Image

സൗത്ത് കരലിന പ്രെമറി തുടങ്ങി: ഗിന്‍ഗ്രിച്ച് ജയിക്കാന്‍ സാധ്യത; ആനന്ദ് ജോണിനെ കോടതിയില്‍ ഹാജരാക്കി

Published on 21 January, 2012
സൗത്ത് കരലിന പ്രെമറി തുടങ്ങി: ഗിന്‍ഗ്രിച്ച് ജയിക്കാന്‍ സാധ്യത;  ആനന്ദ് ജോണിനെ കോടതിയില്‍ ഹാജരാക്കി
സൗത്ത്കരോലീന: നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയെ നിശ്ചയിക്കാനായി സൗത്ത് കരോലീനയില്‍ പ്രൈമറി വോട്ടെടുപ്പ് ആരംഭിച്ചു. പ്രാദേശിക സമയം രാവിലെ ഏഴിന് തന്നെ വോട്ടിംഗ് തുടങ്ങി. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിനായി മൂന്‍നിരയിലുണ്ടായിരുന്ന മിറ്റ് റോംനിയ്ക്കുമേല്‍ ന്യൂട്ട് ഗിംഗ്‌റിച്ച് അപ്രതീക്ഷിത വിജയം നേടുമോ എന്നാണ് സൗത്ത് കരോലീനയെ ശ്രദ്ധാകേന്ദ്രമാക്കുന്നത്. 1980നുശേഷം സൗത്ത് കരോലീന പ്രൈമറിയില്‍ ജയിക്കാത്ത ആരും റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വം നേടിയിട്ടില്ലെന്നതും പോരാട്ടത്തില്‍ ആവേശം നിറയ്ക്കുന്നുണ്ട്. അയോവ കോക്കസിലും ന്യൂ ഹാംപ്‌ഷെയറിലും വിജയിച്ച് ആത്മവിശ്വാസത്തോടെ മുന്നേറിയ റോംനിയെ നികുതി ആരോപണങ്ങളില്‍ പിടിച്ചു നിര്‍ത്തിയാണ് ന്യൂട്ട് ഗിംഗ്‌റിച്ച് സൗത്ത് കരോലീനയ്ക്കു മുമ്പ് ഒപ്പത്തിനൊപ്പം എത്തിയത്. എല്ലാവരെയും ഞെട്ടിച്ച് സൗത്ത് കരോലീനയില്‍ വിജയം നേടുമെന്ന് വെള്ളിയാഴ്ച നടന്ന റാലിയില്‍ ഗിംഗ്‌റിച്ച് പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ സുസംഘടിതവും കാര്യകക്ഷവുമായ പ്രചാരണം സൗത്ത് കരോലീനയിലും തനിക്ക് തുണയാകുമെന്ന് തന്നെയാണ് മിറ്റ് റോംനി കരുതുന്നത്. വെള്ളിയാഴ്ച പുറത്തിറക്കിയ അഭിപ്രായ സര്‍വെ അനുസരിച്ച് ഗിംഗ്‌റിച്ച് 32 ശതമാനം പേരുടെ പിന്തുണ ഉറപ്പാക്കിയപ്പോള്‍ റോംനിയ്ക്ക് 26 ശതമാനം പേരുടെ പിന്തുണ മാത്രമെ നേടാനായിട്ടുള്ളു. 11 ശതമാനം പിന്തുണ മാത്രം ഉറപ്പാക്കിയ റോണ്‍ പോള്‍ ഏറെ പിന്നിലാണ്. ഈ മാസം 31ന് ഫ്‌ളോറിഡയിലാണ് അടുത്ത പ്രൈമറി തെരഞ്ഞെടുപ്പ്. ഇതിന് മുന്നോടിയായി മുന്‍കൂര്‍ വോട്ട് രേഖപ്പെടുത്താന്‍ ഇന്നുമുതല്‍ ഫ്‌ളോറിഡയിലെ രജിസ്റ്റര്‍ ചെയ്ത റിപ്പബ്ലിക്കന്‍ വോട്ടര്‍മാര്‍ക്ക് അവസരം ഉണ്ട്.

പകര്‍പ്പവകാശ നിയമം: യുഎസ് കോണ്‍ഗ്രസിലെ ചര്‍ച്ച മാറ്റി

വാഷിംഗ്ടണ്‍: പകര്‍പ്പവകാശ നിയമങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ കോണ്‍ഗ്രസില്‍ നടക്കാനിരുന്ന ചര്‍ച്ച അനിശ്ചിതകാലത്തേയ്ക്ക് മാറ്റിവെച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്നാണ് ഈ തീരുമാനം. സ്‌റ്റോപ്പ് ഓണ്‍ലൈന്‍ പൈറസി ആക്ട്(സോപ), പ്രൊട്ടക്ട് ഇന്റലക്ച്വല്‍ പ്രോപര്‍ട്ടി ആക്ട്(പിപ) എന്നീ നിയമങ്ങളാണ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ളത്. പകര്‍പ്പവകാശം ലംഘിക്കുന്ന വിദേശ സൈറ്റുകള്‍ക്കെതിരെ കോടതിയെ സമീപിക്കാനും ഇത്തരം വെബ്‌സൈറ്റുകള്‍ക്ക് ക്രെഡിറ്റ് കാര്‍ഡ് സേവനം അവസാനിപ്പിക്കാനും സെര്‍ച്ച് എന്‍ജിനുകള്‍ക്ക് ഇത്തരം സൈറ്റുകളുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഈ നിയമത്തില്‍ വ്യവസ്ഥകളുണ്ട്.

വ്യാജ പകര്‍പ്പുകള്‍ 50 ദശലക്ഷം ഡോളറിലേറെ അമേരിക്കയ്ക്ക് നഷ്ടമുണ്ടാക്കുന്നതായും വിദേശ സൈറ്റുകളെ നിയന്ത്രിക്കാനാണ് നിയമമെന്നും കോണ്‍ഗ്രസില്‍ വാദമുയര്‍ന്നെങ്കിലും കനത്ത പ്രതിഷേധം നിയമങ്ങള്‍ പരിഗണിക്കുന്നത് നീട്ടിവയ്ക്കാന്‍ യുഎസിനെ നിര്‍ബന്ധിതമാക്കുകയായിരുന്നു. ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയയായ വിക്കിപീഡിയ ഒരു ദിവസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ മുതിലായ സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളും ബില്ലിനെതിരെ രംഗത്തുവന്നിരുന്നു.

യുഎസ് ഗായിക ഇറ്റാ ജെയിംസ് അന്തരിച്ചു

ലോസ്ഏയ്ഞ്ചല്‍സ്: ലോകപ്രശസ്ത ഗായിക ഇറ്റാ ജെയിംസ് അന്തരിച്ചു. 73 വയസായിരുന്നു. രക്താര്‍ബുദബാധയെത്തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. യുഎസിലെ കാലിഫോര്‍ണിയയിലായിരുന്നു അന്ത്യം. അന്ത്യനിമിഷങ്ങളില്‍ ഭര്‍ത്താവും മകനും അടുത്തുണ്ടായിരുന്നു. 1950കളുടെ മധ്യത്തിലാണ് ഇറ്റാ ജെയിംസ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പതിനാലാം വയസില്‍ ഒരു ഗായകസംഘത്തോടൊപ്പം കരിയര്‍ ആരംഭിച്ച ഇറ്റായുടെ വളര്‍ച്ച അതിവേഗത്തിലായിരുന്നു. ആറു തവണ ഗ്രാമി പുരസ്ക്കാരത്തിനു അര്‍ഹയായ ഇറ്റാ സംഗീതലോകത്തെ സമാനതകളില്ലാത്ത പ്രതിഭയെന്ന പേര് നേടി. നിത്യഹരിത ഗായികമാരില്‍ ഒരാളായിരുന്നു ഇറ്റായെന്ന് കനേഡിയന്‍ റോക്ക് ഗായകന്‍ ബ്രയാന്‍ ആഡംസ് അനുസ്മരിച്ചു. അമേരിക്കയിലെ നിരവധി ബാന്‍ഡുകള്‍ക്കൊപ്പം ഇറ്റാ പ്രവര്‍ത്തിച്ചിട്ടുണ്ട്. പ്രശസ്ത ഗായികമാരായ ഡയാന റോസ്, ക്രിസ്റ്റീന അഗ്വലേറ, ആമി വിന്‍ഹോസ് തുടങ്ങി നിരവധി പേരെ സ്വാധീനിച്ചിട്ടുള്ള പ്രതിഭയായിരുന്നു ഇവര്‍.

ഗ്രാമി പുരസ്കാരങ്ങള്‍ക്കു പുറമേ 17 തവണ ബ്ലൂസ് മ്യൂസിക് അവാര്‍ഡുകളും ഇവരെ തേടിയെത്തി. അമേരിക്കന്‍ മാസികയായ റോളിംഗ് സ്റ്റോണിന്റെ എക്കാലത്തേയും മികച്ച നൂറു ഗായികമാരുടെ പട്ടികയില്‍ ഇരുപത്തിരണ്ടാം സ്ഥാനമാണ് ഇറ്റായുടേയത്. "അറ്റ് ലാസ്റ്റ്', "ദ സെക്കന്‍ഡ് ടൈം എറൗണ്ട്', "ദ ക്യൂന്‍ ഓഫ് സോള്‍', "കം എ ലിറ്റില്‍ ക്ലോസര്‍' തുടങ്ങി നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ "ദ ഡ്രീമര്‍' ആണ് ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ആല്‍ബം.

യുഎസ് സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കെതിരെ ഹാക്കര്‍മാരുടെ ആക്രമണം

ന്യൂയോര്‍ക്ക്: നിയമവിരുദ്ധ ഉള്ളടക്കം പങ്കിടുന്നു എന്നാരോപിച്ച് അമേരിക്കന്‍ ഫെഡറല്‍ അധികൃതര്‍ പ്രമുഖ ഫയല്‍ ഷെയറിംഗ് സൈറ്റായ മെഗാഅപ്‌ലോഡ് പൂട്ടിയതിനെ തുടര്‍ന്ന്, യുഎസ് സര്‍ക്കാരിന്റെ സൈറ്റുകള്‍ക്കെതിരെ "അനോണിമസ്' ഉള്‍പ്പടെയുള്ള ഹാക്കര്‍ ഗ്രൂപ്പുകള്‍ വ്യാപകമായ ആക്രമണം അഴിച്ചുവിട്ടു. ഹാക്കര്‍മാരുടെ ആക്രമണത്താല്‍ ജസ്റ്റിസ് ഡിപ്പാര്‍ട്ട്‌മെന്റ്, യൂണിവേഴ്‌സല്‍ മ്യൂസിക് തുടങ്ങിയവയുടെ വെബ്‌സൈറ്റുകള്‍ തുറക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടായി. ആക്രമണത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കുന്ന വെബ് ലിങ്കുകളും ഇന്റര്‍നെറ്റിലൂടെ വ്യാപകമായി വിതരണം ചെയ്യപ്പെട്ടു. ഒരാള്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യുന്നതോടെ, ആ കമ്പ്യൂട്ടറും ആക്രമണത്തിന്റെ ഭാഗമാകും. ആക്രമണത്തിന് പിന്നില്‍ തങ്ങളാണെന്ന് "അനോണിമസ്' ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

മെഗാഅപ്‌ലോഡ് പൂട്ടിയതുമായി ബന്ധപ്പെട്ട് നടത്തിയ ആക്രമണത്തില്‍ എഫ്ബിഐ, റിക്കോര്‍ഡിംഗ് ഇന്‍ഡസ്ട്രി അസോസിയേഷന്‍ ഓഫ് അമേരിക്ക, ഫ്രഞ്ച് സര്‍ക്കാര്‍ ഏജന്‍സിയായ ഹാഡോപി ഉള്‍പ്പടെ പത്ത് സൈറ്റുകളെ ഓഫ്‌ലൈനിലാക്കാന്‍ കഴിഞ്ഞതായി അനോണിമസ് അവകാശപ്പെട്ടു. യു.എസ്.കോണ്‍ഗ്രസിന്റെ പരിഗണനയിലുള്ള പകര്‍പ്പവകാശ സംരക്ഷണ നിയമങ്ങള്‍ക്കെതിരെ വിക്കിപീഡിയ ഉള്‍പ്പടെയുള്ള സൈറ്റുകള്‍ വന്‍ പ്രതിഷേധം നടത്തിയതിന് തൊട്ടുപിന്നാലെ മെഗാഅപ്‌ലോഡ് സൈറ്റ് പൂട്ടാന്‍ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) നടപടിയെടുത്തിരുന്നു. സിനിമകളും ടിവി ഷോകളും ഇബുക്കുകളും നിയമവിരുദ്ധമായി പങ്കിടാന്‍ അവസരമൊരുക്കുന്നുവെന്ന കുറ്റമാണ് മെഗാഅപ്‌ലോഡ് സൈറ്റിനെതിരെ ഫെഡറല്‍ അധികൃതര്‍ ചുമത്തിയത്. ഇതാണ് ഹാക്കര്‍മാരെ പ്രകോപിപ്പിച്ചത്.

ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെ കുഞ്ഞ് ആശുപത്രി വിട്ടു

ലോസ്ഏയ്ഞ്ചല്‍സ്: ലോകത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മൂന്നാമത്തെ കുഞ്ഞെന്ന് പേരു നേടിയ മിലിന്‍ഡ സ്റ്റാര്‍ ഗുയ്‌ഡോ ആശുപത്രി വിട്ടു. പ്രസവത്തിനുശേഷം അഞ്ചമാസമായി ഇന്‍ക്യുബേറ്ററിലായിരുന്ന മിലിന്‍ഡ അമ്മ ഹെയ്ദീ ഇബറായ്‌ക്കൊപ്പം വെള്ളിയാഴ്ചയാണ് ആശുപത്രി വിട്ടത്. ആശുപത്രിക്ക് പുറത്ത് ടെലിവിഷന്‍ ക്യാമറകളും മാധ്യമപ്രവര്‍ത്തകരും മിലിന്‍ഡയെ കാത്തിരുന്നിരുന്നു.

മാതാവിന് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായി 24 ആഴ്ച മാത്രം പൂര്‍ത്തിയായിരിക്കെ ഓഗസ്റ്റ് 30നാണ്് മെലിന്‍ഡയെ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത്. ജനന സമയത്ത് ഒമ്പതര ഔണ്‍സ് ഭാരം മാത്രമാണ് മെലിന്‍ഡയ്ക്കുണ്ടായിരുന്നത്. ആശുപത്രി വിടുമ്പോള്‍ മെലിന്‍ഡയ്ക്ക് നാലര പൗണ്ട് ഭാരമുണ്ട്. എങ്കിലും ഇപ്പോഴും ശ്വാസോച്ഛാസം ഓക്‌സിജന്‍ ട്യൂബിലൂടെയാണ്. ജനിച്ച സമയത്ത് ഡോക്ടറുടെ ഉള്ളം കൈയില്‍ കൊള്ളാവുന്ന വലിപ്പമേ മിലിന്‍ഡയ്ക്ക് ഉണ്ടായിരുന്നുള്ളൂ. പ്രായം തികയാതെയുള്ള ജനനശേഷം ജീവിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ മൂന്നാമത്തെയും യുഎസിലെ ഏറ്റവും ചെറിയ രണ്ടാമത്തെയും കുഞ്ഞാണ് മിലിന്‍ഡ. അടുത്ത ആറുവര്‍ഷത്തേക്ക് മിലിന്‍ഡ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും.

മയക്കുമരുന്ന് വ്യാപാരം: ഇന്ത്യന്‍ വംശജനു തടവുശിക്ഷ

ന്യൂയോര്‍ക്ക്: പെര്‍ഫ്യൂമിന്റെ പേരില്‍ മയക്കുമരുന്നു വ്യാപാരം നടത്തി പണം തട്ടിയക്കേസില്‍ ഇന്ത്യന്‍ വംശജനു തടവുശിക്ഷ. ഇന്ത്യന്‍ വംശജനായ വിക്രം ദത്തിനാണു മന്‍ഹാട്ടണ്‍ കോടതി 20 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. യുഎസ്, മെക്‌സിക്കോ അതിര്‍ത്തിയില്‍ പെര്‍ഫ്യൂം കട നടത്തുകയായിരുന്നു വിക്രം. കച്ചവടത്തിന്റെ മറവില്‍ മയക്കുമരുന്നു കടത്തുകയാണു ചെയ്തതെന്ന് അന്വേഷണത്തില്‍ കണെ്ടത്തി. 2011 സെപ്റ്റംബറിലാണ് ഇയാള്‍ പിടിയിലായത്.

ആനന്ദ് ജോണിനെ
കോടതിയില്‍ ഹാജരാക്കി

വാഷിംഗ്ടണ്‍: ലൈംഗികാരോപണ കേസില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ ഫാഷന്‍ ഡിസൈനര്‍ ആനന്ദ് ജോണിനെ കോടതിയില്‍ ഹാജരാക്കി. ന്യൂയോര്‍ക്ക് സിറ്റി കോടതിയിലാണ് ആനന്ദിനെ ഹാജരാക്കിയത്. വിചാരണ വേഗത്തിലാക്കണമെന്ന ആനന്ദിന്റെ അഭിഭാഷകന്റെ വാദം കോടതി നിരസിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 12 സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്നാണു ആനന്ദിനെതിരായ കേസ്. 2009 മുതല്‍ ആനന്ദ് യുഎസ് ജയിലില്‍ തടവിലാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക