Image

പുതുവര്‍ഷം സംഘടനകള്‍ക്ക് പുതിയ അജണ്ട: വാര്‍ധക്യത്തെ നമുക്ക് സംരക്ഷിക്കാം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 05 January, 2016
പുതുവര്‍ഷം സംഘടനകള്‍ക്ക് പുതിയ അജണ്ട:  വാര്‍ധക്യത്തെ നമുക്ക് സംരക്ഷിക്കാം (ശ്രീകുമാര്‍ ഉണ്ണിത്താന്‍)
അമേരിക്കന്‍ മലയാളികളുടെ പുതുവര്‍ഷം ഒരു പുതിയ ചിന്തയ്ക്ക് വഴിമരുന്ന് ഇടുകയാണ്. നമ്മുടെ സംഘടനകള്‍ കുറേക്കുടി ആര്‍ജ്ജവത്തൊടുകൂടി ചിന്തിക്കേണ്ട ഒരു വലിയ വിഷയത്തെ കൂടുതല്‍ ചിന്തകള്‍ക്കായി അമേരിക്കന്‍ മലയാളികള്ക്ക് മുന്നില് അവതരിപ്പിക്കുന്നു .

ഇതാകട്ടെ നമ്മുടെ പുതുവര്‍ഷ ചിന്ത. കെടുതികളിലും സങ്കടങ്ങളിലും മുഴുകി എങ്ങിനെയെങ്കിലും ഒന്നു മരിച്ചു കിട്ടിയാല്‍ മതി എന്നു വിചാരിക്കുന്ന ചില വൃദ്ധരും അവരെക്കൊണ്ടു പൊറുതിമുട്ടിയ മക്കളും ഒരുപക്ഷേ ഈ തലവാചകം കണ്ട് ചിരിക്കുമായിരിക്കും. 'നിങ്ങള്‍ക്കറിയില്ല, വാര്‍ധക്യം ദുസ്സഹം സുഹൃത്തേ' എന്നവര്‍ തിരിച്ചുപറയുന്നുമുണ്ടാകും.

ശരിയാണ്, നമ്മുടെ നാട്ടിലെ പത്രവിശേഷങ്ങളും മാധ്യമ ദൃശ്യങ്ങളും നമ്മെ വല്ലാതെ വ്യാകുലപ്പെടുത്തുന്നുണ്ട്. അച്ഛനമ്മമാരെ ഉപദ്രവിക്കുകയും വൃദ്ധസദനങ്ങളിലോ സത്രങ്ങളിലോ ഉപേക്ഷിച്ച് കടന്നുകളയുകയും വേണ്ടി വന്നാല്‍ ഇല്ലാതാക്കുകയും ചെയ്യുന്ന മക്കളെക്കുറിച്ചും ബന്ധുക്കളെ കുറിച്ചുമുള്ള വാര്‍ത്തകള്‍ നിറയുമ്പോള്‍ നമ്മള്‍ പ്രവാസികള്‍ നമ്മുടെ മാതാപിതാക്കളെ നെഞ്ചോട് ചേര്ത്തു പിടിക്കാറുണ്ട് .

പക്ഷെ നമുക്ക് നമ്മുടെ ഇനിയുള്ള ശുഭാപ്തി വിശ്വാസം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്നില്ലെന്ന് പലരും പറയുന്നത് ഒന്ന് ശ്രദ്ധിക്കെണ്ടതാണ്.
നമ്മുടെ ആരോഗ്യ നിലവാരം കഴിഞ്ഞ നാല്‍പതുവര്‍ഷം കൊണ്ടു പതിന്മടങ്ങായി വര്‍ധിച്ചതും വൃദ്ധരുടെ മരണനിരക്ക് പതിന്മടങ്ങ് കുറഞ്ഞതും നാം മറന്നുകൂടാ.

അന്‍പതു വര്‍ഷം മുമ്പ്, അന്‍പതുവയസ് കഴിഞ്ഞാല്‍ മനുഷ്യന്റെ പല്ലു കൊഴിഞ്ഞു ശരീരം ചുക്കിച്ചുളിയാന്‍ തുടങ്ങുമായിരുന്നു. അറുപതുകാരില്‍ മിക്കവാറും പേര്‍ അന്ന് വടിയെ ആശ്രയിച്ച് നടന്നവരായിരുന്നു. എന്നാലിന്ന് എണ്‍പതും തൊണ്ണൂറും കഴിഞ്ഞവര്‍ പോലും സുഖമായി ആരേയും ആശ്രയിക്കാതെ ഓടിച്ചാടി നടക്കുന്ന കാഴ്ചയാണ് നമ്മുടെ മുമ്പിലുള്ളത്.

ഈ സാധ്യത മലയാളി സംഘടനകള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ലേ. അതിനായി ചില പദ്ധതികള്‍ ഫൊക്കാന, ഫോമാ പോലെ ഉള്ള സംഘടനകള്‍ തുടങ്ങി വയ്ക്കണം. അതിനു ഇനി വരുന്ന കണ്‍വെന്‍ഷനുകളില്‍ ചര്‍ച്ചകള്‍ ഉണ്ടാകണം.
മാതാപിതാക്കള്‍ എന്ന് പറഞ്ഞാല്‍ സര്‍വ്വാദരണീയര്‍ എന്ന പരിഗണനയും ചിന്തയും പൊതുസമൂഹത്തിന്റെ മനസ്സില്‍ ഇപ്പോഴും ഉണ്ട്. ഇതിന് തെളിവാണ് അവഗണിക്കപ്പെടുന്ന അച്ഛനമ്മമാരോട് പ്രത്യേകം ധാര്‍മ്മിക പരിഗണന പുലര്‍ത്തും വിധം വാര്‍ത്തകള്‍ പ്രത്യക്ഷപ്പെടുന്നത്.

എവിടെ ആയാലും ഒരാള്‍ അവഗണിക്കപ്പെടുന്നത് എന്തുകൊണ്ടെന്ന് നാം ചിന്തിക്കണം. സ്വന്തം ശക്തി നശിക്കുക അഥവാ ശക്തി പ്രകടിപ്പിക്കാന്‍ കഴിയാതാവുക, എല്ലാത്തിനും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുക, മറ്റുള്ളവര്‍ക്ക് ഒരു ഭാരമാവുക, വേണ്ടാത്തിടത്ത് അഭിപ്രായം പറയുക, അരുതാത്തത് ചെയ്യുക, അര്‍ഹമല്ലാത്ത സ്ഥാനമോ വസ്തുവോ ആഗ്രഹിക്കുക തുടങ്ങി നിരവധി കാരണങ്ങള്‍ കൊണ്ടാണു ഒരാള്‍ സമൂഹത്തിലും വീട്ടിലും അവഗണിക്കപ്പെടുന്നത്.

ഈ ബോധം വൃദ്ധര്‍ക്കു മാത്രമല്ല എല്ലാവര്‍ക്കും നിശ്ചയമായും ഉണ്ടാകണം. അതോടൊപ്പം വാര്‍ധക്യത്തിന്റേതായ അശക്തിയും കൂടിയാകുമ്പോള്‍ സങ്കടം കൂടും എന്നതാണു സത്യം.

ചില കൊച്ചുകൊച്ചു കാര്യങ്ങള്‍ ഓര്‍ത്താല്‍ ജീവിതം സുഖം. സ്വന്തം ഉത്തരവാദിത്വങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചോ എന്ന് ചിന്തിച്ച് വിലയിരുത്തണം. ചെയ്തു തീരാത്തത് വേഗം നാം ചെയ്യണം. സദാ പ്രവൃത്ത്യുന്മുഖമാകണം നമ്മുടെ ചിന്തകളും ആശയങ്ങളും എന്ന് വിചാരിക്കണം.

അത് പ്രാവര്‍ത്തികമാക്കാന്‍ ഒരു വിധത്തിലുള്ള നെഗറ്റീവ് ധാരണകളോ നാശോന്മുഖ ശ്രമങ്ങളൊ നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്ന് നാം ഉറപ്പു വരുത്തുകയും വേണം.

പുതു തലമുറ ഏറെ ശുചിത്വ ബോധത്തോടെയും കലാപരമായും ജീവിക്കുന്നവരാണെന്ന് കണ്ടാല്‍ അവര്‍ക്ക് അതിനുള്ള എല്ലാ പിന്തുണയും നല്‍കണം. ഇതിനൊക്കെ നമ്മുടെ പഴയ തലമുറയ്ക്ക് കഴിയും അത് ഏറ്റുവാങ്ങുവാന്‍ പുതു തലമുറയ്ക്ക് കഴിയും. അതിനു അവരെ സജ്ജമാക്കുവാന്‍ നമുക്ക് കഴിയണം.

ശിഷ്ടകാലം അമേരിക്കയില്‍ കഴിയുന്നവര്‍ക്ക് ഒത്തുകൂടാന്‍ ഒരു സ്ഥലം, പ്രവര്‍ത്തന നിരതരാകുവാന്‍ ഒരു പ്രബല സംഘടനകളുടെ സഹായം, ഇതൊക്കെ ചേര്ത്തു നമുക്ക് ഒന്നു ചിന്തിച്ചു കൂടെ ഈ പുതു വര്‍ഷത്തില്‍ .. 
Join WhatsApp News
rEjIcE 2016-01-05 15:47:41
ഞങ്ങൾ CHRISTIANS, നു  പള്ളിയും അച്ച്നും ഒക്കെ ഉണ്ട് , പ്രായം ആകുമ്പോൾ അവർ ഞങ്ങളെ നോക്കിക്കൊള്ളും  ശ്രീ കുമാറേ .....
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക