Image

ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-22

Published on 21 January, 2012
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-22
എത്രനാള്‍ കാത്തിരിക്കണം? ഇങ്ങനെയുള്ള ആശങ്കകളാണ് കാലത്തെയും ദേശത്തെയും പറ്റി ചിന്തിക്കാനെന്നെ പ്രേരിപ്പിച്ചത്.
കാലത്തിനും ദേശത്തിനും ഒരു രൂപവുമില്ലെന്ന് ഞാന്‍ തിരച്ചറിഞ്ഞിരുന്നു. അതുപോലെ അവര്‍ക്ക് ആദിയോ അന്തമോയില്ല. ഈ ലോകത്തു കാണുന്ന എല്ലാ ചരാചരങ്ങളും കാലത്തിന്റെയും ദേശത്തിന്റെയും ശൂന്യതയിലാണ് സ്ഥിതി ചെയ്യുന്നത്. ആദിയോ അന്തമോയില്ലാത്തതെല്ലാം ഒന്നുതന്നെയാണെന്ന് ഞാന്‍ വിശ്വസി
ച്ചു. ഈ ഒന്നിന് വളരെ പ്രാധാന്യമുള്ളതുകൊണ്ട് അത് തന്നെയാവണം പ്രപഞ്ചം. എന്നാല്‍ പ്രപഞ്ചത്തില്‍ നടക്കുന്ന സംഭവങ്ങളെ നിയന്ത്രിക്കുന്നതാര്? അങ്ങനെയൊരു നിയമശക്തിയുണ്ടോ?
ഇതില്‍ മനസ്സിന്റെ (mind) പ്രാധാന്യമെന്താണ്? മനസിനെ ശിക്ഷണപ്പെടുത്തി ലോകത്തെങ്ങുമുള്ള അശരണരും നിര്‍ദ്ധനരുമായ ജനങ്ങളുടെ സര്‍വ്വോത്മുഖമായ ഉന്നമനത്തിനായി എങ്ങിനെ പ്രവര്‍ത്തിക്കാമെന്നാണെനിക്ക് അറിയേണ്ടിയിരുന്നത്. അതായിരുന്നല്ലോ യേശുവിന്റെ സന്ദേശം.
ഞാന്‍ : “പ്രപഞ്ച സംഭവങ്ങളെ നിയന്ത്രിക്കുന്നതാര്? പ്രപഞ്ചത്തെക്കുറിച്ചു തന്നെ എനിക്കവ്യക്തമായ ധാരണയേയുള്ളൂ.”
ഹോസ് : “അതിന് പ്രപഞ്ചമെന്ന സംജ്ഞ കൊണ്ട് നാമെന്താണര്‍ത്ഥമാക്കുന്നതെന്ന് ആദ്യം തീരുമാനിക്കണം. എന്റെ അ
ിവില്‍ പഞ്ചദ്രവ്യങ്ങളുടെ സമാഹാരമാണ് പ്രപഞ്ചം.”
ഞാന്‍ : “പഞ്ചദ്രവ്യങ്ങളെന്തെല്ലാമാണ്?”
ഹോസ് : “ഞാന്‍ ഗ്രീക്ക് പണ്ഡിതന്‍മാര്‍ ഈ വിഷയത്തെക്കുറിച്ചെഴുതിയ പല ഗ്രന്ഥങ്ങളും വായിച്ചിട്ടുണ്ട്. അതില്‍ നിന്നുമറിഞ്ഞത് ഞാന് ചുരുക്കി മേരിയോട് പറയാം.”
ഞാന്‍ : “അതെനിക്ക് വലിയ ഉപകാരമായിരിക്കും.”
ഹോസ് : “ആകാശം, അഗ്നി, വായു, ജലം, പൃഥി എന്നിവയാണ് പഞ്ചദ്രവ്യങ്ങള്‍. ഇതിന്റെ സമാഹാരമാണ് പ്രപഞ്ചം. പഞ്ചദ്രവ്യങ്ങളെ നമുക്ക് ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് കേട്ടോ കണ്ടോ തൊട്ടോ മണത്തോ അറിയാന്‍ കഴിയും. എന്നാല്‍ ബാഹ്യേന്ദ്രിയങ്ങള്‍ കൊണ്ട് ഗ്രഹിക്കാന്‍ കഴിയാത്തതാണ് കാലവും ദേശവും. ഇന്ദ്രയഗോചരങ്ങളല്ലാത്തതുകൊണ്ട് മേരി വിചാരിക്കുന്നതുപോലെ തന്നെ കാലദേശത്തിനു രൂപമില്ല. എന്നാല്‍ പ്രപഞ്ചത്തില്‍ വ്യവഹാരമുണ്ട്.”
ഞാന്‍ : “എനിക്കു മനസ്സിലാകുന്നു. എന്നാലു കുറച്ചുകൂടെ വിശദമാക്കിയാല്‍ കൊള്ളാം.”
ഹോസ് മുമ്പു പറഞ്ഞ പഞ്ചദ്രവ്യങ്ങളിലൂടെ മാത്രമാണ് കാലത്തെയും ദേശത്തേയും പറ്റിയുള്ള അറിവ് നമുക്ക് കിട്ടുന്നത്. ഈ അറിവിന്റെ ഉറവിടം ആത്മാവാണ്. പഞ്ചേന്ദ്രിയങ്ങളിലൂടെ പ്രപഞ്ചത്തെയും അതിലെ കര്‍മ്മം, സമവായം എന്നിവയെ ആത്മാവിന്റെ വിഷയങ്ങളാക്കി തരുന്ന ഒരു ഉപാധിയാണ് മനസ്. ഇങ്ങനെ നോക്കുമ്പോള്‍ മനസിന്റെ വ്യാപരണം കൊണ്ടാണ് കാലദേശബോധമുണ്ടാകുന്നതെന്നു കാണാം. അപ്പോള്‍ മനുഷ്യരാശിയുടെ മനസിന്റെ പ്രവര്‍ത്തനം സംഭവങ്ങളെ നിയന്ത്രിക്കുന്ന ഒരു ശക്തിയാണെന്നും അനുമാനിക്കാം.
ഞാന്‍ : “അപ്പോള്‍ മനസിനെ എങ്ങനെ മനുഷ്യരുടെ നന്മയ്ക്കായി ഉപയോഗിക്കണമെന്നാണ് നാം ആലോചിക്കേണ്ടത്. നമുക്കു ചുറ്റും നടക്കുന്ന സംഭവങ്ങള്‍ നോക്കുക. പാവപ്പെട്ട ഒരു കര്‍ഷകന്‍ , അയാള്‍ കൃഷിചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥന്‍ , കൃഷി നഷ്ടമായാലുമില്ലെങ്കിലും ഉടമയ്ക്കുള്ള വിഹിതം കൊടുക്കണം. ഇത് കൃഷിക്കാരനെ നിത്യദാരിദ്ര്യത്തിലേക്കല്ല തള്ളിവിടുന്നത്.”
ഹോസ് : “ശരി തന്നെ. യജമാനന് അയാളോടു കരുണയാണ് തോന്നേണ്ടത്.”
ഞാന്‍ : “അതുകൊണ്ടല്ലേ, യജമാനന്മാരെ, നിങ്ങള്‍ ഭൃത്യര്‍ക്കു നീതിയും ധര്‍മ്മവുമനുസരിച്ച് അവര്‍ക്ക് അവകാശപ്പെട്ടതു കൊടുക്കൂ എന്ന് പരിശുദ്ധാത്മാവ് ആവശ്യപ്പെടുന്നത്.”
ഹോസ് : “സമുദായത്തില്‍ കലഹം സൃഷ്ടിക്കാതെ നമ്മുടെ ആതുരശുശ്രൂഷ കൊണ്ട് പാവപ്പെട്ടവരുടെ സഥിതി മെച്ചപ്പെടുത്തുകയാണ് ആവശ്യം.”
ഹോസിന് നന്ദി പറഞ്ഞ്, എനിക്കു രാത്രി പ്രാര്‍ത്ഥയ്ക്ക് സമയമായതുകൊണ്ട് ഞാനതിനായി ഒരുക്കിയിരുന്ന മുറിയിലേക്കു പോയി.
അടുത്ത ദിവസമൊരു ഞായറാഴ്ചയായിരുന്നു!
കൂട്ടായ്മയ്ക്കുശേഷം പതിവുപോലെ നടത്താറുള്ള ചോദ്യോത്തരവേള കഴിഞ്ഞപ്പോഴാണ് മാര്‍ക്കോസ് വൃദ്ധനായ ഒരു കര്‍ഷകനെ എന്റെ മുന്നില്‍ കൊണ്ടു വന്നത്. അയാളുടെ രണ്ടു കാതുകളും മൂര്‍ച്ചയുള്ള കത്തികൊണ്ട് മുറിച്ചുമാറ്റിയിരുന്നു. ഭീതിയും ദുഃഖവും അയാളുടെ മുഖത്ത് മാറിമാറി നിഴല്‍ വീശിയിരുന്നു. സംസാരിക്കാന്‍ തന്നെ ബുദ്ധിമുട്ടിയിരുന്നതുകൊണ്ട് കാര്യമെല്ലാം പറഞ്ഞത് മാര്‍ക്കോസാണ്. ഈ സാധു അനുഭവിച്ച കഷ്ടപ്പാടുകള്‍ മാര്‍ക്കോസ് നേരിട്ടന്വേഷിച്ചു മനസ്സിലാക്കിയിരുന്നു. ഞങ്ങളുടെ കൂട്ടായ്മയില്‍ നിന്ന് മൂന്നോ നാലോ മൈലകലെയാണയാള്‍ താമസിച്ചിരുന്നത്. സ്വന്തമായി കൃഷിചെയ്യാന്‍ ഭൂമിയില്ല. ഒരു വലിയ കുടുംബത്തെ പുലര്‍ത്തേണ്ട ചുമതലയുമുണ്ട്. കൃഷി ചെയ്യുന്ന ഭൂമിയുടെ ഉടമസ്ഥന്‍ മുന്‍കോപിയും ദുര്‍വൃത്തനുമായിരുന്നു. കാലപ്പിഴകൊണ്ട് കൃഷിനഷ്ടത്തിലായ കര്‍ഷകന്‍ ഭൂവുടമയ്ക്കു കൊടുക്കേണ്ട വിഹിതം കൊടുക്കാന്‍ താമസിച്ചതില്‍ ക്രുദ്ധനായ അയാളുടെ കിങ്കരന്മാരെ കൊണ്ടു ചെയ്യിച്ചതാണീകാതറപ്പ്.
ഞാന്‍ വളരെ നിര്‍ബന്ധിച്ചിട്ടാണ് അടുത്ത് ഇട്ടിരുന്ന ബഞ്ചില്‍ ആ സാധുവൃദ്ധന്‍ ഇരുന്നതുതന്നെ. പ്രാകൃതഭാഷയില്‍ അയാളനുഭവിക്കുന്ന ദാരിദ്ര്യവും അതുകൊണ്ടുണ്ടാകുന്ന രോഗം, അപമാനം തുടങ്ങിയ ദുരിതങ്ങളും അയാളെന്നോട് പറഞ്ഞു. അയാളുടെ തലക്കെട്ടില്‍ അങ്ങിങ്ങായി രക്തം പൊടിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചു. എനിക്ക് സഹതാപം തോന്നി. എങ്ങിനെയാണയാളെ സമാധാനിപ്പിക്കേണ്ടതെന്നറിയാതെ ഞാനൊട്ടു വിഷമിച്ചെങ്കിലും ഒരു ചെറിയ പ്രാര്‍ത്ഥനയ്ക്കുശേഷം ഞാനീക്കാര്യം ദേശാധിപന്റെ ശ്രദ്ധയില്‍പ്പെടുത്താമെന്നും പറഞ്ഞാശ്വസിപ്പിച്ചു. ആ കൃഷീവലന്റെ സാമ്പത്തികഭാരം അല്‍പമെങ്കിലും കുറയ്ക്കാന്‍ കൂട്ടായ്മയിലെ ധനശേഖരത്തില്‍ നിന്നൊരു സംഖ്യ മാസംതോറും കൊടുക്കാനും ഞാന്‍ മാര്‍ക്കോസിനെ പറഞ്ഞേല്‍പ്പിച്ചു. ഏതാനും ദിവസം കഴിഞ്ഞ് മറ്റെന്തോ കാര്യത്തിന് ദേശാധിപന്‍ എന്നെ കാണാന്‍ വന്നപ്പോള്‍ കാര്യമെല്ലാം അയാളെ ധരിപ്പിച്ചു. അനീതി കാട്ടിയതിന് അടുത്ത പ്രാവശ്യം ഗ്രാമകൗണ്‍സില്‍ കൂടുമ്പോള്‍ ഭൂവുടമയ്ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും ഞാനാവശ്യപ്പെട്ടു. അങ്ങിനെ ചെയ്യാമെന്ന് ദേശാധിപനെനിക്കു വാക്കുതന്നു.
മാര്‍ക്കോസിന്റെ സംസാരത്തില്‍ നിന്ന് ഇതൊരൊറ്റപ്പെട്ട സംഭവമല്ലെന്നും, ധനാഢ്യരായ പലരും അവരുടെ ഭൃത്യജനങ്ങളോട് നീതിയും ധര്‍മ്മവുമനുസരിച്ചില്ല പെരുമാറുന്നതെന്നും എനിക്കറിയാനിടയായി. ആയിടയ്ക്ക് ഒരു ചെറിയ ഗ്രാമത്തിലെ ഭൂവുടമ അയാളുടെ രണ്ടു കുടികിടപ്പുകാരെ നുകത്തില്‍ കെട്ടി നിലം ഉഴുവിപ്പിച്ച പ്രക്ഷോഭജനകമായ വാര്‍ത്തയും ഞങ്ങളുടെ കൂട്ടായ്മക്കാരുടെ ഇടയില്‍ പ്രചരിച്ചിരുന്നു. ഉടമയുടെ കൃഷിക്കുപയോഗിക്കുന്ന കാളകള്‍ അന്നുരോഗം ബാധിച്ച് ചത്തുപോയത്രെ. മഴക്കാലം ആരംഭിക്കുന്നതിനു മുമ്പ് കൃഷിയിറക്കേണ്ട ഉടമകാളകള്‍ക്കു പകരം തന്റെ കുടികിടപ്പുകാരെ കെട്ടി നുകം വലിപ്പുക്കുകയായിരുന്നു. പണി വേഗം ചെയ്തില്ലെങ്കില്‍ ചാട്ടവാറുകൊണ്ടടിക്കാനും ഇവര്‍ മടിച്ചിരുന്നില്ല പോലും. ഇതില്‍ പരം അപലപനീയമായി മറ്റെന്താണുള്ളതെന്ന് ഞാനാശ്ചര്യപ്പെട്ടു. എന്റെ മനസ്സാകെ വ്യാകുലമായിരുന്നു!
അന്നു രാത്രി പ്രാര്‍ത്ഥന കഴിഞ്ഞ് ഞാന്‍ നേരത്തെ കിടപ്പറിയിലേക്കു പോയി. പതിവില്ലാതെ തലയ്ക്കല്‍പ്പം മാന്ദ്യത അനുഭവപ്പെട്ടു. ഇരുട്ടില്‍ അവ്യക്തമായ ശബ്ദങ്ങള്‍ ! എനിക്കാശങ്കയായി.
യേശു നിഷ്‌കാസനം ചെയ്ത ദുര്‍ഭൂതങ്ങള്‍ വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടുമെന്നേ അലട്ടാന്‍ തുടങ്ങുകയാണോ?
എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ വിഷമിച്ചു. ന്യായപ്രമാണങ്ങളടങ്ങിയ ഗ്രന്ഥമെടുത്ത് ഒരാവര്‍ത്തി വായിച്ചു നോക്കി. ചില സങ്കീര്‍ത്തനങ്ങളുരുവിട്ടു. പിന്നെയും കിടക്കയെതന്നെ അഭയം പ്രാപിച്ചു.
താമസിയാതെ നിദ്രാദേവിയെന്നേ പുണര്‍ന്നു!
പുഷ്പാലംകൃതമായ ഒരു ചെറുതോണിയില്‍ ഞാന്‍ ചെന്നടുത്തത് പവിഴപുറ്റുകള്‍ നിറഞ്ഞ അതിമനോഹരമായ ഒരു ദ്വീപിലാണ്. എല്ലായിടത്തും സ്വര്‍ണ്ണനിറമുള്ള മരങ്ങള്‍ . നിരവധി ജലവാഹിനികള്‍ കൊണ്ട് ദ്വീപ് അലംകൃതമായിരിക്കുന്നു. ഓടിച്ചാടിനടക്കുന്ന മാന്‍പേടകളും ജലാശയങ്ങളില്‍ സ്വച്ഛന്ദം വിഹരിക്കുന്ന അരയന്നങ്ങളും എവിടെയും കാണാം. ആ ദ്വീപിന് മധ്യത്തിലുള്ള മണിമന്ദിരത്തില്‍ നവരത്‌നങ്ങള്‍ പതിച്ച സ്വര്‍ണ്ണ നിര്‍മ്മിതമായ സഹസ്രദളതാമരയില്‍ സര്‍വാഭരണ ഭൂഷിതയും ആനന്ദപ്രദായിനിയുമായ ദേവി ആസനസ്ഥയായിരിക്കുന്നു. പ്രപഞ്ച വ്യാപാരങ്ങളായ സൃഷ്ടിസ്ഥിതിയലയത്തെ നിയന്ത്രിക്കുന്നതും സ്വയംദീപ്തവുമായ ചൈതന്യമാണ് ശക്തി സ്വരൂപിണിയായ ദേവി.
കാരുണ്യവതിയായ ദേവി വലതുകൈ നിവര്‍ത്തി വിരലുകള്‍ മുകളിലോട്ടാക്കി അഭയമുദ്രയും, ഇടതുകൈയിലെ വിരലുകള്‍ അധോമുഖമാക്കി വരദമുദ്രയും കാണിച്ചെന്നെ അനുഗ്രഹിച്ചു. ആദ്യത്തേത് ഉപാസകയെ എല്ലാ ആപത്തുകളില്‍ നിന്നും ദേവി രക്ഷിക്കുമെന്നും, രണ്ടാമത്തേത് ആവശ്യപ്പെടുന്നതെന്തും ദാനം ചെയ്യുമെന്നുമാണ് ധ്വനിപ്പിച്ചത്.
അഭയവരദായകയായ ദേവിയെ ഞാന്‍ പ്രണമിച്ചു.
ആനന്ദദായികയായ ദേവിയെ കടാക്ഷിച്ചിട്ട് ദയാപൂര്‍വ്വം അരുളിചെയ്തത് അവരുടെ വാക്കുകളില്‍ തന്നെ ഞാനിവിടെ സംക്ഷിപ്തമായി പറയാം.
“നിനക്കറിയേണ്ടത് ഏതു വിധത്തിലാണ് മനസ്സിനെ നിയന്ത്രിക്കേണ്ടതെന്നും, അതുകൊണ്ട് ലോകവ്യാപാരങ്ങളെ മനുഷ്യനന്മയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തേണ്ടതെന്നുമാണ്. അതിനു പല മാര്‍ഗ്ഗങ്ങളുണ്ടെങ്കിലും, ഏറ്റവും പ്രധാനമായത് എന്നെ അറിയിക്കുകയും ക്രിയാരീതികളിലൂടെ എന്നെ ഉപാസിക്കുകയുമാണ്.”
നിന്നില്‍ ഞാന്‍ പ്രത്യേകം പ്രസാദിച്ചരുന്നതുകൊണ്ട് നിന്റെ എല്ലാ ആഗ്രഹങ്ങളും സഫലമായി വരും. എന്റെ ദിവ്യശക്തിയുടെ ഒരംശം ഞാന്‍ ഇതാ നിനക്കും വരും. എന്റെ ദിവ്യശക്തിയുടെ ഒരംശം ഞാന്‍ ഇതാ നിനക്കും തരുന്നു. ഇത്രയും പറഞ്ഞ് എന്നെ വീണ്ടും കടാക്ഷിച്ചിട്ട് ദേവി അപ്രത്യക്ഷയായി…
സദാനന്ദലഹരീരൂപിണിയായ ദേവിയെ ഞാന്‍ വീണ്ടും വീണ്ടും പ്രണമിച്ചു!
പുലര്‍ച്ചയ്ക്കുതന്നെയുണര്‍ന്ന എനിക്ക് ഈ സ്വപ്നാനുഭവം ഒരു പുതുജീവന്‍ പ്രദാനം ചെയ്തതുപോലെ തോന്നി.
ഞാന്‍ ദിവസവും ദേവിയെ ഉപാസിച്ചുകൊണ്ടിരുന്നു. നാളുകള്‍ക്കു ശേഷം എന്തുകൊണ്ടാണെന്നറിഞ്ഞില്ല, അമാനുഷികമായ ചില സിദ്ധികള്‍ എനിക്കു കൈവന്നതുപോലെ അനുഭവപ്പെട്ടു. ദേവിയില്‍ നിന്ന് പരമജ്ഞാനം നേടിയ സ്ഥിതിക്ക് എന്റെ കഴിവുകള്‍ സ്മിര്‍നയിലും അതിന്റെ സമീപസ്ഥലങ്ങളിലുമുള്ള കര്‍ഷകരുടെ ഉന്നമനത്തിനുവേണ്ടി വിനിയോഗിക്കണമെന്ന് ഞാനാഗ്രഹിച്ചു. അതിനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് മാര്‍ക്കോസും സില്‍വാനിസുമായി ഞാന്‍ പല പ്രാവശ്യം സംസാരിച്ചു. അതിന് ഞങ്ങളൊരു പദ്ധതി തയ്യാറാക്കി. ആദ്യമായി കര്‍ഷകരുടെ അവകാശങ്ങളെ കുറിച്ച് അവരെ ബോധവാന്‍മാരാക്കണം. കാലപ്പിഴവുള്ള വര്‍ഷങ്ങളില്‍ ഭൂവുടമയുടെ വീതം നാല്‍പ്പതുശതമാനം കുറക്കണമെന്നും കുറഞ്ഞ പലിശയ്ക്ക് മൂലധനം അവര്‍ക്കു ലഭ്യമാക്കണമെന്നുമായിരുന്നു പ്രധാനപ്പെട്ട രണ്ടാവശ്യങ്ങള്‍ . പിന്നെയൊന്ന് ഒരു കര്‍ഷകനെയും അയാളുടെ സമ്മതം കൂടാതെ ഒരു പ്രത്യേക ജോലിക്ക് ഏര്‍പ്പെടുത്താന്‍ പാടില്ലെന്നതും. അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് അവരെ സംഘടിപ്പിക്കുകയും എല്ലാ കാര്യങ്ങളും ഗ്രാമാധിപന്‍മാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണം. സംഘട്ടങ്ങള്‍ കഴിവതും ഒഴിവാക്കണമെങ്കിലും അധര്‍മ്മത്തെയും അക്രമത്തേയും എതിര്‍ക്കേണ്ടത് മനുഷ്യന്റെ കടമയാണ്. ചിലപ്പോള്‍ ബലപ്രയോഗവും ആവശ്യമായി വരും. അതിനും എല്ലാവരും സന്നദ്ധരായിരിക്കണം. കര്‍ഷകരുടെ അവകാശങ്ങള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കൂട്ടായ്മകളിലെ പാസ്റ്ററന്മാരെക്കൊണ്ട് പ്രസ്താവനകളിറക്കാനും ഞാന്‍ ഉത്സാഹിച്ചിരുന്നു.
മാസങ്ങളോളം നീണ്ടുനിന്ന പരിശീലനം കൊടുത്ത് കര്‍ഷകരുടെ ഇടയില്‍ നിന്ന് ഏതാനും സന്നദ്ധ ഭടന്മാരെ സംഘടിപ്പിക്കാന്‍ മാര്‍ക്കോസിന് കഴിഞ്ഞു. അവരുടെ നിയന്ത്രണത്തില്‍ ഇരുന്നൂറോളം വരുന്ന കര്‍ഷകരെയും. ആദ്യമായി ഒരു മീറ്റിംഗ് വിളിച്ചുകൂട്ടി അവരെ അഭിസംബോധന ചെയ്ത് ഞാന്‍ തന്നെ ഒരു ചെറുപ്രസംഗം ചെയ്തു. കര്‍ഷകരുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകിട്ടാന്‍ എന്തു ത്യാഗവും സഹിക്കാന്‍ ഞങ്ങളൊരുക്കമാണെന്നും, അവരുടെ പ്രതിനിധി സംഘം എന്റെ നേതൃത്വത്തില്‍ ഓരോ ഗ്രാമാധിപനേയും കാണുമെന്നും ഞാന്‍ അവരോടു പറഞ്ഞു. ഇക്കാര്യത്തില്‍ കൂട്ടായ്മകളുടെ സഹകരണവും അവര്‍ക്കു വാഗ്ദാനം ചെയ്തു. കര്‍ഷക ജനതയെ നിഷ്‌കരുണം ചൂഷണം ചെയ്യുന്ന ഭൂവുടമകള്‍ക്ക് കടുത്ത ദൈവശിക്ഷ ലഭിക്കുമെന്നും അതുകൊണ്ടവര്‍ അശരണരായ കര്‍ഷകരുടെ അവകാശങ്ങള്‍ അനുവദിച്ചുകൊടുക്കണമെന്നുമാണ് ഞാന്‍ പറഞ്ഞതിന്റെ ചുരുക്കം.
എന്റെ പ്രസംഗം എല്ലാവരും ശ്രദ്ധയോടെ കേട്ടു. പ്രതിനിധി സംഘത്തില്‍ ഇരുപത് പേരാണുണ്ടായിരുന്നത്. രാഷ്ട്രീയച്ചുവയുള്ള ഇത്തരം പ്രവര്‍ത്തനങ്ങളില്‍ അവരാദ്യമായി പങ്കെടുക്കുകയായിരുന്നതുകൊണ്ടാവാം മീറ്റിംഗ് കഴിഞ്ഞപ്പോള്‍ പ്രതിനിധികള്‍ തന്നെ പ്രക്ഷോഭജനകമായ ഒരന്തരീക്ഷമാണ് സൃഷ്ടിച്ചത്. അവകാശങ്ങള്‍ എടുത്തുകാണിച്ച് ഒരു പ്രമാണം ദേശാധിപനു കൊടുക്കണമെന്നും അടുത്തു കൂടുന്ന ഗ്രാമ കൗണ്‍സിലിനെ കൊണ്ടത് അംഗീകരിപ്പിച്ചെടുക്കണമെന്ന് അദ്ദേഹത്തോടഭ്യര്‍ത്ഥിക്കണമെന്നും ഞങ്ങള്‍ തീരുമാനിച്ചു. ഒരു പരീക്ഷണമെന്ന നിലയില്‍ ആവശ്യങ്ങള്‍ അംഗീകരിച്ചുകിട്ടുന്നതുവരെ ഭൂവുടമയാവശ്യപ്പെട്ടാലും ജോലിക്കു പോകരുതെന്നും അവരെ ഉപദേശിച്ചു.
അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഞങ്ങള്‍ പോയത് ഞാന്‍ ജറുസലേമില്‍ നിന്ന് ആദ്യം വന്നിറങ്ങിയ ഗ്രാമത്തിലെ അധിപന്റെ വസതിയിലേക്കാണ്. അത് സ്മിര്‍നയോടു തൊട്ടുകിടക്കുന്നതുകൊണ്ടാണങ്ങനെ നിശ്ചയിച്ചത്. ഗ്രാമാധിപന്റെ വസതിയോടടുത്തപ്പോള്‍ എവിടെനിന്നെന്നറിയാതെ പ്രതിനിധി സംഘത്തിലെ അംഗങ്ങള്‍ കൂടാതെ അമ്പതോ അറുപതോ കര്‍ഷകരും ഞങ്ങളോടൊത്തു കൂടി. പ്രത്യക്ഷത്തില്‍ത്തന്നെ അവര്‍ അക്രമം കാണിക്കാന്‍ മടിക്കയില്ലെന്ന് എനിക്കു തോന്നി. ചിലരുടെ കൈയ്യില്‍ മരത്തടികളും, കൃഷിക്ക് ഉപയോഗിക്കുന്ന മൂര്‍ച്ഛയുള്ള അരിവാളുമുണ്ടായിരുന്നു. എന്തും വരട്ടെയെന്നുറച്ച് ഗ്രാമാധിപനെ കാണണമെന്നൊരു ഭൃത്യനോടാവശ്യപ്പെട്ടു. അതിനു സമ്മതമാണെന്നറിയിച്ച്, അല്‍പം കഴിഞ്ഞ് അദ്ദേഹം എന്നെയും മാര്‍ക്കോസിനെയും സില്‍വാനിസിനെയും അകത്തേക്ക് ക്ഷണിക്കുകയും ചെയ്തു. ഈയവസരത്തിലാണ് കര്‍ഷകരുടെ ഇടയിലുണ്ടായിരുന്ന നാലോ അഞ്ചോ ചെറുപ്പക്കാര്‍ യാതൊരു പ്രകോപനവും കൂടാതെ ഗ്രാമാധിപന്‍ വസതിക്കു നേരെ കല്ലേറു നടത്തിയത്. അതുകൊണ്ട് വലിയ നാശമൊന്നുമുണ്ടായില്ലെങ്കിലും എനിക്ക് അവരോട് കടുത്ത വിദ്വേഷം തോന്നി. ഉടന്‍തന്നെ വീടിനു പുറത്തുവന്നു കല്ലേറു നടത്തിയവരെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും അവരോട് അവിടം വിട്ടുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.
ഞങ്ങളുടെ ആവശ്യങ്ങള്‍ സഹതാപപൂര്‍വ്വം പരിഗണിക്കാന്‍ ഗ്രാമ കൗണ്‍സിലിനോടാവശ്യപ്പെടാമെന്ന് ഗ്രാമാധിപന്‍ വാക്കുതന്നു. ഞങ്ങള്‍ സ്മിര്‍നയിലേക്ക് മടങ്ങി.
ഒന്നു രണ്ടാഴ്ച കഴിഞ്ഞ് സില്‍വാനിസ് എന്നോടു പറഞ്ഞ വിവരം അറിഞ്ഞപ്പോള്‍ ഞാനതീവ ദുഃഖിതയായി. ഭൂവുടമകള്‍ ധാരാളം ധനം ചെലവഴിച്ച് തയ്യാറാക്കിയ ഒരു കൂട്ടം സാമുദായിക വിരുദ്ധര്‍ ഞങ്ങളുടെ പ്രതിനിധി സംഘത്തില്‍പ്പെട്ട ഇരുപതുപേരുടെയും വീടുകള്‍ രാത്രിയില്‍ തീവെച്ചു നശിപ്പിച്ചത്രേ.
ഇതെല്ലാം കേട്ട് ഒരി ഭീരുവായിരിക്കാനെനിക്ക് കഴിഞ്ഞില്ല. ഞാന്‍ വീണ്ടും പൂര്‍വ്വാധികം ശക്തിയോടെ രംഗത്തിറങ്ങി. ഭൂവുടമകളുടെ ചെയ്തികളെ അങ്ങേയറ്റം അപലപിച്ച് പല പ്രസംഗങ്ങളും ചെയ്തതു കൂടാതെ അക്രമത്തെ അക്രമം കൊണ്ടു നേരിടാന്‍ ഞാന്‍ കര്‍ഷകരെ ആഹ്വാനം ചെയ്തു. ജനങ്ങളാകെ ഇളകിമറിഞ്ഞു. ഭൂവുടമകളും കോപിച്ചിളകി. പ്രകോപനപരമായ പല നടപടികളും കൈകൊണ്ടു. സ്മിര്‍നയില്‍ എങ്ങും സംഘര്‍ഷാവസ്ഥ നിലനിന്നിരുന്നു.
ദേശാധിപന്‍ തിനോറസ് അയാളുടെ കീഴിലുള്ള ഉദ്യോഗസ്ഥരില്‍ നിന്ന് സംഭവവികാസങ്ങള്‍ അപ്പോഴപ്പോള്‍ അിറഞ്ഞുകൊണ്ടിരുന്നു. അയാള്‍ ആദ്യം അതൊന്നും കാര്യമായെടുത്തില്ല. കര്‍ഷകര്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കാന്‍ സാദ്ധ്യതയുണ്ടെന്നും കാര്യങ്ങള്‍ തുറന്ന സംഘട്ടനത്തിലേക്കതിവേഗം നീങ്ങുമെന്നും തിനോറസിന് ക്രമേണ മനസ്സിലായി. എന്നെ കാണാന്‍ അനുവാദം ചോദിച്ചുകൊണ്ട് ഒരു ഭൃത്യനെ അയച്ചു. കൂടിക്കാഴ്ചയ്ക്ക് ഞാന്‍ സമ്മതം നല്‍കി.
തിനോ
റാസ്: “അവിടുത്തേയ്ക്ക് അടിയന്തിരമായി ഒരു കാര്യം പറയാനാണ് ഞാന്‍ വന്നത്. സ്മിര്‍നയിലെ കൃഷിക്കാര്‍ താമസിയാതെ പ്രക്ഷോഭത്തിനിറങ്ങുമെന്നും, അത് ദേശത്ത് വലിയ നാശനഷ്ടങ്ങളുണ്ടാക്കുമെന്നും എനിക്ക് അറിവ് കിട്ടിയിട്ടുണ്ട്. ഭൂവുടമകളും ഏതു മാര്‍ഗ്ഗവും സ്വീകരിച്ച് അവരെ നേരിടാന്‍ തയ്യാറായിരിക്കുകയാണ്.”
ഞാന്‍ : “രണ്ടു ഭാഗത്തു നിന്നും അക്രമമുണ്ടായെന്നാണ് ഞാന്‍ അറിയുന്നത്. നിങ്ങള്‍ തീര്‍ച്ചയായും ഭൂവുടമകളുടെ അന്യായ പ്രവര്‍ത്തികളെ ന്യായീകരിക്കുകയില്ലെന്ന് എനിക്കറിയാം.”
തിനോറാസ്: “ഭവതി പറയുന്നത് ശരിതന്നെ. എങ്കിലും ദേശത്ത് സമാധാനം നിലനിര്‍ത്തേണ്ടതാവശ്യമല്ലേ? കര്‍ഷകര്‍ പണിയെടുത്തില്ലെങ്കില്‍ കൃഷിയുല്‍പ്പാദനം നിലയ്ക്കുകയും അത് വലിയ വിനകള്‍ വിളിച്ചുവരുത്തുകയും ചെയ്യും. ഇപ്പോള്‍ തന്നെ ദേശീയ കൗണ്‍സിലേക്കുള്ള(ഭരണകേന്ദ്രം) ചുങ്കം അറുപതുശതമാനത്തോളം കുറഞ്ഞിരിക്കുന്നു. ഭൂവുടമകള്‍ ഒട്ടാകെ കോപിച്ചിളകിയാല്‍ അവരെ അമര്‍ത്താനും വളരെ ശ്രമപ്പെടേണ്ടിവരും.”
തിനോറസിന്റെ മേല്‍ ഭൂവുടമകള്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നുണ്ടെന്ന് അയാളുടെ മുഖഭാവത്തില്‍ നിന്ന് ഞാനൂഹിച്ചു. അയാളുടെ ഇംഗിതമെന്തെന്നറിയാന്‍ ഞാന്‍ തുറന്നുതന്നെ ചോദിച്ചു.
ഞാന്‍ : “ഞാനും എന്റെ കൂടെയുള്ളവരും ഇതിലെന്തു ചെയ്യണമെന്നാണ് നിങ്ങള്‍ പറയുന്നത്.”
തിനോറാസ് : “അവിടുന്ന് പറയുന്നതെന്തും കൃഷിക്കാര്‍ തീര്‍ച്ചയായുമനുസരിക്കും. തല്‍ക്കാലം അവരെ ആശ്വസിപ്പിച്ചിട്ട് കുറച്ചുകാലം ഇവിടെ നിന്ന് മാറിതാമസിക്കുക. തെറ്റിദ്ധരിക്കരുത്. ഇതെന്റെ അപേക്ഷയാണ്. ഭവതിയാണിതിനെല്ലാം നേതൃത്വം നല്‍കുന്നതെന്നാണ് ഭൂവുടമകള്‍ ഇവിടെ അറിയിച്ചിരിക്കുന്നത്. ഞങ്ങളുടെ സാമുദായിക കാര്യങ്ങളില്‍ അവര്‍ക്കു വലിയ സ്വാധീനമുള്ളതുകൊണ്ട് ഈയൊരാവശ്യം അംഗീകരിച്ചാല്‍ മറ്റു കാര്യങ്ങള്‍ സാവകാശത്തില്‍ സമ്മതിപ്പിച്ചുകൊള്ളാം.”
ആലോചിച്ച് മറുപടി അറിയിക്കാമെന്ന് പറഞ്ഞ് ഞാന്‍ തിനോറാസിനെ യാത്രയാക്കി.
ഈ കാര്യത്തില്‍ ദേവിയില്‍ നിന്ന് എന്തു നിര്‍ദ്ദേശമാണെന്നറിയാന്‍ ഞാന്‍ പ്രാര്‍ത്ഥിച്ചു.
വളരെക്കാലം തിനോറാസുമായി അടുത്ത് ഇടപെട്ടതില്‍ നിന്ന് അയാള്‍ സ്വാഭാവേന ഒരു നല്ല മനുഷ്യനാണെന്ന് ഞാന്‍ അറിഞ്ഞിരുന്നു. എന്റെ വാസസ്ഥലം മാറ്റുന്നതുകൊണ്ടു സ്മിര്‍നയിലും പരിസരത്തും സമാധാനം പുനഃസ്ഥാപിക്കാനും ഞാനാഗ്രഹിച്ചിരുന്ന ആനുകൂല്യങ്ങള്‍ കര്‍ഷകര്‍ക്കു ലഭിക്കാനിടയുണ്ടെന്ന് മനസ്സിലായപ്പോള്‍ തിനോറാസിന്റെ അപേകഷയനുസരിച്ച് കിഴക്കന്‍ മലകളിലെ ഒരു ഗുഹയിലേക്ക് മാറി താമസിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
സ്മിര്‍നയിലെ കൂട്ടായ്മക്കാരോടും അരിസ്തനോസിനോടും യാത്ര പറഞ്ഞ്, ഒരാഴ്ചയ്ക്കകം തിനോറാസ് തിരഞ്ഞെടുത്ത മലയോരത്തെ ഒരു ഗുഹയിലേക്ക് ഞാന്‍ താമസം മാറ്റി. എന്നെ സഹായിക്കാന്‍ മാര്‍ക്കോസിനെയും പാചകകാരന്‍ താഡിയസിനെയും കൂടെ കൂട്ടി.
ഒരാളിന് സൗകര്യമായി താമസിക്കാന്‍ പറ്റിയ ഗുഹ. അതിനുള്ളിലൊരു ജലധാരയുണ്ടാക്കി വ്യായാമത്തിനായി നീന്താനും കുളിക്കാനുമുള്ള സൗകര്യമേര്‍പ്പെടുത്തി. വേനല്‍കാലത്ത് മലമുകളില്‍ മഞ്ഞുരുമ്പോള്‍ ചാലുകള്‍ വഴി അത് ഗുഹയിലേക്ക് കൊണ്ടുവന്ന് നിത്യാവശ്യങ്ങള്‍ക്കുപയോഗിക്കുക അക്കാലത്ത് പതിവായിരുന്നു. വായിക്കാനും ഇരുന്നെഴുതാനും വേണ്ട ഉപകരണങ്ങളും ഒരു കിടക്കയും എന്റെയാവശ്യമനുസരിച്ച് മാര്‍ക്കോസ് അവിടെ എത്തിച്ചേരുന്നു. ഗുഹയുടെ വാതില്‍പടിയില്‍ ഒരു പഴുതുണ്ടാക്കിദിവസം ഒരു നേരം മാത്രം സസ്യാഹാരം തയ്യാറാക്കി വെക്കാന്‍ താഡിയസിനെ ചുമതലപ്പെടുത്തി. ആദ്യത്തെ രണ്ടുമൂന്നാഴ്ച ഗുഹയ്ക്കു സമീപമുള്ള സ്ഥലങ്ങള്‍ ഇറങ്ങി നടന്നുകണ്ടു. അവിടെയൊക്കെ ചെറിയ പൂന്തോട്ടം ഉണ്ടാക്കണമെന്ന് ആദ്യം ആലോചിച്ചെങ്കിലും പിന്നീട് അത് വേണ്ടെന്ന് വയ്ക്കുകയാണുണ്ടായത്.
ആളുകളെ നേരില്‍കാണാനും ഞാനിഷ്ടപ്പെട്ടില്ല. കുണ്ഡലിനീ പൂജയ്ക്കായിരുന്നു മുഴുവന്‍ സമയവും വിനിയോഗിച്ചിരുന്നത്. പദ്മാസനത്തിലിരിക്കുന്നതിന് വസ്ത്രം ഒരു തടസ്സമായി തോന്നിയതുകൊണ്ട് അതും ഉപേക്ഷിച്ചു. വളരെ വര്‍ഷങ്ങളായി അഭ്യസിച്ചു വന്ന യോഗമുറകളനുസരിച്ച് എനിക്ക് കുണ്ഡലിനീ ശക്തിയെ നിഷ്പ്രയാസം ഉയര്‍ത്തി. സുഷുമ്‌നാനാഡി വഴി മസ്തിഷ്‌കത്തില്‍ ലയിച്ചിരിക്കുന്ന സഹസ്രദളങ്ങളുള്ള പത്മത്തില്‍ വിന്യസിപ്പിക്കാമെന്ന നില കൈവന്നിരുന്നു. യേശുവിന്റെ പ്രിയപ്പെട്ട ശിഷ്യയായി ജീവിതത്തിന്റെ ഒരു വലിയ ഭാഗം ഞാന്‍ ചിലവഴിച്ചു. യാതനാപൂര്‍ണ്ണമായിരുന്നെങ്കിലും, അത് പരശതം അശരണര്‍ക്ക് ആത്മജ്ഞാനം നേടാനുള്ള മാര്‍ഗം(ദൈവരാജ്യത്തിലേക്കുള്ള വഴി) കാണിച്ചുകൊടുക്കാനും അവരുടെ ഭൗതികജീവിതം അല്‍പമെങ്കിലും സമ്പന്നമാക്കുകയും കഴിഞ്ഞതില്‍ എനിക്ക് ചാരിതാര്‍ത്ഥ്യമുണ്ട്.
യേശുവിനോടുള്ള എന്റെ കടപ്പാട് വിലമതിക്കാനാവാത്തതാണ്. ഈ യത്‌നത്തില്‍ എന്നെ സഹായിച്ച എല്ലാവരോടും അകൈതവമായ നന്ദിയുണ്ടെന്നും കൂടി ഇവിടെ പറയട്ടെ!
പുതിയ അറിവുകള്‍ നേടാന്‍ എന്റെ മനസ്സ് എന്നും കൊതിച്ചിരുന്നു. നിത്യകന്യകയായി കഴിഞ്ഞ ഞാന്‍ ജീവിതാവസാനത്തില്‍ സ്ത്രീശക്തിയുടെ ഉപാസകയായതില്‍ അസ്വാഭാവികമായിട്ടൊന്നുമില്ല. അതെനിക്ക് ആനന്ദപ്രദവുമായിരുന്നു. എല്ലാ കൂട്ടായ്മക്കാരും ഭാവിയില്‍ സ്ത്രീശക്തിയെ ആരാധിക്കണമെന്നാണെന്റെ ആഗ്രഹം. ഇതിന് പ്രത്യേകരീതിയൊന്നും ഞാന്‍ നിര്‍ദ്ദേശിക്കുന്നില്ല. എന്നാല്‍ സ്ത്രീ ഉപാസനയ്ക്ക് സഹായകമാവുമെന്നു കരുതി അമ്മ മറിയത്തിന്റെ വിഗ്രഹം സ്മിര്‍നയിലെ കൂട്ടായ്മയില്‍ പ്രതിഷ്ഠിക്കണമെന്ന് ഞാന്‍ അരിസ്തഹോസിനെ അറിയിച്ചിട്ടുണ്ട്.
എനിക്കിനി വ്യക്തിബന്ധങ്ങളിലൂടെയും ബാഹ്യേന്ദ്രിയങ്ങളിലൂടെയും വരുന്ന അറിവുകളും വളരെക്കാലമായി നിരോധിച്ചിരിക്കുകയാണ്. ഈ ഗുഹാന്തര്‍ഭാഗത്തിലെ താമസത്തിലൂടെ ഒരു ജ്യോതിര്‍ഗോളം ഇതാ എന്റെ നേര്‍ക്കുവരുന്നു. അതെന്നെ പൂര്‍ണ്ണമായും ഗ്രസിക്കും. അതിന്റെ മുന്നോടിയായി ഞാനിപ്പോള്‍ സമാധിയില്‍ ലയിക്കട്ടെ!
പതിനാറ്
ഞാന്‍ (അല്ക) എഴുതുന്ന ഈ അദ്ധ്യായത്തില്‍ പ്രിയപ്പെട്ട മേരിയെക്കുറിച്ചുള്ള എന്റെ ചിന്തകളും, അവരുടെ അപൂര്‍ണ്ണമായ ആത്മകഥയില്‍ രേഖപ്പെടുത്തേണ്ടിയിരുന്ന ചില ഡയറിക്കുറിപ്പുകളാണുള്ളത്. വളര വര്‍ഷങ്ങളോളം ബാഹ്യലോകവുമായി യാതൊരു ബന്ധവുമില്ലാതെ വിജനപ്രദേശത്തുള്ള മലയിലെ ഒരു ഗുഹയില്‍ താമസിച്ചിരുന്ന മേരി ആദ്യകാല ക്രൈസ്തവസഭയ്ക്ക് നല്‍കിയ സംഭാവനകളെപ്പറ്റി അടുത്തു നിന്ന് നിരീക്ഷിച്ചിരുന്ന എന്റെ കാഴ്ചപ്പാടെന്തെന്ന് കുറിച്ചിടുന്നത് വരുംതലമുറയിലെ ജനങ്ങള്‍ക്ക് പ്രയോജനപ്പെടുമെന്നാണ് എന്റെ വിശ്വാസം.
സില്‍വാനിസുമായുള്ള എന്റെ വിവാഹം കഴിഞ്ഞിട്ട് നീണ്ട ഇരുപത് സംവത്സരങ്ങള്‍ കഴിഞ്ഞിരിക്കുന്നു. അതിനു ശേഷം ഞാന്‍ മേരിയെ കണ്ടിരുന്നില്ല. ഇതിന്റെ പ്രധാന കാരണം ജീവിതത്തിന്റെ അവസാനനാളുകളില്‍ അവര്‍ക്കു വളരെ വേണ്ടപ്പെട്ടവരുമായിപോലും അടുത്തിടപഴകാനുള്ള വൈമുഖ്യമായിരുന്നു. മേരി ജീവിതത്തിന്റെ അന്ത്യകാലം മുഴുവന്‍ ഒരു വൈരാഗിയെപ്പോലെയാണ് കഴിഞ്ഞിരുന്നതെന്ന് മുന്‍ അദ്ധ്യായത്തില്‍ നിന്നും മനസ്സിലാക്കാമല്ലോ. കൂടാതെ സഭാ പ്രവര്‍ത്തനങ്ങള്‍ക്കായി ഞാനും സില്‍വാനിസും എഫീസിസില്‍ താമസിക്കുന്നതാണ് കൂടുതല്‍ സൗകര്യമെന്നും അവര്‍ തന്നെ നിര്‍ദ്ദേശിച്ചിരുന്നു.
അല്‍പനേരത്തെ വിശ്രമത്തിനുശേഷം താഡിസയ് വന്ന കാര്യം ഞങ്ങളോട് പറഞ്ഞു. രണ്ടു മൂന്നു ദിവസമായി അയാള്‍ മേരിക്കുകൊണ്ടുവയ്ക്കുന്ന ആഹാരം ആ വാതില്‍ പഴുതില്‍തന്നെയിരുന്നു. ഇതിലെന്തോ കുഴപ്പമുണ്ടെന്ന് തോന്നി ഉടന്‍ തന്നെ വിവരം ഡീക്കന്‍ അരിസ്തനോസിനെ അറിയിച്ചു. രണ്ടു പേരും കൂടെ ഗുഹയുടെ അന്തര്‍ഭാഗത്തു ചെന്നപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു.
മരത്തോലുകൊണ്ടുണ്ടാക്കിയ ഒരു ശയ്യയില്‍ മേരിയുടെ ജീവന്‍ വെടിഞ്ഞ ശരീരമാണവര്‍ കണ്ടത്. സുഖനിദ്രയിലെന്നപോലെ കിടന്നിരുന്ന അവരുടെ മുഖത്ത് ഒരു ദിവ്യചൈതന്യം വിളയാടിയിരുന്നു. വര്‍ഷങ്ങളായി വെളിയില്‍ വരാതെ ശൈത്യകാലത്തും ഉഷ്ണകാലത്തും ആ ഗുഹയ്ക്കുള്ളില്‍ തന്നെ കഴിഞ്ഞിരുന്ന അവരുടെ ശരീരത്തിന് യാതൊരു കേടുപാടും സംഭവിച്ചിരുന്നില്ല. മിക്കവാറും പൂര്‍ണ്ണ നഗ്നയായിരുന്ന അവരെ ഉടന്‍തന്നെ അനുയോജ്യമായ വസ്ത്രങ്ങളണിയിച്ച് അരിസ്തഹോസിന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി. ഇനിയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുന്നത് ഞാനുമായി ബന്ധപ്പെട്ട ശേഷം വേണ്ടതാണെന്ന് അരിസ്തഹോസ് അഭിപ്രായപ്പെട്ടതുകൊണ്ടാണ് താഡിയസ് ഞങ്ങളെ കാണാന്‍ വന്നത്.
എന്നോട് അതിയായ വാത്സല്യമുണ്ടായിരുന്ന, ഞാന്‍ ജേഷ്ഠ സഹോദരിയെപ്പോലെ ബഹുമാനിച്ചിരുന്ന, മേരിയുടെ ചരമവാര്‍ത്തയറിഞ്ഞ് എനിക്ക് മോഹാലാസ്യമുണ്ടായി. എന്നാല്‍ സില്‍വാനിസിന്റെ സ്‌നേഹപൂര്‍ണമായ പരിചരണം കൊണ്ട് അല്‍പം ആശ്വാസം കിട്ടി. അടുത്ത ദിവസം രാവിലെ തന്നെ ഞങ്ങള്‍ സ്മിര്‍നയിലേക്ക് യാത്രപുറപ്പെട്ടു.
അരിസ്തഹോസിന്റെ വീട്ടിലെത്തിയപ്പോള്‍ അദ്ദേഹം ഞങ്ങളെ പ്രതീക്ഷിച്ച് അകത്തളത്തിലിരിക്കുകയായിരുന്നു. ഞാന്‍ ശരീരശുദ്ധി വരുത്തി മേരിയെ അവസാനമായി ഒരു നോക്കുകാണാന്‍ അവരെ കിടത്തിയിരുന്ന മുറിയില്‍ ചെന്നു. തീവ്രദുഃഖം എന്റെ ഹൃദയത്തെ ത്രസിപ്പിച്ചിരുന്നെങ്കിലും അടുത്ത് ചെന്ന് ഞാനവരുടെ നെറുകയില്‍ ചുംബിച്ചു. മേരിയുടെ കൈകള്‍ രണ്ടും എന്റെ കയ്യില്‍ അടക്കി പിടിച്ച് ഒട്ടു നേരം നിന്നു. എന്റെ കണ്ണില്‍ നിന്ന് കണ്ണുനീര്‍ ധാരധാരയായി ഒഴുകികൊണ്ടിരുന്നു. വളരെ ചെറുപ്പത്തിലാണ്, ഞാനൊരു ബാലികയായിരുന്നപ്പോള്‍ തന്നെയെന്നു പറയാം, എന്നെ വളര്‍ത്താന്‍ എന്റെ ബന്ധുക്കള്‍ മേരിയുടെ ഇളയമ്മയെ ഏല്‍പ്പിച്ചത്. അന്നു മുതല്‍ അവരുടെ എല്ലാ സുഖദുഃഖങ്ങളിലും ഞാന്‍ പങ്കുകൊണ്ടു. എന്നെ ഒരു കൊച്ചനുജത്തിയെപ്പോലെയാണവര്‍ വളര്‍ത്തിയത്. അവരുടെ ദേഹവിയോഗത്തില്‍ എനിക്കുണ്ടായ സങ്കടം ഞാനെങ്ങനെ വിവരിക്കാനാണ്?
ആദ്യമായി ചെയ്യേണ്ടത് മേരിയെ വേണ്ടത്ര ബഹുമതിയോടെ അടക്കം ചെയ്യുകയാണല്ലോ, വിധിപ്രകാരം അടിയന്തിരകര്‍മ്മങ്ങള്‍ നടത്തുന്നതിനും, ശവസംസ്‌കാരത്തിനും പറ്റിയ ഒരു സ്ഥലം കണ്ടെത്തുന്നതിനും മറ്റുമായി പരിശുദ്ധാത്മാവിന്റെ അനുഗ്രഹം വേണമെന്നു തോന്നിയതുകൊണ്ട് ഞാനും സില്‍വാനിസും അരിസ്തഹോസും മുട്ടുകുത്തിനിന്ന് പ്രാര്‍ത്ഥിച്ചു. അതിന്റെ ഫലമെന്നു തന്നെ പറയാം, സ്മിര്‍നയില്‍ നിന്ന് എഫീസിസിലേക്കുള്ള വലിയ പാതയോരത്തെ ഒരു ചെറിയ കുന്നിനു മുകളില്‍ സമനിരപ്പായ ഒരു സ്ഥലത്ത് അവരെ അടക്കം ചെയ്യാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അധികം പൊക്കമില്ലാത്ത, അത്തിമരങ്ങളും, പലനിറത്തിലുള്ള മനോഹരമായ പുഷ്പങ്ങള്‍ വിടര്‍ന്നുനിന്നിരുന്ന കാട്ടുചെടികളുമുള്ള ഒരു കുന്ന്.
അരിസ്തഹോസ് മേരിയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൂട്ടായ്മയിലെ ഏതാണ്ട് നൂറോളം ആളുകള്‍ ചരമവാര്‍ത്തയറിഞ്ഞ് അവിടെയെത്തിയിരുന്നു. അവരുടെ സാന്നിദ്ധ്യത്തില്‍ എന്റെ പ്രിയ സോദരി മേരിയുടെ മൃതദേഹം അടുത്ത പ്രഭാതത്തില്‍ തന്നെ അടക്കം ചെയ്തു. പിന്നീട് അവിടെ സന്നിഹിതരായിരുന്ന വിശ്വാസികളെ അഭിസംബോധന ചെയ്ത് ഡീക്കന്‍ ഇമിസ്തഹോസ് ഒരു ചെറിയ പ്രസംഗം ചെയ്തു. അതിങ്ങനെയായിരുന്നു: “യേശുവിനോടൊപ്പം ദീര്‍ഘകാലം ആതുരശ്രുശ്രൂഷ ചെയ്ത് അദ്ദേഹത്തിന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാന്‍ അക്ഷീണയായി പരിശ്രമിച്ച പുണ്യവതിയാണ് മേരി. അവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ ഇവിടെയെത്തിയിട്ടുള്ള സഹോദരി സഹോദരന്‍മാരെ, നിങ്ങള്‍ക്ക് പരിശുദ്ധാത്മാവിന്റെ അനുഗ്രഹം എല്‍ക്കാലവും ഉണ്ടാകട്ടെ! നാം യേശുവില്‍ വിശ്വസിച്ച്, ന്യായപ്രമാണമനുസരിച്ച നമ്മുടെ ജീവിതം നയിക്കുകയാണെങ്കില്‍ അതായിരിക്കും അവരുടെ സ്മരണ നിലനിര്‍ത്താന്‍ നമുക്ക് ചെയ്യാവുന്നതില്‍ ഏറ്റവും അഭിലഷണീയമായിട്ടുള്ളത്. നാം അന്യോന്യം സ്‌നേഹമുള്ളവരായിരിക്കണമെന്നാണ് യേശു നമ്മെ പഠിപ്പിച്ചത്. യേശുവിന്റെ തന്നെ മറ്റൊരു പ്രധാന അനുയായിയായ പുണ്യവാളന്‍ ജോണ്‍ ഇത് നിങ്ങളോട് പല പ്രാവശ്യം പറഞ്ഞിട്ടുള്ളതാണല്ലോ. മേരിയെ അടക്കം ചെയ്ത ഈ പുണ്യസ്ഥലത്ത് അവരുടെ സ്മരണയ്ക്കായി താമസിയാതെ ഒരു ശവക്കല്ലറ പണിയുന്നതാണ്. ആണ്ടിലൊരിക്കലെങ്കിലും പാവനമായ ഈ സമാധിസ്ഥലത്തേക്ക് തീര്‍ത്ഥയാത്ര നടത്തണമെന്നും, യേശുവിന്റെയും മേരിയുടെയും ആഹ്വാനമനുസരിച്ച് ജീവിക്കണമെന്ന് വീണ്ടും പ്രതിജ്ഞയെടുക്കണമെന്നും ഞാന്‍ ദൈവനാമത്തില്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കെല്ലാവര്‍ക്കും നന്മ വരട്ടെ.”
രണ്ടുദിവസം സ്മിര്‍നയില്‍ താമസിച്ച് ഇനി വേണ്ട കാര്യങ്ങളെല്ലാം നടത്താന്‍ അരിസ്തഹോസിനെ ചുമതലപ്പെടുത്തിയിട്ട് ഞാനും സില്‍വാനിസും എഫീസിസിലേക്ക് മടങ്ങി. അതിനുമുമ്പായി ഞാന്‍ മുന്‍കൈ എടുത്തു ചെയ്ത ഒരു കാര്യം കൂടി ഇവിടെ പറയാം. അത് അരിസ്തഹോസിന്റെ സ്തുത്യര്‍ഹമായ സേവനത്തെ അംഗീകരിച്ചു കോണ്ട് സ്മിര്‍നയിലെ മൂപ്പന്‍മാരുമായി ആലോചിച്ച് അദ്ദേഹത്തെ അവിടുത്തെ ബിഷപ്പായി പ്രഖ്യാപിച്ചതാണ്. റോമിലും ഗ്രീസിലുമുള്ള കൂട്ടായ്മകളിലെ പരമോന്നതനായ ഇടയന് ബിഷപ്പ് സ്ഥാനമാണുണ്ടായിരുന്നത്. അരിസ്തഹോസ് കുറച്ചു മാസങ്ങള്‍ക്കകം എല്ലാവരും ആഗ്രഹിച്ചിരുന്നതുപോലെ മേരിയെ അടക്കം ചെയ്ത സ്ഥലത്ത് അതിമനോഹരമായ ഒരു ശവക്കല്ലറ പണിയിച്ച് അതിനു മുകളില്‍ അവരുടെ സ്മരണയ്ക്കായി മാര്‍ബിളില്‍ തീര്‍ത്ത ഒരു വലിയ കുരിശുനാട്ടുകയും ചെയ്തു. ഇന്നു ആണ്ടുതോറും അനേകം ആളുകള്‍ ആ സമാധിസ്ഥലം സന്ദര്‍ശിക്കുന്നുണ്ടെന്നാണ് ഞാനറിഞ്ഞത്.
ഡോ. പി.സി. നായരുടെ മേരി മഗ്‌ദലന്റെ ആത്മകഥ-22
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക