷം മലയാളി സാമൂഹ്യമേഖലയില്‍ ഞാന്‍ ഏറ്റെടുത്ത ഏറ്റവും മഹനീയപദവിയായിരുന്നു ലാനയുടെ സാരഥ്യം. അനുഭവസമ്പത്തും സഹകരണമനസ്ഥിതിയുമായുള്ള മികച്ചൊരു ടീമിനെ ഒപ്പം ലഭിച്ചതുകൊണ്ട് എന്റെ യാത്ര സുഗമമായിരുന്നു. ചെയ്യാനാഗ്രഹിച്ച മിക്കവാറും എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കാന്‍ സാധിച്ചു. 

നമ്മുടെ ആറ്റിറ്റിയൂഡ് പോലെയിരിയ്ക്കും ഏതു പ്രവര്‍ത്തനമേഖലയിലെ വിജയവും എന്നതാണ് എന്റെ ജീവിതപ്രമാണം.  എബ്രഹാം ലിങ്കന്റെ ഒരു വാചകമാണ് ജീവിതത്തില്‍ എന്നും എന്നും വഴി നടത്തുന്നത് : “We can complain because rose bushes have thorns, or rejoice because thorn bushes have roses.” ഏത് പ്രതിസന്ധിയിലും പിന്നീട് ലഭിയ്ക്കുവാന്‍ പോകുന്ന ആ പനിനീര്‍ പൂഷ്പത്തെ സ്വപ്നം കാണുമ്പോള്‍ നമുക്ക് സധൈര്യം മുന്നോട്ട് പോകുവാന്‍ സാധിക്കും. ലാനയുടെ മാത്രമല്ല, എല്ലാ സംഘടനാ നേതാക്കളോടും എനിയ്ക്ക് അതാണ് പറയാനുള്ളത്. 

ഈ-മലയാളി: അവസാനമായി വ്യക്തിപരമായി ഇപ്പോള്‍ നടത്തുന്ന സാഹിത്യപ്രവര്‍ത്തനം?

ഒരു നോവല്‍ രചനയുടെ പണിപ്പുരയിലാണിപ്പോള്‍, അമേരിക്കയിലെ രണ്ടാം തലമുറയിലെ ഒരു മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തില്‍ കേരളവും വടക്കേ ഇന്ത്യയും അമേരിക്കയും ഉള്‍പ്പെടുന്ന വിശാലമായ കാന്‍വാസിലാണ് കഥ പറയുന്നത്. രണ്ട് വര്‍ഷത്തിനുള്ളില്‍ പ്രസിദ്ധീകരിയ്ക്കണമെന്നാണാഗ്രഹം.

വിവിധ ലേഖനങ്ങളുടെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണമെന്ന് സമീപഭാവിയിലെ പ്രൊജക്ട്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ എന്റെ ഒരു കഥാസമാഹാരവും ഒരു കവിതാസമാഹാരവും പ്രസിദ്ധീകരിയ്ക്കുവാന്‍ സാധിച്ചു. മൂന്നാമത്തെ പുസ്തകത്തിന്റെ പ്രകാശനത്തിനുശേഷം നോവല്‍ രചന പൂര്‍ത്തിയാക്കണമെന്നാണ് ഉദ്ദശിയ്ക്കുന്നത്.

**************************





സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ഷാജന്‍ ആനിത്തോട്ടം
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ചിക്കാഗോ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ഹെമ്മിംഗ്‌വെ മ്യൂസിയം - ലാനാ യാത്ര
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ലാനാ കേരളാ കണ്‍വെന്‍ഷന്‍ പെരുമ്പടവം ഉദ്ഘാടനം ചെയ്യുന്നു
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
മീഡിയാ സെമിനാര്‍ തോമസ് ജേക്കബ് ഉദ്ഘാടനം ചെയ്യുന്നു
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ലാനാ ഡെലിഗേറ്റ്‌സിന്റെ ടൂര്‍ ഓഫ് അക്കാദമി ലൈബ്രററി
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
കലാമണ്ഡലം പരിപാടികള്‍ വാസന്തി മേനോന്‍ ഉദ്ഘാടനം ചെയ്യുന്നു.
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
കവിയരങ്ങ് കവി നരേന്ദ്രമേനോന്‍ ഉദ്ഘാടനം ചെയ്യുന്നു.
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
എം.ടി.വാസുദേവന്‍ നായര്‍ തുഞ്ചന്‍പറമ്പ് മീറ്റിംഗ് ഉദ്ഘാടനം ഉദ്ഘാടനം ചെയ്യുന്നു.
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
അതിഥികളും ഡെലിഗേറ്റ്‌സുകളും എം.ടിയോടൊപ്പം
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
10-ാമത് ലാനാ കണ്‍വെന്‍ഷന്‍ ബെന്യാമിന്‍ ഉദ്ഘാടനം ചെയ്യുന്നു
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ലാനേയം കവര്‍
സംതൃപ്തിയോടെ പടിയിറങ്ങുന്നു.....ഷാജന്‍ ആനിത്തോട്ടവുമായി അഭിമുഖം
ബേബി സേവ്യര്‍
Join WhatsApp News
Mohan Parakovil 2016-01-04 14:13:04
അമേരിക്കൻ മലയാളികളുടെ ഭാഷാ സ്നേഹത്തേയും അവരുടെ സർഗ്ഗ സുർഷ്ടികളേയും
കുറിച്ച് അറിയാൻ കഴിഞ്ഞ തുഞ്ചത്ത്
എഴുത്തച്ഛൻ ഒരു രണ്ടാം ജന്മവും അമേരിക്കയിലേക്ക്
വിസയും ചോദിച്ചുവെന്ന് ഒരു വാർത്ത നാട്ടിൽ
പരന്നിട്ടുണ്ട്. ലാന സംഘടിപ്പിച്ച സമ്മേളനം
അദ്ദേഹത്തിന്റെ കുഴിമാടത്തെ പുളകം കൊള്ളിച്ച് നിത്യജീവന്റെ നെയ്ത്തിരി നാളം അദ്ദേഹത്തിനായി  വീണ്ടും ഉണർന്നുവത്രെ . ഹോ , മലയാളാ ഭാഷ കോരിത്തരിക്കുന്നുണ്ടാകും. അമേരിക്കൻ മലയാളി എഴുത്തുകാർ നീണാൾ വാഴട്ടെ .  എഴുത്തച്ഛൻ വീണ്ടും ജനിക്കുമോ
ജനിച്ചാൽ അദ്ദേഹത്തിനു അമേരിക്കയിലേക്ക് വിസ
കിട്ടുമോ, അവിടത്തെ ഫൊക്കാനയും ഫോമയുംഅദ്ദേഹത്തെ സ്വീകരിക്കുമോ ലാനേയം
വായിച്ച് എഴുത്തച്ഛൻ അന്തം വിടുമോ കാത്തിരുന്നു
കാണാം .  നാട്ടിൽ നിന്നും മോഹൻ പാറകോവിൽ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക